പേടിസ്വപ്നം

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഒരാൾ ഒരു കൊക്കയുടെ അടുത്തേക്ക് നടന്നു നീങ്ങുന്നു. ചുമലിൽ ഒരു കുട്ടിയുണ്ട്. കുട്ടിയാണെങ്കിൽ ഉറക്കെയുറക്കെ കരയുന്നുണ്ട്. ഒപ്പം ‘രക്ഷിക്കണേ’ എന്ന് അലറുന്നു. എന്തിനാണാവോ ആ കുട്ടി കരയുന്നത്? ആ കുട്ടിയെ എടുത്തിരിക്കുന്നത് ആരാണാവോ? അയ്യോ, അയാൾ ആ കുട്ടിയെ കൊക്കയിലെറിയാൻ നോക്കുകയാണോ? അയാളുടെ കണ്ണ് ചുവന്നു തുടുത്തിരിക്കുന്നു. കൊമ്പൻ മീശയും തടിച്ച ശരീരവുമുള്ള ഒരാൾ. മുഖത്തെ രൗദ്രം വളരെ വ്യക്തം. ഒറ്റച്ചെവിയിൽ കടുക്കനുണ്ട്‌. ഇട്ടിരിക്കുന്ന ജുബ്ബയുടെ ബട്ടണുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. സിനിമകളിലെല്ലാം കാണുന്ന പോലെ ഒരു വില്ലൻ രൂപം. എന്തോ വായിലിട്ടു ചവക്കുന്നുമുണ്ട്. ആ കരയുന്ന കുട്ടിയെ അയാൾ ഇടയ്ക്കിടെ ചീത്ത പറയുകയും തന്റെ കൈ കൊണ്ട് തല്ലുന്നുമുണ്ട്. ഇടതു കൈ കൊണ്ട് അയാളുടെ വലതു ചുമലിരിക്കുന്ന കുട്ടിയെ മുറുക്കിപ്പിടിക്കുന്നു. പാവം കുട്ടി! അല്ല, അയാൾ ആ കുട്ടിയെ അടിക്കുമ്പോൾ എനിക്ക് എന്തിനാണാവോ നോവുന്നത്! അയ്യോ അയാളതാ ആ കുട്ടിയെ ചുമലിൽ നിന്നിറക്കി കൊക്കയിലേയ്ക്ക് എറിയാൻ ശ്രമിക്കുന്നു. എന്റെ ശരീരത്തിനെന്താ ഇത്ര പേടിയും വിറയലും? ആ കുട്ടിക്ക് ഞാൻ കണ്ണാടിയിൽ കാണുന്ന അതേ ഛായ. 

അയ്യോ, അത് ഞാനല്ലേ! എന്നെയാണോ അയാൾ എറിയുന്നത്? പേടി കൂടി, വിറ കൂടി, ‘അമ്മേ’ എന്ന് ഞാൻ ഉറക്കെ കരഞ്ഞു.

അപ്പുക്കുട്ടൻ ഞെട്ടിയുണർന്നു. വിറയിപ്പോഴും മാറിയിട്ടില്ല. എഴുന്നേറ്റിരുന്നു നോക്കിയപ്പോൾ അമ്മ അടുത്തില്ല. ശരിക്കും പേടിയായി. ഉറക്കെ കരയാൻ തുടങ്ങി…

‘അമ്മേ…. അമ്മേ…’ 

അടുക്കളയിൽ പച്ചക്കറി നുറുക്കുകയായിരുന്നു അപ്പുവിന്റെ അമ്മ ദേവി. അപ്പോഴാണ് അപ്പു കരയുന്നത് കേട്ടത്. ദേവിക്ക് പരിഭ്രമമായി. നാല്  വയസ്സായതിൽപ്പിന്നെ അപ്പു എഴുന്നേറ്റയുടനെ കരയാറില്ല. എഴുന്നേറ്റയുടനെ എന്നെ മുറിയിൽ കണ്ടില്ലെങ്കിൽ കരയേണ്ട ആവശ്യമില്ല, അടുക്കളയിൽ വന്നു നോക്കിയാൽ മതിയെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അങ്ങനെ തന്നെയാണ് ചെയ്യുകയും പതിവ്. പക്ഷെ, ഇന്നെന്തു പറ്റി? ഉറക്കപ്പിച്ചിൽ നടന്ന് എവിടെയെങ്കിലും വീണിട്ടുണ്ടാകുമോ? ദേവിയുടെ മനസ്സിലേക്ക് ചിന്തകളോരോന്നായി ഓടിയെത്തി. ദേവി തിരിച്ചറിയുന്നതിനു മുമ്പേ തന്നെ ശബ്ദം കേട്ടിടത്തേക്ക് ദേവി ഓടുകയായിരുന്നു. 

റൂമിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. അപ്പുക്കുട്ടന് ഒന്നും പറ്റിയിട്ടില്ല. കട്ടിലിലിരുന്നാണ് കരയുന്നത്. ദേവി വേഗം ചെന്ന് അപ്പുക്കുട്ടനെ വാരിപ്പുണർന്നു. 

‘അമ്മേടെ കുട്ടനെന്തിനാ കരയണേ? അമ്മ ഇവിടെത്തന്നെ ഉണ്ടല്ലോ.’ 

അപ്പുക്കുട്ടൻ കരച്ചിൽ നിർത്തിയില്ല. സ്വപ്നം കണ്ടതിനേക്കാൾ പേടി തോന്നിയത് അമ്മ അടുത്തില്ലെന്നു മനസ്സിലായപ്പോഴാണ്. അതുകൊണ്ട് തന്നെ  അപ്പുക്കുട്ടൻ കരഞ്ഞുകൊണ്ടേയിരുന്നു. 

‘എന്താ കുട്ടാ… അമ്മേടെ കുട്ടനെന്തിനാ കരയണേ? പേടിസ്വപ്നം വല്ലതും കണ്ട്വോ?’ 

‘ഉം.’ അപ്പുക്കുട്ടൻ അമ്മയുടെ നെഞ്ചിൽ തല ചേർത്ത് കൊണ്ട് തന്നെ മൂളി. 

ദേവി അപ്പുക്കുട്ടന്റെ മുഖം തന്റെ ശരീരത്തിൽ നിന്ന് വേർപ്പെടുത്തി കണ്ണീരൊക്കെ ഒപ്പിക്കൊടുത്ത് തന്റെ കൈകൾ ആ കുഞ്ഞിക്കവിളിൽ ചേർത്ത് പിടിച്ചു. 

‘അമ്മേടെ കുട്ടൻ പേടിക്കണ്ടാട്ടൊ. അമ്മ അപ്പൂന്റെ അടുത്തന്നെ ണ്ട്. ’ 

നിറഞ്ഞ കണ്ണുകളോടെ അപ്പുക്കുട്ടൻ അമ്മയെ നോക്കി.

ശരിയാണ്, അമ്മ ഒപ്പം ഉണ്ടെങ്കിൽ ആർക്കും തന്നെ ഒന്നും ചെയ്യാനാവില്ല. അന്ന് കുറുമ്പ് കാട്ടിയതിന് അച്ഛൻ ചീത്ത പറഞ്ഞപ്പോളും അങ്ങേലെ ഉണ്ണിയേട്ടൻ എന്നെ അടിച്ചപ്പോളും അമ്മയാണ് എന്റെ ഒപ്പം നിന്നത്. ഉണ്ണിയേട്ടനെ ചീത്ത പറഞ്ഞത്. ഉണ്ണിയേട്ടനെ വെളിച്ചത്തിരുത്തി ഊണ് കൊടുത്ത് ഇരുട്ടത്ത് കിടത്തി ഉറക്കീത്. സ്വപ്നത്തിൽ കണ്ടപോലെ ആ ദുഷ്ടന് എന്നെ കൊക്കേൽക്ക് എറിയാൻ പറ്റില്ല. അപ്പോളേക്കും അമ്മ വന്നു എന്നെ അയാൾടേൽന്നു രക്ഷിക്കും. ഉറപ്പാണ്. അപ്പുക്കുട്ടൻ സ്വയം ആശ്വസിച്ചുകൊണ്ട്  അമ്മയെ കെട്ടിപ്പിടിച്ചു.

‘നമുക്ക് അടുക്കളേൽക്ക് പോവാം?’

 ‘ഉം.’ അപ്പുക്കുട്ടൻ അമ്മയുടെ സെറ്റുമുണ്ടിൽ മുഖമുരസി. 

ദേവി അപ്പുക്കുട്ടനെ എടുത്ത് ഇടുപ്പിൽ വെച്ച് അടുക്കളയിലേക്ക് നടന്നു. അപ്പുക്കുട്ടന്റെ  കുഞ്ഞി ബ്രഷ് കൊണ്ട് പല്ലു തേപ്പിച്ചു. അവന്റെ ഛോട്ടാ ഭീമിന്റെ പടമുള്ള കപ്പിൽ പാലും എടുത്ത് പൂമുഖത്തേക്ക് നടന്നു. പൂമുഖത്ത് മുത്തശ്ശിയിരുന്ന് പൂവ്‌ നന്നാക്കിക്കൊണ്ട് നാമം ജപിക്കുന്നുണ്ട്. 

അപ്പുക്കുട്ടനെ കണ്ടപാടെ മുത്തശ്ശി 

‘ഇന്നെന്താപ്പോ ഒക്കത്തൊക്കെ ഇരിക്കണേ?’ 

അപ്പുക്കുട്ടൻ ഒന്നും മിണ്ടിയില്ല. 

‘ഇന്നെന്താപ്പോ പറ്റീത്? വർത്തമാനൊന്നും ഇല്ല്യല്ലോ! അല്ലെങ്കിൽ എണീക്കുമ്പളേ വികൃതി തൊടങ്ങണതാണല്ലൊ!’ മുത്തശ്ശിയുടെ വാക്കുകളിൽ വാത്സല്യം തുളുമ്പുന്നുണ്ടായിരുന്നു.

‘എന്തോ ഒരു ദുഃസ്വപ്നം കണ്ടൂന്നു തോന്നണു. കരച്ചില് കേട്ടാണ് ഞാൻ ചെന്നത്.’

‘അത്യോ! ഉവ്വോ കുട്ടാ, ദുഃസ്വപ്നം കണ്ട്വോ? പേടിക്കണ്ടാട്ടോ. ഇനി ഇങ്ങനെ കാണാതിരിക്കാൻ മുത്തശ്ശി ഒരു സൂത്രം പറഞ്ഞുതരാം. കിടക്കാൻ നേരത്ത് ഇത് ചൊല്ലിക്കിടന്നാൽ ന്റെ അപ്പു ഒരു ദുഃസ്വപ്നോം കാണില്ല്യാട്ടോ. മുത്തശ്ശീടെ കുട്ടൻ ഇങ്കട് വാ…’

അപ്പുക്കുട്ടൻ ചിണുങ്ങിക്കൊണ്ട് അമ്മയുടെ മേലേക്ക് ചെരിഞ്ഞു. 

‘ങാ ഞാൻ വിചാരിച്ചേള്ളൂ അമ്മേ, അർജ്ജുനൻ ഫൽഗുനൻ പഠിപ്പിക്കണം ന്ന്. ഞാൻ ഒക്കെ കുട്ടിക്കാലത്ത് ചൊല്ലാറുണ്ടാർന്നു. ഇപ്പൊ ചൊല്ലാതെ ചൊല്ലാതെ മറന്നു പോയി. അമ്മക്ക് ഓർമ്മണ്ടോ?’ 

‘പിന്നെന്താ! ഞാൻ ഇപ്പഴും ചൊല്ലാറുണ്ട്. കുട്ടിക്കാലത്തെ ശീലങ്ങളൊന്നും മാറ്റീട്ടില്ല്യ.’

 

‘അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും 

വിശ്രുതമായ പേർ പിന്നെ കിരീടിയും 

ശ്വേതശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും 

ഭീതിഹരം സവ്യസാചി ബീഭത്സുവും

പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ 

നിത്യ ഭയങ്ങൾ അകന്നുപോം നിശ്ചയം.’

 

ഇതല്ലേ ദേവീ?’ മുത്തശ്ശി ദേവിയെ നോക്കി.

‘അതെ അമ്മേ, എനിക്കിതൊന്നു എഴുതിയെടുക്കണം. അപ്പുക്കുട്ടനെ കിടക്കാൻ നേരം ചൊല്ലിപ്പിക്കാലോ. ഇത് അർജ്ജുനന്റെ പത്ത് പേരുകളല്ലേ?’ 

അപ്പുക്കുട്ടന് പാല് കൊടുത്തുകൊണ്ട് ദേവി ചോദിച്ചു. 

‘അതെ. വില്ലാളിവീരനാണല്ലോ അർജ്ജുനൻ. പഞ്ചപാണ്ഡവരിൽ മൂന്നാമൻ. അത് കൂടാതെ ശ്രീകൃഷ്ണന്റെ ഇഷ്ട സുഹൃത്തും. 

അങ്ങനെയുള്ള അർജ്ജുനന്റെ പത്ത് പേരുകളാണ് –

അർജ്ജുനൻ, ഫൽഗുനൻ, പാർത്ഥൻ, വിജയൻ, കിരീടി, ശ്വേതാശ്വൻ, ധനജ്ഞയൻ, ജിഷ്ണു, സവ്യസാചി, ബീഭത്സു. ‘

മുത്തശ്ശി പറയുന്നതോരോന്നും അമ്മയുടെ മടിയിൽ ഇരുന്നു കൊണ്ട് ശ്രദ്ധിക്കുന്നുണ്ടായിരുന്നു അപ്പുക്കുട്ടൻ. മുത്തശ്ശി തുടർന്നു.

’ഓരോ പേരിനും ഓരോ കാരണം കൂടിയുണ്ട് ട്ടോ. 

വെളുത്ത നിറമായതിനാൽ ‘അർജ്ജുനൻ’.

ഫൽഗുനമാസത്തിൽ ഫൽഗുനനക്ഷത്രത്തിൽ, അതായത് ഉത്രം നാളിൽ ജനിച്ചതിനാൽ ‘ഫൽഗുനൻ’. 

പൃഥയുടെ അതായത് കുന്തിയുടെ പുത്രനായതിനാൽ ‘പാർത്ഥൻ’.

അസുരനാശം വരുത്തിയപ്പോൾ പിതാവായ ഇന്ദ്രൻ ദേവകിരീടം ശിരസ്സിൽ അണിയിച്ചതിനാൽ ‘കിരീടി’.

എപ്പോഴും വിജയം വരിക്കുന്നതിനാൽ ‘വിജയൻ’.

പിന്നെ… അർജ്ജുനൻ ഫൽഗുനൻ… ക്രമം തെറ്റിപ്പോകാതിരിക്കാൻ മുത്തശ്ശി വീണ്ടും ശ്ലോകം ചൊല്ലാൻ തുടങ്ങി.  

‘ശ്വേതാശ്വൻ അല്ലേ?’ ദേവി ചോദിച്ചു

‘ആ അതെ. 

വെള്ളക്കുതിരകളെ കെട്ടിയ രഥമുള്ളവനായത് കൊണ്ട് ശ്വേതാശ്വൻ.

ഖാണ്ഡവദഹനത്തിൽ ഇന്ദ്രനെ (ജിഷ്ണുവിനെ)  ജയിച്ചതിനാൽ ജിഷ്ണു.

പിന്നെ ധനഞ്ജയൻ… അത് അശ്വമേധയാഗത്തിന് ധാരാളം ധനം കൊണ്ടുവന്നത് കൊണ്ട് കിട്ടിയ പേരാണ്. 

രണ്ടു കൈകൾ കൊണ്ടും അമ്പെയ്യുന്നത് കൊണ്ട് സവ്യസാചി എന്നും അതുപോലെ യുദ്ധത്തിൽ ഭീകരനായത് കൊണ്ട് ബീഭത്സു ന്നും അർജ്ജുനന് പേരു കിട്ടി.’

‘ജിഷ്ണു എന്ന് പേര് വരാൻ ഉള്ളത് മാത്രം എനിക്കത്ര മനസ്സിലായില്ല അമ്മേ!’

‘അത് മഹാഭാരതത്തിലെ കഥയാണ് ദേവീ. ഖാണ്ഡവദഹനകഥ. അതായത്, ഖാണ്ഡവവനം അഗ്നിക്ക് കത്തിപ്പടരാൻ അർജ്ജുനൻ ദാനം നൽകിയപ്പോൾ, തന്റെ സുഹൃത്തായ തക്ഷകനെ സഹായിക്കാൻ ഇന്ദ്രൻ അവിടെ മഴ പെയ്യിച്ചൂന്നോ അപ്പോൾ അർജ്ജുനൻ ശരം എയ്‌തുകൊണ്ട് അവിടെ മേൽക്കൂര തീർത്തു ന്നോ അങ്ങനെ എന്തൊക്ക്യോ ആണ് കഥ. കുട്ടിക്കാലത്തു എന്റെ മുത്തശ്ശി പറഞ്ഞ് തന്നിട്ടുണ്ട്. ഇപ്പോ അത്ര വ്യക്തായിട്ട് ഓർമ്മ വരണില്ല. 

‘അപ്പൂട്ടന് ശ്ലോകം ഇഷ്ടായോ?’

അപ്പുക്കുട്ടൻ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. 

‘അതുപോലെ വേറൊന്നും കൂടി ഞാൻ കിടക്കാൻ നേരം ചൊല്ലാറുണ്ട്. അപ്പൂട്ടൻ മുത്തശ്ശിടെ അടുത്ത് വന്നിരുന്നാൽ മുത്തശ്ശി അത് ചൊല്ലിത്തരാം.

ദേവി അപ്പുക്കുട്ടനെ മുത്തശ്ശിയുടെ അടുത്തിരുത്തി. മുത്തശ്ശി ചൊല്ലുന്ന കഥയും കവിതകളും ശ്ലോകങ്ങളും എല്ലാം കേട്ടിരിക്കാനും പഠിക്കാനും നല്ല രസമായതിനാൽ അപ്പുക്കുട്ടനും വാശി പിടിച്ചില്ല. 

‘മുത്തശ്ശി ചൊല്ലാം, അപ്പൂട്ടൻ ഏറ്റു ചൊല്ലണംട്ടോ.’

അപ്പുക്കുട്ടൻ തലയാട്ടി.

 

‘ആലത്തൂരെ ഹനൂമാനേ 

പേടിസ്വപ്നം കാട്ടരുതേ 

പേടിസ്വപ്നം കാണാറായാൽ 

ഹനൂമാന്റെ പള്ളിവാലുകൊണ്ട് തട്ടിമുട്ടിയുണർത്തണേ.’

 

മുത്തശ്ശി ചൊല്ലുന്ന അതേ ഈണത്തിൽ അപ്പുക്കുട്ടനും ഏറ്റു ചൊല്ലുന്നുണ്ടായിരുന്നു.

‘ആലത്തൂര് എന്നത് ഒരു സ്ഥലം അല്ലേ അമ്മേ?’ ദേവി ചോദിച്ചു.

‘അതെ. മലപ്പുറം ജില്ലയിലാണ് ആലത്തൂര് ഹനുമാന്റെ അമ്പലം. ശ്രീരാമന്റെ അമ്പലമാണ്. പക്ഷേ, ശ്രീരാമഭക്തനായ ഹനൂമാന്റെ പേരിലാണ് അമ്പലത്തിന്റെ പ്രസിദ്ധി. 

സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പോകും മുൻപ് ശ്രീരാമനിൽ നിന്നും സീതയെ അറിയിക്കേണ്ട ആ രഹസ്യവാചകം ഏറ്റുവാങ്ങുന്ന രീതിയിലുള്ള പ്രതിഷ്ഠയാണ് അവിടെ ന്നാണ് കേട്ടിട്ടുള്ളത്. രഹസ്യം കൈ മാറുന്ന സമയം ആയതിനാൽ ലക്ഷ്മണൻ കുറച്ച് മാറിയാണ് ഉള്ളത്. അതായത് അമ്പലത്തിന്റെ പുറത്താണ് ലക്ഷ്മണന്റെ പ്രതിഷ്ഠ ത്രേ.’

‘അത് ശരി. ഒരിക്കൽ അവിടേക്ക് തൊഴാൻ പോണം. അമ്മ പോയിണ്ടോ?’

‘ഇല്ല്യ. അമ്പലത്തിന്റെ അടുത്ത് വരെ എത്താൻ പറ്റിയിട്ടുണ്ട്. പക്ഷേ, തൊഴാൻ പറ്റില്യ.’

‘ഉം, നമുക്ക് പോണം. പിന്നെ… ഞാൻ ഇത് കൂടാതെ അടി ഗരുഡൻ ന്നു പറഞ്ഞും ഒരു ശ്ലോകം ചൊല്ലാറുണ്ടാർന്നു.’ ദേവി ഓർത്തെടുത്തു

‘ഉവ്വ്, അതും പതിവ്ണ്ട്.

 

അടിഗരുഡൻ മുടിഗരുഡൻ 

ചുറ്റും മുറ്റും ഗരുഡൻ 

ശ്രീ ഗരുഡായ നമഃ. 

കാൽക്കൽ ഗരുഡൻ 

തലക്കൽ നരസിംഹമൂർത്തി 

ഇടതും വലതും ശ്രീരാമലക്ഷ്മണന്മാർ 

അമ്പും വില്ലും ധരിച്ച് 

എന്റെ പുരയുടെ നാലുപുറവും 

കാത്തുരക്ഷിക്കണേ…

അഹല്യാ ദ്രൗപതീ സീതാ താരാ മണ്ഡോദരി 

പഞ്ചകന്യസ്‍മരേ നിത്യം 

പഞ്ചപാപ വിനാശനം 

കാർക്കോടകസ്യ നാഗസ്യ 

വിമേഷയന്തി നളസ്യ ച.

 

അപ്പുക്കുട്ടൻ ഏറ്റു ചൊല്ലി. 

‘ഇനി എല്ലാ ദിവസോം കിടക്കാൻ നേരം ഇത് ചൊല്ലിക്കിടന്നോളൂ ട്ടോ. പിന്നെ പേടിക്കണ്ട ആവശ്യം ഇല്ല.‘ 

‘ഉം… അപ്പുക്കുട്ടൻ തലയാട്ടി സമ്മതിച്ചു.’

‘കുട്ടാ… നമുക്ക് കുളിച്ച് ദോശ കഴിക്കണ്ടേ? വാ…’ എന്ന് പറഞ്ഞു കൊണ്ട് ദേവി അപ്പുക്കുട്ടനെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു.

‘അമ്മേ, പൂവ്‌ നന്നാക്കല് കഴിഞ്ഞൂച്ചാൽ ദോശ കഴിക്കാം ട്ടോ. ഒക്കെ ആയിട്ടുണ്ട്.’ എന്ന് പറഞ്ഞു കൊണ്ട് ദേവി അപ്പുക്കുട്ടനോടൊപ്പം ഉള്ളിലേക്ക് നടന്നു. 

23 Responses

  1. നന്നായി …പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ കഥ. / അറിവുകൾ :എല്ലാം ….. All the best.

  2. അടിപൊളി..ഇനിയും പുതിയ വിഷയങ്ങളുമായി വരാൻ സാധിക്കട്ടെ..god bless you,💚♥️💙💜😘

  3. നല്ല എഴുത്ത്
    ഘടനയും
    അപ്പുക്കുട്ടന്റെ വയസ്സ്
    ചാഞ്ചാടുന്നു.
    ശ്ലോകം ഇഷ്ടായോ ന്ന് മുത്തശ്ശി ചോദിക്കുമ്പോൾ , ഒക്കത്ത് ഇരിക്കുമ്പോൾ
    സ്വപ്നം കാണുമ്പോൾ എല്ലാം പ്രായം ചാഞ്ചാടുന്ന പോലെ.

    1. ഇങ്ങനെയുള്ള സൂക്ഷ്മമായ നിർദ്ദേശങ്ങൾ കിട്ടുമ്പോൾ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങും. Thank you Narayanetta for the feedback.

  4. അതിഗംഭീരം! പശ്ചാത്തല സൃഷ്ടിയും, ഘടനയും എടുത്ത് പറയേണ്ടതുണ്ട്. ഇനിയും ഒരുപാട് എഴുതണം. 👍

  5. നന്നായിട്ടുണ്ട് സാദ്രേ വായിച്ച് കഴിഞ്ഞപ്പോൾ കുട്ടി കാലം ഓർമ വന്നു എഴുത്തുകാരിയ്ക് നല്ല ഭാവിയുണ്ട് ഇനിയും എഴുതാൻ കഴിയേട്ടേ ഈശ്വരൻ അനുഹിക്കേട്ടേ

  6. എഴുത്ത് ഗംഭീരം ആവുന്നുണ്ട്.
    മന്ത്രങ്ങളുടെ അർഥം ഇപ്പോളാണ് മനസിലായത് 👌👌😍
    തുടർന്നും എഴുതു, 🙏

    1. തീർച്ചയായും… 😃 ഉപകാരപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 😃

  7. എഴുത്തു നന്നായിട്ടുണ്ട്…നല്ല ഒഴുക്കും ലാളിത്യവും ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »