അന്തർജ്ജനസംവാദം

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

‘ഏട്ടന്റമ്മേ… പാർവതീടെ ആലോചന തുടങ്ങീട്ടൊ…’ ദേവകി തന്റെ വല്യമ്മയെ കണ്ടയുടനെ പറഞ്ഞു.

‘ഉവ്വോ!!! ജാതകം എന്നാ പൊറത്തെടുത്തെ? അതിനിപ്പോ എത്ര വയസ്സായി?’ വല്യമ്മ തന്റെ സ്ഥിരശൈലിയിൽ ചോദിച്ചു. 

‘ഈ ധനൂല് ഇരുപത്തിരണ്ട് തികയും. ഇനീം വൈകിക്കണ്ടാന്നു തോന്നി. ഇന്നത്തെ കാലത്തെ കുട്ട്യോൾക്ക് എപ്പളാ എന്താ തോന്ന്വാന്നു അറീല്യല്ലോ. അപ്പൊ നമ്മടെ പണിയങ്ങട് തീർത്താ ആശ്വാസണ്ട്. ‘ ദേവകി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.

‘ഓ… ഇരുപത്തിരണ്ട്  ആയീലേ! കുട്ട്യോള് വലുതാവാണത് അറിയണില്യ. ആരെങ്കിലുമൊക്കെ ചോദിച്ചോ ജാതകം?’

‘ഉവ്വ്… കഴിഞ്ഞാഴ്ച രാമൻ വന്നപ്പോ ഒരു കൂട്ടർടെ കാര്യം പറഞ്ഞു. ലതേടെ ചിറ്റശ്ശീടെ മകനാത്രേ… പഠിപ്പുണ്ട്. പൂനെയിലാണ് ജോലി. പാർവതിക്ക് അവിടെ ജോലിയാക്കി കൊടുക്കാംന്നാ പറഞ്ഞിരിക്കണേ!’

‘അത് നന്നായി കുട്ട്യോള് പഠിച്ചിട്ട് കുടുംബത്ത് ഇരിക്കണ്ടല്ലോ! ജാതകം നോക്കിയോ?’

‘ഇല്ല ഏട്ടന്റമ്മേ… ഇന്നോ നാളെയോ മറ്റോ പോണം. അന്വേഷിച്ചപ്പോ ഇത് നല്ല ബന്ധമാണ്‌. ഇയാൾക്കൊരു അനീത്തിയാണ്. ആ കുട്ടി പഠിക്കാണ്.’

‘അതു ശരി. എവിടന്നാ ഇത്? ഇയാൾടെ അമ്മാത്ത് എവിട്യാ?’

‘ഇല്ലം തെക്കേടത്ത്. തൃശ്ശൂരന്ന്യാണ് താമസം. എവിടത്തെ മരുമകനാണ്ന്ന് രാമൻ പറയേണ്ടായി. പക്ഷേ, ഞാൻ മറന്നു. തന്ത്രിമാരാണ്ന്നാ പറഞ്ഞേ.’

‘അത് ശരി. എന്തായാലും നല്ലോണം ആലോചിച്ചു വേണംട്ടോ ദേവകീ… പിന്നെ വെഷമിക്കണ്ട വരരുത് ലോ! കുട്ടിക്ക് എന്തെങ്കിലുമൊക്കെ കരുതി വച്ചിണ്ടോ?’

‘കുറച്ചോക്കെ ണ്ട് ഏട്ടന്റമ്മേ… ബാക്കി എടുക്കണം. പഴയ ആഭരണങ്ങളോടാണ് കുട്ടിക്ക് മോഹം. അതോണ്ട് അങ്ങനാവാംന്നാ വിചാരിച്ചേ! എനിക്ക് പഴയ ആഭരണങ്ങളെക്കുറിച്ച് വല്ല്യേ ധാരണയൊന്നൂല്ല്യ.’

‘പഴയ ആഭരണങ്ങള്ച്ചാൽ കുറേ ണ്ട്.

കാശാലി, പൂത്താലി, കെട്ടരിമ്പ്, കഴുത്തില, മൂന്നിഴമണി, മുല്ലമൊട്ട്, നാഗപടത്താലി, പാലക്കാമാല,പതക്കം, കിങ്ങിണി, മുക്കോലക്കല്ല്, മാങ്ങാമാല, കുഴൽമോതിരം, കരിമണി മാല, അവിൽ മാല, കാശു മാല, ലക്ഷ്മീ മാല, ഇഡ്‌ലി മാല,കുമ്പിൾ മാല, പുലിനഖമാല (അഥവാ പുലിയാമോതിരം), എളക്കത്താലി, ഗോതമ്പു മാല, ഉഷമാല, അങ്ങനെ അങ്ങനെ… പിന്നെ നമ്മടെ ചെറുതാലി…

കാശാലിക്ക് പതിമൂന്നോ പത്തിനഞ്ചോ ലോക്കറ്റ് ണ്ടാവും. അതിൽ പത്തെണ്ണം വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ(ദശാവതാരം)യാണ് കുറിക്കുന്നത്. പിന്നെ മൂന്നെണ്ണം ശ്രീഭഗവതി, ഗണപതി, പരദേവത. പതിനഞ്ചാണേൽ, ബാക്കി രണ്ടെണ്ണം ഇന്ദ്രനും ഇന്ദ്രാണിയും.

പിന്നെ കുട്ട്യോൾക്കുള്ളതാർന്നു മുക്കോലക്കല്ല്. കുറ്റിവച്ച മോതിരംന്നും പറയും. ഇഡ്‌ലിമാലേം പാലക്കയും കിങ്ങിണിമാലയും ഒക്കെ കുട്ടികൾക്ക് തന്നെ. എന്നാൽ, ചിലത് നെടുമംഗല്യമുള്ളവർക്കുള്ളതാണ്. അതായത്, സുമംഗലികൾക്ക്. ചെറുതാലി, പൂത്താലി, മൂന്നിഴമണി, നാഗപടത്താലി,    എളക്കത്താലി ഒക്കെ സുമംഗലികൾക്കുള്ളതാണ്.

ചെറുതാലി സ്ഥിരം ധരിക്കാനാണ്. ചെറുതാലി രണ്ടു തരം ഉണ്ട്. കമഴ്ത്തി ചെറുതാലിം മലത്തി ചെറുതാലീം. ആഢ്യന്മാർക്ക് കമഴ്ത്തിത്താലീം ആസ്യന്മാർക്ക് മലത്തിത്താലീംന്നാണ് പറയാറ്. ഇരുപത്തൊന്നു ദേശക്കാർക്ക് ചെറുതാലി വ്യത്യാസണ്ട്ട്ടൊ.

പാലക്കാമോതിരം കണ്ടിട്ടില്ലേ ദേവകീ?’

‘ഉവ്വ്… പച്ചക്കല്ലുകൊണ്ടുള്ളതല്ലേ ഏട്ടന്റമ്മേ?’

‘അതന്നെ! പച്ച മാത്രല്ല, നീലേം ചുവപ്പും പാലയ്ക്ക ണ്ട്. പുലിനഖമാല പുലിയുടെ നഖത്തിന്റെ രൂപത്തിലാണെന്നേള്ളൂ വ്യത്യാസം. പപ്പടത്താലി നടുവിലെ ലോക്കറ്റ് പച്ചയോ ചുവപ്പോ ആവും. അത് ഒറ്റലോക്കറ്റ് മാലയാണ്. പാലയ്ക്കാമോതിരത്തിനും കുഴൽമോതിരത്തിനും നടുവിൽ തള്ളലോക്കറ്റും, പത്തു- പന്ത്രണ്ട് ചെറുത് ഇരുവശങ്ങളിലും പരന്നു കിടക്കുന്നുണ്ടാവും. കുഴൽ മോതിരം തെരണ്ടുകല്യാണത്തിന് ഇടാറുണ്ട്.’

‘അപ്പോ, ഏട്ടന്റമ്മ ഇട്ടിട്ടുള്ള മാല ഏതാ?’

‘ഇത് മണിമാല. മണിമാല നെടുമാംഗല്യം ഇല്ലാത്തോരാണ് ഇടാറ്.’

‘അത് ശരി… ഇത്രയധികം മാലകള്ണ്ടെന്നു നിയ്ക്ക് അറീല്ല്യാർന്നുട്ടോ. മാങ്ങാമാല ഒരെണ്ണം അവിടെ ഇരിക്കിണ്ട്. ബാക്കി ഏതാ വേണ്ടെന്നു നോക്കി വാങ്ങണം. ഇതിലന്നെ ഇപ്പൊ ചിലത് സുമംഗലികൾക്കല്ലേ പറ്റുള്ളൂ… ചോദിച്ചോക്കട്ടെ, ഏതൊക്ക്യാ മോഹംന്ന്!!!’

‘ഉം.. അതിന്റെ ഇഷ്ടം പോലെന്നെ ആയിക്കോട്ടെ. വളകളിലും അതെ, ദശാവതാരവും അഷ്ടലക്ഷ്മിയുമൊക്കെ സുമംഗലികൾക്കുള്ളതാണ് എന്നാണ് പറയാറ്. എന്താ ഇപ്പൊ അങ്ങനെന്നു ചോദിച്ചാൽ അറിയൂല്യ. പാലക്കാവള, തടവള, കമ്പിവള ഒക്കെ എല്ലാര്ക്കും അവാം.’

‘അത് ശരി. കമ്മലിലും ണ്ടോ ഇങ്ങന്യൊക്കെ?’ ദേവകിക്ക് സംശയം തീരുന്നില്ല.

‘അത് നിക്ക് കൃത്യായിട്ട് അറിയില്യ. എന്നാലും ജിമിക്കി, പാശാമലര്, ആരാധന, തത്തമ്മക്കൂട്, തോട ഒക്കെ ണ്ടെന്നു അറിയാം. അതിലന്നെ കുറേയൊന്നും ഇപ്പോ കാണാറേ ഇല്ല.’

‘കമ്മല് പിന്നെ, ജിമിക്കി തന്ന്യാവും വാങ്ങണിണ്ടാവ! പിന്നെ ഏട്ടന്റമ്മേ, വെള്ളി മോതിരം എത്രയെണ്ണം വേണം?’

‘മുപ്പത്തി രണ്ടെണ്ണം. പാമ്പുവിരലൊഴികെ(നടുവിരൽ) ഓരോന്നിലും നാല് വീതം രണ്ട് കൈയിലും ഇടണം.’

‘അത് ശരി . പാദസരം പിന്നെ സ്വർണം വേണ്ടാന്നു, കുട്ടി തന്നെ ഇങ്ങോട്ടു പറഞ്ഞു.’

‘അതെന്തായാലും നന്നായി. ശ്രീഭഗോതിക്ക് മാത്രേ സ്വർണ്ണപാദസരം പാടുള്ളുന്നൊക്ക്യാണ് പറയാ. അഥവാ, വാങ്ങാണെൽത്തന്നെ കുടിവെപ്പിന് കയറും മുമ്പ് അഴിച്ചു വക്കണംന്നും പറയണ കേൾക്കാറുണ്ട്. പുതിയ ഗൃഹത്തിലേക്ക് കയറുമ്പോൾ സ്വർണ്ണപാദസരം പാടില്ലാത്രേ.’

‘ഓ… അങ്ങനൊക്കേണ്ടോ? ഞാനൊന്നും അഴിച്ചുവെച്ചട്ടൊന്നുല്ല്യ. അറിയണിണ്ടാർന്നില്ല, അതാണ്. എന്തായാലും ഓരോന്നായിട്ട് ഉണ്ടാക്കിക്കണം ന്നുണ്ട്. എല്ലാം കൂടി അവസാനത്തേക്ക് വക്കണ്ടാലോ!’

‘അതെ, അതാ നല്ലത് ദേവകീ… ജാതകം പൊറത്ത്ട്ത്ത സ്ഥിതിക്ക് ഇനി ഓരോന്നോരോന്നായി തുടങ്ങാം. എന്നായാലും വേണ്ടതല്ലേ!’

‘ഉം. ആദ്യപന്തിക്ക് ഇല വച്ചൂന്നു തോന്നണു. എനിക്ക് ബാങ്കിലും കൂടി പോണം. ഏട്ടന്റമ്മ ഇരിക്കായോ?’ ദേവകി പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

‘ഇല്ല കുട്ടീ… ഞാൻ കുറച്ചു കഴിഞ്ഞിട്ടേ ഉള്ളൂ. ദേവകി കഴിച്ചോളൂ…’

‘അപ്പോ ശരി ഏട്ടന്റമ്മേ… കാണാം…’

ദേവകി ഭക്ഷണശാലയിലേക്ക് നടന്നു.

8 Responses

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »