‘ഉണ്ണിക്കുട്ടാ… ഓടല്ലേ! അവിടെ നിൽക്കൂ ഉണ്ണീ…’
‘ഈ ഉണ്ണിയോട് എത്രയാന്നു വച്ചിട്ടാ പറയാ! കുറുമ്പന്നെ കുറുമ്പ്.’ ദേവകി പിറുപിറുത്തു.
‘മുത്തശ്ശീ…’ ഉണ്ണിക്കുട്ടൻ ഉറക്കെ വിളിച്ചുകൊണ്ട് ദേവകിക്കടുത്തേക്ക് ഓടിവരുന്നു.
‘എന്താ ഉണ്ണീ, എന്തു പറ്റി?’ ദേവകി പരിഭ്രമത്തോടെ ചോദിച്ചു.
നോക്കിയപ്പോഴതാ ഒരു പട്ടി ഉണ്ണിക്ക് പിന്നിലുണ്ട്. ദേവകി പെട്ടെന്ന് തന്നെ ഉണ്ണിയുടെ അടുത്തേക്ക് ഓടി. കുനിഞ്ഞ് ഒരു ചെറുകല്ലെടുത്ത് പട്ടിക്ക് നേരെ ഓങ്ങി. പട്ടി പേടിച്ച്, ഒന്നു മുരണ്ട് തിരിഞ്ഞോടി.
‘നിന്നോട് എത്ര തവണ പറഞ്ഞിണ്ട് അമ്പലത്തില് വന്നാൽ ഇങ്ങനെ ഓടരുത് ന്ന്! പറഞ്ഞാൽ കേക്കൂല്യ. ഇപ്പോ പട്ടി കടിച്ചിരുന്നൂച്ചാലോ, പിന്നെ പറഞ്ഞിട്ടെന്താ കാര്യം?’ താനനുഭവിച്ച പേടിയെ മറച്ചുവക്കുവാനായി ദേവകി അന്തർജ്ജനം ഉണ്ണിക്കുട്ടനെ ശകാരിക്കാൻ തുടങ്ങി.
വെറുതെ തല ഒരു വശത്തേക്ക് തിരിച്ചുവച്ച് കിടക്കുന്ന പട്ടിയെ കണ്ടപ്പോൾ തോന്നിയ കുസൃതി ആണ്. അവിടെ കിടന്നിരുന്ന ഒരു കമ്പെടുത്ത് അതിൻ്റെ മേലിലേക്ക് എറിഞ്ഞു.
അത് ഞെട്ടിയെഴുന്നേറ്റ് പിന്നാലെ ഓടിവരുമെന്നൊന്നും പ്രതീക്ഷിച്ചതല്ല. അതിൻ്റെ ഞെട്ടൽ കണ്ടപ്പോ ചിരിവന്നു. പക്ഷേ, അതെണീറ്റു ഓടി വരുന്നതു കണ്ടപ്പോളാണ് ശരിക്കും പേടിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ മുത്തശ്ശിയെ കാണാനുമില്ല. വേഗം തിരിഞ്ഞോടി. പട്ടിയെ ഒന്ന് നോക്കാൻ പോലും ധൈര്യം വന്നില്ല. മുത്തശ്ശീടെ അടുത്തെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. ഇനി തന്നെ മുത്തശ്ശി രക്ഷിച്ചോളും എന്ന ആശ്വാസം. മുത്തശ്ശിയെ കെട്ടിപ്പിടിച്ചപ്പോൾ ഇനി ആ പട്ടിക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോന്നു തോന്നി. അപ്പോഴാണ് മുത്തശ്ശീടെ വക ചീത്ത. സഹിക്കാൻ കഴിഞ്ഞില്ല. ഉറക്കെ കരഞ്ഞു.
‘ഇനീപ്പോ കരഞ്ഞിട്ടെന്തിനാ? ഇനിയെങ്കിലും മുത്തശ്ശി പറയണത് കേൾക്ക്വൊ?’ ഉണ്ണി കരയുന്നതു കണ്ടപ്പോൾ സങ്കടമായെങ്കിലും അത് മറച്ചുവച്ചു കൊണ്ട് ദേവകി ചോദിച്ചു.
‘ഉം..’ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീരിനെ തുടച്ചുമാറ്റിക്കൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു.
‘ന്നാ ഇനി കരയണ്ട. മുത്തശ്ശീടെ കൈ പിടിച്ച് നടന്നാൽ മതി.’ ബാക്കി നിൽക്കുന്ന കണ്ണുനീർ തൻ്റെ സെറ്റുമുണ്ടുകൊണ്ട് തുടച്ചു കൊടുത്തുകൊണ്ട് ദേവകി തുടർന്നു.
‘വരൂ, നമുക്ക് പ്രദക്ഷിണം വക്കാം.’
‘വേണ്ട മുത്തശ്ശീ, അവിടെ ആ പട്ടീണ്ടാവും.. നമുക്ക് ഇല്ലത്തിക്ക് പോവാം.’ ഉണ്ണിക്കുട്ടന് പേടിയായി.
‘ഏയ്… അതൊന്നും ചെയ്യില്ല്യ. മുത്തശ്ശീല്യേ നിൻ്റെ കൂടെ? പിന്നെ, അമ്പലത്തില് ദിനോം വന്നു തൊഴുത് നമസ്കരിക്കണ കുട്ട്യോളെ പട്ടികളൊന്നും ചെയ്യില്ല്യ. അങ്ങട്ട് ഉപദ്രവിക്കാതിരുന്നാൽ മതീട്ടോ.’ ഉണ്ണിക്കുട്ടൻ എന്തെങ്കിലും ചെയ്തത്കൊണ്ടായിരിക്കും സ്വതവേ മനുഷ്യരെ കാണുമ്പോഴേ പേടിച്ചോടുന്ന ആ പട്ടി പിന്നാലെയോടിയത് എന്ന് ദേവകിക്ക് മനസ്സിലായിരുന്നു.
‘ആണോ? ന്നാ ഞാനിനി അതിനെ ഒന്നും ചെയ്യില്ല്യ’ ഉണ്ണിക്കുട്ടൻ സമ്മതിച്ചു.
‘ഉം, മുത്തശ്ശീടെ ഉണ്ണിക്കുട്ടൻ മിടുക്കനല്ലേ! വാ നമുക്ക് പുറത്തു പ്രദക്ഷിണം വക്കാം’ ദേവകി ഉണ്ണിയുടെ കൈപിടിച്ച് നടക്കാൻ തുടങ്ങി.
‘മുത്തശ്ശിക്ക് കുറച്ച് സ്പീഡിൽ നടന്നൂടേ? അമ്മേടൊപ്പം പ്രദക്ഷിണം വയ്കുമ്പോളും ഇങ്ങനെയാ… അതാ നിക്ക് പ്രദക്ഷിണം വക്കാൻ ഇഷ്ടല്ലാത്തെ!’ ഉണ്ണിക്കുട്ടൻ പരിഭവപ്പെട്ടു.
‘പ്രദക്ഷിണം അങ്ങനെ ഓടിയോടി ചെയ്യാനുള്ളതല്ല. അതിനു അതിൻ്റെതായ ഒരു രീതിണ്ട്. അല്ലാതെ തോന്ന്യേ പോലങ്ങനെ ചെയ്യൊന്ന്വല്ല.’
‘അതെന്താപ്പോ പ്രത്യേകത?’
‘ആഹ്, അങ്ങനെ ചോദിക്കൂ… ഉണ്ണി എപ്പോഴെങ്കിലും ശ്രദ്ധിച്ചിണ്ടോ, നമ്മളെങ്ങന്യാ പ്രദക്ഷിണം വക്കാറ്ന്ന്? ക്ലോക്കിലെ സൂചി തിരിയണ പോലാണോ അതോ അതിനു വിപരീതായിട്ടോ?’ ദേവകി ഉണ്ണിക്കുട്ടൻ്റെ ശ്രദ്ധ ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തി.
‘ഉം… അത്… ക്ലോക്കിലെ സൂചി തിരിയണ പോലല്ലേ? ഇങ്ങനെ…?’ ഉണ്ണിക്കുട്ടൻ കൈകൊണ്ട് വായുവിൽ വരച്ചു ചോദിച്ചു.
‘നിങ്ങളിവിടെ എത്തീട്ടേള്ളൂ? എത്ര നേരായി പോന്നിട്ട്! നിങ്ങള് പോന്നു കഴിഞ്ഞ് പിന്നേം കുറേ കഴിഞ്ഞാ ഞാൻ പോന്നത്. എന്നിട്ടും എൻ്റെ പ്രദക്ഷിണമായി. നിങ്ങൾടേം അത്രേ ആയിട്ടുള്ളുച്ചാലോ…!’ ഒരു പുതിയ ശബ്ദം.
‘ആ… അമ്മു എത്തിയോ! ഞാൻ ഒന്നു രണ്ടു പേരെ കണ്ട് നിന്ന് സംസാരിച്ച് സമയം പോയതറിഞ്ഞില്ല്യ. അതാ വൈക്യേ. ഉണ്ണി ആവലാതി തുടങ്ങിയപ്പോ വർത്തമാനം നിർത്തീതാ.’ ദേവകി പറഞ്ഞു.
ഉണ്ണിക്കുട്ടൻ്റെ ഓപ്പോളാണ് അമ്മു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. ഉണ്ണിക്കുട്ടൻ്റെ കുറുമ്പുകളുടെ ഒരു സ്ഥിരം ഇരയാണ് അമ്മു. ഇന്നിത്തിരി എണീക്കാൻ വൈകിയത് കൊണ്ട് പട്ടിയുടെ മുന്നിലായി ഓടേണ്ടി വന്നില്ലെന്ന് മാത്രം.
‘മുത്തശ്ശീ… ഞാൻ പറഞ്ഞത് ശരിയാണോ പറയൂ… ഈ ഓപ്പോള് കാരണാ ഇപ്പോ..!’ ഉണ്ണി തന്നെക്കുറിച്ച് മുത്തശ്ശി ഓപ്പോൾക്ക് പറഞ്ഞു കൊടുക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു.
‘ഞാനിപ്പോ എന്താ ചെയ്തേ ഉണ്ണീ..?’ അമ്മു ഉണ്ണിയെ നോക്കി.
‘അതോ…ഞാൻ ഉണ്ണിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അതിൻ്റെ ഉത്തരം ശ്രദ്ധിക്കാതെ ഞാൻ നിന്നോട് സംസാരിച്ചത് ഇഷ്ടാവായ ആണ്.’
‘എന്തിനെക്കുറിച്ചാർന്നു? ഞാനും കേക്കട്ടെ.’
‘നമ്മളീ പ്രദക്ഷിണം വക്കണത് എങ്ങനെയാണ് ന്നു ആണ് ചോദ്യം. അപ്പൊ ഉണ്ണി പറഞ്ഞു, സൂചിയുടെ അതേ ദിശയിലാണ് ന്ന് ലേ? അമ്മൂനെന്താ തോന്നണേ?’ ദേവകി അമ്മുവിനെക്കൂടെ ചർച്ചയിലേക്ക് കൂട്ടി.
‘അത് ഘടികാര ദിശയിൽ തന്നെ… ക്ലോക്ക് വൈസ്.’ അമ്മുവിൻ്റെ മറുപടി വേഗം വന്നു.
‘ഹും.. രണ്ടുപേരുടേം ഉത്തരം ശരിയാണ്.’
‘മുത്തശ്ശീ… ഞാൻ കേട്ടിണ്ട്, ഗ്രഹങ്ങൾ സൂര്യന് ചുറ്റും കറങ്ങുന്നത് പോലെയാണ് ദൈവ പ്രതിഷ്ഠക്ക് ചുറ്റും നമ്മൾ പ്രദക്ഷിണം വക്കുന്നത് ന്ന്’ അമ്മു ആവേശത്തോടെ പറഞ്ഞു.
‘ഞാനാ ആദ്യം ഉത്തരം പറഞ്ഞേ ട്ടോ. ഓപ്പോള് പറയും മുൻപേ തന്നെ.’ ഉണ്ണിക്കുട്ടൻ പറഞ്ഞു.
‘അതെ അതെ… ഉണ്ണിക്കുട്ടൻ തന്ന്യാണ് ആദ്യം പറഞ്ഞത്.’ ദേവകി ഉണ്ണിക്കുട്ടനെ പിന്താങ്ങി. ഉണ്ണിക്കുട്ടന് സന്തോഷമായി. പക്ഷേ, അത് മറ്റൊരു ചോദ്യത്തിന് വഴിയൊരുക്കി. ദേവകിക്കും അതായിരുന്നു വേണ്ടിയിരുന്നത്.
‘എന്താ മുത്തശ്ശീ, ഈ പ്രദക്ഷിണം ന്നു വച്ചാൽ?’
‘അഹ്.. പ്രദക്ഷിണം അഥവാ പരിക്രമം ന്നു വച്ചാൽ അമ്മു പറഞ്ഞ പോലെ വലയം വക്കാനുള്ള പാത ആണ്. വൃത്താകൃതിയിലുള്ള പാത. ഒരു വൃത്തത്തിൻ്റെ ചുറ്റളവിൻ്റെ ഓരോ ഭാഗവും മധ്യ ഭാഗത്തു നിന്ന് തുല്യ അളവാണല്ലോ. അതായത്, നമ്മൾ ഏതു വശത്തായാലും ഭഗവാനിൽ നിന്നും തുല്യ അകലത്തിലാണ് എന്നർത്ഥം.
പ്രദക്ഷിണം എന്നത് ഒരു സംസ്കൃതം വാക്കാണ്. ‘വലതു വശത്തേക്ക്’ എന്നാണ് അതിൻ്റെ അർത്ഥം. അതുകൊണ്ടാണ് നമ്മൾ എപ്പോഴും ഘടികാരദിശയിൽ പ്രദക്ഷിണം വക്കുന്നത്. അപ്പോൾ, ഭഗവാൻ്റെ പ്രതിഷ്ഠ നമ്മുടെ വലതുവശത്തായി വരും. ഒരു കൃത്യമായ ക്രമം കൊണ്ടുവരാൻ വേണ്ടി ഇങ്ങനെ ആക്കിയെന്നേ ണ്ടാവുള്ളൂ…’
‘ഓ.. അപ്പൊ ഏതമ്പലത്തിൽ പ്രദക്ഷിണം വയ്ക്കുമ്പോഴും ഭഗവാൻ നമ്മുടെ വലതുവശത്താവ്വ്വോ?” അമ്മുവിന് അത്ഭുതമായി.
“ഉവ്വ്.. അമ്മു ഒന്ന് ആലോചിച്ചുനോക്കൂ.. അമ്മുന് പരിചയമുള്ള എല്ലായിടത്തും അങ്ങനെ അല്ലേ ചെയ്യാറ്!”
“അത് ശരിയാ… ഞാനിതുവരെ അത് ശ്രദ്ധിച്ചിണ്ടാർന്നില്ല്യ” അമ്മു പറഞ്ഞു.
“ഞാനും!” ഉണ്ണിക്കുട്ടൻ ഏറ്റു പറഞ്ഞു.
“പ്രദക്ഷിണം ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് കുട്ട്യോളെ..” എന്തൊക്കെയാണെന്ന് അറിയോ?
‘ഓടാൻ പാടില്ല്യാന്നല്ലേ മുത്തശ്ശീ?’ ഉണ്ണിക്കുട്ടൻ കേട്ടപാടെ ചോദിച്ചു.
ഇതുകേട്ട് മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു.
‘പ്രദക്ഷിണം വക്കുമ്പോ ഓടിയാൽ അടുത്തജന്മം ആനയായി ജനിക്കുംന്നല്ലേ മുത്തശ്ശി പറയാറ്?’ അമ്മു കൂട്ടിച്ചേർത്തു.
‘അത് കാർന്നോമ്മാര് പറയാറുള്ളതാ. ആനയായാൽ ചങ്ങലയിട്ട് കെട്ടി മറ്റൊരാളാൽ നിയന്ത്രിക്കപ്പെടാണല്ലോ, അത്രേം മോശം അവസ്ഥയിലേക്ക് എത്തിച്ചേരും എന്നാവണം അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോ തന്നെ മനസ്സിലാക്കാമല്ലോ പ്രദക്ഷിണത്തിൻ്റെ പ്രാധാന്യം. വളരെ പതുക്കെയാണ് പ്രദക്ഷിണം വെക്കേണ്ടത്. അതിനു പറഞ്ഞു കേൾക്കാറുള്ള ഒരു ഉദാഹരണം എന്തെന്നാൽ, പൂർണ്ണഗർഭിണിയായ ഒരു സ്ത്രീ നിറയെ എണ്ണയുള്ള ഒരു പാത്രവുമായി നടക്കുന്നതു പോലെ എന്നതാണ്. എന്നുവച്ചാൽ, പൂർണ്ണ ഗർഭിണിക്ക് നടക്കുവാൻ തന്നെ പ്രയാസമാവും, അതിൻ്റെയൊപ്പം എണ്ണ തുളുമ്പിപ്പോകാതിരിക്കാൻ കൂടി ശ്രദ്ധിക്കണംച്ചാലോ! അത്രേം സാവധാനം ആണ്ത്രേ പ്രദക്ഷിണം വക്കുമ്പോ നടക്കേണ്ടത്.’ ദേവകി പറഞ്ഞു നിർത്തി.
‘അയ്യോ, അത്രേം പതുക്കെയോ? ഗുരുവായൂര് പോവുമ്പോ ഓരടി വച്ച് നടക്കണ കാണാറില്ല്യേ, അത് പോലെയോ!’ അമ്മുവിന് അത്ഭുതമായി.
‘അപ്പോ കുറേ നേരം വേണ്ടിവരും പ്രദക്ഷിണം തീരാൻ…വല്യേ അമ്പലം ആണ്ച്ചാൽ പറയേം വേണ്ട!’ ഉണ്ണിക്കുട്ടന് ഇത് കേട്ട് വേഗം വേഗം എത്താൻ പറ്റില്ല എന്നാലോചിച്ചു വിഷമമാണ് ഉണ്ടായത്.
‘അതും അങ്ങനെ വെറുതെ നടന്നാൽ മാത്രം പോരാട്ടോ. നമ്മുടെ ശ്രദ്ധ ഭഗവാൻ/ ഭഗവതിയിലർപ്പിച്ച് നമസ്കാര മുദ്രയോടു കൂടി മന്ത്രങ്ങൾ ജപിച്ചുകൊണ്ട് വേണം പ്രദക്ഷിണം വക്കാൻ. ഒന്നുകിൽ നമസ്കാര മന്ത്രങ്ങൾ ജപിക്കാം. അല്ലെങ്കിൽ,
“യാനി കാനി ച പാപാനി ജന്മാന്തര കൃതാനിച
താനി സർവ്വാണി നശ്യന്തു പ്രദക്ഷിണോ പദേ – പദേ”
എന്നും ചൊല്ലാം.’ ദേവകി പറഞ്ഞു നിർത്തി.
‘എന്ന് വച്ചാൽ എന്താ മുത്തശ്ശീ?’ ഉണ്ണിക്കുട്ടൻ്റെ ആകാംക്ഷ ഇരച്ചു കയറി.
“ഈ ജന്മത്തിലും കഴിഞ്ഞ ജന്മങ്ങളിലും അറിഞ്ഞും അറിയാതെയും ഞങ്ങൾ ചെയ്ത തെറ്റുകൾ അഥവാ പാപങ്ങൾ ഈ പ്രദക്ഷിണത്തോടൊപ്പം ഇല്ലാതാകണേ അഥവാ നശിച്ച് സത്ബുദ്ധി നൽകണേ” എന്ന പ്രാർത്ഥനയാണിത്. പ്രദക്ഷിണശേഷം പ്രതിഷഠയുടെ മുൻപിലെത്തി നമസ്കരിക്കണം. നമസ്കാര മന്ത്രങ്ങൾ നിങ്ങൾക്കറിയാലോ..! ആ മന്ത്രം ചൊല്ലി നമസ്കരിക്കുമ്പോൾ “പ്രദക്ഷിണ നമസ്കാരം സമർപ്പയാമി” എന്നും ചൊല്ലണം. അതായത്, “ഞാൻ പ്രദക്ഷിണവും പ്രണാമവും ആദരവോടെ സമർപ്പിക്കുന്നു” എന്നർത്ഥം.
‘മുത്തശ്ശീ.. അപ്പൊ ഈ ഘടികാര ദിശയിൽ തന്നെ വേണംന്ന് പറയാൻ എന്തെങ്കിലും കാരണം ണ്ടാവില്ല്യേ?’ അമ്മുവിന് സംശയമായി.
‘ഉണ്ട്. എനിക്കും അറിയില്യായിരുന്നൂ ട്ടോ. ഈയിടെ ഞാനൊരു പ്രഭാഷണം കേട്ടൂ. അതിലെന്താ പറഞ്ഞത്ച്ചാൽ, ഒരു ഗ്രഹത്തിൻ്റെ വടക്കൻ അർദ്ധഗോളത്തിലാണെങ്കിൽ, ഘടികാരദിശയിൽ പോകുക എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണത്രെ. അതായത്, നിങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ, പ്രകൃതിയുടെ പല പ്രതിഭാസങ്ങളും മധ്യരേഖക്ക് മുകളിലൂടെ ഘടികാരദിശയിലും, താഴെ എതിർ ഘടികാരദിശയിലും തിരിയുന്നതായി കാണാം. ഇത് വെറും വായുവിലോ ജലത്തിലോ മാത്രമല്ല, ഊർജ്ജ സംവിധാനവും ഇതുപോലെയാണ്ത്രേ പ്രവർത്തിക്കുന്നത്. അതുകൊണ്ട്, വടക്കൻ അർദ്ധഗോളത്തിലെ ഊർജ്ജസ്വലമായ ഒരു സ്ഥലത്തു നിന്ന് അതിൻ്റെ പ്രയോജനം നേടാൻ/ ആഗിരണം ചെയ്യാൻ, അതിന് ചുറ്റും നാം ഘടികാര ദിശയിൽ സഞ്ചരിക്കണം. കൂടുതൽ പ്രയോജനം കിട്ടണമെങ്കിൽ, മുടിയും വസ്ത്രങ്ങളും നനഞ്ഞിരിക്കണം എന്നാണ് അദ്ദേഹം ആ പ്രഭാഷണത്തിൽ പറഞ്ഞത്.’ ദേവകി പറഞ്ഞു നിർത്തി.
‘അപ്പോൾ, അമ്പലങ്ങളിലെ പ്രതിഷ്ഠ ഊർജ്ജം വിസർജ്ജിക്കുമ്പോൾ അത് ആഗിരണം ചെയ്യാനായി നമ്മള് പ്രദക്ഷിണം വക്കുന്നു ലേ! കുളിച്ച് നനഞ്ഞ വസ്ത്രത്തോടെയാണെങ്കിൽ, കൂടുതൽ നന്നായി എന്നല്ലേ! അപ്പോൾ അതാവും കുളിച്ച് ശുദ്ധായി തൊഴണം ന്നു പറയുന്നതിൻ്റെ പൊരുൾ ലേ!’ അമ്മു മുത്തശ്ശി പറഞ്ഞത് ഉണ്ണിക്കുട്ടനു കൂടി മനസ്സിലാകത്തക്കരീതിയിൽ വിശദീകരിച്ചു.
‘അതെ. അതൊക്കെ തന്നെയാവണം അമ്പലക്കുളത്തിൻ്റെ പ്രസക്തിയും… കുളിച്ച് ഈറനോടെത്തന്നെ തൊഴുത് പ്രദക്ഷിണം വച്ച് കൂടുതൽ ഊർജ്ജത്തെ സ്വീകരിക്കാമല്ലോ! പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം, ഇപ്പോഴത്തെ ഒട്ടുമിക്ക കുളങ്ങളും വറ്റിപ്പോകുകയോ ചണ്ടി വന്നു നശിക്കുകയോ ചെയ്തിരിക്കുന്നു.’ മുത്തശ്ശി പറഞ്ഞു നിർത്തി.
‘കുളത്തില് കുളിക്കാൻ എനിക്ക് നല്ല ഇഷ്ടാ… അന്ന് അമ്മാത്ത് പോയപ്പോ, അമ്മാമൻ എന്നേം കൂട്ടി കുളത്തിൽ പോയി. എന്ത് രസാർന്നൂ ന്നോ! തിരിച്ചു കേറാൻ തോന്നിണ്ടാർന്നില്ല.’ ഉണ്ണിക്കുട്ടൻ ആവേശഭരിതനായിക്കൊണ്ട് പറഞ്ഞു.
‘ദേവ ചൈതന്യവും മനുഷ്യ ചൈതന്യവും പരസ്പര പൂരകങ്ങളാണ് എന്ന് നിങ്ങടെ മുത്തശ്ശൻ പറഞ്ഞു കേൾക്കാറുണ്ട്. പ്രദക്ഷിണം വക്കുമ്പോൾ അതിൻ്റെ ശക്തി കൂടുംന്നാണ് പറയണേ.’
‘അപ്പോൾ ഈ അമ്പലങ്ങളൊക്കെ ഉണ്ടാക്കാൻ, അന്നത്തെ കാലത്തുള്ളവർ എന്തൊക്കെ ചിന്തിച്ചിണ്ടാവും ലേ മുത്തശ്ശീ?’ അമ്മു അപ്പോഴും മുത്തശ്ശി പറഞ്ഞ ശാസ്ത്രീയവശങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
‘അതെ അമ്മൂ, അന്നത്തെ കാലത്തുള്ളവർ ചെയ്തതെല്ലാം തന്നെ സമൂഹനന്മ മാത്രം മനസ്സിൽ കണ്ടു കൊണ്ടായിരുന്നു. ഇന്ന് ശാസ്ത്രം പുതിയതെന്നു പറഞ്ഞ് കണ്ടുപിടിക്കുന്നതിൽ പലതും പണ്ടേ ഇവിടെ നടപ്പാക്കിയ കാര്യങ്ങളാണ്. നമ്മുടെ സംസ്കാരത്തിൽ ഭഗവാനെ കാണുക അഥവാ അദ്ദേഹത്തിലേക്കടുക്കുക എന്നതിനേക്കാൾ ഭഗവാനായിത്തീരുക അല്ലെങ്കിൽ ഭഗവാനിലേക്ക് അലിഞ്ഞുചേരുക എന്നതാണ്. ഇതിനുള്ള ഒരു വഴിയൊരുക്കുക എന്നതാണ് അമ്പലങ്ങളുടെ ഉദ്ദേശം.
ഒരു വിശുദ്ധമായ സ്ഥലത്തിനു ചുറ്റും ഘടികാരദിശയിൽ പോകുന്നത് ഈ സാധ്യത സ്വീകരിക്കാനുള്ള ഒരു ലളിതമായ മാർഗമത്രെ! പ്രത്യേകിച്ച് മധ്യരേഖയിൽ നിന്നും മുപ്പത്തിമൂന്ന് ഡിഗ്രി അക്ഷാംശം വരെ ഇത് വളരെ തീവ്രമാണ്. അതു കൊണ്ടുതന്നെ നമ്മുടെ മിക്ക ക്ഷേത്രങ്ങളും ഈ പ്രദേശത്തിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കാരണം, ഇവിടെയാണ് നമുക്ക് പരമാവധി പ്രയോജനം ലഭിക്കുന്നത്. നമ്മൾ ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് ഭക്തിക്ക് മാത്രമായിട്ടാണ്, എന്നാൽ ദക്ഷിണേന്ത്യയിൽ ക്ഷേത്രങ്ങളെല്ലാം തന്നെ ഒരു ശാസ്ത്രീയമായ രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അവിടെ ഭക്തി ഒരു ഘടകം മാത്രമാണ് എന്നാണ് അന്ന് ആ പ്രഭാഷകൻ പറഞ്ഞത്.’ ദേവകി പറഞ്ഞു.
‘മരണശേഷമല്ലേ മുത്തശ്ശീ ഭഗവാനിലേക്ക് അലിഞ്ഞു ചേരലൊക്കെ?’ അമ്മുവിൻ്റെ സംശയങ്ങൾ കൂടിക്കൂടി വന്നു.
‘അതല്ല അമ്മൂ… ധ്യാനം, യോഗ തുടങ്ങിയവ നമ്മെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിനു സഹായിക്കും. ഭഗവാൻ എന്നത് ഒരു സങ്കല്പം ആണല്ലോ. ഒരു ഊർജ്ജ സ്രോതസ്സ് എന്നല്ലേ ള്ളൂ. അതിനുള്ള മറ്റൊരു മാർഗമാണ് ഈ ക്ഷേത്രങ്ങൾ എന്നാണ് പറഞ്ഞത്.’
‘ശിവന് പകുതി പ്രദക്ഷിണം അല്ലേ പാടുള്ളൂ മുത്തശ്ശീ?’
‘അതെ, ശിവക്ഷേത്രത്തിൽ ഓവ് മുറിച്ച് കടക്കരുതെന്നാണ് പറയാറ്. എല്ലാ ക്ഷേത്രങ്ങൾക്കും സോമരേഖ ഉണ്ട്. എന്നാൽ ശിവൻ്റെ സോമരേഖ മാത്രം മുറിച്ച് കടക്കരുത് ന്നാണ് കേൾക്കാറ്. അതുകൊണ്ട് അവിടെ വരെ തൊഴുത് പ്രദക്ഷിണം ചെയ്ത് അവിടെത്തിയാൽ വിപരീതദിശയിൽ നടന്നു ഓവിൻ്റെ മറുവശത്തെത്തി ഒരു പ്രദക്ഷിണം പൂർത്തിയാക്കും. അതിനു ശേഷമാണ് നമസ്കാരം.’
‘സോമരേഖയോ, അതെന്താ?’
‘ക്ഷേത്രത്തിൻ്റെ ഓരോ ദിശയിലും ദേവൻ്റെ ദിക് പാലകന്മാർ ഉണ്ട്.
പടിഞ്ഞാറ് : വരുണൻ
വടക്ക് – പടിഞ്ഞാറേ മൂല : വായു
വടക്ക് : സോമൻ
വടക്ക് – കിഴക്കേ മൂല : ഈശാനൻ
കിഴക്ക് : ഇന്ദ്രൻ
തെക്ക് – കിഴക്കേ മൂല : അഗ്നി
തെക്ക് : യമൻ
തെക്ക് – പടിഞ്ഞാറേ മൂല : നിരൃതി
എന്നിങ്ങനെയാണത്. വടക്കു വശത്താണ് സോമരേഖ. അവിടെയാണ് തീർത്ഥം പുറത്തേക്ക് പോകുന്ന ഓവും ഉണ്ടാവുക. അതുപോലെ, ഈ സോമരേഖക്കും ഈശാന കോണിനും ഇടയിലായിട്ടാണ് ‘നിർമ്മാല്യധാരി’. ദേവന് നിവേദിച്ചു കഴിഞ്ഞ ആ പ്രസാദം ഇവിടെയാണ് വക്കുക. അതു കൊണ്ടാണ് നിവേദിക്കാനുള്ള സാധനങ്ങൾ അമ്പലത്തിൽ കൊണ്ടുവരുമ്പോൾ പ്രദക്ഷിണം ചെയ്ത് കൊണ്ട് വരാൻ പാടില്ല എന്ന് പറയുന്നത്. അവ ഈ ‘നിർമ്മാല്യധാരി’ മുറിച്ചു കടക്കുമ്പോൾ അശുദ്ധമാകും അല്ലെങ്കിൽ അവ നിവേദിച്ചു കഴിഞ്ഞതു പോലെയാവും എന്നാണ് മുത്തശ്ശൻ പറയാറുള്ളത്.’
‘എനിക്ക് നിങ്ങൾ പറയണതൊന്നും മനസ്സിലാവണില്ല. നമുക്ക് വേഗം പ്രദക്ഷിണം ചെയ്ത് ഇല്ലത്തേക്ക് പോവാം.’ ഉണ്ണിക്കുട്ടൻ്റെ മടുപ്പ് വാക്കുകളിൽ വ്യക്തമായിരുന്നു. എന്നാൽ, അമ്മുവിന് ഈ അറിവുകളെല്ലാം അത്ഭുതമായിരുന്നു.
‘നമ്മളിപ്പോൾ എത്ര പ്രദക്ഷിണം വച്ചൂന്ന് ഓർമ്മയുണ്ടോ ഉണ്ണീ?’ മുത്തശ്ശി ഉണ്ണിക്കുട്ടനെ ഉഷാറാക്കാനായി ചോദിച്ചു.
‘ഉവ്വ്, രണ്ടാമത്തെ കഴിഞ്ഞു, ഇനി മൂന്നാമത്തെ! ഇത് കഴിഞ്ഞാൽ ഇല്ലത്തേക്ക് പോവാം’ ഉണ്ണി പറഞ്ഞു.
‘മുത്തശ്ശീ… അതിനും കാരണം ണ്ടോ? ഈ മൂന്നെണ്ണം ആവാൻ?’ അമ്മുവിൻ്റെ ചോദ്യം.
‘ഞങ്ങളൊക്കെ കുട്ടിക്കാലം മുതൽക്കേ ‘മൂന്ന്’ പ്രദക്ഷിണം ആണ് പതിവ്. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുത്തശ്ശൻ പറഞ്ഞു തന്നത് എന്താച്ചാൽ, അമ്പലത്തിനു ചുറ്റും ഈ കാണുന്ന പോലത്തെ ബലിക്കല്ലുകൾ കാണാറില്ലേ! അകത്തും ഇങ്ങനെ ബലിക്കല്ലുകൾ കാണാം. ഇവയെ ബലിവട്ടം എന്നാത്രേ പറയാറ്.
അകത്ത് ഇന്ദ്രാദി ദിക് പാലകന്മാരും അനന്തനും ബ്രഹ്മാവും സപ്തമാതൃക്കളും ശാസ്താവും ദുർഗ്ഗാ സുബ്രഹ്മണ്യന്മാരും നിർമ്മാല്യധാരിയും ചേർന്ന് ഒരു ബലിവട്ടവും, പുറത്ത് വലിയ ബലിക്കല്ലുകളും അതാത് ദേവൻ്റെ പരിവാരങ്ങൾ ആയ എട്ട് ബലിക്കല്ലുകളും കൂടി രണ്ടാമത്തെ ബലിവട്ടവും. ഇവയെയെല്ലാം ചേർത്ത് ‘പരിവാരങ്ങൾ’ എന്നാ പറയാ.
ആ പരിവാരങ്ങളും ദേവനും തമ്മിൽ ഒരു കാന്തിക ബലം നിലനിൽക്കുന്നുണ്ട്. ആ കാന്തികബലത്തിനെ നമ്മൾ മുറിക്കാൻ പാടില്ല. നമ്മൾ അകത്തു പ്രദക്ഷിണം ചെയുമ്പോൾ ഇത് മുറിയും. അതോണ്ടാണ് അകത്തു ഒന്നോ കൂടിപ്പോയാൽ മൂന്നോ പ്രദക്ഷിണം മാത്രം മതി എന്ന് പറയുന്നത്. പുറത്ത് എട്ട് ബലിക്കല്ലുകളെ കൂടി ചേർത്ത് പ്രദക്ഷിണം വക്കാം. അത് എത്ര വേണമെങ്കിലും ആവാം എന്നാണ്.
എന്നാൽ, അന്ന് നിങ്ങടെ അച്ഛൻ വാങ്ങിക്കൊണ്ടുവന്ന ഒരു പുസ്തകത്തിൽ കണ്ടത് ഓരോ ദേവനും ഓരോ തരത്തിലാണെന്നാണ്.
ഗണപതിക്ക് ഒന്ന്,
ഭദ്രകാളിക്ക് രണ്ട്,
ശിവന് മൂന്ന്,
വിഷ്ണുവിനും ദേവിക്കും നാല്,
ധർമ്മ ശാസ്താവിന് അഞ്ച്,
സുബ്രഹ്മണ്യന് ആറ്,
ദുർഗ്ഗക്കും ആലില മരത്തിനും ഏഴ്,
നവഗ്രഹങ്ങൾക്ക് ഒമ്പത്,
സ്വയംഭൂവിന് ഇരുപത്തിയൊന്ന്.
അതെന്തു കൊണ്ടാണ്ന്നു മനസിലായില്ല. അറിവില്ലായ്മ കൊണ്ട് ഇങ്ങനെ എഴുതിയതാണോ അറിയില്ല. എന്തായാലും വിശദീകരണം ഒന്നും ഉണ്ടാർന്നില്ല.’ മുത്തശ്ശി പറഞ്ഞു നിർത്തി.
‘മുത്തശ്ശീ… അപ്പോൾ ഈ ശയന പ്രദക്ഷിണമോ?’
‘ആഹ്…അത് വളരെ ശക്തമായ/ പ്രബലമായ ഒരു പ്രദക്ഷിണമാണ്. ശയനപ്രദക്ഷിണത്തിൽ രണ്ടു തരത്തിലുള്ള ഭ്രമണം നടക്കുന്നുണ്ട്. ഇവിടെ ഭക്തർ തറയിൽ ഉരുട്ടി സ്വന്തം ശരീരം തിരിക്കുകയും ഒപ്പം ക്ഷേത്രത്തിനു ചുറ്റും കറങ്ങുകയും ചെയ്യുന്നു. അത് ധ്യാനത്തിന് വഴിയൊരുക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പണ്ടൊന്നും സ്ത്രീകളെ ശയനപ്രദക്ഷിണത്തിനു അനുവദിക്കാറില്ല. അതോണ്ട് ഞാനൊട്ടുചെയ്തിട്ടുമില്ല.’
‘അപ്പോൾ, നമ്മള് അന്നു പോയ അമ്പലത്തിൽ മരത്തിനു ചുറ്റും പ്രദക്ഷിണം വച്ചില്ലേ, അതോ?’ ഉണ്ണിക്കുട്ടന് വീണ്ടും സംശയം.
‘ഉവ്വ്, പ്രതിഷ്ഠക്ക് ചുറ്റും മാത്രമല്ല, പല അവസരങ്ങളിലും പ്രദക്ഷിണം വെക്കാറുണ്ട്. ആൽമരം, തുളസി എന്നിവക്ക് ചുറ്റും പതിവുണ്ട്. അതുപോലെ, വിവാഹത്തിന് വധൂവരന്മാർ അഗ്നിക്കു ചുറ്റും പ്രദക്ഷിണം വക്കും. പിന്നെ, ഗണപതിയോട് ലോകം മുഴുവൻ പ്രദക്ഷിണം ചെയ്യാനാവശ്യപ്പെട്ടപ്പോൾ, അച്ഛനമ്മമാരാണ് തൻ്റെ ലോകമെന്നു പറഞ്ഞ് പ്രദക്ഷിണം വച്ച കഥയുമുണ്ട്.’
‘ആഹാ… അപ്പോ ഇന്ന് രാത്രി മുത്തശ്ശി ഈ കഥ പറഞ്ഞു തന്നാൽ മതീട്ടോ.’ ഉണ്ണിക്കുട്ടന് സന്തോഷമായി.
‘ശരി ഉണ്ണീ… ഉണ്ണീടെ ഇഷ്ടം.’
‘മുത്തശ്ശീ… പ്രദക്ഷിണം കഴിഞ്ഞില്ലേ, ഇനി ഇല്ലത്തേക്ക് പോവല്ലേ! ഞാൻ വേഗം പോവാട്ടോ. ഓപ്പോൾ ണ്ടെങ്കിൽ പോന്നോളൂ… ഞാൻ പോവാ…’ ഉണ്ണിക്കുട്ടൻ ഇതും പറഞ്ഞു കൊണ്ട് ഒറ്റ ഓട്ടം.
‘ഈ ഉണ്ണി! അമ്മൂ, അതിൻ്റെ ഒപ്പം ചെല്ലൂ… കുറച്ചുമുമ്പ് ഒരു പട്ടി പിന്നാലെ വന്നതേള്ളൂ. ഈ വികൃതിയെക്കൊണ്ട് തോറ്റു!’ എന്നു പറഞ്ഞുകൊണ്ട് മുത്തശ്ശിയും നടത്തത്തിൻ്റെ വേഗത കൂട്ടി.
10 Responses
ഈ നാലമ്പലത്തിനു അകത്തും പുറത്തും പ്രദക്ഷിണം വയ്ക്കേണ്ട ആവശ്യം ഉണ്ടോ?
രണ്ടും പതിവുണ്ട്. എന്നാൽ കഥയിലെ ദേവകി അന്തർജ്ജനം പറയുന്നതുപോലെ പരിവാരങ്ങളും ദേവനും തമ്മിൽ നിലനിൽക്കുന്ന ആ കാന്തിക ബലത്തെ മുറിക്കാതിരിക്കാൻ, പുറത്തെ പ്രദക്ഷിണമായിരിക്കാം അഭിവൃദ്ധിക്കുതകുന്നത്.
Very good and informative..
Thank you…
സൂപ്പർ നല്ല അറിവ് 🥰
വളരെ സന്തോഷം 🙂
വളരെ നന്നായിട്ടുണ്ട്. വിവരംഗള് വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
സന്തോഷം 😀
പുതിയ തലമുറയ്ക്ക്ക് എല്ലാറ്റിലും വേണ്ടത് ലോജിക്കാണ്. അവർ ചോദിക്കാൻ സാദ്ധ്യതയുള്ള വേറെ ചില ചോദ്യങ്ങൾ കൂടി ആലോചിച്ചു നോക്കൂ. അവക്ക് കൃത്യമായ മറുപടി നൽകുമ്പോഴാണ് ഈ എഴുത്ത് അവർക്കു വേണ്ടിയാവുക. പഴയ തലമുറക്ക് ലോജിക് ഒന്നും വേണ്ട. അത് അങ്ങനെയാണ് എന്നു പറഞ്ഞാൽ വിശ്വസിക്കും. അനുസരിക്കും.
എന്തുകൊണ്ട്? എന്നത് ഒരു പാട് സ്ഥലത്ത് ചോദിക്കാൻ സ്പേയ്സ് ഉണ്ട്. അതു കൂടി നൽകിയാൽ പുതുതലമുറക്ക് കൂടുതൽ സ്വീകാര്യമാവുമെന്ന് തോന്നുന്നു.
സ്റ്റൈൽ ഓഫ് പ്രെസൻ്റേഷൻ കൊള്ളാം.
തീർച്ചയായും പരിഗണിക്കാം.😃