ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ
ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.
വലയാലയമാദിക്കും തൈക്കാടും കടലായിലും
കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും
കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം
തോടിപ്പള്ളി ഇടപ്പള്ളി, പേരൂർക്കാവ്, മയിൽപുറം
വെള്ളിത്തട്ടഴകത്തെന്നു ചാത്തന്നൂർ നെല്ലുവായിലും
അന്തിക്കാടവണങ്ങോട, ങ്ങയ്യന്തോള, യ്യ കുന്നിലും
കടപ്പൂരുഴലൂരെന്നും ചൊല്ലാം പുന്നരിയമ്മയും
കാരമുക്കു മിടക്കുന്നി, ചെമ്പൂക്കാവീട നാടുമേ
പൂവത്തിശ്ശേരി ചേർപ്പെന്നും കുട്ടനെല്ലൂരു ചേർത്തലെ
വെള്ളിക്കുന്നെന്നുചൊല്ലുന്നു വേണ്ടൂർ മാണിക്കമംഗലം.
വിളപ്പാ, വെളിയന്നൂരും വെളിയങ്കോട് വിടക്കൊടി
ഈങ്ങയൂരു, മിടപ്പെറ്റ, കട്ടലും കരുമാപ്പുറെ,
ചൊല്ലാം കൈവാലയം പൂത്തു, ററൂർ, ചെങ്ങണ കുന്നിവ
പോത്തന്നൂരു, ളിയന്നൂരു, പന്തലൂർ, പന്നിയങ്കര,
മരുതൂർ, മറവഞ്ചേരി, ഞാങ്ങാടിരി, പകണ്ണനൂർ
കാട്ടൂർ, പിഷാരി, ചിറ്റണ്ട,ചോറ്റാനിക്കര രണ്ടിലും
അയിരൂരിടയന്നൂരും പുതുക്കോട് കടലുണ്ടിയും
തിരക്കുളം കിടങ്ങേത്തു വിരങ്ങാട്ടൂർ ശിരസ്സിലം
പേച്ചെങ്ങണൂര് മാങ്ങട്ടൂർ, തത്തിപ്പള്ളി, വരക്കലും
കരിങ്ങാച്ചിറ, ചെങ്ങന്നൂർ, തൊഴാനൂരു കൊരട്ടിയും
തേവലക്കോടിളംപാറ, കുറുഞ്ഞിക്കാട്ടുകാരയിൽ
തൃക്കണിക്കാടുമയിലെ, ഉണ്ണൂർ, മംഗലമെന്നിവ
തെച്ചിക്കോട്ടോല, മൂക്കോല, ഭക്തിയാൽ ഭക്തിശാലയും
കിഴക്കനിക്കാ, ടഴിയൂർ, വള്ളൂർ വള്ളൊടികുന്നിവ
പത്തിയൂർ തിരുവാലത്തൂർ, ചൂരക്കോടെന്ന കീഴടൂർ
ഇരിങ്ങോളം കടമ്പേരി, തൃച്ചംബരമിതാദരാൽ
മേഴക്കുന്നത്തു, മാവട്ടൂർ, തൃപ്പളേരി കുളമ്പിലും
ഋണനാരായണം, നെല്ലൂർ, ക്രമത്താൽ ശാലരണ്ടിലും
അഷ്ടമീ, കാർത്തികാ, ചൊവ്വ, നവമീ വെള്ളിയാഴ്ചയും
പതിന്നാലും തിങ്കൾ മുതൽ സന്ധ്യാകാലേ വിശേഷത:
ആതുരന്മാർ ജപിച്ചീടിലാരോഗ്യമുളവായ് വരും
മംഗല്യസ്ത്രീകളെന്നാകിൽ നൽകുന്നു നെടുമംഗലം
ഗർഭമുള്ളോർ ജപിച്ചീടിൽ സൽപുത്രരുളവായ് വരും
ആയുസ്സിന്നും ശിശുക്കൾക്കും ഭക്തിവർദ്ധന നൽകുമേ
ഭൂതപ്രേതപിശാചുക്കൾ ജപിച്ചാലകലും തുലോം
ദാരിദ്ര്യഭയദുഃഖങ്ങളാപത്തുകളനർത്ഥവും
നീക്കിരക്ഷിക്കുകെന്നമ്മേ ദുർഗാദേവീ നമോസ്തുതേ…
ഗോകർണത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 64 ഗ്രാമങ്ങൾ ഉൾപ്പെട്ട കേരളമാണ് ശ്രീ പരശുരാമൻ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാ ക്ഷേത്രങ്ങളും പരശുരാമൻ നിർമ്മിച്ചു. ഈ 216 ക്ഷേത്രങ്ങളിൽ, വടക്ക് ഗോകർണം മഹാബലേശ്വര ക്ഷേത്രത്തിലെ ശിവനും തെക്ക് കന്യാകുമാരി ക്ഷേത്രത്തിലെ കുമാരി ദേവിയും കേരളത്തിൻ്റെ സംരക്ഷകരായി കണക്കാക്കപ്പെടുന്നു. പരശുരാമൻ ആദ്യമായി സൃഷ്ടിച്ച ദുർഗാലയം കന്യാകുമാരി ദേവീക്ഷേത്രവും അവസാനത്തേത് കുമാരനല്ലൂർ ദേവീക്ഷേത്രവുമാണ്. പ്രസിദ്ധമായ 108 ദുർഗാലയ നാമ സ്തോത്രത്തിലാണ് ഈ ക്ഷേത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത്. ആ 108 ദുർഗ്ഗാലയങ്ങൾ പരിചയപ്പെടുകയാണിവിടെ.
ഇത് ദിനവും ചൊല്ലുന്നത് സർവ്വ ഐശ്വര്യങ്ങൾക്കും സഹായകമാകുമെന്ന് അവസാന വരികൾ സൂചിപ്പിക്കുന്നു.