മുത്തശ്ശിക്കഥ

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

‘കൃഷ്ണാ… നാളെ ഞെരൂക്കാവിൽക്കു പോണില്ലേ?’ പത്രം വായിച്ചു കൊണ്ടിരിക്കുന്ന തൻ്റെ മകൻ കൃഷ്ണനോട് ദേവകി ചോദിച്ചു.

‘ഉവ്വമ്മേ.. കുട്ടനും വര്ണിണ്ട്ന്നാ പറഞ്ഞേ! അത് ചൂട്ടേറ് കണ്ടതൊക്കെ മറന്നു തുടങ്ങീത്രെ! ചിത്രക്കും കാണാംലോ! ബോംബെയില് ജനിച്ചു വളർന്ന കുട്ടിക്ക് ഇതൊക്കെ ഒരു പുതുമേം ആവൂലോ!’

‘അതെ, ചിത്രേം കൊണ്ടോവണം. അടുത്ത കൊല്ലം നാട്ടിലിണ്ടാവണംന്നു ഇല്ലല്ലോ. ജോലീം തിരക്കുമല്ലേ കുട്ട്യോൾക്ക്!’

‘എന്താ മുത്തശ്ശി ഈ ചൂട്ടേറ്?’ ചിത്ര മുത്തശ്ശിയോട് ആരാഞ്ഞു.

‘ആഹ്.. അങ്ങനെ സംശയങ്ങള് പോരട്ടെ!’ മുത്തശ്ശിക്ക് സന്തോഷമായി.

‘ചിത്ര ചൂട്ട് കണ്ടിട്ട്ണ്ടോ? ഓലച്ചൂട്ട്?’ കൃഷ്ണൻ ഇടയിൽക്കേറി ചോദിച്ചു.

‘കുട്ടിക്കാലത്തു നാട്ടിൽ വരുമ്പോൾ കണ്ടിണ്ട് അച്ഛാ… അമ്മാത്ത് തെങ്ങിൽന്നു ഓല വെട്ടി ഉണക്കി കെട്ടാക്കി വക്കാൻ ഞാനും കൂടാറുണ്ടാർന്നു. അപ്പോൾ മുത്തശ്ശൻ പറയാറുണ്ട്, പണ്ടൊക്കെ ഇങ്ങനെ ചൂട്ടു കത്തിച്ചാണ് രാത്രീല് പുറത്തുപോവാറുണ്ടാർന്നത് എന്നൊക്കെ! അത്രന്നേ അറിയുള്ളു. പക്ഷെ,ഇന്നത്തെ കാലത്തെന്തിനാ ചൂട്ട്ന്നു മനസ്സിലായില്ല. അതാ ചോദിച്ചേ! അല്ല, അതേ ചൂട്ടന്നല്ലേ ഇതും?’

‘അതന്ന്യാണ് കുട്ടീ… ഞെരൂക്കാവമ്പലത്തിൽ ചൂട്ടേറ് വളരെ പ്രധാനാണ്. അതിനൊരു കാരണണ്ട്ട്ടോ. ഒരു കഥ…’ ദേവകി മുത്തശ്ശിക്ക്  ഉത്സാഹമായി.

‘ആഹാ.. കഥയോ? കേൾക്കാൻ ഞങ്ങൾ റെഡി.‘ ഒരു പുരുഷസ്വരം.

‘അമ്പടാ… കഥന്നു കേട്ടപ്ലക്കും ഓടി വന്നൂലോ മുത്തശ്ശിടെ കുട്ടൻ… ‘ മുത്തശ്ശിയിലെ വാത്സല്യം വാക്കുകളായി.

‘ചൂട്ടേറ് ഒരു ചടങ്ങായിട്ടാണ് ആചരിക്കണേ! ഗുരുവായൂർ ഏകാദശീടെ പിറ്റേന്നാണ് ഞെരൂക്കാവിലെ ചൂട്ടേറ്. അതെന്താച്ചാൽ, ഗുരുവായൂർ ഏകാദശി കഴിഞ്ഞു പിറ്റേന്ന് ദ്വാദശി നാള് ശ്രീ വില്ല്വമംഗലം സ്വാമിയാർ ശ്രീ പദ്മനാഭസ്വാമിയെ ദർശിക്കാനായി പുറപ്പെട്ടു. സന്ധ്യയായപ്പോൾ എവിടെ തങ്ങണം എന്നറിയാതെ വന്നു. കുറച്ചു കൂടി കിഴക്കുദിശ നോക്കി സഞ്ചരിച്ചപ്പോൾ, കുറച്ചകലെ ഒരു വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു. അവിടെത്തിയപ്പോൾ, കുറച്ചു ഉപന്നിച്ചുണ്ണികള് (ഉപനയനം അഥവാ പൂണൂൽച്ചടങ്ങു കഴിഞ്ഞ ഉണ്ണികൾ) ഓലച്ചൂട്ടുകൾ കൂട്ടിയിട്ടു കത്തിച്ചു അതിൽന്ന് ചൂട്ടെടുത്തു തൊട്ടടുത്തുള്ള ആല്മരത്തിലേക്ക് എറിഞ്ഞു കളിക്കുന്നുണ്ടായിരുന്നു. ആൽമരത്തിലെ ചില്ലകൾക്കിടയിൽ ചൂട്ടുകൾ തറപ്പിച്ചിരിക്കാനായിരുന്നു (ഉറച്ചിരിക്കുവാനായിട്ടായിരുന്നു) അവരുടെ മത്സരം.

സ്വാമിയാർ ഉണ്ണികളോട് താമസിക്കാനുള്ള സ്ഥലം അന്വേഷിച്ചു. അതിലൊരുണ്ണി അദ്ദേഹത്തെ തന്റെ ഇല്ലമായ വൈദികൻ കപ്ലിങ്ങാട്ടേക്ക് ക്ഷണിച്ചു. ഉണ്ണി അദ്ദേഹത്തിന് വഴി കാട്ടിയായി. ഇല്ലത്തിനു മുന്നിലെത്തിയപ്പോൾ അകത്തേക്കു ചെന്നോളാൻ പറഞ്ഞു. അൽപ്പം മുന്നോട്ടു നടന്നു സ്വാമിയാർ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഉണ്ണിയെ കണ്ടില്ല. തിരിച്ചു പോയേരിക്കും എന്ന് കരുതി അദ്ദേഹം ആ ഇല്ലത്തു ചെന്നു. ഉറക്കത്തിനിടെ സ്വാമിയാർക്ക് ഗുരുവായൂരപ്പന്റെ ദർശനമുണ്ടായി. തനിക്കു മാർഗദർശിയായ ആ ഉണ്ണി ഗുരുവായൂരപ്പനാണെന്ന് സ്വാമിയാർക്കു തിരിച്ചറിവുണ്ടായി.  അദ്ദേഹം ഭഗവാന്റെ ഹിതം മനസ്സിലാക്കി ആ ആലിനടുത്ത് വാമനാവതാര പ്രതിഷ്ഠ നടത്തി. അതാണ് ഞെരൂക്കാവിലെ തേവരുടെ കഥ.

എല്ലാ കൊല്ലവും ഈ ദ്വാദശി ദിവസം ഉപന്നിച്ചുണ്ണികൾ അവിടെ ചൂട്ടേറ് നടത്തും. ഇന്നിപ്പോ ഉപന്നിച്ചുണ്ണികള് ഒന്നും ഇല്ലാത്തോണ്ട് നമ്പൂരാരന്ന്യാ പതിവ്. എങ്കിലും ആ ചടങ്ങു ഇന്നും മുടക്കാറില്ല.’

‘നല്ല കഥ മുത്തശ്ശി!!! എവിട്യാ ഈ അമ്പലം? ചിത്രക്ക് തന്റെ കൗതുകം മറയ്ക്കാനായില്ല.

‘ഊരകത്ത് അടുത്ത് ഞെരുവിശ്ശേരിയാണ് ചിത്രേ!’ കൃഷ്ണൻ പറഞ്ഞു.

‘അച്ഛാ… ഈ ഊരകൊന്നും ചിത്രക്കറിയില്ല. നിയ്ക്കു നല്ല ഇഷ്ടള്ള ഒരു അമ്പലാണ് ഞെരൂക്കാവ്. ഇന്നെന്തായാലും നീയും പോന്നോ!’ കുട്ടൻ ചിത്രയോടായി പറഞ്ഞു.

‘ഞാനെന്തായാലും ണ്ട് കുട്ടേട്ടാ… എനിക്ക് ചൂട്ടേറും കാണാംലോ. മുത്തശ്ശിക്കും പോന്നൂടെ?’ ചിത്ര മുത്തശ്ശിയെ നോക്കി.

ദേവകി മുത്തശ്ശിക്ക് സന്തോഷമായി. ‘കാറിലാ പോണേച്ചാൽ ഞാനും വരാം. ബസ്സിലൊന്നും പോവാൻ വയ്യ. കുറേക്കാലം ബസ്സിലും നടന്നും ഒക്കെ തന്ന്യാ പോയിക്കണെട്ടോ ചിത്രേ. ഇപ്പോ വയസ്സായില്ലേ, വയ്യാണ്ടായി.’

‘ന്നാ ഇന്ന് എല്ലാർക്കും കൂടി പോവാം.’ കൃഷ്ണൻ പറഞ്ഞു.

“കൃഷ്ണായ വാസുദേവായ

ഹരയേ പരമാത്മനേ

പ്രണതക്ലേശനാശായ

ഗോവിന്ദായ നമോ നമഃ”

ഞെരൂരപ്പാ കാക്കണേ!!!

മുത്തശ്ശി തന്റെ കൈകൾ കൂപ്പി.

32 Responses

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »