സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും
സാരമാം മമ ഭാഷിതം..
പോരുമീ വിധം ലീലകളെല്ലാം
നേരം പാതിരാവായല്ലോ
ധന്യമാം ദശപുഷ്പം ചൂടുവാന്‍
മന്ദമെന്നിയേ പോകേണം
ധന്യമാം ദശപുഷ്പ്പമെന്തെല്ലാം
ചൊല്ലേണം അതിന്‍ നാമങ്ങള്‍
സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍
ആഗ്രഹമുണ്ട് മാനസേ
ആദിയാകും കറുകക്ക്
ഓര്‍ക്കുകില്‍ ആദിത്യനല്ലോ ദേവത
ആധി-വ്യാധികള്‍ ഒക്കവേ തീരും
ആദരവോടെ ചൂടുകില്‍
രണ്ടാമതാകും കൃഷ്ണക്രാന്തിക്ക്
വൈഷ്ണവമെന്നറിഞ്ഞാലും
ഭക്തിയോടിതു ചൂടുന്നാകിലോ
വൈഷ്ണവപാദം ലഭ്യമാം
മൂന്നാമതാകും തിരുതാളിയ്‌ക്കോർത്താൻ
ഇന്ദിരാദേവി ദേവത
പാരിലിന്നിതു ചൂടുന്നാകിലോ
പാരമാം വിവേകാദികൾ
നാലാമതാകും കുറുന്നിലക്ക് ഓര്‍ത്താല്‍
നാന്മുഖനെന്നറിഞ്ഞാലും ദേവത
ദാരിദ്ര്യദുഃഖം ആകവേതീരും
ആദരാലിത് ചൂടുകില്‍
അഞ്ചാമതാകും കയ്യോന്നിക്കോര്‍ത്താല്‍
പഞ്ചബാണാരി ദേവത
അഞ്ചാതെ ഇത് ചൂടുന്നാകിലോ
പഞ്ചപാതകം തീര്‍ന്നു പോം
ആറാമതാകും മുക്കുറ്റി ഓര്‍ത്താല്‍
പാര്‍വ്വതി ദേവി ദേവത
ഭർതൃസൗഖ്യവും പുത്രരുമുണ്ടാം
ഭക്തിയോടിത് ചൂടുകില്‍
എഴാമതാകും നിലപ്പനക്ക് താൻ
ഭൂമിദേവി താന്‍ ദേവത
ഭക്തിയോടിത് ചൂടുന്നാകിലോ
ഐശ്വര്യമുണ്ടാം മേൽക്കുമേൽ
എട്ടാമതാകും ഉഴിഞ്ഞക്ക് ഇന്ദ്രനും
തുഷ്ടിയോടിത് ചൂടുകില്‍
മട്ടോലും മൊഴിയാളെ
നിങ്ങടെ ഇഷ്ടമോക്കെയും സാധ്യമാം.
ഒന്‍പതാം ചെറൂളക്കും ഓര്‍ക്കില്‍
വൻപെഴും യമധർമ്മന്‍ ദേവത
ആയതുമിതു ചൂടുന്നാകിലോ
ആയുസ്സുമുണ്ടാം മേല്‍ക്കുമേല്‍
പത്താമതാകും ഒരുചെവിയനും
പങ്കജോത്ഭവന്‍ ദേവത
ചങ്ങാതിമാരെ ചൂടണമിത്
മംഗല്ല്യത്തിനും ഉത്തമം.
ധനുമാസത്തിലെ തിരുവാതിര ദിവസം പാതിരാപ്പൂ ചൂടേണ്ട സമയമാവുമ്പോൾ സ്ത്രീകൾ എല്ലാവരും പാട്ടും കുരവയും ആർപ്പുവിളികളുമായി പൂത്തിരുവാതിരക്കാരി മുമ്പേയും ബാക്കിയുള്ളവർ പിന്നാലെയുമായി ദശപുഷ്പം വച്ചിരിക്കുന്ന സ്ഥലത്തെത്തുന്നു. അപ്പോൾ ഈ പാട്ടുപാടിക്കൊണ്ടാണ് ഓരോ പൂവിന്റേയും പേരു ചൊല്ലി ‘പാലക്കുനീര് കൊടുക്കൽ’ എന്ന ചടങ്ങു നടത്തുന്നത്. ഓരോ പൂവിന്റെയും പേരിനനുസരിച്ച് കിണ്ടിയിൽ നിന്നും വെള്ളം മരത്തിന്റെ ചുവട്ടിൽ ഒഴിക്കുകയാണ് ചെയ്യുന്നത്.
One Response