ഇല്ലം നിറ, വല്ലം നിറ, ഇല്ലത്തെ പത്തായം നിറയോ നിറ നിറ

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

ആകാശ് തന്റെ മൊബൈലിന്റെ റിങ്ടോൺ കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. കണ്ണുകൾ തുറക്കാൻ തോന്നുന്നേയില്ല. ആരാണ് വിളിക്കുന്നതെന്നറിയേണ്ടതുകൊണ്ട് ഇടതുകൈ കൊണ്ട് ഫോൺ തപ്പിപ്പിടിച്ചു മനസ്സില്ലാമനസ്സോടെ കണ്ണുകൾ തുറന്നു. ‘ഓപ്പോൾ’ എന്ന് മൊബൈൽ സ്ക്രീൻ എഴുതി കാണിക്കുന്നുണ്ട്. ആകാശ് തന്റെ ഫോണിലെ പച്ച ബട്ടൺ അമർത്തി.

‘ഹലോ’

‘ഹലോ കുട്ടാ… നീ ഉറക്കായിരുന്നോ?’

‘ആഹ്… രാത്രി എത്തിയപ്പോ വൈകി. ബസിലിരുന്നും ഉറക്കം ശരിയായിണ്ടാർന്നില്ല.’

‘ഓ അതേയോ… ഞാൻ നീ എപ്പഴാ എത്തിയേന്നൊക്കെ ഒന്നറിയാൻ വിളിച്ചൂന്നെള്ളൂ. ന്നാ കെടന്നോ!’

‘സമയം ന്തായി ഇപ്പോ?’

‘ഒമ്പതര കഴിഞ്ഞു. ഞാൻ സ്കൂളിൽക്ക് പൊക്കോണ്ടിരിക്കാ. വൈന്നേരം ഇല്ലത്തിക്ക് വരാം.’

‘ഒമ്പതരായോ? ന്നാ ഇനി കിടക്കണില്ല. ഇന്നലെ ഞാൻ വന്നപ്ലക്കും അച്ഛൻ കെടന്നേർന്നു. പോയി കാണട്ടെ. അപ്പോ ശരി ന്നാൽ, വൈന്നേരം കാണാം.’

‘ഓക്കേ. ശരി.’

ആകാശ് പുതപ്പു മാറ്റി എഴുന്നേറ്റു. പൂമുഖത്തു നിന്നും അച്ഛൻ്റെയും അമ്മയുടെയും വർത്തമാനം കേൾക്കുന്നുണ്ട്. നേരെ അങ്ങോട്ട് നടന്നു.

‘ആഹ്… നീ എണീറ്റുവോ? കിടക്കാൻ വൈകീല്ല്യേന്നു വിചാരിച്ചാണ് വിളിക്കാഞ്ഞേ! കുളിച്ചിട്ടല്ലേ ചായ കുടിക്കണുള്ളൂ?’ അമ്മ കണ്ടപാടെ ചോദിച്ചു.

‘ആഹ്… അതെ അമ്മേ! ഒരു തോർത്ത് തര്വോ? കുളത്തിലേക്ക് പോവാം.’

‘ഇന്നലെ ബസ് വൈകീ ലേ? ഞാൻ ഒരു പത്തു മണി വരെ ഒക്കെ കാത്തു. പിന്നെ കെടന്നു. രാവിലെ ഗണപതി ഹോമം ഉള്ളോണ്ട് നേരത്തെ എണീക്കണം ലോ! കർക്കിടക മാസം അല്ലെ.’ അച്ഛൻ പത്രം താഴെ വച്ചുകൊണ്ട് പറഞ്ഞു.

‘ആ.. അത് സാരല്യ. റോട്ടിൽ നല്ല ബ്ലോക്ക് കിട്ടി. അര മണിക്കൂറോളം വണ്ടി നീങ്ങണിണ്ടാർന്നില്ല. പിന്നെ,പോലീസൊക്കെ വന്നിട്ടാ ഒന്നു ശരിയായത്.’

‘ഉം… ക്ലാസ്സൊക്കെ എങ്ങനെ ണ്ട് കുട്ടാ? ഹോസ്റ്റലിൽ പഠിക്കാനൊക്കെ പറ്റണിണ്ടോ?’ അച്ഛൻ്റെ ആധി പുറത്തുവന്നു.

  ‘ഉവ്വ് അച്ഛാ. പഠനമൊക്കെ നടക്കുന്നുണ്ട്.സിലബസ് ഒരല്പം കടുപ്പമാണ് ന്നു മാത്രം.’ ആകാശ് അച്ഛൻ താഴെ വച്ച പത്രം കയ്യിലെടുത്തു കൊണ്ട് പറഞ്ഞു. 

അപ്പോളേക്കും, അച്ഛൻ്റെ ഫോണിൽ നിന്നും പഴയ സിനിമാഗാനം മുഴങ്ങി. അടുത്ത വീട്ടിൽ നിന്നുമാണ് ഫോൺ. അമ്മയെ അന്വേഷിച്ചായിരിക്കും എന്ന് മനസ്സിലാക്കിയത് പോലെ അച്ഛൻ അമ്മയെ പൂമുഖത്തേക്ക് വിളിച്ചു.

‘ഉമേ… ഉമക്ക് ഫോൺ…’ അമ്മ പൂമുഖത്തേക്ക് വന്നു, തോർത്തു മകൻ്റെ കയ്യിൽ കൊടുത്ത് ഫോണെടുത്തു സംസാരിച്ചു. പത്രവായനക്കിടെ ആകാശ് അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ എങ്ങോട്ടോ വരാം എന്ന് ഉറപ്പു പറയുകയാണ്. എങ്ങോട്ടാണാവോ?

‘പാർവതിയാ വിളിച്ചേ. നാളെ ഇവിടെ അമ്പലത്തിൽ ഇല്ലംനിറയാണ്, ഒരുമിച്ച് പോവാംന്നു പറയാൻ വിളിച്ചതാ! ഞാൻ പറഞ്ഞേർന്നു പാർവത്യോട്, ഇല്ലംനിറ എന്നാണ്ന്നറിഞ്ഞാൽ പറയണംന്ന്! ഞാൻ നമ്മടെ വേളിക്ക് മുമ്പ് പങ്കെടുത്തതാ ഇല്ലംനിറയൊക്കെ. പിന്നെ,ഒന്നും ണ്ടായിട്ടില്ല. ഇപ്പൊ എന്തായാലും നാട്ടിൽക്ക് മാറിയ സ്‌ഥിതിക്ക്  ഇനി എല്ലാത്തിലും പങ്കെടുക്കണംന്നാണ് വിചാരിക്കണേ!’ ഉമ വാചാലയായി.    

‘അതെന്തായാലും നന്നായി. നാളെ ന്നാൽ നമുക്ക് മൂന്നാൾക്കും പോവാം. ഇയാളും അതൊന്നും കണ്ടിണ്ടാവില്ലലോ!’ അച്ഛൻ പറഞ്ഞു.

‘എന്താ ഈ ഇല്ലംനിറ? പേപ്പറിലും കാണാനിണ്ട് അമ്പലങ്ങളിലെ ഇല്ലംനിറേടെ കാര്യം. എന്താപ്പോ ഇതിനിത്ര പ്രാധാന്യം?’ ആകാശ് അച്ഛനോടായി ചോദിച്ചു.

‘വിളവെടുപ്പിനു ശേഷം കൊയ്തെടുത്ത നെൽക്കതിരുകൾ ആഘോഷത്തോടെ ഇല്ലത്തേക്ക് (വീട്ടിലേക്ക്) വിളക്കും അഷ്ടമംഗല്യവുമായി കൊണ്ടുവരുന്ന ചടങ്ങാണ് ഇല്ലംനിറ. ഒരു കാലത്ത് അതൊരു വലിയ ആഘോഷമായിരുന്നു. ഇപ്പോൾ നെൽകൃഷി കുറഞ്ഞപ്പോൾ ആഘോഷങ്ങളും ചുരുങ്ങിപ്പോയീന്നു മാത്രം!’ അച്ഛൻ മകനെ നോക്കിക്കൊണ്ട് പറഞ്ഞു.

‘കർക്കിടകമാസത്തെ പഞ്ഞമാസം ന്നാണ് പറയാറ്. അതായത്, നിർത്താതെ പെയ്യുന്ന മഴ കാരണം, വേറെ പണികളൊന്നും നടക്കില്ല. അതോണ്ട്, കർക്കിടകമാസം ദേഹപരിപാലനത്തിനും രാമായണ വായനക്കും നാലമ്പല ദർശനം, ഗണപതിഹോമം – ഭഗവതിസേവ തുടങ്ങിയ പൂജാദികൾക്കുമൊക്കെയായി ചിലവഴിക്കാണ്‌ പതിവ്. കർക്കിടകത്തിൽ  ദിവസോം നാല്പാമരം അരച്ചു തൊടും. ‘നാല്പാമരം ഉമ്മറം കടത്തരുത്’ എന്നൊരു ചൊല്ലുണ്ട്, അതോണ്ട് കിണറ്റിൻ കര വഴി കൊണ്ടുവന്നാണ് അരച്ച് തൊടാറ്. മുപ്പട്ട് വെള്ളിയാഴ്ച (ആദ്യത്തെ വെള്ളിയാഴ്ച) സ്ത്രീകൾ കയ്യിൽ മൈലാഞ്ചിയിടും. എല്ലാ ദിവസോം അടുപ്പുംഗണോതി ഇടും, കറുകമാല ചൂടും, മൂന്നു പൂവുള്ള മുക്കുറ്റി ചൂടിയാൽ ഓണക്കോടി കിട്ടുംന്ന് കേട്ട് അതും തപ്പിപ്പിടിച്ച് ചൂടും. പിന്നെ, ഔഷധസേവ, കർക്കിടക കഞ്ഞി, അങ്ങനെ അങ്ങനെ…….. പോവും കർക്കിടക നാളുകൾ.’

അമ്മ തനിക്കറിയാവുന്ന, തൻ്റെ ഓർമ്മയിലെ കർക്കിടക ദിനങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി.

‘ഓ… ഇത്രയൊക്കെ പരിപാടികളുണ്ടോ കർക്കിടകമാസത്തില്! അമ്മ രാമായണം വായിക്കണ കണ്ടിണ്ട്ന്നല്ലാതെ വേറേം പരിപാടികൾ ണ്ടെന്നു വിചാരിച്ചില്ല്യ…!’ ആകാശിനു അത്‍ഭുതമായി.

‘അല്ല അച്ഛാ, അപ്പൊ ഈ ഇല്ലംനിറക്ക് എന്തൊക്കെയാ പരിപാടികൾ?’

‘ഞാൻ ഒരിക്കൽ ചെയ്തിണ്ട്. കോളേജിൽ പഠിക്കണ സമയത്ത്. സമ്പൽ സമൃദ്ധിക്ക് വേണ്ടിയാണ് ഇല്ലംനിറ നടത്തുന്നത്. എന്നും പത്തായം നിറഞ്ഞിരിക്കാൻ… പട്ടിണിയില്ലാത്ത ദിനങ്ങൾക്ക് വേണ്ടി… ശ്രീ ഭഗവതിയുടെ അനുഗ്രഹത്തിന് വേണ്ടി…

സാധാരണ കർക്കിടക മാസത്തിലാണ് പതിവ്. ഇതിനു നല്ല മുഹൂർത്തമൊക്കെ നോക്കണം. അതോണ്ട്, ചിലപ്പോൾ ചിങ്ങമാസത്തിലേക്കാവാറുണ്ട്. തിരുവോണത്തിന് മുൻപ് എന്തായാലും ഇല്ലംനിറ കഴിയും. പുതുതായി കൊയ്തെടുത്ത നെൽ കതിരുകളെ സംഭരണത്തിനായി കൊണ്ടുവരുന്ന ചടങ്ങാണിത്. പണ്ടൊക്കെ എങ്ങനെയാണ് ച്ചാൽ, അടുത്ത ഒരു കൊല്ലത്തേക്കുള്ള നെല്ല് പത്തായത്തില് സൂക്ഷിക്കാണ് പതിവ്.’

താൻ പറയുന്നത് മകൻ ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തിക്കൊണ്ട് അച്ഛൻ തുടർന്നു.

‘ഇല്ലംനിറ ദിവസം ആദ്യം തന്നെ അരിമാവ് കൊണ്ട് അണിഞ്ഞ് അതിനു മീതെ അണിഞ്ഞ പലകയും, ആ പലകയിൽ കിഴക്കോട്ടു തിരിച്ച് നാക്കിലയും വക്കും. പലകയുടെ വാല് പടിഞ്ഞാട്ടു വരണം. ഈ നാക്കിലയിൽ 

അത്തി, ഇത്തി, അരയാൽ, പേരാൽ, മാവില, പ്ലാവില, മഞ്ഞൾ, കൂവ, ഇല്ലി, നെല്ലി, ദശപുഷ്പം 

എന്നിവ വക്കും. അതിനു മീതേം അരിമാവ് കൊണ്ട് അണിയും. ഇതിനു വലതുവശത്തായി നിലവിളക്ക് കൊളുത്തി വക്കും. ഇല്ലത്തിൻ്റെ എല്ലായിടത്തും അരിമാവ് കൊണ്ടാണിഞ്ഞ് സുന്ദരമാക്കിയിട്ടുണ്ടാവും. ഉമ്മറപ്പടിയും വാതിലുകളും എല്ലാം… വിഷ്ണുഭഗവാനേം ശ്രീഭഗവതിയേയും  സങ്കല്പിച്ചാണ് പൂജ.’ അച്ഛൻ പറഞ്ഞു നിർത്തി. 

‘ഇന്നത്തെ കാലത്തും ഈ ഇലകളൊക്കെ കണ്ടെത്തീട്ടാണോ ഇല്ലംനിറ?’ ആകാശിനു വിശ്വസിക്കാനാവുന്നില്ല.

‘അതേലോ. ഇവിടെ നാട്ടിലൊക്കെ കിട്ടാൻ വല്യ ബുദ്ധിമുട്ടൊന്നൂല്യ കുട്ടാ… ദശപുഷ്പങ്ങൾ ആണ് ഇപ്പോ എല്ലാം കിട്ടാൻ ഇല്ല്യാത്തത്. പണ്ടൊക്കെ തൊടീലൊന്നു വെറുതെ നടന്നാൽ കിട്ട്യേർന്നു. ഇപ്പോ അത്ര എളുപ്പല്യാന്നു മാത്രം.’

‘അത് ശരി… എന്നിട്ട്?’

‘എന്നിട്ടെന്താ,ആദ്യം ഗണപതിക്ക് തുടങ്ങും.വിഷ്ണുവിനും ശ്രീഭഗവതിക്കും പീഠപൂജ കഴിഞ്ഞാൽ കതിര് കൊണ്ടുവരാൻ പോവായി. ഇല്ലത്തെ നമ്പൂരാര് ശുദ്ധായി പോയാണ് കൊണ്ടുവരുന്നത്.വിളക്കും അഷ്ടമംഗല്യവുമായി കതിരിനെ വരവേൽക്കുമ്പോൾ ഇല്ലത്തെ കുട്ട്യോൾ 

ഇല്ലം നിറ, വല്ലം നിറ, ഇല്ലത്തെ പത്തായം നിറയോ നിറ നിറ…

ഇല്ലം നിറ, വല്ലം നിറ, ഇല്ലത്തെ പത്തായം നിറയോ നിറ നിറ…

നിറയോ നിറ നിറ… നിറയോ നിറ നിറ…

എന്നു പാടിക്കൊണ്ടേയിരിക്കും. മണി കൊട്ടി മന്ത്രങ്ങളോടു കൂടി കിഴക്കോട്ടു തിരിഞ്ഞാണ് കതിരും കൊണ്ട് ഇല്ലത്തേക്ക് കേറുന്നത്. അത് ഈ അണിഞ്ഞ പലകയിലുള്ള നാക്കിലയിൽ മറ്റു ഇലകളോടൊപ്പം വക്കും. എന്നിട്ട് പൂജ തുടങ്ങും.’

‘അപ്പൊ അച്ഛാ, ഇന്നത്തെ കാലത്തും പാടത്തു നിന്ന് കൊണ്ടുവരുന്നത് നേരിട്ട് പൂജിക്കാണോ ചെയുന്നത്?’ ആകാശിനു വിശ്വസിക്കാനൊരു പ്രയാസം.

‘അതെ കുട്ടാ… അമ്പലങ്ങളിലൊക്കെ ഇപ്പോ ഇല്ലംനിറക്കുള്ള കതിരിനു വേണ്ടി കൃഷി ചെയ്യുന്നുമുണ്ട്. കൃഷിയില്ലാത്തയിടങ്ങളിൽ തലേന്ന് തന്നെ കതിര് കൊണ്ടുവന്നു വൃത്തിയാക്കി പുറത്തു വക്കും. എന്നിട്ട്, ഇല്ലംനിറ ദിവസം ഈ പറഞ്ഞ പോലെ ഉള്ളിലേക്ക് വരവേൽക്കും. അട, നാളികേരം, ശർക്കര, മലര് ഒക്കെയാണ് നിവേദിക്കുന്നത്.അത് കഴിഞ്ഞാൽ, ഇല്ലത്തെ എല്ലാ മുറിയിലും അണിഞ്ഞതിനു മീതെ ഇലയിൽ ഒരു തിരിയും കതിരും കൊണ്ടുവെക്കും. അത് പോലെ, പത്തായത്തിലും അടുക്കളയിലും ഒക്കെ, ന്നു വച്ചാൽ സംഭരണത്തിനുപയോഗിക്കുന്ന എല്ലാ മുറികളിലും കതിര് ചുമരിൽ ഒട്ടിക്കും. 

ആലിലയിൽ ചാണകമാക്കി അതുപയോഗിച്ചാണ് ചുമരിൽ ഒട്ടിക്കുന്നത്. ഉണങ്ങിയാൽ ഉറച്ചിരിക്കാനാണ് ചാണകം ഉപയോഗിക്കുന്നത്. “കതിര് നിറക്കുക” എന്നാണ് ഈ ചടങ്ങിന് പറയാറ്. 

പണ്ട് ഇതിനു ശേഷം, നേരിട്ട് പത്തായത്തിൽ നെല്ല് നിറക്കുകയായിരുന്നിരിക്കണം ഉണ്ടായിരുന്നത്. അത് കഴിഞ്ഞാൽ, അമ്പലങ്ങളിലൊക്കെ കതിരുകൾ വിതരണം ചെയ്യും. എല്ലാവർക്കും അത് വാങ്ങി സ്വന്തം വീട്ടിൽ നിറക്കാം.’

‘അച്ഛാ… അപ്പോൾ നെല്ലായിട്ടാണോ സംഭരിച്ച് വക്കാറ്?’ ആകാശിൻ്റെ സംശയങ്ങൾ തീരുന്നില്ല.

‘അതെ. നെല്ല് സൂക്ഷിച്ച് വച്ച് ആവശ്യത്തിനനുസരിച്ച് അരിയാക്കി മാറ്റാണ് ചെയുന്നത്. നെല്ല് പുഴുങ്ങി ഉണക്കി കുത്തി ചേറി അറിയാക്കിയാൽ അത് പുഴുക്കലരി / പുഴുങ്ങലരി. അല്ലാ, നേരിട്ട് നെല്ല് കുത്തിയിട്ടുള്ളത് ഉണക്കലരി / ഉണങ്ങലരി.’

‘ഓ.. അത് ശരി… അതെനിക്കറിയില്ലായിരുന്നു. അപ്പോൾ അമ്പലങ്ങളിലെ ഈ നിറപുത്തരി എന്താ?’

‘അത് ഇല്ലംനിറക്ക് അഞ്ചു ദിവസങ്ങൾക്കുശേഷം ഈ പുതിയ കൊയ്തെടുത്ത അരി കൊണ്ടുണ്ടാക്കിയ നിവേദ്യം ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണ്. അതിനു പുത്തരി നിവേദ്യം, പുത്തരിപ്പായസം ഒക്കെ ഉണ്ടാക്കും. ഗുരുവായൂർ അമ്പലത്തിലൊക്കെ നിറപുത്തരിക്ക് ഉപ്പുമാങ്ങ, തൈര്, വെണ്ണ ഒക്കെണ്ടാവും. ഇതെല്ലം ഭഗവാന് പൂജിക്കും. ശേഷം ഭക്തർക്ക് വിതരണം ചെയ്യും.’

‘പിന്നെ, കതിര് തൂക്കിയിടേം ചെയ്യാറില്ലേ? പഴയ ഇല്ലങ്ങളിൽ പോയാൽ സ്ഥിരം കാണാം അത്.’ ഉമ ഇടയിലൂടെ ചോദിച്ചു.

‘അതുവ്വ്. നല്ല ഭംഗിയിൽ കതിരുകൾ ചേർത്ത് കെട്ടിയുണ്ടാക്കി അത് വർഷം മുഴുവൻ ഐശ്വര്യത്തിനു വേണ്ടി തൂക്കേം ചെയ്യാറുണ്ട്.’  

‘എന്തായാലും കുട്ടന് ഇതൊരു പുതിയ അനുഭവം ആവുംലെ! നാട്ടിലില്ലാതിരുന്നതോണ്ടുണ്ടായ ചില നഷ്ടങ്ങളാണ് ഇതൊക്കെ. സാരല്യ,ഇക്കൊല്ലം കാണാംലോ! ഇന്ന് ഞാൻ കർക്കിടക കഞ്ഞീം ഉണ്ടാക്കാം.’ ഉമ അതിലൂടെ നഷ്ടബോധം നികത്താൻ ശ്രമിച്ചു.

‘എന്താ അമ്മേ ഈ കർക്കിടക കഞ്ഞി?’

‘ഔഷധക്കഞ്ഞിന്നോ കർക്കിടക കഞ്ഞിന്നോ ഒക്കെ പറയും. 

നവരയരി, കുറുന്തോട്ടി, ഉലുവ, എള്ള്, ചുക്ക്, ജീരകം,അയമോദകം, ശതകുപ്പ, ശർക്കര തുടങ്ങിയവ എല്ലാം അതിൻ്റെതായ അനുപാതത്തിൽ ചേർത്തുണ്ടാക്കുന്നതാണ് കർക്കിടക കഞ്ഞി.

പിന്നെ നമുക്ക് പത്തിലത്തോരനും ഉണ്ടാക്കാം.

താള്, ചേമ്പ്, ചേനയില, വട്ടത്തകര, ആനക്കൊടിത്തൂവ, കുമ്പളം, മത്തൻ, വെള്ളരി, നെയ്യുണ്ണി, മുള്ളൻ ചീര, തഴുതാമ, പയറില തുടങ്ങിയ ഇലകൾ കൊണ്ടുണ്ടാക്കുന്ന തോരൻ ആണ് പത്തിലത്തോരൻ. 

ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഏറ്റവും നല്ല കാലമാണു കർക്കടകമെന്നാണ് ആയുർവേദം പറയുന്നത്. ഔഷധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്ന കാലം കൂടിയാണിത്. കാൽസ്യം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇലക്കറികൾ ധാരാളം കഴിക്കണം. ഇല്ലത്തൊക്കെ കർക്കിടകത്തിലെ മുപ്പട്ട് വെള്ളിയാഴ്ച പത്തിലക്കറി നിർബന്ധമായിരുന്നു. അത് പോലെ, പതിനാറാം ദിവസത്തെ ഔഷധസേവയും നിർബന്ധമായിരുന്നു. കൊടുവേലിക്കിഴങ്ങിൻ്റെ വേര് തൊലി കളഞ്ഞ് ചുണ്ണാമ്പു വെള്ളത്തിലിട്ട് നല്ല ശുദ്ധജലത്തിൽ അതിൻ്റെ നിറം പോകും വരെ കഴുകി ശുദ്ധിയാക്കി അതിലെ വിഷം കളഞ്ഞ് അത് അരച്ച് നെയ്യ് ഉപസ്തരിച്ച് കഴിക്കുകയാണ് ചെയുന്നത്. വേരിൻ്റെ പേര് പറയരുത്‌ ന്നും പറയാറുണ്ട് ട്ടോ. ഔഷധ ഗുണമുള്ള മരുന്നുകളെല്ലാം മോരിൽ ചേർത്ത് കഴിക്കുന്ന മുക്കുടിയും എല്ലാം തന്നെ ശരീരത്തിലെ ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഒക്കെ അളവ് നില നിർത്തുക എന്ന ഉദ്ദേശത്തിൽ ചെയുന്ന ചികിത്സാ രീതികളാണ്.‘ 

‘’ഓ… അതായത്, വർഷം മുഴുവൻ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കുന്ന നെല്ല് മുഴുവൻ സംഭരണത്തിനായി  പത്തായത്തിലാക്കി അടുത്ത കൃഷിയാരംഭത്തിനു മുന്നോടിയായി, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ശരീരത്തേയും രാമായണ വായന, അമ്പലദർശനം മുതലായവ വഴി മാനസികമായ ആരോഗ്യവും വീണ്ടെടുക്കാനുള്ള മാസം ആയിരുന്നു കർക്കിടകം ലേ? നല്ല രീതി… അത് കൊണ്ടൊക്കെയായിരുന്നിരിക്കണം അന്നത്തെ കാലത്തുള്ളവർക്ക് അസുഖങ്ങളും കുറവായിരുന്നത്. എന്തായാലും കുറെ കാര്യങ്ങൾ അറിയാൻ പറ്റി. ഞാനെന്തായാലും കുളിച്ച് വരാം. അമ്മേടൊപ്പം ഞാനും തൊടീലിറങ്ങി പത്തിലകൾ കൊണ്ടുവരാൻ കൂടാം. ഓപ്പോൾ വൈന്നേരം എത്താം ന്നു പറഞ്ഞിണ്ട്.’ ആകാശ് തോർത്തുമുണ്ടെടുത്ത് നേരെ കുളത്തിലേക്ക് നടന്നു..

‘ഏട്ടാ… ന്നാൽ ഇത്തിരി നവരയരി വാങ്ങിക്കൊണ്ടര്വോ?’ ഉമ തൻ്റെ ഭർത്താവിനോടായി പറഞ്ഞു.

‘ഉം… ന്നാ സഞ്ചി എടുക്കൂ. മഴയ്ക്ക് മുമ്പേ പോയി വരാം.’

മകന് പുതുമയുള്ള ഒരു അറിവ് പകർന്നു കൊടുക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം ഇരുവരുടേയും കണ്ണുകളിൽ പ്രകടമായിരുന്നു.  

ഇല്ലം നിറയുടെ വിഡിയോ കാണാhttps://youtube.com/shorts/y6I64nHnBM4?feature=share സന്ദർശിക്കുക.

5 Responses

  1. ഇനിയും പുതിയ അറിവുകളുമായി വരുമല്ലോ..!!!

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »