എന്തൊക്കെയോ ലഹളകൾ കേട്ടുകൊണ്ടാണ് സാവിത്രി ഉച്ചമയക്കത്തിൽ നിന്നെഴുന്നേൽക്കുന്നത്. എവിടെ നിന്നാണ് ആ ശബ്ദമെന്ന് ശ്രദ്ധിച്ചു. സതിയുടേയും കുട്ടന്റേയും ശബ്ദമാണല്ലോ. ഇന്നും ഉണ്ടായോ വഴക്ക്? ഇതിപ്പോൾ സ്ഥിരായിരിക്കുണു. കുട്ടന് ഒന്നും സമയത്ത് വേണംന്നില്ല. എണീറ്റു വരുമ്പോളേ ഉച്ചയായിണ്ടാവും. അതു കഴിഞ്ഞാലും കുളിക്കാനോ കഴിക്കാനോ ഒരു തെരക്കൂല്ല്യ. സമയത്ത് കഴിച്ചില്ലെങ്കിൽ വയറു കേടാവില്ലേ ന്ന് പറഞ്ഞാവും സതീടെ ഇന്നത്തേം പരാതി. പറയണത് ശര്യാണേനിം. ന്നാൽ, കുട്ടനുണ്ടോ ഒരു ഉത്സാഹം! അത് ആ മൊബൈലിലങ്ങനെ നോക്കീരുന്നു സമയം കളയും. എന്നിട്ട് ഉച്ചക്ക് ഊണ് കഴിക്കാൻ ഞങ്ങള് ഇരിക്കുമ്പളാണ് കുട്ടന്റെ കുളിക്കാൻ പോക്ക്. പിന്നെ കുളത്തില് കുളീം നീന്തലുമൊക്കെയായി കുറേ നേരണ്ടാവും അത്. അതൊക്കെ കഴിഞ്ഞുള്ള ഊണ് കഴിക്കലേ ആയിണ്ടാവുള്ളൂ ഇപ്പോ. സതിക്ക് കുട്ടൻ ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ ന്നുള്ള ആവലാതിയാണ്. രാവിലെ കാപ്പി കുടിക്കുമ്പളും ഊണ് കഴിക്കുമ്പളും സതിക്ക് ഇതന്നെ പറയാനുള്ളു. ന്നാൽ കുട്ടന് എന്തെങ്കിലും കുലുക്കംണ്ടോ, അതൊട്ട്ല്യേനിം.
സാധാരണ കുട്ടൻ സതിങ്ങനെ പറയണത് കേട്ടിരിക്കേ പതിവുള്ളൂ. ഇന്നിപ്പോ എന്തൊക്കെയോ മറുപടി പറയണ കേൾക്കാൻ ണ്ട്. സഹികെട്ടിട്ടാവും അത് പറയണത്, എല്ലാ ദിവസോം എപ്പളും ഇങ്ങനെ കേക്കുമ്പോ അതിനും അത്ര സുഖോന്നും ണ്ടാവില്ല്യല്ലോ. ന്നാലും അതിനൊന്നു സതി പറയണത് അനുസരിച്ചൂടേ ആവൊ!? ഇങ്ങനെ ഓരോന്നോർത്ത്കൊണ്ട് ഒരു ദീർഘനിശ്വാസമെടുത്ത് സാവിത്രി പതിയെ കിടക്കയിൽ നിന്നെണീറ്റ് ശബ്ദം കേൾക്കുന്ന അടുക്കള ലക്ഷ്യമാക്കി നടന്നു.
വിചാരിച്ചത് പോലെ തന്നെയാണ് അടുക്കളയിലെ അവസ്ഥ. കുട്ടനിരുന്നു ഊണ് കഴിക്കുന്നുണ്ട്. സതി വൈകീട്ടത്തെ കാപ്പി ഉണ്ടാക്കുന്നു. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും വാക് വാദത്തിലാണ്.
‘അതിന്, രാത്രി ആ ഫോണങ്കട് മാറ്റി വച്ച് ഉറങ്ങ്യ മതി. പാതിരാത്രി വരെ അത് നോക്കിയിരുന്നിട്ടാണ് ഉറക്കം വരാത്തത്.’
‘ഉറക്കം വന്നാലല്ലേ ഉറങ്ങാ!!! ഉറക്കം വരാത്തോണ്ടാ ഫോൺ നോക്കിയിരിക്കണേ. സമയം പോണ്ടേ!’
‘ഒരു ദിവസം മൊബൈൽ ഒന്ന് മാറ്റി വച്ച് ഉറങ്ങാൻ നോക്ക്യോക്ക്, ഉറക്കം വരാതിരിക്കൊന്നും ഇല്ല. മൊബൈലില്ലാതെ ജീവിക്കാൻ പറ്റില്ല്യാന്നായാൽ പറ്റ്വോ?’
‘എന്താ ഇവിടെ കുട്ടാ?’ സാവിത്രി ചോദിച്ചു.
‘ഒന്നൂല്ല്യ മുത്തശ്ശി… പതിവുപോലെത്തന്നെ അമ്മക്ക് തോന്നണതൊക്കെ അമ്മ ങ്ങനെ പറഞ്ഞു, എനിക്ക് പറയാള്ളത് ഞാനും! അത്രേള്ളൂ.‘ എന്ന് പറഞ്ഞ് കുട്ടൻ എഴുന്നേറ്റ് കൈ കഴുകാനായി നടന്നു.
‘എന്താ സതീ ഇത്… ചീത്ത പറഞ്ഞിട്ടെന്താ കാര്യള്ളത്. പറഞ്ഞു മനസ്സിലാക്കല്ലേ വേണ്ടത്?’
‘എനിക്ക് പറഞ്ഞു മടുത്തു അമ്മേ… ഇനി എന്താച്ചാ ആയിക്കോട്ടെ. എനിക്കിങ്ങനെ ആവലാതിയായി നടക്കാൻ വയ്യ!!!’ സതിയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു, അത് കണ്ണിനു പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
‘ദാ അമ്മേ, ചായ കുടിച്ചോളൂ’ എന്ന് പറഞ്ഞ് ചായ നിറച്ച സ്റ്റീൽ ഗ്ലാസ് സാവിത്രിയുടെ മുന്നിലേക്ക് നീക്കി വച്ച് കണ്ണുനീർ കാണാതിരിക്കാനായി സതി അടുക്കളക്ക് പുറത്തു കടന്നു. നേരെ മുറിയിലേക്ക് പോയി.
കൈയും കിണ്ണവും കഴുകി വരുന്ന കുട്ടനെ നോക്കി സാവിത്രി പറഞ്ഞു.
‘എന്താ കുട്ടാ, നീ അമ്മയോട് ഇങ്ങനെ തറുതല പറയണേ?’
‘മനഃപൂർവ്വല്ല മുത്തശ്ശീ… അമ്മ ങ്ങനെ ഒരേ കാര്യന്നെ കാണുമ്പോ കാണുമ്പോ പറയുമ്പോ ദേഷ്യം വരാണേ…!’
‘അത്രേം വെഷമാവണോണ്ടാവില്ല്യേ സതി ഇങ്ങനെ പറയണേ? നീ ഇവിടെ ഇരിക്ക്.’ സാവിത്രി തൊട്ടടുത്തുള്ള കസേര ചൂണ്ടിക്കാണിച്ച് പറഞ്ഞു.
‘ദാ, ഈ കിണ്ണം അവിടെ വച്ച് വരാം.’
കുട്ടൻ തിരിച്ചുവന്നു മുത്തശ്ശിക്കരികിലിരുന്നു.
‘സതി എപ്പളും നിന്റെ കാര്യന്നെ ആലോചിക്കണോണ്ടല്ലേ നിന്നെക്കാണുമ്പോ ഇങ്ങനെ പറയണ്ട വരണേ? വാസു ഇവിടെ ഇല്ല്യാത്തോണ്ട് നിന്റെ എല്ലാ കാര്യങ്ങളും നോക്കീണ്ണതും വളർത്തീണ്ണതും ഒക്കെ നിന്റെ അമ്മന്ന്യല്ലേ? നീയപ്പോൾ ശരിയായ ദിശേല് പോണില്ല്യന്നു അമ്മക്ക് തോന്നണോണ്ടാവില്ല്യേ ഇങ്ങനെ പറഞ്ഞിണ്ടാവാ?’
‘മുത്തശ്ശി പറയണതൊക്കെ എനിക്ക് മനസ്സിലാവണ് ണ്ട്. അമ്മ എനിക്ക് വേണ്ടി കഷ്ടപ്പെടണത് അറിയാഞ്ഞിട്ടല്ല. എനിക്കും സമയത്ത് കിടക്കണം, രാവിലെ നേരത്തെ എണീക്കണം ന്നൊക്കെ ആഗ്രഹം ണ്ട്. കോളേജിൽ ന്നു പഠിച്ച ശീലം പെട്ടെന്നങ്കട് മാറ്റാൻ പറ്റണ്ടേ! നാല് കൊല്ലായിള്ള ശീലല്ലേ! മുത്തശ്ശിയോട് ഞാൻ പറയാറില്ലേ.’
‘ഉം, ശരിയാണ്. പക്ഷേ നാല് കൊല്ലല്ലേ ആയീള്ളു ഈ ശീലം തുടങ്ങീട്ട്? ഇനീം വിചാരിച്ചാൽ മാറ്റാവുന്നതേ ള്ളൂ. പക്ഷേ, എന്തു വന്നാലും അമ്മയോട് തറുതല പറയരുത്.’
‘ഇല്ല മുത്തശ്ശി, അതിന്നു അറിയാതെ പറ്റിപ്പോയതാ.. ഞാനിങ്ങനെ മുമ്പ് പറയണത് മുത്തശ്ശി കേട്ടിണ്ടോ?’
‘ഇല്ല്യ, എങ്കിലും ഇനി ശ്രദ്ധിക്കണം.
ഇന്നത്തെ കുട്ട്യോൾക്ക് ശങ്കരാചാര്യരുടെ മാതൃപഞ്ചകൊന്നും അറിയാത്തോണ്ടാ തറുതലയൊക്കെ പറയാൻ തോന്നണേ! പണ്ടൊക്കെ അച്ഛനമ്മമാരെ പേടിയാർന്നു. ഇപ്പൊ കൂട്ടുകാരുടെ പോല്യാണ് വർത്തമാനൊക്കെ. അപ്പോ പക്ഷേ എന്താ പ്രശ്നംച്ചാൽ എവിടെ നിർത്തണം ന്നു അറിയില്യ. അതോണ്ടന്നെ ഇന്നത്തെ കുട്ട്യോൾ ശങ്കരാചാര്യരെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.’
‘അതെന്താ മുത്തശ്ശി മാതൃപഞ്ചകം?’
‘കുട്ടിക്കാലത്ത് കുട്ടനെ അമ്മക്ക് നമസ്കരിക്കാൻ ഒരു ശ്ലോകം പഠിപ്പിച്ചേർന്നു. ഓർമ്മണ്ടോ?’
‘ഉവ്വല്ലോ.
“ആസ്താം താവദിയാം പ്രസൂതിസമയേ ദുർവ്വാര ശൂലവ്യഥാ
നൈരുച്യം തനു ശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണ ക്ലേശസ്യ യസ്യ ക്ഷമോ
ദാതും നിഷ്കൃതി മുന്നതോഽപി തനയസ്തസ്സ്യൈ ജനന്യൈ നമ:”
അല്ലേ? അതുപോലെ അച്ഛന്
“അഖിലാൻ അപരാധാൻ മേ
ക്ഷമസ്വ കരുണാനിധേ
പ്രസീതമദ് ഗുരോനാഥ
ജനകായ നമോ നമഃ“
അല്ലേ? അതൊക്കെ ഓർമ്മണ്ട്.’
‘ഉം, നന്നായി. ഇതിലെ അമ്മേടെ ശ്ലോകം ശ്രീ ശങ്കരാചാര്യർ എഴുതിയ മാതൃപഞ്ചകം എന്ന കൃതിയിലെയാണ്.’
‘ഓ..! അമ്മേക്കുറിച്ചുള്ള ശ്ലോകങ്ങളാണോ അത്?’
‘അതെ! അഞ്ച് ശ്ലോകങ്ങൾ. എട്ടാം വയസ്സില് സന്യാസം സ്വീകരിച്ച് ദേശം വിടുമ്പോൾ ശങ്കരൻ അമ്മക്ക് ഒരു വാക്ക് കൊടുത്തിരുന്നു. “അമ്മക്ക് എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് ഒന്ന് സ്മരിച്ചാൽ മതി, ഞാൻ അമ്മയുടെ മുന്നിലെത്തിക്കോളാം” ന്ന്. അങ്ങനെ ആ അമ്മ വയ്യാതായി മരിക്കാൻ കിടക്കുന്ന സമയത്ത് ശങ്കരനെ സ്‌മരിച്ചൂത്രേ. ശങ്കരൻ അപ്പോ അമ്മേടെ അടുത്തെത്തേം ചെയ്തു. അങ്ങനെ മഹാ തപസ്വിയായ മകന്റെ സന്നിധിയിൽ വച്ച് തന്നെ ആ അമ്മ ദേഹം വെടിഞ്ഞു. സാധാരണ സന്യാസം സ്വീകരിച്ചാൽ പിന്നെ വ്യക്തിബന്ധങ്ങൾക്കൊന്നും പ്രസക്തിയില്ലാന്നാണ്. എങ്കിലും ശങ്കരൻ തന്റെ അമ്മേടെ സംസ്കാരച്ചടങ്ങുകൾ അദ്ദേഹം തന്നെ ചെയ്യണമെന്ന് തീരുമാനിച്ചു. ആ സമയത്ത് അദ്ദേഹം ചൊല്ലിയ അഞ്ച് ശ്ലോകങ്ങളാണ് മാതൃപഞ്ചകംന്ന് അറിയപ്പെട്ടത്.
ആദിശങ്കരൻ ‘അമ്മ’ക്ക് കൊടുത്തിരുന്ന ആ സ്നേഹ-ബഹുമാനാണ് ഇതിൽന്ന് മനസ്സിലാക്കാൻ പറ്റണത്.’
‘മുത്തശ്ശിക്ക് അറിയ്വോ ആ അഞ്ച് ശ്ലോകങ്ങളും?’ കുട്ടന് ആകാംക്ഷയായി.
‘ഉവ്വല്ലോ! കുട്ടിക്കാലത്തു ഇത് സ്ഥിരം ചൊല്ലാറുണ്ടാർന്നു. കേൾക്കണോ കുട്ടന്?’
‘ഉം, ചൊല്ലൂ മുത്തശ്ശി…’
1.
“ആസ്താം താവദീയം പ്രസൂതിസമയേ ദുർവാര ശൂലവ്യഥാ
നൈരുച്യം തനു ശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യ ക്ഷമോ
ദാതും നിഷ്കൃതി മുന്നതോഽപി തനയസ്തസ്സ്യൈ ജനന്യൈ നമ:”
2.
”ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേശം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവം പ്രാരുദത് തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ”
3.
”ന ദത്തം മാതസ്തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്ത്വാ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സംപ്രാപ്തേ മയി കുരു ദയാം മാതുരതുലാം”
4.
”മുക്താമണി ത്വം, നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാത:
ദദാമ്യഹം തണ്ഡുലമേവ ശുഷ്‌കം.”
5.
“അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദ ഇതി ജനന്യൈ
അഹോ രചിതോഽയം അഞ്ജലിഃ “
‘മുത്തശ്ശിക്ക് ഇതിന്റെ അർത്ഥം അറിയ്വോ?’
‘ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തീണ്ട്. അത് കേട്ട് മനസ്സിലാവുന്നുണ്ടോ നോക്ക്.
“നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,
മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍
കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും
അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍”.
‘എന്താ മനസ്സിലായോ കുട്ടന്?’
‘ഗർഭ കാലത്തു അമ്മ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചല്ലേ മുത്തശ്ശി?’
‘അതെ… പ്രസൂതിസമയേ എന്നുവച്ചാൽ പ്രസവസമയത്ത്… ദുർവാര ശൂലവ്യഥാ… ആ സമയത്തു അമ്മ അനുഭവിച്ച വേദന, അത് ആർക്ക് വിവരിക്കാനാവും? നൈരൂച്യം തനു ശോഷണം അതായത് ഗർഭ സമയത്ത് ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ആ ദിവസങ്ങൾ… ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ… ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക. അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല. അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
എന്നാണ് ആദിശങ്കരൻ പറയണത്.
‘രണ്ടാമത്തെ ശ്ലോകത്തിൽ പറയണത് ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യാസി വേഷം ധരിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്. “നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ” എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് എന്റെ സഹപാഠികളും ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി… അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ…എന്നാണ്.
‘അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി വെള്ളം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല. സന്യാസിയായതിനാൽ ശ്രാദ്ധവിധിക്കനുസരിച്ച് സ്വധയും ഉയർത്താൻ എനിക്കാവില്ല. മരണസമയത്ത് താരകമന്ത്രവും ഞാൻ ജപിച്ചില്ല. അമ്മേ! അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് അളവറ്റ ദയ കാണിക്കണേ! എന്നാണ് മൂന്നാമത്തെ ശ്ലോകത്തിൽ പറയണേ…
‘നീ, എന്റെ മുത്തുമണിയല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു. ആ അമ്മയുടെ വായിൽ ഉണക്കല്ലരി ഇടാൻ മാത്രല്ലെ എനിക്കിന്ന് കഴിയുന്നുള്ളു എന്നാണ് ശങ്കരൻ നാലാം ശ്ലോകത്തിൽ പറഞ്ഞത്.
അതുപോലെ അഞ്ചാം ശ്ലോകത്തില് – അമ്മ പ്രസവവേദന സഹിക്ക വയ്യാതെ, അമ്മേ, അച്ഛാ, ശിവാ, കൃഷ്ണാ, ഗോവിന്ദാ, ഹരേ മുകുന്ദാ എന്നിങ്ങനെ നാമങ്ങള് ചൊല്ലി വേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അമ്മേ, അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു എന്നാണ് പറഞ്ഞേ.’
എല്ലാം ത്യജിച്ച ഒരു സന്ന്യാസി പോലും ‘അമ്മ’ എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കണതാണ് ഈ അഞ്ച് ശ്ലോകങ്ങളിലും കാണാൻ കഴിയാ. ലോകത്തെ മുഴുവൻ കീഴടക്കിയ, സർവജ്ഞ പീഠം കയറിയ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞട്ടുള്ളത്.
മാതാ-പിതാ-ഗുരു-ദൈവം ന്നു കേട്ടട്ടില്ലേ? ദൈവത്തേക്കാളും ഗുരുവിനേക്കാളും പ്രാധാന്യം അച്ഛനും അമ്മയ്ക്കും തന്ന്യാണ്. ‘ സാവിത്രി പറഞ്ഞു നിർത്തി. ആ കണ്ണുകൾ അത്രയും പറഞ്ഞപ്പോഴേക്കും നിറഞ്ഞിരുന്നു.
കുട്ടനും മറുപടി പറയാൻ വാക്കുകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടൻ എഴുന്നേറ്റ് മുത്തശ്ശിയോട് ചേർന്ന് നിന്ന് മുത്തശ്ശിയുടെ കൈകൾ തന്റെ കൈകൾക്കുള്ളിലേക്ക് പിടിച്ച് പറഞ്ഞു.
‘മുത്തശ്ശി… അമ്മയോട് ഞാൻ ഇന്ന് പറഞ്ഞതെല്ലാം തെറ്റാണ്… ഞാൻ സാധാരണ തറുതല പറയാറില്ലാന്ന് മുത്തശ്ശിക്ക് അറിയാലോ! എങ്കിലും ഇന്ന് അറിയാതെ പറഞ്ഞ് പോയി. എന്റെ തെറ്റ് എനിക്ക് മനസ്സിലായി മുത്തശ്ശി…’
സാവിത്രിയുടെ മുഖത്തു പുഞ്ചിരി വിടർന്നു. ‘ഇതാ ഞാൻ എപ്പഴും പറയണേ, നമ്മുടെ പൂർവികർ പറയേം ചെയേം ചെയ്തേൽന്ന് ഇന്നത്തെ കുട്ട്യോൾക്ക് കൊറേ കാര്യങ്ങള് പഠിക്കാൻ ണ്ട്. അതൊക്കെ വേണ്ട പോലെ പറഞ്ഞ് കൊടുക്കാൻ ആളില്ല്യാത്തതാണ് ഇന്നത്തെ പ്രശ്നം.’ സാവിത്രി ഉഷാറായി.
‘ഞാൻ അമ്മേ പോയി ഒന്നു വിളിച്ചു കൊണ്ടുവരാം. നാളെ മുതൽ അമ്മ പറയണ പോലെ നേരത്തെ എണീക്കാനും സമയത്ത് കഴിക്കാനും ശ്രമിച്ച് നോക്കാം. ചിലപ്പോ ആദ്യം വിചാരിച്ച പോലെ നടക്കില്ല, എങ്കിലും ഞാൻ എന്തായാലും ശ്രമിച്ചോണ്ടിരിക്കും. അത് ഞാൻ തീരുമാനിച്ചു’ എന്ന് പറഞ്ഞു കൊണ്ട് കുട്ടൻ സതിയുടെ മുറി ലക്ഷ്യമാക്കി കൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ ദൃഢ നിശ്ചയത്തോടെ മുന്നോട്ട് നടന്നു.
4 Responses
Nannayittundu sandhrakutty.
Very informative and motivational.
സന്തോഷം 🙂
Valare nannayitund