‘ഇവടെ ആരൂല്ല്യേ?’
രമ തൻ്റെ അടുക്കളജോലികൾക്കിടയിലാണ് പുറത്തു നിന്നും ആ ശബ്ദം കേട്ടത്.
‘ആരാത്?’ അടുക്കളവാതിലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് രമ ചോദിച്ചു.
‘ആഹാ… വാസേട്ടനാണോ? വരൂ വരൂ…’
‘കോളിങ് ബെൽ കേടാണോ? കുറേ അടിച്ചുനോക്കി. ശബ്ദം വരണ കാണാഞ്ഞപ്പോ അടുക്കളവശം തപ്പി വന്നതാ!’
‘അയ്യോ അത്യോ… കറണ്ട് പോയേക്കാണേ! അതോണ്ട് അത് പ്രവർത്തിക്കില്യ. വാസേട്ടൻ കേറിയിരിക്കൂട്ടോ… ഞാൻ ന്നാ പൂമുഖത്തെ വാതില് തൊറക്കാം. ഇതീക്കൂടെ കേറാൻ ബുദ്ധിമുട്ടാവുണ്ടാവും.’
പൂമുഖത്തൊരാൾ വന്നിട്ട് കുറെ നേരം കാത്തു നിൽക്കേണ്ടി വന്നല്ലോ എന്ന മനസ്താപത്തോടെ രമ പൂമുഖത്തേക്കോടി വേഗം വാതിൽ തുറന്നു.
‘കുറെ നേരായോ വാസേട്ടൻ വന്നിട്ട്? ഞാൻ ഒട്ടും അറിഞ്ഞില്ല്യാട്ടോ. അതാ…’ രമയുടെ കുറ്റബോധം മാറുന്നില്ല.
‘അത് സാരല്യ രമേ… ഒരു അഞ്ചു മിനിറ്റ്. അത്രേ ആയുള്ളൂ.’
‘അല്ല, ഇതാരാത്! കുട്ടനൂംണ്ടോ കൂടെ? നിന്നെ ശ്രദ്ധിച്ചില്ല്യാ. വാ…വാ…
കേറി വരൂ വാസേട്ടാ…’
അകത്തേക്ക് കയറിയ രണ്ടുപേരോടും ഇരിക്കാൻ ആവശ്യപ്പെട്ട് രമ തെക്കേമച്ചിലേക്ക് പോയി. രണ്ടു മിനിട്ടിനു ശേഷം തിരിച്ചു വന്നു.
‘നാരായണേട്ടൻ ഇവിടില്ലേ രമേ?’
‘ഉവ്വുവ്വ്. ഞാൻ അച്ഛനെ വിളിക്കാൻ തന്ന്യാ പോയേ. കഴിക്കല് കഴിഞ്ഞാൽ കുറച്ച് നേരൊന്നു കിടക്കലുണ്ട്. ഞാൻ പറഞ്ഞിണ്ട്, ഇപ്പോ വരും. വാസേട്ടന് ചായയാണോ കാപ്പിയാണോ?’
‘എനിക്ക് ചായ മതി. മധുരം വേണ്ടേനിം.’
‘കുട്ടനെന്താപ്പോ തരാ? ഉപന്നിച്ചുണ്ണികൾക്ക് പൊറത്തുന്നൊന്നും പാടില്ല്യാന്നല്ലേ? ന്നാൽ പാലെടുത്താലോ? ഇവിടന്നെ കറന്നതാ.’
‘അത്രക്കൊന്നും നോക്കണില്ല്യാ രമേ… ഇന്നത്തെക്കാലത്ത് ഇത്രൊക്കെയേ പറ്റുള്ളൂ. സന്ധ്യാവന്ദനവും ചമതയും മുടങ്ങാതെ ചെയ്യണംന്നു വച്ചിണ്ട്. അത് തന്നെ ഞാൻ ഏറ്റെടുത്തിരിക്കാ. മൂന്നു കൊല്ലം വേണ്ടത് ഒരു ദിവസോ നാല് ദിവസോ കൊണ്ട് ഒപ്പിക്കാതെ ഒരു കൊല്ലം എങ്കിലും എല്ലാ ക്രിയകളോടും കൂടി സമാവർത്തനം വേണംന്ന് വച്ചത് എൻ്റെ മോഹത്തിനാണല്ലോ. സമയല്യാന്നു പറഞ്ഞ് നമ്മള് തന്നെ നമ്മടെ ആചാരങ്ങൾ വേണ്ടാന്നു വച്ചാൽ എങ്ങനെയാ ന്നു കരുതി.’ വാസുദേവൻ പറഞ്ഞു.
‘അത് ശര്യാ വാസേട്ടാ… പണ്ടത്തെപ്പോലൊന്നും പറ്റീല്ല്യാച്ചാലും പറ്റണ പോലെ ചെയ്യാ! കുട്ട്യോൾക്ക് സ്കൂളിലേക്കും പോണംലോ.’ രമ വാസുദേവൻ്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെന്നു രേഖപ്പെടുത്തി.
‘ആഹാ… ഉപന്നിച്ചുണ്ണ്യാണോ വന്നിരിക്കണേ..!’
എല്ലാവരും ആ ശബ്ദം കേട്ടിടത്തേക്ക് നോക്കി. രമയുടെ ഭർത്താവ് കൃഷ്ണൻ്റെ അച്ഛനാണ്. പ്രായത്തിൻ്റെതായ വയ്യായകൾ നടത്തം കാണുമ്പോൾ വ്യക്തമാണ്.
‘ആ… ഞങ്ങൾ നാരായണേട്ടനെ കാണാൻ വന്നതാണ്. ഏട്ടന് ഉപനയനത്തിന് വരാൻ പറ്റീല്യല്ലോ.’
വാസുദേവൻ ബഹുമാനപൂർവ്വം എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അതുകണ്ട് കുട്ടനെന്നു വിളിപ്പേരുള്ള ശ്രീഹരിയും എഴുന്നേറ്റു നിന്നു.
‘ഇപ്പോൾ അങ്ങനെ പൊറത്തേക്കൊന്നും ഇറങ്ങാറില്ല്യ വാസുദേവാ… മുട്ടുവേദന ഈയിടെയായിട്ട് ലേശം കൂടുതലാ… ഈ വരണ കുംഭത്തില് എൺപത്തി നാല് ആവായേയ്. ഇനിയൊക്കെ വേദനകള് വന്നില്ലെങ്കിലേ അത്ഭുതള്ളൂ… താനെന്താ ഈ നിക്കണേ? ഇരിക്ക്യാ…’
കസേരയിലിരുന്നു കൊണ്ട് നാരായണൻ പറഞ്ഞു.
‘ഒപന്ന്യം ഒക്കെ കേമായില്യേ? സദ്യ കേമായിരുന്നൂട്ടോ. രമ പകർച്ച കൊണ്ടുവന്നേർന്നു. ഞാൻ അതന്ന്യാ കഴിച്ചേ.’
‘അത് നന്നായി. ഒപന്ന്യമൊക്കെ കേമായി. ഇന്നും കൂടി സ്കൂളിൽക്ക് വിട്ടില്ല്യ. നാളെ മുതല് പോണുണ്ടാവും.’ വാസുദേവൻ ശ്രീഹരിയെ നോക്കിക്കൊണ്ട് പറഞ്ഞു.
‘ഉം… ആരാർന്നു ഓയ്ക്കൻ? കൃഷ്ണനോ അതോ മകനോ?’ നാരായണൻ ആരാഞ്ഞു.
‘കൃഷ്ണൻ തന്ന്യാർന്നു. മകനെ വേറൊരു ഉപനയനത്തിനു വിട്ടു. നല്ല മുഹൂർത്തള്ള ദിവസല്ലേ! ഓയ്ക്കൻമാരെയാണേൽ കിട്ടാനൂല്യ.’ വാസുദേവൻ ഇന്നത്തെ കാലത്ത് ഓതിക്കൻമാരുടെ ഒഴിവ് കിട്ടാനുള്ള ബുദ്ധിമുട്ട് നാരായണനെ അറിയിച്ചു.
‘സന്ധ്യാവന്ദനോം ചമതയിടലുമൊക്കെ തുടങ്ങീല്യേ കുട്ടാ?’ ഒന്നും മിണ്ടാതെയിരിക്കുന്ന ശ്രീഹരിയെ നോക്കി നാരായണൻ ചോദിച്ചു.
ശ്രീഹരി ഉവ്വെന്നു തലയാട്ടുക മാത്രം ചെയ്തു.
‘സന്ധ്യാവന്ദനൊക്കെ ചെയ്യാൻ പഠിച്ചുവോ?’
‘കുറേശ്ശേ’
‘ആരാ പറഞ്ഞു തര്വാ? മുത്തശ്ശനാ?’
‘ഉം.’ ശ്രീഹരി തലയാട്ടി.
‘മുടങ്ങാതെ ചെയ്യണംട്ടോ. ഇതിനൊക്കെ ഒരുപാട് ഗുണങ്ങളുണ്ട്.’
‘അതൊക്കെയറിയാനാണ് ഞങ്ങള് വന്നതുതന്നെ. കുട്ടന് കുറേ സംശയങ്ങള് ണ്ട്. എനിക്ക് മുഴുവൻ പറഞ്ഞുകൊടുക്കാൻ പറ്റണില്യ. അതോണ്ട് ഉമക്കുട്ടീടെ മുത്തശ്ശനോട് ചോദിക്കാംന്ന് പറഞ്ഞ് കൊണ്ടുവന്നതാ.’ വാസുദേവൻ പേരക്കുട്ടിയെ നോക്കി.
‘ആഹാ… സംശയം ചോദിക്കണ കുട്ട്യോളെ മുത്തശ്ശന് നല്ല ഇഷ്ടാ… എന്തൊക്കെയാ ശ്രീഹരിക്കുട്ടൻ്റെ സംശയങ്ങള്? കേക്കട്ടേ…’ നാരായണൻ്റെ മുഖത്തു സന്തോഷം വിടർന്നു.
‘ചോദിച്ചോ കുട്ടാ…’ വാസുദേവൻ ഉത്സാഹിപ്പിച്ചു.
‘മുത്തശ്ശാ… സന്ധ്യാന്നു വച്ചാൽ വൈകുന്നേരല്ലേ? പിന്നെന്തിനാ നമ്മൾ രാവിലെ സന്ധ്യാവന്ദനം ചെയ്യണേ?’
‘ഹ ഹ ഹ… അതു കലക്കി. നല്ല ചോദ്യം. സന്ധ്യാവന്ദനംന്നു വച്ചാൽ സന്ധ്യയെ അഭിവാദ്യം ചെയ്യലാണ്. സന്ധ്യാന്നു വച്ചാൽ, രണ്ടു സമയമേഖലകൾ കണ്ടുമുട്ടുന്ന ഒരു കേന്ദ്രബിന്ദുവാണ്. അതായത്, രാത്രിയും പകലും കണ്ടുമുട്ടുന്ന അഥവാ സന്ധിക്കുന്ന സമയം. ഒരു ദിവസത്തിൽ രണ്ടു തവണയാണ് അത് സംഭവിക്കുന്നത്. സൂര്യോദയസമയത്ത്, സൂര്യനിൽ നിന്നും നല്ല ഊർജ്ജം പ്രവഹിക്കുകയും സൂര്യാസ്തമനസമയത്ത് പ്രയോജനകരമല്ലാത്ത ഊർജ്ജത്തിൻ്റെ പിൻവലിയലും നടക്കുന്നു.
ഉപനിഷത്തുകളിൽ ഇങ്ങനെ രണ്ടു സന്ധ്യകളെക്കുറിച്ചുള്ള പരാമർശമേ ഉള്ളുവെങ്കിലും ഋഷിമാരാൽ നിർമ്മിക്കപ്പെട്ട ഒന്നാണ് മദ്ധ്യാഹ്നസന്ധ്യ. സൂര്യൻ കിഴക്കുദിച്ച് മുന്നോട്ട് നീങ്ങി നേരെ മുകൾഭാഗത്തെത്തി അവിടെ നിന്നും താഴേക്ക് നീങ്ങി പടിഞ്ഞാറ് അസ്തമിക്കുന്നു. ഉച്ചസ്ഥായിയിലെ അവസ്ഥയാണ് മൂന്നാമത്തെ സന്ധ്യ. പിതൃക്കളെ ഉപാസിക്കാൻ അനുയോജ്യമായതാണ് ഇത്. സൂര്യോപാസനയാണ് സന്ധ്യാവന്ദനം.’
‘ഓ… അത് ശരി. മുത്തശ്ശൻ പറഞ്ഞു, ഇനി എല്ലാ ദിവസവും ഞാൻ സന്ധ്യാവന്ദനം ചെയ്യണംന്ന്. അങ്ങനെ ചെയ്യണംന്നു നിർബന്ധാണോ?’ ശ്രീഹരി ചോദിച്ചു.
‘നിർബന്ധാണോന്നു ചോദിച്ചാൽ എന്താ പറയാ കുട്ടാ. സന്ധ്യാവന്ദനം ചെയ്യാത്തവർ മായം കലർന്ന അഥവാ അശുദ്ധമായ മനസ്സിനുടമകളാണെന്നൊക്കെയാണ് പറയാറ്. അതുകൊണ്ടുതന്നെ, അവർ വേദാനുഷ്ഠാനപ്രകാരമുള്ള നിത്യവൃത്തികൾക്കോ മറ്റു പൂജാദിവൃത്തികൾക്കോ യോഗ്യരല്ല എന്നും പറയപ്പെടുന്നു. ഇത് ചെയ്യാത്തതിൽ തെറ്റുണ്ടോ എന്നു ചോദിക്കുന്നതിലും നല്ലത് ചെയ്താൽ ഗുണമുണ്ടോ എന്ന് ചോദിക്കുന്നതല്ലേ നല്ലത് കുട്ടാ?’
നാരായണൻ മറുചോദ്യം ചോദിച്ചു.
‘ന്നാ അങ്ങനെ ചോദിക്കാം മുത്തശ്ശാ… എന്തൊക്കെയാ സന്ധ്യാവന്ദനം ചെയ്താലുള്ള ഗുണങ്ങൾ?’
‘സന്ധ്യാവന്ദനം മൂന്നു നേരം ചെയ്യണംന്നു പറഞ്ഞൂലോ. സൂര്യോദയത്തിന് മുൻപ്, ഉച്ചക്ക്, സൂര്യാസ്തമയത്തിനു മുൻപ്. മനസ്സും ശരീരവും ജാഗ്രതയോടു കൂടി ഉണ്ടാകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മനസ്സിനെ ശക്തിപ്പെടുത്താൻ ഈ സമയം ഉപയോഗിക്കാം. മാനസിക പിരിമുറുക്കം കുറക്കാൻ സന്ധ്യാവന്ദനം സഹായിക്കും. കുട്ടികൾക്കാണെങ്കിൽ പഠനത്തിന് അതിരാവിലെയും വൈകുന്നേരവുമാണ് ഏറ്റവും അനുയോജ്യമായ സമയം. ആ സമയത്തെ ധ്യാനം ഏകാഗ്രത വർദ്ധിക്കാൻ സഹായിക്കും. ഈ ആചാരങ്ങളെല്ലാം കുളിച്ചു വൃത്തിയായി ചെയ്യണമെന്നുള്ളതിനാൽ ശുചിത്വം ഉണ്ടാവും. ജീവിതത്തിൽ ഒരു ചിട്ട കൊണ്ടുവരാൻ കഴിയും. കുടുംബത്തിലേക്ക് ശാന്തിയും സമാധാനവും കൊണ്ടുവരും എന്നു തുടങ്ങി ഒട്ടനവധി ഗുണങ്ങളുണ്ട്.
കുട്ടനറിയ്വോ സന്ധ്യാവന്ദനത്തിന് കുട്ടൻ എന്തൊക്കെയാണ് ചെയ്യാറ്ന്ന്?’
‘കൃത്യായിട്ട് അറിയില്ല മുത്തശ്ശാ… കാലു കഴുകി ആചമിക്കാന്നു മുത്തശ്ശൻ എപ്പോളും പറയും. അതുപോലെ, ഊക്കാന്നും.’ ശ്രീഹരി ഓർത്തെടുത്തു.
‘അതുതന്നെ. കാലു കഴുകി ആചമനം… ഈ ആചമിക്കുന്നതു വഴി ശരീരത്തിലുള്ള ബയോ-വൈദ്യുതിയുടെ പ്രവാഹം ഉണ്ടാകുന്നു. ഈ ബയോ-വൈദ്യുതിയാണ് ഈസിജി യിലൊക്കെ ഉപയോഗിക്കുന്നത്.
വെള്ളം കുറേശ്ശേയായി മന്ത്രത്തോടെ കുടിക്കുമ്പോൾ ശരീരത്തിലേയും മനസ്സിലേയും തിന്മയെ ഉന്മൂലനം ചെയ്യുക അഥവാ ശുദ്ധീകരിക്കുകയാണ് നടക്കുന്നത്. പ്രാശനം, മാർജനം, ചക്ഷുസ്പർശനം, നാസികാസ്പർശനം, കർണ്ണസ്പർശനം, ഹൃദയസ്പർശനം, ശിരോസ്പർശനം എന്നിവ ചേർന്നതാണ് ആചമനം. രണ്ടു ആചമനത്തിനു ശേഷം, ഋക്കു ചൊല്ലികൊണ്ട് തളിച്ച് രണ്ടു കുളി. ഈ ഋക്കു തന്നെ യജുർവേദികൾക്ക് സുരഭീ മന്ത്രവും ചേർന്ന് നാലെണ്ണമുണ്ട്. ഋഗ്വേദികൾക്ക് മൂന്നും. അതിനു ശേഷം ഒരു കുളി. ഞാൻ പറയണത് വല്ലതും കുട്ടന് മനസ്സിലാവണുണ്ടോ?’ ശ്രീഹരി ശ്രദ്ധിക്കുന്നില്ലേയെന്ന് നാരായണൻ ഉറപ്പു വരുത്തി.
‘ഉവ്വ് നാരായണ മുത്തശ്ശാ… “ആപോഹിഷ്ഠാമയോഭുവഃ….” അതല്ലേ ഋക്ക്? ഞാനിന്നലെ പഠിച്ചേള്ളൂ.’
ശ്രീഹരി ഉത്സാഹത്തോടെ തനിക്കീ പറയുന്നതെല്ലാം മനസ്സിലാവുന്നുണ്ട് എന്ന് തെളിയിക്കാൻ ശ്രമിച്ചു.
‘ആഹാ… മിടുക്കനാണല്ലോ! അത് തന്നെയാണ് ഋക്ക്. ദേശത്തിനനുസരിച്ച് സന്ധ്യാവന്ദനത്തിൽ ചെറിയ മാറ്റങ്ങളൊക്കെ വരാറ്ണ്ട്. തമിഴ്, കന്നട, തെലുഗ് ഭാഷക്കാരൊക്കെ “പ്രോക്ഷണം” എന്നാണ് ഋക്ക് ചൊല്ലുന്ന ഈ ഭാഗത്തിനെ വിളിക്കാറ്. ആന്തരിക ശുദ്ധീകരണമാണ് ഇതിൻ്റെയെല്ലാം ഉദ്ദേശം. ആത്മസമർപ്പണത്തോടെ മന്ത്രങ്ങൾ ഉച്ചരിക്കണമെന്ന് മാത്രം. ഋക്ക് ചൊല്ലി കുളിച്ച ശേഷം വേഷം മാറി കാലുകഴുകി ആചമിച്ച് വീണ്ടും ഋക്ക് ചൊല്ലി തളിക്കണം. തമിഴ് ബ്രാഹ്മണർ ഇതിനെയാണ് ‘ജലപ്രാശനം’ ന്നു പറയാറ് എന്ന് തോന്നുന്നു. അവർക്ക് അതിനു മറ്റൊരു മന്ത്രമുണ്ട്. പക്ഷേ, ഈ മന്ത്രവും ചിലര് ചൊല്ലാറുണ്ട്. അതും മൂന്നു തവണ തന്നെയാണ്. നമുക്ക് നാല് തവണയാണെന്ന വ്യത്യാസമേ ഉള്ളൂ.
പിന്നെ ഊക്കുക. ഗായത്രീമന്ത്രത്തോടു കൂടി കിഴക്കോട്ടു തിരിഞ്ഞ് കൈകൾ ഉയർത്തിപ്പിടിച്ച് മുന്നിലേക്ക് വെള്ളം മൂന്നുതവണ ഒഴിക്കുകയാണ് ചെയ്യുന്നത്. ചിലർക്ക് ഒരു തവണയേ ഉള്ളൂ. ഇതിനെ “അർഘ്യദാനം” എന്നാണ് കന്നട, തമിഴ്ബ്രാഹ്മണർ പറയുന്നത്. നമ്മള് ഊക്കുകാന്നേ പറയാറുള്ളൂ. തലമുറകൾ മാറിവന്നപ്പോൾ പറയാതെ പറയാതെ ആ പേരുകൾ വിട്ടുപോയതുമാവാം.’
‘കാര്യായിട്ട് ചർച്ചയിലാണല്ലോ എല്ലാരും?’ പുതിയൊരു ശബ്ദം.
‘കൃഷ്ണനെത്തിയോ! ചർച്ചയൊന്നൂല്ല്യ… കുട്ടൻ്റെ കുറച്ച് സംശയങ്ങൾ തീർക്കാൻ നാരായണേട്ടൻ്റെ അടുത്ത് വന്നതാ.’ വാസുദേവൻ പറഞ്ഞു.
‘ഓ… അതെന്തായാലും നന്നായി. എന്താണാവോ വിഷയം?’ കൃഷ്ണന് ആകാംക്ഷയായി.
‘സന്ധ്യാവന്ദനം ചെയ്യണോണ്ടുള്ള ഗുണങ്ങളെക്കുറിച്ചുള്ള കുറച്ച് കാര്യങ്ങൾ പറഞ്ഞുകൊടുക്കാർന്നു. നട അടക്കാൻ വൈകിയോ ഇന്ന്?’ നാരായണൻ തൻ്റെ മകനോടായി ചോദിച്ചു.
‘ഇല്ല്യ അച്ഛാ… ഞാൻ പേരശ്ശീടെ അടുത്ത് കേറീട്ടാ പോന്നെ!’
‘ആ, കൃഷ്ണേട്ടൻ എത്തിയോ?’ ചായയുമായി വന്ന രമ ചോദിച്ചു.
‘ഇത് കുട്ടനുള്ളതാട്ടോ. ചൂടാറ്റിട്ടുണ്ട്. പാലിഷ്ടല്ലേ?’ ശ്രീഹരിയെക്കൊണ്ട് സംസാരിപ്പിക്കാൻ രമ ശ്രമമാരംഭിച്ചു.
‘ഇഷ്ടാണ്.’ ശ്രീഹരി ഒറ്റവാക്കിൽ മറുപടിയൊതുക്കി.
‘ഇഡ്ഡലി കൂടി എടുക്കട്ടേ കുട്ടാ? വാസേട്ടന് എടുക്കട്ടേ? കൃഷ്ണേട്ടന് കഴിക്കാൻ ഒരു കൂട്ടാവേം ചെയ്യും.’
‘അയ്യോ വേണ്ട രമേ.. ഞങ്ങൾ കഴിച്ചിട്ടാ ഇറങ്ങീത്. കുട്ടന് വേണോ?’
‘വേണ്ട.’
‘ന്നാ കൃഷ്ണൻ കഴിച്ചോളൂ…’
‘ഞാൻ പേരശ്ശീടവിടന്നു കഴിച്ചു. എനിക്കും ഇപ്പോ വേണംന്നില്യ.’ കൃഷ്ണൻ രമയോടായി പറഞ്ഞു.
‘അതെയോ… ന്നാ ഞാനും ചർച്ച കേട്ടിരിക്കാം.’ രമക്ക് സന്തോഷമായി. രമ തൻ്റെ മുറിയിൽ പോയി ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള താൻ വാങ്ങിച്ചു വച്ച പുസ്തകവുമെടുത്ത് വന്നു അവിടെയിരുന്നു. ഒരവസരം കിട്ടിയാൽ ചർച്ചയിൽ പങ്കെടുക്കാംലോ.
കൃഷ്ണനും ഒരു കസേര കൈക്കലാക്കി.
‘ആ അപ്പോ നമ്മളെന്തിനെക്കുറിച്ചാ പറഞ്ഞോണ്ടിരുന്നേ?’ നാരായണൻ്റെ ചോദ്യം കേട്ടപാടെ ശ്രീഹരിയുടെ ഉത്തരം വന്നു.
‘അർഘ്യം’.
‘ആ… അതന്നെ. അർക്കനു ചെയ്യുന്ന ചടങ്ങായതുകൊണ്ടാവേർക്കും ഈ പേര് വന്നത്. ദിനവും അർഘ്യവും ഗായത്രീജപവും ഇല്ലാത്തവർ നിർഭാഗ്യരും അബലരുമായിത്തീരുമെന്നാണ് പറയണ കേൾക്കാറുള്ളത്. അത്രയും ശക്തിയുള്ള മന്ത്രമാണ് ഗായത്രീമന്ത്രം.’ നാരായണൻ തുടർന്നു.
‘ഈ അർഘ്യത്തെക്കുറിച്ച് ഒരു കഥ എൻ്റെ തമിഴ് ബ്രാഹ്മണ സുഹൃത്ത് ഒരിക്കൽ പറയലുണ്ടായി.’ കൃഷ്ണൻ ഇടയിൽക്കയറി പറഞ്ഞു.
‘കഥയോ? അതെന്താ?’ ശ്രീഹരിക്ക് കൗതുകമായി.
അതെ… കഥ തന്നെ. ‘രണ്ടു അസുരന്മാർ… മന്ദേഹനും അരുണനും… അവർക്ക് ശക്തനായ സൂര്യദേവൻ്റെ സ്ഥാനം ലഭിക്കാൻ ആഗ്രഹം തോന്നി. കാരണം, സൂര്യനാണല്ലോ ഉദയത്തിലൂടെയും അസ്തമയത്തിലൂടെയും ഓരോ ദിവസവും തീരുമാനിക്കുന്നത്. പക്ഷേ, സൂര്യൻ്റെ ശക്തിയെക്കുറിച്ച് അറിയാമായിരുന്ന അവർക്ക് പെട്ടെന്ന് സൂര്യനെ തോൽപ്പിക്കാനാവില്ല എന്നറിയാമായിരുന്നു. അതിനാൽ, അവർ ആയിരത്തോളം വർഷങ്ങൾ തപസ്സുചെയ്തു ശക്തി നേടി. അവരുടെ തപസ്സിൽ സംപ്രീതനായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു ഇഷ്ടമുള്ള വരം ചോദിക്കാൻ ആവശ്യപ്പെട്ടു.
അനശ്വരമായ അഥവാ മരണമില്ലാത്ത അവസ്ഥയുണ്ടാകാൻ അനുഗ്രഹിക്കുവാൻ അവർ വരം ചോദിച്ചു. തങ്ങൾക്ക് സൂര്യനെ നേരിടാൻ ആ വരം ആവശ്യമാണെന്നും അവർ അറിയിച്ചു. ബ്രഹ്മാവ് ധർമ്മസങ്കടത്തിലായി. ലോകനന്മക്കായുള്ള ഒരു കാര്യത്തിനല്ല ഇവർ വരം ആവശ്യപ്പെടുന്നത്. എന്നാൽ, കൊടുത്ത വാക്ക് തിരിച്ചെടുക്കാനും വയ്യ. “മരണമില്ലായ്മ എന്ന വരം തരാനുള്ള അധികാരം എനിക്കില്ല. എന്നാൽ നിങ്ങളുടെ തപസ്സിൽ സംപ്രീതനായതിനാൽ, മരണപ്പെട്ടാലും നിങ്ങളുടെ ശരീരത്തിന് ജീവൻ തിരിച്ചുകിട്ടാനുള്ള വരം നൽകി ഞാൻ അനുഗ്രഹിക്കുന്നു. പക്ഷേ, ഒരു നിബന്ധനയുണ്ട്. നിങ്ങൾ സൂര്യനുമായി യുദ്ധം ചെയ്യുന്ന സമയത്ത് ആരെങ്കിലും ഗായത്രീമന്ത്രത്തോടു കൂടി അർഘ്യം ചെയ്താൽ, അത് അസ്ത്രരൂപേണ നിങ്ങളിൽ പതിക്കുകയും നിങ്ങൾ മരണപ്പെടുകയും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് ബ്രഹ്മാവ് അപ്രത്യക്ഷനായി.
മരണപ്പെട്ടാലും ജീവൻ തിരിച്ചുകിട്ടുമെന്നതിനാൽ, അസുരന്മാർ സൂര്യൻ ഉദിക്കുന്ന സമയത്തേക്ക് യുദ്ധത്തിനായി ചെന്നു. അതേ സമയത്ത് ഭൂമിയിൽ ബ്രാഹ്മണർ ചെയ്ത സന്ധ്യാവന്ദനത്തിലെ അർഘ്യം അസ്ത്രങ്ങളായി മാറി അവരെ ഇല്ലാതാക്കുകയും, ശേഷം ബ്രഹ്മാവിൻ്റെ വരപ്രകാരം അവർക്ക് ജീവൻ തിരിച്ചുലഭിക്കുകയും ചെയ്തു. വീണ്ടും യുദ്ധത്തിന് പുറപ്പെട്ട അവർക്ക് അടുത്ത സന്ധ്യാവന്ദനത്തിലൂടെ ഇതേ അവസ്ഥ തുടർന്നു എന്നുമാണ് കഥ. അതിനാൽ ഇന്നും അവർക്ക് സൂര്യദേവനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ഒന്നുകൂടി ആഴത്തിൽ ചിന്തിച്ചാൽ, സൂര്യൻ സത്വഗുണം അഥവാ ശുദ്ധതയായും, അസുരന്മാർ – മന്ദേഹമെന്നാൽ ശരീരത്തിലെ മടി അഥവാ അലസത എന്ന അവസ്ഥയും അരുണ എന്നാൽ ചഞ്ചലമായ അഥവാ അസ്വസ്ഥചിത്തനായ അവസ്ഥയെന്നും മനസ്സിലാകും. ഈ അസുരന്മാർ രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അതായത്, ഈ കഥ പറയുന്നത് എല്ലാ ദിവസവും കാലത്തും വൈകീട്ടും രജോ – തമോ ഗുണങ്ങൾ സത്വഗുണത്തെ കീഴടക്കാൻ, അതായത് നമ്മിലെ നല്ല ഗുണങ്ങളെ പുറന്തള്ളി മടിയും ചഞ്ചലതയും നിറക്കാൻ ശ്രമിക്കും. പക്ഷേ, ആ സമയം നമ്മൾ ഗായത്രീ മന്ത്രം ജപിക്കുമ്പോൾ അല്ലെങ്കിൽ, സന്ധ്യാവന്ദനം ചെയ്യുമ്പോൾ ഈ രജോഗുണവും തമോഗുണവും അടിച്ചമർത്തപ്പെടുകയും സത്വഗുണം പ്രബലമായിത്തീരുകയും ചെയ്യും.’ കൃഷ്ണൻ പറഞ്ഞുനിർത്തി ശ്രീഹരിയെ നോക്കി.
ശ്രീഹരി കഥ മുഴുവൻ മനസ്സിൽ ചിത്രീകരിക്കുകയായിരുന്നുവെന്നു മുഖത്തു നിന്നുതന്നെ വ്യക്തമാണ്.
‘ഗായത്രീമന്ത്രം അറിയ്വോ കുട്ടന്?’ നാരായണൻ ചോദിച്ചു.
‘അറിയാം.
“ഓം ഭൂർ ഭുവഃ സ്വ:
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്.”
അല്ലേ മുത്തശ്ശാ?’ ശ്രീഹരി വാസുദേവനെ നോക്കി.
‘അതെ. നിത്യം ഗായത്രീമന്ത്രം ജപിക്കുന്നത് ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനും നിപുണനുമായിത്തീരാൻ സഹായിക്കും. ഇതിലെ ഓരോ വാക്കും ജപിക്കുമ്പോൾ ശരീരത്തിലെ ഓരോ ഗ്രന്ഥിയിലുമായി ശേഖരിച്ചു വച്ചിരിക്കുന്ന ശക്തികൾ ഉണരുകയും ഊർജ്വസ്വലത ഉണ്ടാവുകയും ചെയ്യും.
ഓം ജപിക്കുമ്പോൾ ശിരസ്സിൻ്റെ ഭാഗത്തും ഭുഃ ജപിക്കുമ്പോൾ വലതുകണ്ണിൻ്റെ ഭാഗത്തും ഭുവഃ ജപിക്കുമ്പോൾ മനുഷ്യൻ്റെ മൂന്നാംകണ്ണിൻ്റെ ഭാഗത്തും സ്വ: ജപിക്കുമ്പോൾ ഇടതുകണ്ണിലെ ശക്തിയും വർദ്ധിക്കുന്നു.
തത് – ആജ്ഞാചക്രത്തിലെ തപി എന്ന ഗ്രന്ധിയിലടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്തിയെ ഉണർത്തുന്നു.
സ – ഇടതുകണ്ണിലെ സഫലത എന്ന ഗ്രന്ഥിയിലെ പരാക്രമശക്തി ഉണർത്തുന്നു.
വി – വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്തിയെ ഉണർത്തുന്നു.
തു – ഇടതുചെവിയിലെ തുഷ്ടിഗ്രന്ഥിയിലുള്ള മംഗളകര ശക്തിയെ ഉണർത്തുന്നു.
വ – വലതുചെവിയിലെ വരദഗ്രന്ഥിയിലെ ഗണശക്തി
രേ – നാസികാമൂലത്തിലെ രേവതി ഗ്രന്ഥിയിലെ പ്രേമസിദ്ധി
യം – കീഴ്ച്ചുണ്ടിലെ ജ്ഞാനഗ്രന്ഥിയിലെ തേജം എന്ന ശക്തിയെ ഉണർത്തുന്നു.
ഭർ – കഴുത്തിലുള്ള ഭർഗ്ഗ ഗ്രന്ഥിയിലെ രക്ഷണശക്തി
ഗോ – തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലെ ബുദ്ധിയെന്ന ശക്തി
ദേ – ഇടതു നെഞ്ചിൽ മുകൾഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലെ ദമനം എന്ന ശക്തിയെ ഉണർത്താൻ
വ – വലതു നെഞ്ചിലെ വരാഹഗ്രന്ഥിയിലെ നിഷ്ഠ എന്ന ശക്തി
സ്യ – ആമാശയത്തിനു മുകളിൽ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തെ സിംഹിനി ഗ്രന്ഥിയിലെ ധാരണ എന്ന ശക്തി
ധീ – കരളിലെ ധ്യാന ഗ്രന്ഥിയിലെ പ്രാണ
മ – പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലെ സമ്യാന
ഹി – പൊക്കിളിലെ സ്ഫുത ഗ്രന്ഥിയിലെ തപോശക്തി
ധി – നട്ടെല്ലിൻ്റെ അവസാനത്തിലെ മേധഗ്രന്ഥിയിലെ തപോശക്തി
യോ – ഇടതുഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലെ അന്തർനിഹിത ശക്തി
യോ – വലതുഭുജത്തിലെ യോഗിനിഗ്രന്ഥിയിലെ ഉത്പ്പാദനശക്തി
ന – വലതുപുരികത്തിലെ ധാരിണിഗ്രന്ഥിയിലെ സാരസത എന്ന ശക്തി
പ്ര – ഇടതു പുരികത്തിലെ പ്രഭവഗ്രന്ഥിയിലെ ആദർശശക്തി
ചോ – വലതു കണങ്കൈയിലെ ഊഷ്മ ഗ്രന്ഥിയിലെ സഹസം എന്ന ശക്തി
ദ – ഇടതു കണങ്കൈയിലെ ദ്രുഷ്യ ഗ്രന്ഥിയിലെ വിവേക ശക്തിയെ ഉണർത്താൻ
യാത് – ഇടതുകൈയിലെ നിരായാണ ഗ്രന്ഥിയിലുള്ള സേവാശക്തിയെ ഉണർത്താൻ
എല്ലാം ഇതിലെ ഓരോ വാക്കും സഹായിക്കുന്നു.’ രമ വായിച്ചു നിർത്തി.
തൻ്റെ പുസ്തകം ചർച്ചക്കുപയോഗിക്കാൻ കഴിഞ്ഞതിൽ രമയ്ക്ക് അഭിമാനം തോന്നി.
‘കുട്ടന് വല്ലതും മനസ്സിലായോ ഇപ്പൊ?’ കൃഷ്ണൻ തമാശരൂപേണ ചോദിച്ചു.
‘മുഴോനൊന്നൂല്ല്യ. ങ്കിലും കൊറേ ഗുണങ്ങൾ ണ്ടെന്നു മാത്രം മനസ്സിലായി.’ ശ്രീഹരി മറുപടി പറഞ്ഞു.
‘ഗായത്രീ ഉപദേശത്തിനു ശേഷമേ പ്രണവം ചൊല്ലാൻ പാടുള്ളു എന്നുമുണ്ട്. സന്ധ്യാവന്ദനത്തിൽ ഗായത്രീജപവും സൂര്യനെ ധ്യാനിക്കലും മാത്രല്ലാട്ടോ. പിതൃക്കളേം ദിക്പാലകന്മാരേം ഒക്കെ വന്ദിക്കലുണ്ട്.ആദ്യം ദേവന്മാർക്കും ഋഷിമാർക്കും പിതൃക്കൾക്കും തർപ്പണം ചെയ്യും. എന്നിട്ട് കാലുകഴുകി ആചമിച്ച് പ്രണവത്തിൻ്റെ ഛന്ദസ്സു ചൊല്ലി 108 പ്രണവം. പിന്നെ, ഗായത്രിയുടെ ഛന്ദസ്സു ചൊല്ലി 108 ഉരു ഗായത്രി. വീണ്ടും 108 പ്രണവം ചൊല്ലിയിട്ടേ പ്രണവത്തിൻ്റെ ഛന്ദസ്സുള്ളൂ. ഇതിലും ദേശത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ കാണാംട്ടോ. ഇതും കഴിഞ്ഞാൽ മിത്രനെ സ്തുതിക്കും.ശേഷം
ഇന്ദ്രായ നമഃ പ്രാക് ച്ചൃൈ ദിശേ നമഃ
യമായ നമഃ ദക്ഷിണായൈ ദിശേ നമഃ
വരുണായ നമഃ പ്രതീച്ചൃൈ ദിശേ നമഃ
സോമായ നമഃ ഉദീച്ചൃൈ ദിശേ നമഃ
ബ്രഹ്മണേ നമഃ ഊർധ്വായൈ ദിശേ നമഃ
നമഃ പൃഥിവ്യൈ നമഃ സർവ്വാഭ്യോ ദേവതാഭ്യോ ദിശേ നമഃ
എന്നു ചൊല്ലി ദിക് പാലകന്മാരെ വന്ദിക്കും.
ഇതിനു ശേഷം ഏഴു തവണ വട്ടം തിരിയും.
“അതള, പിതള / വിതള, സുതള, തലാതള, രസാതള, മഹാതള, പാതാള”
എന്നീ ഏഴു ലോകങ്ങളും കടക്കുന്നതാണ് ഇതിൻ്റെ ആശയം. ശേഷം വലത്തേ കൈകൊണ്ട് വലത്തേ ചെവിപിടിച്ച് ‘ധ്രുവാസി’ എന്നു ചൊല്ലി ഭൂമി തൊടുക.’ നാരായണൻ ബാക്കിഭാഗം വിശദീകരിച്ചു.
‘അതുപോലെ കുട്ടാ… പ്രാതഃസന്ധ്യാവന്ദനത്തിന് അതായത്, രാവിലെയുള്ള സന്ധ്യാവന്ദനത്തിന് കിഴക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ടും സായം സന്ധ്യാവന്ദനം പടിഞ്ഞാറ് തിരിഞ്ഞിരുന്നു കൊണ്ടുമാണ് ചെയ്യാറ്. വൈകീട്ടത്തെ സന്ധ്യാവന്ദനത്തിന് കാലുകഴുകി ആചമിച്ച് നാല് ഋക്കു ചൊല്ലി തളിച്ച് ഊക്കുക. ശേഷം വീണ്ടും കാലു കഴുകി ആചമിച്ച് പ്രണവവും ഗായത്രിയും ചൊല്ലിക്കഴിഞ്ഞാൽ ദിക് പാലകന്മാരുടെ വന്ദനം. അതുപക്ഷേ, “വരുണായ നമഃ “എന്നു പറഞ്ഞാണ് തുടങ്ങാ. ശേഷം അഷ്ടാക്ഷരം, പഞ്ചാക്ഷരം ഛന്ദസ്സോടുകൂടി ജപിച്ച് സന്ധ്യാവന്ദനം അവസാനിപ്പിക്കാം.’ വാസുദേവൻ തനിക്കറിയാവുന്നത് കൂട്ടിച്ചേർത്തു.
‘സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുൻപായിട്ടല്ലേ സന്ധ്യാവന്ദനം ചെയ്യണ്ടേ?’ രമ ചോദിച്ചു.
‘അതെ. ബ്രാഹ്മ മുഹൂർത്തത്തിൽ എണീറ്റ് സൂര്യോദയത്തിനു മുൻപേ ഊക്കണം എന്നാണ് പറയാറ്.’ കൃഷ്ണൻ മറുപടി പറഞ്ഞു.
‘ഇനി ഉപസ്ഥാനം കൂടിയുണ്ട്. അതാണ് മധ്യാഹ്ന സന്ധ്യാവന്ദനം.അതിനു കാലുകഴുകി ആചമിച്ച് ഋക്കു ചൊല്ലി തളിച്ച് ഒന്ന് ഊക്കുക. ഒന്നു തിരിയുക.ഗായത്രിയുടെ ഛന്ദസ്സ്, പത്തു ഗായത്രി, ഗായത്രിയുടെ ഛന്ദസ്സ്. കിഴക്കോട്ടു ഊക്കുക. അതിനു ശേഷം, സൂര്യനെ വന്ദിക്കുന്ന ഒരു മന്ത്രം ഉണ്ട്. അത് ചെവിപിടിച്ച് കിഴക്കോട്ട് തിരിഞ്ഞു നിന്ന് ചൊല്ലണം.
പ്രഭാതത്തിൽ മിത്രനായും ഉച്ചക്ക് സൂര്യനായും വൈകീട്ട് വരുണനായുമാണ് സങ്കല്പം.’ നാരായണൻ കൂട്ടിച്ചേർത്തു.
‘ഉപസ്ഥാനം എന്നാൽ ഉച്ചക്കത്തെ സന്ധ്യാവന്ദനം തന്നെയാണോ? കാരണം, ഞാൻ പറഞ്ഞ ആ സുഹൃത്തില്ല്യേ, അവരൊക്കെ രാവിലേം വൈകീട്ടും ഉപസ്ഥാനം ചെയ്യാറുണ്ട്.’ കൃഷ്ണന് സംശയമായി.
‘അതെയോ? പക്ഷേ, നമ്മള് ഇങ്ങനെയാ പതിവ്. ലേ നാരായണേട്ടാ?’ വാസുദേവൻ ചോദിച്ചു.
‘അതെ. എൻ്റെ അച്ഛൻ എന്നെ ഇങ്ങനെയാണ് പഠിപ്പിച്ചത്. ഇല്ലാതായതാണോ ദേശങ്ങൾ തമ്മിലുള്ള വ്യത്യാസാണോ അറിയില്ല.
പക്ഷേ, രാവിലെ ഉദയത്തിൽ നിന്നും എല്ലാ തടസങ്ങളേയും അതിജീവിച്ചുകൊണ്ടുള്ള ഉയർച്ചയും, സൂര്യാസ്തമയത്തിൽ നിന്നും എല്ലാവർക്കും ഒരിക്കൽ സംഭവിക്കാവുന്ന മരണത്തേയും കുറിച്ച് മനസ്സിലാക്കിത്തരുന്ന ഒരു പുസ്തകം തന്നെയാണ് സൂര്യദേവൻ.’ നാരായണൻ ആഴമേറിയ ചിന്തകളിലേക്ക് പോയി.
‘ശ്രീഹരിക്കുട്ടാ, മനസ്സിലാവണുണ്ടോ ഈ പറേണതൊക്കെ?’ രമ ചോദിച്ചു.
‘മുഴുവൻ ഇല്ലേലും കുറച്ചൊക്കെ മനസ്സിലായി. പക്ഷേ, ഉപസ്ഥാനത്തിന് ഗായത്രി എന്താ പത്തു വട്ടം ചൊല്ലണേ? സാധാരണ പന്ത്രണ്ടല്ലേ നാമം ചൊല്ലുമ്പോളായാലും നമസ്കരിക്കുമ്പോളായാലും കണക്കു വക്കാറ്!’
‘അതെ. പക്ഷെ, ഗായത്രി 10, 24, 108, 1008 എന്നാണു കണക്ക്.
ശിവരാത്രി, പ്രദോഷം, പുല ഒക്കെ വരുമ്പോൾ 10 ഗായത്രി എന്നാണ് പറയാ. പക്ഷേ, പുല വന്നാൽ ഗായത്രി സ്മരിക്കാനേ പാടുള്ളു. ചൊല്ലാറില്ല.’ വാസുദേവൻ മറുപടി കൊടുത്തു.
‘ശ്രീഹരിക്കുട്ടാ… ഈ പറഞ്ഞ കാര്യങ്ങൾ നാല് ദേവിമാരായി കണക്കാക്കിയാൽ ഓർത്തു വക്കാൻ എളുപ്പണ്ടാവുംന്നു തോന്നുണു.
ആദ്യത്തേത്, ഗായത്രി. നമ്മുടെ ചിന്തകളെ നിഷ്പക്ഷമാക്കി വക്കാൻ ഈ ദേവി സഹായിക്കും.
കാര്യങ്ങളെ നിഷ്പക്ഷമായി കാണാനും, സ്വയം നയിക്കാനും അതായത് ശരിയായ തീരുമാനങ്ങൾ ശരിയായ സമയത്ത് ശരിയായ രീതിയിൽ സ്വയമെടുത്ത് മുന്നോട്ട് പോകുവാനും സാവിത്രി ദേവി സഹായിക്കുന്നു.
സ്വയം നയിക്കണമെന്ന ചിന്ത ഉണ്ടാക്കാൻ ധ്യാനത്തിന് സഹായിക്കും.
മാറ്റങ്ങളെ കൊണ്ടുവരാനും ഉൾക്കൊള്ളാനുമുള്ള കഴിവ് സന്ധ്യയും തുടർച്ചയായ ചലനം അഥവാ അറിവ് വർധിപ്പിക്കാനുള്ള കഴിവിന് സരസ്വതിയും സഹായിക്കുന്നു.ഇതെല്ലാം തന്നെ സന്ധ്യാവന്ദനം എന്ന പത്തു പതിനഞ്ചു മിനിട്ടു മാത്രം എടുക്കുന്ന ഈ ഒരു പ്രക്രിയയിൽ നിന്നും ലഭിക്കുന്നു എന്നാണ് ഈ മുത്തശ്ശന്മാർ പറഞ്ഞുതന്ന അറിവുകളുടെ സാരം.’ കൃഷ്ണൻ പറഞ്ഞു.
ശ്രീഹരിയുടെ മുഖത്ത് സന്തോഷവും അത്ഭുതവും വിടർന്നു.
‘കുട്ടാ… നീ ഇതൊക്കെ മുടങ്ങാതെ ചെയ്യണംട്ടോ. ഇതൊക്കെ എന്താണെന്ന് ചോദിക്കാനും മനസ്സിലാക്കാനും നിനക്ക് തോന്നീലോ. അതെന്തായാലും നന്നായി.’ രമ അഭിപ്രായപ്പെട്ടു.
‘അതെ. വാസുദേവേട്ടനേയും അഭിനന്ദിക്കാതെ വയ്യ. നമുക്കറിയില്ലെങ്കിൽ, അറിയില്ലാന്ന് മറുപടി കൊടുത്ത് കുട്ടികളെ മടക്കിയയക്കലാണ് ഇന്നത്തെ കാലത്ത് എല്ലാരും ചെയ്യണ കാണാറ്.’ കൃഷ്ണൻ കൂട്ടിച്ചേർത്തു.
‘അതെ.’ നാരായണനും അത് ശരിവച്ചു.
‘എന്തായാലും ഞാൻ എല്ലാ ദിവസോം സന്ധ്യാവന്ദനം മുടങ്ങാതെ ചെയ്യും.’ ശ്രീഹരി ഉത്സാഹത്തോടെ പറഞ്ഞു.
‘കേൾക്കുമ്പോൾ സന്തോഷം.’ വാസുദേവൻ എല്ലാവരോടുമായി പറഞ്ഞു.
‘കുട്ടൻ്റെ സംശയമൊക്കെ തീർന്നോ ഇപ്പോൾ?’
‘ഉം’
‘ന്നാ നമുക്ക് പതുക്കെ ഇറങ്ങ്യാലോ?’
‘ഉം’
‘അപ്പോ സന്തോഷായി നാരായണേട്ടാ… കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. രമേ… ചായേം ഉഷാറായിട്ടോ. വന്നിട്ട് കൃഷ്ണനേം കാണാൻ പറ്റി.’
‘കഥയും കേക്കാൻ പറ്റി’ ശ്രീഹരി ഇടയിൽക്കേറി പറഞ്ഞു.
ഹ ഹാ… അതെ… കഥയും കേൾക്കാൻ പറ്റി.
ഞങ്ങൾ ന്നാ പതുക്കെ ഇറങ്ങാൻ നോക്കട്ടേ. മറ്റൊരു ദിവസം ഇറങ്ങാം ഇങ്ങോട്ട്.’
വാസുദേവനും ശ്രീഹരിയും എഴുന്നേറ്റു പൂമുഖത്തേയ്ക്ക് നടന്നു. മറ്റെല്ലാവരും അവരെ യാത്രയാക്കാനായി അനുഗമിച്ചു.
6 Responses
Book vegam publish cheyyoo…
😃
വിശദമായിട്ടുണ്ട്.
സന്തോഷം 😊
വളരെ നന്നായിട്ടുണ്ട്.
Informative…. Thank You