“അച്ഛാ… എന്താ ഈ ഗോത്രം ന്നു വച്ചാൽ?”
“ഗോത്രം ന്നു വച്ചാൽ പരമ്പരാഗതമായി നമ്മൾ ഏത് കുടുംബമാണ് എന്നുള്ളതിന്റെ പ്രതീകമാണ്. എന്താ കുട്ടന് പെട്ടെന്നൊരു സംശയം?”
“ഞാൻ കഴിഞ്ഞയാഴ്ച തമിഴ് നാട്ടിൽ പോയപ്പോ രാവിലെ കുളിച്ച് ഒരു അമ്പലത്തില് പോയി. അവിടെ നടക്കല് പൈസ വച്ചപ്പോ ശാന്തിക്കാരൻ എന്റെ പേരും അച്ഛനമ്മമാരുടെ പേരും നാളും ചോദിച്ചു. പുഷ്പാഞ്ജലിക്ക് ആണ്ത്രേ. ഞാൻ അത് പറഞ്ഞു കൊടുത്തു. അതന്നെ, നാള് ഓർത്തെടുക്കാൻ ഒന്ന് ബുദ്ധിമുട്ടി. അപ്പോ അദ്ദേഹം ഗോത്രം ന്നു പറഞ്ഞു.ഞാൻ വീണ്ടും എന്താ ന്നു ചോദിച്ചു. അപ്പോ ഗോത്രനാമം ന്നു പറഞ്ഞു അദ്ദേഹം! എനിക്കറിയണുണ്ടോ ഗോത്രംന്നൊരു സാധനം ഒക്കെ ണ്ടെന്ന്!? നമ്മടെ നാട്ടിൽ പുഷ്പാഞ്ജലിക്ക് പേരും നാളും മതീലോ. നിക്ക് അതെന്താ ന്നു മനസ്സിലാവാത്തോണ്ട് ഞാൻ ഉത്തരം പറയാതെ പ്രസാദോം വാങ്ങിച്ച് പോന്നു. അപ്പോ ശരത്ത് ണ്ടാർന്നു എന്റെ കൂടെ. അവനോടും അദ്ദേഹം ഇതേ ചോദ്യം ആവർത്തിച്ചു. അവൻ സ്വന്തം പേരും അച്ഛനമ്മമാരുടെ പേരും വീടിന്റെ പേരും ഒക്കെ പറഞ്ഞു നോക്കി… അദ്ദേഹം ഗോത്രം ഗോത്രം ന്നു ചോദിച്ചോണ്ടിരിക്കാർന്നു. എങ്ങനെയോ അവിടന്ന് മുങ്ങി അവൻ എന്റെ അടുത്ത് വന്നു ചോദിച്ചു, ആ ചോദിച്ച സംഭവം എന്താന്ന്! എനിക്കും മനസ്സിലായില്ല ന്നു ഞാൻ പറഞ്ഞപ്പോ ഒരു നമ്പൂരി ആയിട്ടും ഇതൊന്നും അറിയില്ലയെ ന്നു ചോദിച്ച് എന്നെ അവൻ കുറെ കളിയാക്കി. അപ്പോളേ വിചാരിച്ചതാ അതെന്താന്നു കണ്ടുപിടിക്കണം ന്ന്! ഇപ്പോ കുളിക്കുമ്പോളാ പെട്ടെന്ന് ഓർമ്മ വന്നേ!” കുട്ടൻ എന്നു ഓമനപ്പേരുള്ള വിഷ്ണു വിസ്തരിച്ചു.
“നമ്മൾ കാശ്യപ ഗോത്രം ആണ്. ഇത് ഓർത്തിരുന്നോളൂ… ഇനി മറക്കണ്ട. അറിയില്ല്യാന്നു പറഞ്ഞ് ആരുടേം മുന്നിൽ മോശാവേം വേണ്ട!” വിഷ്ണുവിനോടായി അച്ഛൻ നീലാണ്ടൻ(നീലകണ്ഠൻ) പറഞ്ഞു.
“അച്ഛൻ ഒന്നും കൂടി വിശദായി പറഞ്ഞു തരൂ ന്നേയ്!” വിഷ്ണു കേൾക്കാനായി അച്ഛന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു.
“എന്താപ്പോ വിശദായിട്ട് ഇതിനെപ്പറ്റി പറയാ!!! ഇല്ലപ്പേരുകൾ പോലെന്നെ ഉള്ള ഒരു പേരാണ് ഗോത്രവും. അത് പക്ഷേ, ഇല്ലപ്പേര് പോലെ കുറേയൊന്നും ഇല്ല. ഇല്ലപ്പേരുകൾ സ്ഥലപ്പേരും ചേർത്ത് പല തരത്തിൽ വരൂലോ… പക്ഷേ, ഗോത്രം അങ്ങനെ ഇല്ല്യ. കുറേ കുടുംബങ്ങൾക്ക് ഒരേ ഗോത്രാവും. ഓരോ കുടുംബത്തിലെ ആളുകളും എന്തിൽ വൈദഗ്ധ്യം നേടണം എന്നുള്ളത് ഈ ഗോത്രത്തെ അനുസരിച്ചിരിക്കും.ന്നു വച്ചാൽ ഓരോരുത്തരുടെയും സ്പെഷ്യലൈസേഷൻ ഏതിലാണ് എന്നുള്ളത് ഗോത്രമനുസരിച്ചായിരുന്നു തീരുമാനിച്ചിരുന്നത്. ഓരോ ബ്രാഹ്മണ കുടുംബവും ഒരു മഹർഷിയുടെ വംശജൻ ആണെന്ന വിശ്വാസത്തിൽ മഹർഷിമാരുടെ പേരാണ് ഗോത്രത്തിനു കൊടുത്തിരിക്കുന്നത്. കൃത്യമായി എത്ര ഗോത്രം ഉണ്ടെന്നു വ്യക്തമല്ല. 7,8,10,അല്ല 48 എന്നൊക്കെ പറയപ്പെടുന്നുണ്ട്.”
“ഓ… അപ്പോ കാശ്യപ ഗോത്രം അല്ലാതെ ഏതൊക്കെയാ ഉള്ളത്?” വിഷ്ണുവിന് കൗതുകമായി.
“ഭരദ്വാജം, കൗശികം, വാത്സം, കൗടിന്യം, കാശ്യപം, വസിഷ്ഠം, ജാമദഗ്ന്യം, വൈശ്വാമിത്രം, ഗൗതമം, ആത്രേയം തുടങ്ങി പത്തു ഗോത്രങ്ങൾ ‘ദശഗോത്രം’ ന്നു അറിയപ്പെടാറുണ്ട്.
പിന്നെ,
വിഷ്ണു ഭാഗവതത്തിൽ പരാമർശിക്കപ്പെട്ട സപ്തർഷികൾ ഉണ്ട്. അവരാണ് മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രാതു, വസിഷ്ഠൻ എന്നിവർ.
ഇനി ഉള്ള സപ്തർഷികൾ,
ദീപ്തിമാൻ, ഗാലവൻ, പരശുരാമൻ, കൃപൻ, ദ്രോണൻ, വ്യാഘൻ, ഋഷ്യശൃമ്ഗൻ എന്നിവരാണ്.
ഇനിയും പേരുകളുണ്ടോ അറിയില്ല… ഇത്രയെണ്ണമേ ഇപ്പോ എന്റെ ഓർമ്മയിൽ വരുന്നുള്ളു.”
“ഇത്രയധികം ഉണ്ട് ലേ? ഇതിൽ ഓരോ ഗോത്രക്കാരും അപ്പോൾ ആ മഹർഷിയുടെ രീതികൾ പിന്തുടരുന്നവരാണോ?” വിഷ്ണു ചോദിച്ചു.
“ആയിരിക്കണം. അത്ര വിശദമായിട്ട് എനിക്ക് ഇതിനെക്കുറിച്ചു അറിവില്ല. ഗോത്രം,പ്രവരം എന്നൊക്ക മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ, കൂടുതൽ അറിയാനോ അതിന്റെ ആവശ്യകതയെക്കുറിച്ച് അവലോകനം ചെയ്യാനോ പോയിട്ടില്ല.” നീലാണ്ടൻ മറുപടി പറഞ്ഞു.
“പ്രവരോ? അതെന്താത്?” വിഷ്ണുവിന് വീണ്ടും സംശയമായി.
“ഗോത്രത്തിന്റെ ഉപവിഭാഗമാണ് (സബ് കാറ്റഗറി) പ്രവരം. മഹത്തരമായ, പ്രഖ്യാതമായ എന്നൊക്കെയാണ് ആ വാക്കിനർത്ഥം. ഓരോ ഗോത്രത്തിനും മൂന്നോ നാലോ പ്രവര-പുരുഷന്റെ പേര് ചേർത്ത് പ്രവരം ഉണ്ടാക്കി. അത് കൊണ്ട് തന്നെ ഓരോ ബ്രാഹ്മണനും ഗോത്രം പോലെ തന്നെ പ്രവരവും ഉണ്ട്. യാഗം ചെയ്യുന്നവർക്കൊക്കെ പ്രവരം അറിഞ്ഞിരിക്കണം എന്ന് പറയാറുണ്ട്. അവർക്ക് യാഗസമയത്ത് അത് ചൊല്ലേണ്ടതായിട്ടുണ്ട്.
അതുപോലെ ഓരോ കുടുംബവും ഓരോ വേദത്തെ പിന്തുടരുന്നവരാണ്.
ഋഗ്വേദത്തെ പിന്തുടരുന്നവരെ ഋഗ്വേദികൾ എന്നാണ് പറയുക. അതിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്. കൗശീദകൻ, അശ്വലായനൻ.
യജുർവേദത്തെ പിന്തുടരുന്നവർ യജുർവേദികൾ. അതിലെ ഉപവിഭാഗങ്ങൾ ബൗദ്ധായനനും ബാധൂലകനും.
സാമവേദികളിൽ ഉപവിഭാഗം ഇല്ല. ജൈമിനീയം മാത്രമേ ഉള്ളൂ.
ഇതിലെ അഞ്ചു വിഭാഗങ്ങൾക്കും ചടങ്ങുകളിൽ അവരുടേതായ വ്യത്യാസങ്ങൾ ഉണ്ട്. ചടങ്ങു പുസ്തകം നോക്കിയാൽ അറിയാം അത്. ഓരോ വിഭാഗത്തിനും പ്രത്യേകം ചടങ്ങു പുസ്തകങ്ങളും ഉണ്ട്. അതായത്, കൗശീദകൻമാർ കൗശീദക ചടങ്ങു പുസ്തകമാണ് റെഫർ ചെയ്യുക. അതു പോലെ അശ്വലായനൻ നമ്പൂതിരിമാർ പകഴിയൻ ചടങ്ങും ബൗദ്ധായനന്മാർ ബൗദ്ധായന ചടങ്ങുമാണ് റെഫർ ചെയുന്നത്.
കേരളത്തിൽ ശുകപുരം ഗ്രാമത്തിൽ മാത്രേ ഋഗ്വേദികളായ കൗശീദകൻമാർ ഉള്ളൂന്നും ഇരിങ്ങാലക്കുട ഗ്രാമത്തിൽ മാത്രേ യജുർവ്വേദികളായ ബാധൂലകന്മാർ ഉള്ളൂന്നും കേട്ടട്ടിണ്ട്. ബാക്കിയെല്ലാ ഗ്രാമത്തിലേയും ഋഗ്വേദികളെല്ലാം അശ്വലായനനും യജുർവേദികളെല്ലാം ബൗധായനന്മാരും ആവുംന്ന് സാരം. ഇനീം വിസ്തരിച്ചു അറിയണംച്ചാൽ വല്ല പുസ്തകോ അല്ലെങ്കിൽ ഏതെങ്കിലും ഓയ്ക്കൻ (ഓതിക്കൻ)മാരോടോ ചോദിക്കണ്ടീരും!!!”
“ഇന്നത്തെ കാലത്ത് ഇതൊന്നും ആർക്കും അറിയില്യ ലേ അച്ഛാ? അല്ല, ഇതിനൊക്കെ ഇപ്പോൾ പ്രസക്തി ഉണ്ടൊന്നും അറിയില്ല!” വിഷ്ണു നെടുവീർപ്പിട്ടു.
“പ്രസക്തിയെ കുറിച്ച് എനിക്ക് അറിവില്ല്യ. പക്ഷേ, ഇപ്പോളും വേളി ആലോചനേടെ സമയത്ത് ഒരേ ഗോത്രവും പ്രവരവും ആവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒരേ ഗോത്രത്തിൽ നിന്നും വേളി കഴിച്ചാൽ ഉണ്ടാകുന്ന കുഞ്ഞിന് ബുദ്ധിക്ക് പ്രശ്നം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് അങ്ങനെ ഒരു രീതി തുടങ്ങീത്.” നീലാണ്ടൻ താൻ കേട്ടിട്ടുള്ള കാര്യങ്ങൾ പങ്കു വച്ചു.
“നമ്മടെ പ്രവരം ഏതാന്ന് അച്ഛന് അറിയ്വോ?”
“കൃത്യമായിട്ട് അറിയില്ല. കാശ്യപ ഗോത്രത്തിൽപെട്ടവർക്ക് നൈധ്രുവ – ആവത്സാരം എന്ന പ്രവരമാണ് ന്നേ അറിയുള്ളു. കൃത്യമായി അറിയണംച്ചാൽ കാരണവന്മാരോട് തന്നെ ചോദിക്കണ്ടീരും.”
“ഉം… മുത്തഫനോട് ചോദിച്ചോക്കാം, അറിയ്വോന്ന് ലേ?” വിഷ്ണു ഉറപ്പാക്കാനായി ചോദിച്ചു.
“ഉം. അഫന് അറിയേണ്ടതാണ്. പിന്നെ കുട്ടാ… ഈ ഗോത്രം ചില സന്ദർഭങ്ങളിൽ മാറും. അതെപ്പോളൊക്കെ ആണ്ച്ചാൽ,
ഒന്ന്, പെൺകൊട സമയത്ത്. വേളി സമയത്തെ ‘ഉദകപൂർവം’ എന്ന ചടങ്ങ് പെൺകുട്ടിയെ അച്ഛന്റെ ഗോത്രത്തിൽ നിന്നും വേർപ്പെടുത്തി ‘പാണീഗ്രഹണം’ എന്ന ചടങ്ങിലൂടെ വേളി കഴിക്കുന്ന ആളുടെ ഗോത്രത്തിലേക്കും പ്രവരത്തിലേക്കും മാറ്റപ്പെടുന്നു.
മറ്റൊന്ന്, അടുത്ത തലമുറ നിലനിർത്താൻ ആൺകുട്ടി ഇല്ലാതാവുമ്പോൾ ഒരു ആൺകുഞ്ഞിനെ ദത്തെടുക്കുന്നത് വഴിയാണ്. അപ്പോൾ ദത്തെടുക്കുന്ന കുട്ടിയുടെ ഗോത്രമായിരിക്കും തുടർന്ന് പോരുന്നത്.
പിന്നൊന്ന്, ആൺകുട്ടിയെ ദത്തെടുക്കാതെ തലമുറയിലെ അവസാന പെൺകുട്ടിയെ വേളി കഴിച്ചയക്കുമ്പോൾ വേളി കഴിക്കുന്ന ആളുടെ ഗോത്രത്തിലേക്ക് ആ കുടുംബം മാറുന്നതാണ്.
ഇനിയും ഉണ്ടോ അറിയില്ല. ഇത്രയൊക്കെ മുത്തശ്ശൻ പറഞ്ഞ കേട്ടറിവുണ്ട്.”
“ഓ… അപ്പോൾ ഇന്നത്തെ തലമുറക്ക് അറിയാത്തതായ ധാരാളം കാര്യങ്ങൾ ഉണ്ടല്ലേ!!! പക്ഷേ, ഇതിന്റെയൊക്കെ ആവശ്യകതയും അതിന്റെ അന്നത്തെ കാലത്തെ അനിവാര്യതയുമൊക്കെ ആരെങ്കിലും പറഞ്ഞു തരാൻ ഉണ്ടായാൽ നന്നായിരുന്നു. ഇന്നത്തെ കാലത്തിനു യോജിച്ചവ തിരഞ്ഞെടുക്കുകയും വേണ്ടെന്നു തോന്നുന്നവ ഉപേക്ഷിക്കുകയും ചെയാം. പക്ഷേ, അത് ഏതൊക്കെയാണ്, എന്തിനൊക്കെയാണ് എന്നൊക്കെ അറിഞ്ഞാലല്ലേ അത് പറ്റുള്ളൂ!!! എന്തായാലും എനിക്കിപ്പോ ഈ സംശയം ചോദിയ്ക്കാൻ തോന്നിയത് നന്നായി. അത് കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടെന്നെങ്കിലും അറിയാൻ പറ്റി!!!”
“അത് ശരിയാണ്. അടുത്ത തലമുറ ഈ വാക്കുകളൊക്കെ കേൾക്കുമോ എന്നു പോലും സംശയമാണ്. സംസ്കൃതം കൂടി ഇപ്പോൾ നിർബന്ധ പാഠ്യ വിഷയം അല്ലലോ. മന്ത്രങ്ങളും മറ്റും പഠിക്കണമെങ്കിൽ, മനസ്സിലാക്കണമെങ്കിൽ സംസ്കൃതത്തിന്റെ സഹായം കൂടിയേ തീരൂ. നാളത്തെ അവസ്ഥ എന്തൊക്കെയാണാവോ!” നീലാണ്ടൻ ചിന്തകളിലാണ്ടു.
വിഷ്ണു താൻ ഇപ്പോൾ കേട്ട പദങ്ങൾ മനസ്സിൽ നിന്നും മായും മുൻപേ എഴുതിയെടുക്കുവാനായി തന്റെ മുറിയിലേക്കും നടന്നു.
8 Responses
ഈ കാലത്തു ഗോത്രങ്ങൾക്കും പ്രവർങ്ങൾക്കും പ്രസക്തി ഇല്ലെങ്കിൽ കൂടെ അത് വരാൻ ഇരിക്കുന്ന തലമുറകൾക്കു അവരുടെ വേരുകളും ചരിത്രവും അറിയാൻ ഉള്ള ഒരു വഴികാട്ടി ആണെന്ന് നിസ്സംശയം പറയാം. നല്ല post…
😊😊
ഗോത്രം ഏതെന്ന് അറിയുമെങ്കിലും , അതെന്തിനാണ് അത് എത്രയാണ് എന്നൊന്നും അറിയില്ലായിരുന്നു ഇപ്പോൾ ഒരു ചിത്രം കിട്ടി വളരെ നന്ദി.
😊😊
ഇന്നത്തെ തലമുറക്ക് വേരുകൾ അറിയുവാനുള്ള അവസരം ഉണ്ടാക്കുന്നതിനുള്ള ഉദ്യമത്തിന്നു നന്ദി. ഇതേ വഴിയിൽ തന്നെ വേരുകൾ തേടിയുള്ള അന്വേഷണം ഒറ്റപ്പാലത്തിന്നടുത്തുള്ള ബ്രഹ്മശ്രീ പാലക്കോൾ പ്രവീൺ വാട്സാപ് വഴി കുറച്ചു കാലമായി ഒരു പ്രഭാഷണ പരമ്പരയും നടത്തുന്നുണ്ട്. Dr.
കോൽപ്പുറം ശശി.
the information is good to understand the way it came narrated
Thank you 😊
how to find out pravara if we know gotra ,