‘നാരായണ നാരായണ നാരായണ… നാമം ജപിക്കു കുട്ട്യേ… സന്ധ്യ കഴിഞ്ഞപ്ലക്കും ടിവി വച്ചു ഈ കുട്ടി!!! എട്ടുമണിയായാ സീരിയല്‍ വക്കണംട്ടോ.’
‘അപ്പോ മുത്തശ്ശിക്ക് ടീവി കാണാംലേ!? ഞാൻ ഈ ടോം & ജെറി കാണാ.. നിക്ക് ഇത് ഇഷ്ടാ… അമ്മക്കൂഷ്ടാ.. അമ്മേം ന്റെ കൂടെ ഇരുന്ന് കാണാറ്ണ്ടല്ലോ. ഈ ജെറി, ടോമിനെ പറ്റിക്കണ കാണാൻ ന്തു രസാന്നോ! ‘
‘അമ്മിണീ… ആ ടീവീടെ ശബ്ദോന്നു കുറയ്കു.. അമ്മ എന്നോടാണോ പറയണേ? ഞാനൊന്നും കേട്ടില്യ!’ രാധ അടുക്കളയിൽ നിന്നും അവരുടെ അടുത്തേക്ക് വന്നു.
‘അല്ല. ഞാൻ അമ്മിണിയോടാർന്നൂ പറയണ് ണ്ടാ൪ന്നേ രാധേ… സന്ധ്യ സമയത്തു കുട്ട്യോളോട് നാമം ജപിക്കാൻ പറയല്ലേ വേണ്ടേ…? അല്ലാതെ ടിവി കണ്ടിരിക്കാൻ സമ്മതിക്കാ? ഇന്നത്തെ കുട്ട്യോൾടെ ഓരോരോ ശീലങ്ങളേയ്!!! അതെങ്ങന്യാ അച്ഛനമ്മമാർക്കും ഒന്നും വേണംന്നില്യലോ… ന്താ ചെയ്യാ.. കഷ്ടന്നെ!!’
‘അമ്മിണീ… ആ ടീവി ഓഫാക്ക്. കൊറേ നേരായി കാണണൂ. ഇങ്ങന്യാച്ചാൽ ഇനി ടീവി വക്കാൻ അമ്മ സമ്മതിക്കില്ല്യാട്ടോ.’ അമ്മയുടെ വാക്കുകൾ അനുസരിക്കുകയാണെന്ന ഭാവേന രാധ അമ്മിണിയോട് പറഞ്ഞു.
അമ്മിണി ടീവി ഓഫാക്കി അമ്മയുടെ മടിയിൽ വന്നിരുന്നു നാമം ജപിക്കാൻ തുടങ്ങി.
‘നാരായണ… നാരായണ… നാരായണ…’
‘ങാ… രാധേ… നാളെ നിക്ക് ഏകാദശ്യാട്ടോ. നാരായണന് ഒഴിവുണ്ടാവ്വാവോ, ന്നെ ആ അന്പലത്തിൽയ്ക്ക് ഒന്നു കൊണ്ടോവാൻ!?’ പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ മുത്തശ്ശി പറഞ്ഞു.
‘ഉവ്വമ്മേ.. നാരായണേട്ടൻ ഇന്നലെ പഞ്ചാംഗം നോക്കി പറഞ്ഞേള്ളൂ, വെളുത്തപക്ഷം ഏകാദശിയാണ് ന്ന്! ഏട്ടന് സമയണ്ടാവും. നാളെ ഞാനും അമ്മിണീം കൂടിണ്ട് അന്പലത്തിൽക്ക്.’
‘എന്താ അമ്മേ ഏകാദശി ന്നു വച്ചാൽ? അത് അന്പലത്തിലാണോ ഉണ്ടാവാ?’ അമ്മിണി ആകാംക്ഷാഭരിതയായി.
‘അല്ല അമ്മിണി, ഏകാദശി ന്നു വച്ചാൽ ഒരു ദിവസാണ്. അമ്മ 27 നാളുകള്‍ പറഞ്ഞന്നട്ടില്ല്യേ നിനക്ക്? ഏതൊക്കെയാർന്നു, ഓർമ്മണ്ടോ?
‘ണ്ടല്ലോ! ഞാൻ പറയാലോ..’ അമ്മിണി ഓരോന്നായി ക്രമത്തിൽ പറയാൻ തുടങ്ങി.
“അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീരം, തിരുവാതിര, പുണർതം, പൂയ്യം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്ര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി… നാളുകള്‍ 27… “
‘ആഹാ മിടുക്കി. അതുപോലെ തിഥികളും ഉണ്ട്. ‘തിഥി’ന്നു വച്ചാൽ ദിവസം. ‘പക്കം’ന്നും പറയും. ഞങ്ങളൊക്കെ കുട്ടിക്കാലത്ത് നാളുപോലെത്തന്നെ ദിവസോം
“പ്രഥമ, ദ്വിതീയ, തൃതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പഞ്ചദശി… പക്കം 15…” ന്നും പറഞ്ഞു പഠിക്ക്യാർന്നു.
അമ്മിണി.. നീ ചോദിക്കാറില്ല്യേ, ഈ ചന്ദ്രന്റെ വലുപ്പം ന്താ ഇങ്ങനെ കൂടീം കുറഞ്ഞും ഇരിക്കണെ ന്ന്… പണ്ടുള്ളോര് അത് നോക്കീട്ടാർന്നു ദിവസം കണക്കാക്കീണ്ടാർന്നത്. അല്ലേ അമ്മേ?’ രാധ അമ്മയുടെ അഭിപ്രായത്തിനു കാതോർത്തു.
‘കുട്ടിക്കറിയ്വോ, പണ്ടൊക്കെ നാഴിക, വിനാഴിക കണക്കാക്കീട്ടാ ദിവസത്തിന്റെ നീളം (ദൈർഘ്യം) നിശ്ചയിച്ചേർന്നത്.’
‘മുത്തശ്ശി… ന്നു വച്ചാ എന്താ?’
‘എന്താന്നു ചോദിച്ചാ, അതൊരു അളവ്. അത്രന്നെ!
1 നാഴികാന്നു വച്ചാല്‍ 60 വിനാഴിക.
60 നാഴികയാണ് ഒരു ദിവസം.’
‘അതുപോലെ അമ്മിണി.. അമ്മ പറഞ്ഞില്യേ തിഥി ന്ന് !! ചന്ദ്രൻ മുഴുവൻ വട്ടത്തിലുവരണ ദിവസത്തിനാണ് വെളുത്തപക്ഷംന്നു മുത്തശ്ശ്യൊക്കെ പറയണത്. ‘പൗർണമി’ ന്നും പറയും. അന്നു മുതല്‍ 15 ദിവസാണ് ഈ പ്രഥമ, ദ്വിതീയ… ഒക്കെ. 16-ആം ദിവസം കറുത്തപക്ഷായി. അതായത്, അമാവാസി. അന്ന് ചന്ദ്രനെ കാണില്ല്യ. ഇങ്ങന്യാർന്നു ദിവസം കണക്കാക്കീണ്ടാർന്നത്.’ അമ്മിണിയോടായി രാധ പറഞ്ഞു.
‘ന്നു വച്ചാ ചന്ദ്രന്റെ ഉദയാസ്തമനം നോക്കിയാണ് തിഥി കണക്കാക്കുന്നത് ല്ലേ അമ്മേ ?’ രാധ സംശയനിവാരണത്തിനായി അമ്മയോട് ചോദിച്ചു.
അമ്മിണി അമ്മയുടെ ചോദ്യത്തിനുള്ള മുത്തശ്ശിയുടെ ഉത്തരത്തിനായി കാതോർത്തു.
‘അതെ. ഒരു മാസത്തിൽ വെളുത്ത പക്ഷവും കറുത്ത പക്ഷവും ണ്ടാവും. ആറേ മുക്കാൽ നാഴിക ണ്ടൊന്നു നോക്ക്യാണ് നാള് കണക്കാക്ക! ഇതിപ്പോ നാളെയാണ് ഏകാദശി. ന്നാല് ദശമി ഒട്ടു ആവാനും പാടില്യേനും!’
‘അതുപോലെ അമ്മിണീ… ജനുവരി, ഫെബ്രുവരി പോലെ മലയാളത്തിലും ണ്ട് മാസങ്ങള്‍.
“ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, എടവം, മിഥുനം, കർക്കിടകം…. മാസം 12…”
‘അത് നീ കേട്ടീണ്ടാവും ലേ?’ അമ്മിണി ശ്രദ്ധിച്ചിരിക്കുന്നുണ്ടെന്നു രാധ ഉറപ്പു വരുത്തി.
‘രാധേ… രാശിചക്രപ്രകാരം മേടം മുതൽ മീനം വര്യാണ്. ഞാനൊക്കെ കുട്ടിക്കാലത്തു അങ്ങനന്ന്യാ പഠിച്ചക്കണതും. ഇപ്പളാണ് ചിങ്ങം മുതല്‍ പറേണെ!’ മുത്തശ്ശി പുതിയ രീതികളോടുള്ള തന്റെ ഇഷ്ടക്കുറവ് പ്രകടിപ്പിച്ചു.
‘ശ്ശൊ! എന്തൊക്ക്യാ നിങ്ങള്‍ പറയണേ ? നിക്ക് മനസ്സിലാവണില്യ. പക്ഷേ, ഈ മാസങ്ങളും തിഥികളും ഒക്കെ നിക്ക് പഠിക്കണം. ഞാൻ ദിവസോം ആവർത്തിച്ചോളാം. അല്ല മുത്തശ്ശി, എന്താ അപ്പോ ഏകാദശിക്ക് ? അത് വെറുമൊരു ദിവസല്ലേ ? അതിനിപ്പോ എന്താ പ്രത്യേകത ?’
‘അല്ലല്ലാ… നമ്മൾ അറിയാതെ ചെയ്യുന്ന പാപങ്ങളെല്ലാം ഇല്ല്യാണ്ടാവാൻ വേണ്ടീട്ടാ, ഏകാദശി എടുക്കണം ന്നു പറയണേ!!’
“ഏകാദശേന്ദ്രിയൈ: പാപം
യത്കൃതം ഭവതിപ്രഭോ
ഏകാദശോപവാസന
യദ് സർവം വിലയം പ്രജേത് “
ന്നാണ് പറഞ്ഞിരിക്കുന്നത്. രാധ കേട്ടിണ്ടോ ഈ ശ്ലോകം?’
‘ഇല്ല്യ അമ്മേ.. ന്താ ഇതിന്റെ അർത്ഥം?’
‘നാഗങ്ങളിൽ ശേഷനും പക്ഷികളിൽ ഗരുഡനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായത് ഏകാദശിവ്രതം ന്നാണ് നാരദപുരാണത്തിൽ പറയണേ..!!
‘അമ്മിണീ.. ഏകാദശി ദിവസം മുത്തശ്ശിടെ ഇല്ലത്തു ആരും ഒന്നും ഉണ്ടാക്കന്നെ ഇല്ല്യ. കുട്ട്യോളും വല്ല്യോരും എല്ലാരും രാവിലെ നേരത്തെ എണീറ്റ് കുളത്തില്‍ കുളിച്ചു അന്പലത്തില് പോയി വന്നു നാമം ജപം തുടങ്ങും. അന്നത്തെ ദിവസം മുഴ്വോൻ ഉപവാസാ. ന്നു വച്ചാൽ ഒന്നും കഴിക്കില്ല്യ. വെള്ളം കൂടി കുടിക്കില്ല്യ. മുത്തശ്ശിടെ അമ്മ, എന്റെ മുത്തശ്ശി കാണാതെ ഞങ്ങള്‍ കുട്ട്യോൾക്കു സംഭാരം തര്വാർന്നൂട്ടോ! മുത്തശ്ശി അറിഞ്ഞാ ചീത്ത പറയും, എങ്കിലും ഞങ്ങക്ക് വെശക്കൂലോ ന്നു പറഞ്ഞു അമ്മ തരും, ഞങ്ങള്‍ കുടിക്കേം ചെയ്യും.ആരോടും പറയില്ല്യാന്നു ഉറപ്പു കൊടുത്തിട്ടാ കുടിക്ക്യാ… അറിയാതെ വായിൽന്നു എപ്ളേങ്കിലും അതൊക്കെ പൊറത്തുവരേം ചെയ്യും…! മാസത്തിലെ 2 ഏകാദശിക്കും ഇതന്നെ അവസ് ഥ. അതൊക്കെ ഒരു കാലം!’ മുത്തശ്ശി തന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒരു നിമിഷം യാത്രയായി.
‘അമ്മേ… ശാസ്ത്രോം ഇപ്പോ ഏകാദശീടെ ഗുണങ്ങളൊക്കെ തെളിയിച്ചിരിക്കണൂ… ദഹനേന്ദ്രിയങ്ങളുടെയും രക്തത്തിന്റെയും ശുദ്ധീകരണത്തിനു ഉപവാസം സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭക്ഷണം കുറയുന്പോ, ശരീരം ഊർജ്ജത്തിന്റെ ഉപയോഗം കുറയ്കുകയും പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും കോശങ്ങളുടെയും കലകളുടെയും തേയ്മാനം കുറയേം ചെയ്യും, ഇത് ആയുസ്സ് കൂട്ടാൻ സഹായിക്കും ന്നൊക്ക്യാ കേക്കണേ!’ രാധ തനിക്കറിയാവുന്ന കാര്യങ്ങൾ അമ്മക്കു പകർന്നു കൊടുത്തു.
‘ശാസ്ത്രൊന്നും തെളീച്ചില്ല്യാച്ചാലും കാരണവന്മാര് പറേണതിനൊക്കെ കാര്യണ്ടാവും. അതൊറപ്പാ…’ മുത്തശ്ശി തന്റെ വിശ്വാസം രേഖപ്പെടുത്തി.
‘അപ്പോ അമ്മേ.. നാളെ നമ്മക്കും ഏകാദശി എട്ത്താലോ?’ അമ്മിണിക്കുട്ടി ആവേശത്തോടെ അമ്മയുടെ മുഖത്തേക്കു നോക്കി.
‘അമ്മിണീ… നീയ്യ് ചെറിയ കുട്ട്യല്ലേ… നിനക്ക് വെശക്കില്യേ?’
‘മുത്തശ്ശ്യൊക്കെ കുട്ട്യാവുന്പോ ഏകാദശി നോറ്റിർന്നില്യേ… പിന്നെന്താ? വെശന്നാ നിക്കും അമ്മ, മുത്തശ്ശിടെ അമ്മേടെ പോലെ സംഭാരം തന്നാ മതി. അപ്പോ കൊഴപ്പല്ല്യല്ലോ!’
‘അന്പടീ… അങ്ങനെ വരട്ടെ! സംഭാരം വേണംന്ന് ലേ… മുത്തശ്ശിടെ പോലെ ആവാനാലേ..?’ അമ്മയുടെ ഇക്കിളിയാക്കലിൽ നിന്നും അമ്മിണി കുതറിമാറാൻ ശ്രമിച്ചു.
അമ്മിണി കിതച്ചു തുടങ്ങിയപ്പോൾ രാധ ‘ആയിക്കോട്ടെ. പക്ഷേ അതിനു ആദ്യം രാവിലെ നേരത്തെ എണീക്കണം. പറ്റ്വോ?’
‘ഞാൻ നേരത്തെ എണീറ്റോളാം അമ്മേ… ഞാനിപ്പോ തന്നെ ഉറങ്ങാൻ പോവാ… ‘ അമ്മിണി ബെഡ്റൂമിലേക്കു ഓടി.
‘അമ്മിണീ… ഉണ്ടട്ടുറങ്ങിയാൽ മതി… ഇങ്ങട് വരൂ..’ രാധ അമ്മിണിയുടെ പിന്നാലെ ഓടി.
മുത്തശ്ശി 8 മണിയുടെ തന്റെ പ്രിയപ്പെട്ട സീരിയലിലേക്ക് ശ്രദ്ധ പതിപ്പിച്ചു.
20 Responses
Very good….
Thank you 😀
നന്നായിട്ടുണ്ട് .. Informative ആയിട്ടുണ്ട്.
അടുത്തതിനായി കാത്തിരിക്കുയാണ്..all the best
😀 Thank you
Nice one!!!keep going!!! I like the way u give scientific explanation to everything…
Thank you so much 😊
Very nice,continue
Thanks Anju 🙂
നല്ല രസിണ്ട് വായിക്കാൻ.
Thank you Mubeena 😀
ഇനിയും എഴുതി തെളിയട്ടെ !!! പുതിയ അറിവുകളുമായി ഉടൻഎത്തുമല്ലൊ…all the best..!!!
Sure 😀
വളരെ നന്നായിട്ടുണ്ട്. keep it up Sandra
Thank you 😀
Good sequel to your previous article on Morning rituals. Loved the presentation, the way you write in leyman terms really catches attention. The thought behind is, as usual, really good. Looking forward for more.
Thank you so much Akshay 😀😀
ഏകാദശി വൃതം എന്നാൽ അരി ഭക്ഷണം ഒഴിവാക്കൽ ആണെന്ന് ഒരു തെറ്റായ ധാരണ ഉണ്ടായിരുന്നു.. ശാസ്ത്രീയ വശങ്ങളെ പ്രതിപാദിച് തെറ്റായാ ധാരണ തിരുത്താൻ കഴിഞ്ഞിരിക്കുന്നു .. വളരെ നന്നായിട്ടുണ്ട് ..
😀😀
Very Good one…. nicely written…
Thank you for your support 😀