സൗഭാഗ്യത്തിന്റെ ആഘോഷം

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

‘ക്ലിങ്… ക്ലിങ്…’

കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഉമ വാതിലിനടുത്തേക്ക് നടന്നു.

‘ഉമേ… ആരാന്നു നോക്ക്…’ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.

‘ആ… നോക്കാണ്!’ താൻ ആരും പറയാതെ തന്നെ ചെയ്യുവാൻ തുടങ്ങിയ പ്രവൃത്തി തന്നെ, അമ്മ ഏൽപ്പിച്ചതിലുള്ള നീരസം ആ വാക്കുകളിൽ വ്യക്തം.

ഉമ മുൻവാതിൽ തുറന്നു.

‘ആഹാ… ഉമക്കുട്ടി എപ്പോ വന്നു?’

അടുത്ത വീട്ടിലെ രമച്ചേച്ചിയാണ്. ഞങ്ങളുടെ തൊട്ടടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലെ വാര്യർ കുടുംബമാണ്. അമ്പലത്തിലെ കഴകത്തിനു പുറമേ  അടുത്തുള്ള വീടുകളിൽ പാൽ വില്പനയുമുണ്ട്. ചേച്ചി രാവിലെ നേരത്തെ എഴുന്നേറ്റ് പാലു കറക്കും. ശേഷം കുളിച്ച് തലേന്ന് കെട്ടിവച്ച ഭഗവാന്റെ മാലകളുമായി അമ്പലത്തിലേക്ക്. അവിടത്തെ പണികൾ പകുതി തീർത്ത് തിരിച്ച് വാര്യത്ത് വന്നു പാൽ വിതരണം. ചിലരൊക്കെ വാര്യത്ത് വന്നു വാങ്ങിക്കോളും. അവർക്കുള്ളത് അമ്പലത്തിൽ പോകും മുൻപേ അളന്ന് പ്രത്യേക പാത്രങ്ങളിലാക്കി വച്ചിട്ടുണ്ടാകും. അത് അവിടത്തെ അമ്മൂമ്മ എടുത്ത് ആവശ്യക്കാർക്ക് കൊടുത്തോളും. ഇവിടേക്കും വല്യച്ഛന്റെ അവിടേക്കും രമച്ചേച്ചി തന്നെ പാലു കൊണ്ടുവന്നു തരും. ഇത് കഴിഞ്ഞ് വേണം അമ്പലത്തിലേക്ക് തിരിച്ച് പോകാൻ. 

രമച്ചേച്ചിയുടെ ഭർത്താവ് കുട്ടേട്ടൻ ജോലിസ്ഥലത്തു നിന്ന് മാസത്തിലൊരിക്കലേ വരൂ. ചേച്ചിയുടെ അമ്മക്ക് ഇവിടെ നിന്നു മാറി നിൽക്കാൻ താത്പര്യമില്ലാത്തതിനാലും അമ്പലത്തിലെ പാരമ്പര്യമായി കിട്ടിയ കഴകം ഒഴിവാക്കാൻ വയ്യെന്നതിനാലും ചേച്ചി ഇവിടെ തന്നെ അമ്മയുടെ കൂടെ താമസിക്കുന്നു. 

എന്നെ വലിയ കാര്യമാണ് ചേച്ചിക്ക്. വിവാഹം കഴിഞ്ഞു പത്തുവർഷമായിട്ടും ഒരു കുഞ്ഞില്ല എന്നത് മാത്രമാണ് ചേച്ചിയുടെ വിഷമം. പലതരം ചികിത്സകളും വഴിപാടുകളും നടത്തി നോക്കി. കൃഷ്ണന്റെ പരീക്ഷണമാവും എന്നു പറഞ്ഞ് ആശ്വാസം കണ്ടെത്തുകയാണ് ചേച്ചി. ഞാനും ഇപ്പോൾ അമ്പലങ്ങളിൽ പോയാൽ ചേച്ചിക്ക് വേണ്ടി മാത്രമേ പ്രാർത്ഥിക്കാറുള്ളൂ. ഇനിയും ആ പാവത്തെ പരീക്ഷിക്കരുതേ എന്ന്.

‘ഉമക്കുട്ടി എന്താ ഒന്നും മിണ്ടാത്തേ? എപ്പോഴാ എത്തീത് ന്ന്?’

‘ആഹ്… ഞാൻ ഇന്നലെ എത്തി രമച്ചേച്ചീ..’

‘അതെയോ,  ഞാനിന്നലെ പാലു തരാൻ വന്നപ്പോൾ കണ്ടില്ലലോ! എണീക്കാൻ വൈകീണ്ടാവും ലേ?’

‘അല്ല ഞാനിന്നലെ നന്ദിനീടെ വീട്ടിലേക്കാ നേരെ പോയത്. വരലക്ഷ്മീവ്രതം ആഘോഷിക്കാൻ. അതു കഴിഞ്ഞ് വൈകുന്നേരത്തോടെ ഇവിടെത്തി.’

‘വരലക്ഷ്മീവ്രതോ? അതെന്താ?’

‘ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താൻ വേണ്ടി സുമംഗലികൾ ചെയ്യുന്ന ഒരു വ്രതമാണ് ചേച്ചീ അത്. കർണാടകം, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൊക്കെ അതൊരു ഉത്സവമായിട്ടാണ് കണക്കാക്കുന്നത്. മുഴുവൻ കുടുംബത്തിനും, പ്രത്യേകിച്ച് ഭർത്താവിന്റെയും കുട്ടികളുടേയും ക്ഷേമത്തിനും ദീർഘായുസ്സിനുമായിട്ടാണ് സുമംഗലികളായ സ്ത്രീകൾ ഇത് ആഘോഷിക്കുന്നത്. സന്താന സൗഭാഗ്യത്തിനായും സ്ത്രീകൾ ഈ വ്രതം ആചരിക്കാറുണ്ട് ത്രേ. ‘വര’ങ്ങൾ നല്കുന്നയാളാണ് വരലക്ഷ്മി. ദക്ഷിണേന്ത്യയിൽ കേരളത്തില് മാത്രേ ഈ ആഘോഷം ഇല്ലാതുള്ളൂ, അതെന്താണാവോ!!!’

‘അതു ശരി. ഞാൻ കേട്ടിട്ടേയില്ലാട്ടോ ഉമക്കുട്ടീ… അപ്പൊ നന്ദിനിയൊക്കെ ഇത് ആഘോഷിക്കാറുണ്ടോ?’

‘ഉവ്വ് രമച്ചേച്ചീ, അവര് കന്നഡിഗരല്ലേ! നന്ദിനീടെ മുത്തശ്ശനായിട്ട് ജോലിയാവശ്യത്തിനു ഇവിടെ വന്നു താമസമായതാണ്. എങ്കിലും അവരുടെ ചടങ്ങുകളും ചിട്ടകളുമൊന്നും അവർ വിട്ടിട്ടില്ല. നമുക്കല്ലേ നാടു വിടുമ്പോളേക്കും തിരക്ക്, സമയക്കുറവ് ന്നൊക്കെ ന്യായം പറഞ്ഞ് നാമം ജപം പോലും ഉപേക്ഷിക്കലുള്ളൂ. കന്നഡ ബ്രാഹ്മണർക്ക് വളരെ പ്രധാനപ്പെട്ട ആഘോഷമാണ് ഈ വരലക്ഷ്മീ വ്രതം. കഴിഞ്ഞ കൊല്ലം എന്നെ വിളിച്ചപ്പോ എനിക്ക് പോവാൻ പറ്റീല്യ. അപ്പോ ഇത്തവണ പോവാം ന്നു കരുതി.’

‘കർക്കിടക മാസത്തിലെ വിശേഷങ്ങളിൽ ഒന്നാവും ലേ?’

‘അതെ. ഇന്നലെ നന്ദിനീടെ അമ്മോടു ചോദിച്ച് ഞാൻ വിവരങ്ങൾ മനസ്സിലാക്കീതേള്ളൂ. അപ്പോ അമ്മ പറഞ്ഞത് ശ്രാവണമാസത്തിലെ പൗർണമിക്ക് മുൻപുള്ള വെള്ളിയാഴ്ചയാണ് ഈ ആഘോഷം ന്നാണ്. അന്ന് പറ്റാത്തവർക്ക് രണ്ടാമത്തെ വെള്ളിയാഴ്ചയും വ്രതമെടുക്കാം. കർക്കിടകത്തിനു തമിഴിൽ ആടിമാസം ന്നല്ലേ പറയാ… ആടിമാസത്തിലെ പൗർണമിക്കു മുൻപുള്ള വെള്ളിയാഴ്ചയാണ് അവരും ഇത് ആഘോഷിക്കാ. അപ്പോ ഒക്കെ കർക്കിടക ആഘോഷങ്ങളായി കണക്കാക്കാം.’

‘അതു ശരിയാ… നമ്മുടെ നാട്ടിലും ഇപ്പോ കടകളിൽ ആടിമാസക്കിഴിവ് ന്നൊക്കെ കാണാറുണ്ടല്ലോ. അപ്പോ എന്താ ഈ വ്രതത്തിന്റെ പ്രത്യേകത?’ രമയ്ക്ക് കൗതുകമായി.

‘ഈ ആഘോഷത്തിന് കാരണമായിട്ട് പറയുന്ന ഒരു കഥയുണ്ട്. പഴയ മഗധയിൽ, കുണ്ഡിന്യപുര എന്ന പട്ടണത്തിൽ, അതായത് ഇന്നത്തെ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ, ചാരുമതി എന്ന പേരിൽ ഒരു ബ്രാഹ്മണസ്ത്രീ താമസിച്ചിരുന്നൂത്രേ. അവർ അർപ്പണബോധത്തോടെ, വളരെ ഭക്തിയോടെ  തന്റെ ഭർത്താവിനേയും ഭർതൃ മാതാ-പിതാക്കളേയും സേവിച്ചു. ചാരുമതിയുടെ കുടുംബത്തോടുള്ള ഭക്തിയിൽ മതിപ്പു തോന്നിയ മഹാലക്ഷ്മീ ദേവി ആ സ്ത്രീയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു വരലക്ഷ്മിയെ ആരാധിക്കാനും അതുവഴി ആഗ്രഹങ്ങൾ നിറവേറ്റാനും ആവശ്യപ്പെട്ടു എന്നാണ് പറയണേ..

 മഹാവിഷ്ണുവിന്റെ പത്നിയായ, സമ്പത്തിൻ്റെ ദേവതയായ ലക്ഷ്മീദേവിയുടെ മറ്റൊരു രൂപമാണ് വരലക്ഷ്മി.

 ശ്രാവണമാസത്തിലെ പൗർണമിക്കു മുൻപുള്ള വെള്ളിയാഴ്ചയാണ് പ്രാർത്ഥന/ ആരാധന നടത്താൻ  നിർദ്ദേശിച്ചിരുന്നത്. ചാരുമതി തന്റെ സ്വപ്നത്തെക്കുറിച്ച് വീട്ടുകാരോട് വിശദീകരിച്ചപ്പോൾ, അവർ പൂജ നടത്താൻ പ്രോത്സാഹിപ്പിച്ചു. പരമ്പരാഗത രീതിയിൽ മന്ത്രങ്ങളോടൊപ്പം വിവിധ മധുരപലഹാരങ്ങൾ അർപ്പിച്ചുകൊണ്ട് പൂജ നടത്താൻ ഗ്രാമത്തിലെ മറ്റു സ്ത്രീകളും അവരോടൊപ്പം ചേർന്നുത്രേ. അങ്ങനെ ഇതൊരു ഉത്സവമായി മാറി. 

ചാരുമതിയും മറ്റു സ്ത്രീകളും അവരുടെ ഏറ്റവും നല്ല വസ്ത്രം ധരിച്ച് വിധിച്ചതു പോലെ പൂജ ചെയ്തപ്പോൾ അവരുടെ ശരീരത്തിൽ നിറയെ മിന്നുന്ന ആഭരണങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്നും വീടുകളിൽ സമ്പത്ത് നിറഞ്ഞുവെന്നും പറയപ്പെടുന്നു. തന്റെ സ്വപ്നം പങ്കുവക്കുകയും സമൃദ്ധിക്ക് സഹായിക്കുകയും ചെയ്ത ചാരുമതിയോട് എല്ലാവരും നന്ദി അറിയിച്ചു. അതിനു ശേഷം എല്ലാ വർഷവും ഈ ദിവസം ഈ പൂജ നടത്താറുണ്ടത്രേ.’ ഉമ പറഞ്ഞു നിർത്തി.

‘ആഹാ… നല്ല കഥ. ഒരു നല്ല സ്വപ്നം കൊണ്ട് എത്ര പേർക്കാ ഗുണമുണ്ടായത് ലേ?’ രമക്ക് കഥ നന്നേ ഇഷ്ടപ്പെട്ടു.

‘അത് മാത്രല്ലാ ട്ടോ. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം വരലക്ഷ്മിയെ ആരാധിക്കുന്നത് അഷ്ടലക്ഷ്മിയെ ആരാധിക്കുന്നതിന് തുല്യമാണത്രേ.’ 

‘അഷ്ടലക്ഷ്മീന്നു ഞാൻ കേട്ടിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് അറിയ്വോ ഉമക്കുട്ടിക്ക്?’ രമ ചോദിച്ചു.

‘ഉവ്വ്, ഇപ്പൊ അറിയാം. ഇന്നലെ ഞാൻ നന്ദിനീടെ അമ്മയോട് ചോദിച്ച് മനസ്സിലാക്കി.

  1. ആദി അഥവാ മഹാലക്ഷ്മി – ആത്മീയ പഠനങ്ങളെ മുന്നോട്ട് നയിക്കുന്നയാൾ അഥവാ സംരക്ഷിക്കുന്നയാൾ 

  2. ധനലക്ഷ്മി – സമ്പത്തിന്റെ ദേവി 

  3. ധൈര്യ ലക്ഷ്മി – ധൈര്യത്തിന്റെ ദേവി 

  4. സൗഭാഗ്യ ലക്ഷ്മി – ഭാഗ്യത്തിന്റെ ദേവി 

  5. വിജയ ലക്ഷ്മി – വിജയത്തിന്റെ ദേവി 

  6. ധാന്യ ലക്ഷ്മി – ഭക്ഷണത്തിന്റെ ദേവി 

  7. സന്താന ലക്ഷ്മി – സന്താനഭാഗ്യത്തിന്റെ ദേവി 

  8. വിദ്യാ ലക്ഷ്മി – ജ്ഞാനത്തിന്റെ ദേവി 

അങ്ങനെ, ഈ ദിവസം വ്രതം ആചരിക്കുന്നതിലൂടെ സ്ത്രീകൾ ആത്‌മീയവും ഭൗതികവുമായ അഭിവൃദ്ധിക്കായി അഷ്ടലക്ഷ്മിയുടെ അനുഗ്രഹം തേടുന്നു.’

‘അതുശരി. അപ്പോ എന്തൊക്കെയാ ഈ വ്രതം അനുഷ്ഠിക്കാനായി ചെയ്യണ്ടേ? ഉമക്കുട്ടീം അവരുടെയൊപ്പം ഒരുക്കാനൊക്കെ കൂടിയോ?’ 

തൻ്റെ ആഗ്രഹ സഫലീകരണത്തിനുള്ള ഒരു മാർഗമാണ് ഇതെങ്കിലോ, ചാരുമതിക്ക് സ്വപ്നത്തിൽ തോന്നിച്ചതുപോലെ ഉമക്കുട്ടിക്ക് ഇതിപ്പോൾ എന്നോട് പറയാൻ തോന്നിച്ചത് എൻ്റെ കൃഷ്ണനാണെങ്കിലോ എന്നതായിരുന്നു രമയുടെ മനസ്സിലെ അപ്പോളത്തെ ചിന്ത.

‘ഞങ്ങളെത്തിയപ്പോളേക്കും നന്ദിനിയുടെ അമ്മ നേരത്തെ എണീറ്റ് വീട് മുഴുവൻ വൃത്തിയാക്കി കുളി വരെ കഴിഞ്ഞിരുന്നു. അമ്മ പ്രസാദം തയ്യാറാക്കുന്ന സമയം കൊണ്ട് ഞങ്ങൾ കുളിച്ചു വന്നു. എന്നിട്ട് പുണ്യജലമായ ഗംഗാജലംകൊണ്ട് പൂജ ചെയ്യാനുള്ള ഭാഗം ശുദ്ധിയാക്കി. നന്ദിനി രംഗോലി വരച്ചു. അതിനു മീതെ അമ്മ ഒരു പീഠം വച്ച് അതിൽ ചെറിയ രംഗോലിയിട്ട് (അതായത്, നമ്മടെ നാട്ടിലെ അണിയൽ പോലെ) അതിന്മേൽ വാഴയില വച്ച് അരിയിട്ട് അതിൽ വരലക്ഷ്മിയുടെ വിഗ്രഹമോ ഫോട്ടോയോ വച്ച് പുതിയ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും കുങ്കുമവും പൂക്കളുമെല്ലാം കൊണ്ട് ലക്ഷ്മീദേവിയെ അലങ്കരിക്കും. 

പലയിടത്തും കലശമാണ് വക്കാറ് എന്നും പറഞ്ഞു അമ്മ. കലശത്തിൽ അരി അല്ലെങ്കിൽ ശുദ്ധജലം നിറച്ച് തളിർ വെറ്റിലയോ മാവിലയോ മുകളിൽ വച്ച് ഒരു പട്ടുതുണിയും നാളികേരവും മണ്ഡലത്തിൽ വച്ച് ലക്ഷ്മിയായി ആരാധിക്കുകയും പതിവുണ്ട്ത്രേ. അക്ഷതം, ചന്ദനം, കുങ്കുമം/ സിന്ദൂരം തുടങ്ങിയവ ദേവിക്ക് സമർപ്പിച്ച് പഴങ്ങൾ, മധുര പലഹാരങ്ങൾ, ധാന്യങ്ങൾ ഒക്കെ നിവേദിക്കും. വിളക്കും കർപ്പൂരവും ചന്ദനത്തിരിയും ഉപയോഗിച്ച് ആരതിയുഴിഞ്ഞ് പൂജ ചെയ്യും. ആദ്യം ഗണപതിയെ മഞ്ഞളുകൊണ്ട് ആരാധിക്കും. രണ്ടാമത് രക്ഷ ആരാധിച്ച് അത് വലതുകൈയ്യിൽ ധരിക്കും. പിന്നെ രാവിലെ മുതൽ രാത്രി വരെ ഉണ്ട് പൂജകൾ. എല്ലാം മുഹൂർത്ത പ്രകാരമാണ്. 

രാവിലെ സിംഹലഗ്ന പൂജ 

ഉച്ചക്ക് വൃശ്ചികലഗ്ന പൂജ 

വൈകീട്ട് കുംഭലഗ്ന പൂജ 

രാത്രി വൃഷഭലഗ്ന പൂജ 

എല്ലാം രണ്ടു മണിക്കൂറോളം ഉണ്ട്. വൈകീട്ടത്തെ പൂജക്ക്‌ മുൻപേ നന്ദിനിയും അമ്മയും അടുത്ത വീടുകളിലേക്ക് താംബൂലവും സമ്മാനങ്ങളുമൊക്കെയായി ഇറങ്ങിയപ്പോൾ ഞാനും ഇങ്ങോട്ട് പോരാൻ ഇറങ്ങി. ആഹ്, അതും ചടങ്ങിന്റെ ഭാഗാണ് ട്ടോ. സ്ത്രീകൾ പരസ്പരം മധുരപലഹാരങ്ങളും താംബൂലവും ഒക്കെ കൈമാറുന്നത്. നന്ദിനീടെ അമ്മ ഇന്നലെ ഉപവാസമായിരുന്നു. രാത്രി പൂജ കൂടി കഴിഞ്ഞേ ഭക്ഷണം കഴിക്കൂ എന്നാ പറഞ്ഞത്. പക്ഷേ, ഞങ്ങൾക്ക് കുശാലായിരുന്നൂട്ടോ. പോളി, കോസംബരി, പുളിയോഗരെ, ലെമൺ റൈസ്, ചെറുപയർ പരിപ്പ് പായസം അങ്ങനെയങ്ങനെ കുറേ വിഭവങ്ങൾ…’ ഉമ പറഞ്ഞു കൊണ്ടേയിരുന്നു.

‘കോസമ്പരിയോ, അതെന്താ?’

‘അത് ഈ ചെറുപയർ, ചിരകിയ നാളികേരം ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്നതാ… ചെറുപയർ രണ്ടു മണിക്കൂറോളം വെള്ളത്തിലിട്ട് വക്കണം. അതിലേക്ക് നാളികേരവും ക്യാരറ്റും ചിരകി ചേർക്കണം. വേണമെങ്കിൽ നന്നായി മുറിച്ച വെള്ളരിക്കേം ചേർക്കാം. പിന്നെ മുളകും മല്ലിയും അരിഞ്ഞ് പഴുക്കാത്ത മാങ്ങയും ചിരകിച്ചേർത്ത് മിക്സ് ചെയ്യണം. ഇതിലേക്ക് കടുകുവറുത്തതും കറിവേപ്പിലേം കായോം ചേർക്കും. ഞാനും നന്ദിനീം കൂടിയാണ് ഇതുണ്ടാക്കീത്. അതാ എനിക്കിത്ര ഓർമ്മ. കർണാടകത്തിലെ വിഭവം ആവാനാ സാദ്ധ്യത.’

‘അത് ശരി, കേൾക്കാൻ നല്ല രസണ്ട്.’

‘ആഹ്, പിന്നെ രമച്ചേച്ചീ… സ്കന്ദപുരാണത്തിൽ ഈ വരലക്ഷ്മീ വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരമശിവൻ പാർവതീദേവിക്ക് വിവരിച്ചുകൊടുക്കുന്നുണ്ട് ത്രേ. ഒരിക്കൽ പാർവതി, സ്ത്രീകൾക്ക് പ്രയോജനകരമായ ഒരു വ്രതം നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ മഹാദേവൻ ഈ വ്രതത്തെക്കുറിച്ചും അതിൻ്റെ പൂജാവിധികളെക്കുറിച്ചും പറഞ്ഞു കൊടുത്തൂത്രെ.’ ഉമ കൂട്ടിച്ചേർത്തു.

‘അപ്പോൾ ഇത് പിറ്റേന്നേ എടുക്കുന്നുണ്ടാവുള്ളു ല്ലേ? ഈ കലശം?’ രമയുടെ താത്പര്യം കൂടി വരികയായിരുന്നു.

‘അതെ, പിറ്റേന്ന് രാവിലെ ഈ കലശത്തിലെ ജലം വീട്ടിൽ എല്ലായിടത്തും തളിക്കേം അരിയും ധാന്യങ്ങളും ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കേം ചെയ്യുംന്നാണ് നന്ദിനി പറഞ്ഞേ!’

‘അല്ല ഉമക്കുട്ടീ, ഈ സുമംഗലികളുടെ വ്രതത്തിന് ഉമക്കുട്ടിക്ക് എന്താ ചെയാൻ ണ്ടാർന്നേ?’ രമ തമാശരൂപേണ ചോദിച്ചു.

‘എനിക്കെന്താ, ഞാൻ അവിടെ നാമം ജപിച്ചു ഇരുന്നു. എനിക്ക് ഇങ്ങനത്തെ എല്ലാ പരിപാടീം ഇഷ്ടാണ് ന്നു അറിയണോണ്ട് നന്ദിനി എന്നെ നിർബന്ധിച്ച്  കൊണ്ടോയതാ… പക്ഷേ, നല്ലൊരു അനുഭവമാർന്നു ട്ടോ. എന്തായാലും അതുകൊണ്ട് വരലക്ഷ്മീവ്രത മന്ത്രം പഠിക്കാനായി.’

‘ആഹാ, എങ്കിൽ ചൊല്ലൂ, കേൾക്കട്ടെ!’

പത്മാസനേ പത്മാകരേ 

 സർവ്വ ലോകൈക പൂജിതേ 

 നാരായണപ്രിയേ ദേവീ 

 സുപ്രിതാ ഭവ സർവ്വതാ”

താമരയിലയിൽ ഇരിക്കുന്ന, ലോകം മുഴുവൻ പ്രാർത്ഥിക്കുന്ന, നാരായണന് വളരെ പ്രിയപ്പെട്ട ദേവീ, അങ്ങ് എന്നിലും നന്മ ചൊരിഞ്ഞാലും’ എന്നാണ് അതിൻ്റെ അർത്ഥം. ഞങ്ങൾ പിന്നെ പൂജാസമയത്ത് ലക്ഷ്മീ സഹസ്രനാമവും വിഷ്ണൂ സഹസ്രനാമവുമൊക്കെ ചൊല്ലി.’

‘അതെന്തായാലും നന്നായി. ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവക്കാണ്  ലക്ഷ്മീദേവിയെ ഉപാസിക്കാന്നു എൻ്റെ മുത്തശ്ശി പറയാറുണ്ടായിരുന്നു. അത് തന്നെയാണല്ലോ ഇവിടെ ചെയ്യണേ. എന്തായാലും അടുത്ത കൊല്ലം ഈ വ്രതമൊന്നു നോൽക്കണം. സന്താനസൗഭാഗ്യവരത്തിനായി വരലക്ഷ്മിയെ മനസ്സു നിറഞ്ഞ് പ്രാർത്ഥിക്കണം. അപ്പോഴേക്കും ഉമക്കുട്ടീടേം വേളി കഴിയാൻ രമച്ചേച്ചി പ്രാർത്ഥിക്കാംട്ടോ. അപ്പോൾ നമുക്ക് ഒരുമിച്ച് ആഘോഷിക്കാം.’

‘എൻ്റെ കാര്യം അവിടെ നിക്കട്ടെ, രമച്ചേച്ചി വ്രതമെടുത്തോളൂ. ഞാൻ അമ്മയോടും പറഞ്ഞട്ടുണ്ട്. അടുത്ത കൊല്ലം നോക്കാംന്നാണ് അമ്മേം പറഞ്ഞത്. കേരളത്തിലും നമുക്ക് ഈ സന്തോഷത്തിന്റെ, സൗഭാഗ്യത്തിന്റെ ആഘോഷം കൊണ്ടുവരണം.’ ഉമ പറഞ്ഞു.

‘അതെ!

 അല്ല, ഇനീപ്പോ ഇല്ലാതായതാണെകിൽ തന്നെ അത്തരം ആചാരങ്ങളെ നമുക്ക് തിരിച്ചുപിടിക്കണ്ടേ!

അയ്യോ, ഉമ്മക്കുട്ടിയെ കണ്ടു വർത്തമാനം പറഞ്ഞു നിന്ന് സമയം പോയതറിഞ്ഞില്ല. ഞാൻ പോട്ടെ ട്ടോ. ചെന്നിട്ട് വേണം ബാക്കി പരിപാടികള്. അപ്പോ ശരി, സമയം പോലെ വാര്യത്തേക്കിറങ്ങൂ. അപ്പോഴാവാം ബാക്കി വിശേഷം പറച്ചില്.’ രമ നടക്കാനാഞ്ഞു കൊണ്ട് പറഞ്ഞു.

‘ശരി ചേച്ചീ, ഞാൻ നാളെ അങ്ങോട്ട് ഇറങ്ങാം.’ 

ഉമ പാലെടുത്തുകൊണ്ട് അകത്തേക്കും കടന്നു.

11 Responses

  1. നല്ല എഴുത്ത്. കഥ പേ)ലെ വായിച്ചു. ആചാരങ്ങളെ പറ്റി പുതിയ അറിവുകൾ സമ്മാനിച്ചു.

    Thanks…

  2. വായിച്ചു ഇരുന്നു പോയി, ചെറിയ കാര്യങ്ങൾ പോലും വിശദീകരിച്ചു
    എഴുതിയിട്ടുണ്ട്.😊

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »