ദീവാലി ഓർമ്മകൾ

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

‘ഭദ്രേ… ശ്രദ്ധിക്കണം, ചായക്ക് ചൂടുണ്ട്.’

‘ഉവ്വമ്മേ… ഞാൻ പതുക്കന്ന്യാ പോണേ!’

‘ദേ, ചായ പുറത്തേക്ക് പോണു! ഇങ്ങട് തരൂ… ഞാൻ തന്നെ പിടിക്കാം.’

‘ഞാൻ ശ്രദ്ധിക്കണിണ്ട് അമ്മേ!’

‘ഉമ്മറപ്പടി ഒക്കെ നോക്കണേ.. കാലു തട്ടി വീഴണ്ട. അല്ലെങ്കിൽ ചായ അമ്മ പിടിക്കാം. അമ്മൂനുള്ള പാല് മാത്രം അമ്മു പിടിച്ചോളൂ. തരൂ ഇങ്ങട്!’

‘അമ്മേ… ഞാൻ ശ്രദ്ധിച്ച് പിടിച്ചോളാംന്നു പറഞ്ഞില്ലേ!’ ഭദ്രയുടെ മുഖത്തു അതൃപ്തിയും അമ്മയുടെ അഭിപ്രായത്തോടുള്ള നീരസവും വളരെ വ്യക്തമാണ്. 

അമ്മ ഉണ്ടാക്കി വച്ച അച്ഛനുള്ള ചായയും തനിക്കുള്ള പാലും കൊണ്ട് ഉമ്മറത്തേക്ക് പോകുകയാണ് ഭദ്രക്കുട്ടി. സാധാരണ ഇത് അമ്മയാണ്‌ ചെയ്യാറ്.ഞാൻ എഴുന്നേറ്റ് പല്ലു തേച്ച് കഴിഞ്ഞാൽ (ഞാൻ തനിയെ, ആരുടേം സഹായമില്ലാതെ തന്നെ പല്ല് നല്ല വൃത്തീല് തേച്ചും (തേക്കും) ട്ടോ!) നേരെ അടുക്കളയിലേക്ക് പോവും. അവിടെ അമ്മ നേരത്തെ എഴുന്നേറ്റ് പണികളൊക്കെ തുടങ്ങീണ്ടാവും. അച്ഛൻ അമ്മിണിപ്പശൂൻ്റെൽന്നു കറന്നെടുത്ത ചൂടുള്ള പാലിൽന്ന് (കറന്ന ഉടനെ പാലിനൊരു ചൂടുണ്ടാവും. നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?) കുറച്ചെടുത്ത് തിളപ്പിച്ച് എനിക്ക് പഞ്ചസാര ചേർത്ത് വച്ചിട്ടുണ്ടാവും. എന്നെ കണ്ടാൽ, എനിക്ക് കവിളിൽ ഒരുമ്മ തന്നു ഒരു കിണ്ണത്തിൽ രണ്ട് ഗ്ലാസ് വച്ച് ഒന്നിൽ എൻ്റെ പാലും മറ്റേതിൽ അച്ഛനുള്ള ചായയും ഒഴിക്കും. അതേ കിണ്ണത്തിലേക്ക് എൻ്റെ പാല് ചൂടാറ്റാനുള്ള ഒരു ഗ്ലാസ് കൂടി വച്ച് അമ്മ ഒരു കയ്യിൽ കിണ്ണം പിടിക്കും. മറ്റേ കൈ കൊണ്ട് എൻ്റെ കൈ പിടിച്ച് ഞങ്ങൾ രണ്ടാളും കൂടി പൂമുഖത്തേക്ക് നടക്കും. അതാണ് പതിവ്.

ഇന്ന് ഞാൻ ആ കിണ്ണം അമ്മേടേൽന്നു വാശി പിടിച്ച് വാങ്ങീതാണ്. ഞാൻ ഇപ്പോൾ വല്ല്യേ കുട്ട്യായില്ലേ! ഒറ്റയ്ക്ക് പല്ലു തേക്കും, കുളിക്കും. ഇന്നലെ ഒറ്റക്ക് തോർത്തീത് ശരിയായി, വെള്ളം നല്ലോം മുടീൽന്ന് പോയിണ്ട് ന്നൊക്കെ അമ്മ തന്ന്യല്ലേ പറഞ്ഞത്. എന്നിട്ടും അച്ഛന് ചായ കൊണ്ടുപോയി കൊടുക്കാറായിട്ടില്ലത്രേ! ഞാനും ഇപ്പോ ചൂടോടെ പാലൊക്കെ കുടിക്കാറുണ്ടല്ലോ. എങ്കിലും അമ്മക്ക് പേടി.

‘അച്ഛാ… ദാ ചായ’

‘ആഹാ… ഇതാരാത്? അച്ഛൻ്റെ ഭദ്രക്കുട്ടിയാണോ ഇന്ന് ചായ ണ്ടാക്കീത്?’

ഭദ്രയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

‘അതെ… ണ്ടാക്കീത് അമ്മ, കൊണ്ടന്നത് ഭദ്ര’ 

തിണ്ണ കൈ കൊണ്ട് തുടച്ച് അവിടേക്ക് ചൂണ്ടിക്കൊണ്ട് അമ്മ പറഞ്ഞു. 

‘ആ കിണ്ണം ഇവിടെ വച്ചോ!’ അമ്മയുടെ മുഖത്തെ പരിഭ്രമം പൂർണമായി മാറിയിട്ടില്ല.

ഞാൻ കിണ്ണം തിണ്ണയിൽ വച്ചതും അച്ഛൻ എന്നെ വാരിയെടുത്ത് മടിയിലിരുത്തി. അച്ഛന് നല്ല സന്തോഷായിണ്ടാവും ഞാൻ ചായ കൊണ്ടുവന്നത്. ഇപ്പൊ അമ്മേടെ മുഖത്തും പുഞ്ചിരി കാണാനുണ്ട്.

ഇത് പതിവാണ്. അച്ഛൻ പത്രം വായിച്ചുകൊണ്ട് ചായ കുടിക്കുമ്പോൾ അച്ഛൻ്റെ മടിയിലിരുന്ന് അതിലെ ചിത്രങ്ങൾ കണ്ട്, അക്ഷരങ്ങൾ വായിച്ചുകൊണ്ടാണ് അമ്മ ചൂടാറ്റി തരുന്ന പാല് ഞാൻ കുടിക്കാറ്. 

ഭദ്രക്കുട്ടി വായന തുടങ്ങി. ‘ഇ… ന്ന്… ദീ… പാ… വ… ലി…’

‘ഹായ്, നല്ല ഭംഗീള്ള വിളക്കുകൾ… ദേ, കമ്പിത്തിരി.’

‘അത് കമ്പിത്തിരി അല്ല അമ്മൂ, പൂക്കുറ്റി ആണ്.’

‘പൂക്കുറ്റിയോ? അതിന് വിഷു ആയോ?’

‘വിഷു അല്ല, ദീപാവലി‘ ശ്രീദേവി പറഞ്ഞു.

‘അതെന്താ ദീപാവലി? വിഷൂനല്ലേ പടക്കം പൊട്ടിക്ക്യാ?’

‘നമ്മളൊക്കെ വിഷൂനാ പൊട്ടിക്കാറ്. കേരളത്തിന് പുറത്തുള്ളോര് ദീപാവലിക്കും. അവരാരും വിഷു ആഘോഷിക്കാറില്ല.’ ശ്രീദേവി വിവരിച്ചു കൊടുത്തു.

‘അതെന്താ അങ്ങനെ?’ ഭദ്രക്ക് ആകെ സംശയമായി 

‘വിഷു കേരളത്തിലെ ആഘോഷമാണ്. അത് ഏപ്രിലിലാണ്. മലയാള മാസം മേടം ഒന്നാം തിയതി. എന്നാൽ ദീപാവലി നമ്മളൊന്നും കാര്യായി ആഘോഷിക്കാറില്ല. ഉത്തരേന്ത്യയിലാണ് അത് ആഘോഷിക്കാറ്.’ ശ്രീദേവി പറഞ്ഞു.

‘അങ്ങനൊന്നൂല്യ. എല്ലാവരും ആഘോഷിക്കേണ്ട ഒന്നാണ് ദീപാവലി. ഇന്ത്യയിൽ എല്ലായിടത്തും ദീപാവലി ആഘോഷിക്കാറുണ്ട്. കേരളത്തില് ഒക്കെ ചുരുക്കി ചുരുക്കി ഇല്യതായതാവാനേ വഴീള്ളു. ഇവിടൊക്കെ ഇപ്പോ ഒരു അവധി ദിവസം ന്നു മാത്രല്ലേ ഉള്ളൂ! ചിലോരൊക്കെ ഇപ്പോ വിളക്കുകൾ കൊളുത്തി വച്ച് ദീപാവലി ആഘോഷിച്ച് തുടങ്ങീണ്ട് എന്നത് ഒരു നല്ല സൂചനയാണ്. എങ്കിലും എന്താ ദീപാവലീടെ സന്ദേശം ന്നന്നെ മിക്കവർക്കും അറിയിണ്ടാവില്ല.’ ഹരി ശ്രീദേവിക്ക് മറുപടി കൊടുത്തു. അതിൽ നമ്മളൊന്നും ദീപാവലി ആഘോഷിക്കാറില്ല എന്ന് പറഞ്ഞതിൻ്റെ നീരസം നന്നേ കാണാം.

‘ഞാനൊന്നും ഇതുവരെ ആഘോഷിച്ചട്ടേ ഇല്ല്യ. ഏട്ടൻ ബോംബെയിൽ ഉണ്ടാർന്നോണ്ടാവും ഇതിനെക്കുറിച്ചൊക്കെ അറിയണെ. അവിടെ ആയിരുന്നപ്പോൾ ആഘോഷിച്ചിണ്ടാവും ലേ?’

‘അത് ശരിയാണ്. ഞാൻ ബോംബയിൽ ചെന്നിട്ടാണ് ദീവാലി ആഘോഷങ്ങൾ ശരിക്ക് കാണണതും ആസ്വദിക്കണതും. അവിടെ രസകരമായിരുന്നു. ഭദ്രേ, നീ കേൾക്കണുണ്ടോ, ഈ ദീപാവലി ന്നു വച്ചാൽ ദീപങ്ങളെക്കൊണ്ട് അലങ്കരിക്കുന്ന ആഘോഷമാണ്. അതായത്, ദീപത്തിൻ്റെ അല്ലെങ്കിൽ  വിളക്കിൻ്റെ ആവലി. സംസ്കൃതത്തിൽ  ആവലി എന്ന് വച്ചാൽ നിര. ഈ ചിത്രത്തിൽ കാണുന്ന പോലുള്ള ചിരാതുകൾ നിര നിരയായി വച്ചാണ് വീടിനെ മോടി പിടിപ്പിക്കുന്നത്. ഈ സമയത്ത് റോഡിലൂടെ ഒക്കെ പോവുമ്പോൾ എന്താ ഭംഗീന്നോ! എല്ലാ വീടിൻ്റെയും ഉള്ളിലും പുറത്തും ഒക്കെ ഇങ്ങനെ വിളക്കുകൾ കാണാം.’

‘നല്ല രസായിരിക്കും ലേ അച്ഛാ… എന്നേം ബോംബെക്ക് കൊണ്ടോവ്വോ ഇത് കാണാൻ?’

‘പിന്നെന്താ ചക്കരേ… അച്ഛൻ കൊണ്ടോവാം ട്ടോ. ശ്രീ, നിനക്കറിയ്വോ ഈ ദീപാവലിടെ ഐതീഹ്യം?’

‘എന്തോ, നരകാസുരവധം ന്നൊക്കെ കേട്ടിണ്ട്. കൃത്യമായിട്ട് അറിയില്ല.’

‘ആഹ്… അത് ഒരു കഥ. അങ്ങനെ പല പല കഥകൾ ഉണ്ട്. അമ്മൂന് കഥ കേൾക്കണോ?’

‘ആ, വേണം വേണം.’ ഭദ്രക്ക് ഉത്‍സാഹമായി.

‘ഈ പാലും കൂടി കുടിച്ചിട്ട് കഥ കേൾക്കാം’ ശ്രീദേവി അതൊരു അവസരമാക്കിയെടുത്ത് ഭദ്രയെക്കൊണ്ട് പാല് മുഴുവൻ കുടിപ്പിച്ചു. 

ഹരി കഥ പറഞ്ഞു തുടങ്ങി.

‘പണ്ട് ഹിരണ്യാക്ഷൻ എന്നൊരു അസുരൻ ഉണ്ടായിരുന്നു. ആ അസുരൻ സ്വന്തം ബലത്തിൽ അഹങ്കരിച്ചു ഭൂലോകവാസികളെയെല്ലാം ഉപദ്രവിക്കുമായിരുന്നു. ഭീകരനായ ഒരു കാട്ടുപന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദ ഉപയോഗിച്ച് അവൻ സമുദ്രമാകെ ഇളക്കി മറിച്ചു. ദേഹം മുഴുവൻ മുറിവേറ്റ വരുണദേവൻ മഹാവിഷ്ണുവിൻ്റെ മുൻപിൽ തൻ്റെ സങ്കടമുണർത്തിച്ചു. അധർമ്മം മനസ്സിലാക്കിയ ഭഗവാൻ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയിൽ നിന്നുണർന്നു. ഇത് മനസ്സിലാക്കിയ ഹിരണ്യാക്ഷൻ തൻ്റെ തേറ്റ ഉപയോഗിച്ച് ഭൂമീദേവിയെ കോരിയെടുത്തു അപ്രത്യക്ഷയായി. പാതാളത്തിലേക്കായിരുന്നു പോയത്. പാതാളത്തെക്കുറിച്ച് അച്ഛൻ പറഞ്ഞത് ഭദ്രക്ക് ഓർമ്മല്ല്യേ?’

‘ഉവ്വ് അച്ഛാ… ഏഴു ലോകങ്ങളിൽ ഒന്നല്ലേ?’

‘മിടുക്കി… അപ്പോ ഓർമ്മ ണ്ട് ലേ?’

‘ഉവ്വല്ലോ! ബാക്കി കഥ പറയൂ അച്ഛാ…’

‘ആ പറയാം. അങ്ങനെ ഹിരണ്യാക്ഷൻ്റെ കൊമ്പും ഭൂമീദേവിയുടെ മേനിയും തമ്മിലുള്ള സമ്പർക്കത്തിൽ ഭൂമീദേവി ഗർഭിണിയായി. ഭൂമീദേവിയെ മഹാവിഷ്ണു അസുരനിൽ നിന്നും മോചിതയാക്കി. ഭൂമീദേവി ഭഗവാനോട് തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ അഭ്യർത്ഥിച്ചു. ഭഗവാൻ ഭൂമീദേവി പ്രസവിച്ച ആ കുഞ്ഞിനു ‘നരകൻ’ എന്ന പേര്‌ നൽകി നാരായണാസ്ത്രം നൽകി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം കാലം പത്നീ സമേതനായ മഹാവിഷ്ണുവിനല്ലാതെ മറ്റാർക്കും അവനെ വധിക്കാനാവില്ലെന്ന വരസിദ്ധിയും കൊടുത്തു. 

അസ്ത്രം ലഭിച്ചതോടെ അഹങ്കാരിയായ നരകാസുരൻ എല്ലാവരേയും ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീകളെ അതിക്രമിക്കുകയും ദേവന്മാരെ ഉപദ്രവിക്കുകയുമായിരുന്നു നരകാസുരൻ്റെ പ്രധാന വിനോദം. ഒരു ദിവസം നരകാസുരൻ ഇന്ദ്രലോകത്ത് ചെന്ന് ഇന്ദ്രൻ്റെ സ്ഥാനചിഹ്നമായ വെൺകൊറ്റക്കുടയും കിരീടവും കൈക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകൾ സ്വന്തമാക്കുകയും ചെയ്തു. പ്രാഗ്ജ്യോതിഷം എന്ന നഗരമായിരുന്നു നരകാസുരൻ്റെ രാജ്യതലസ്ഥാനം. അവിടെ അസുരന്മാർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഇന്ദ്രൻ മഹാവിഷ്ണുവിനോട് തൻ്റെ സങ്കടം ബോധിപ്പിച്ചു. 

ഭഗവാൻ ദ്വാപരയുഗത്തിൽ കൃഷ്ണനായി അവതരിച്ചു സത്യഭാമയോടൊപ്പം പ്രാഗ്ജ്യോതിഷത്തിലെത്തി. നരകാസുരനുമായി യുദ്ധത്തിലേർപ്പെട്ടു അസുരനെ അർധരാത്രി കഴിഞ്ഞപാടേ വധിച്ചു. അസുരൻ തന്റെ കൊട്ടാരത്തിൽ തടവിലാക്കിയ 16,000 സ്ത്രീകളെ രക്ഷിക്കുകയും ചെയ്തു. അത് തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശിയായിരുന്നു. നരകനിൽ നിന്നും വീണ്ടെടുത്ത സ്ഥാനചിഹ്നങ്ങളും വൈരക്കമ്മലും ഭഗവാൻ ഇന്ദ്രനെ തിരിച്ചേൽപ്പിച്ചു. നരകാസുര വധത്തിൽ സന്തോഷിച്ച ദേവന്മാർ ദീപങ്ങൾ കത്തിച്ചും മധുരം നൽകിയും സന്തോഷം പങ്കുവച്ചു. ഇതിൻ്റെ സ്മരണയിലാണ് ഭൂമിയിലും നന്മയുടെ പ്രകാശം തെളിയിക്കുന്ന ആഘോഷമായി ദീപാവലി ആഘോഷിച്ച് തുടങ്ങിയത് എന്നാണ് പൊതുവേ കേൾക്കുന്ന ഐതിഹ്യം.

എന്നിരുന്നാലും, കഥയുടെ മറ്റൊരു പതിപ്പ് നരകാസുരനെ ഉന്മൂലനം ചെയ്‌തത് ശ്രീകൃഷ്ണന്റെ പത്നിയായ സത്യഭാമയാണെന്നാണ്. നരകാസുരനെ വധിക്കാൻ അവന്റെ അമ്മയായ ഭൂമീദേവിക്ക് മാത്രമേ കഴിയൂ എന്നും സത്യഭാമ അതേ ഭൂദേവിയുടെ അവതാരമായതിനാൽ അവനെ കൊല്ലാൻ കഴിയൂലോ. മരണത്തിന് മുൻപായി നരകാസുരൻ തന്റെ തെറ്റ് മനസ്സിലാക്കുകയും തന്റെ മരണം എല്ലാവരും വർണ്ണാഭമായ പ്രകാശത്തോടെ ആഘോഷിക്കാൻ സത്യഭാമയോട് ഒരു വരം അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിന്റെ സ്മരണയ്ക്കായി, ദീപാവലി ദിനത്തിന് രണ്ട് ദിവസം മുമ്പ്, ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നരക ചതുർദശി എന്ന പേരിൽ ഈ പരിപാടി ആഘോഷിക്കുന്നു എന്നാണ് ചിലർ പറയുന്ന ഐതീഹ്യം. ഇങ്ങനെ ഓരോ നാട്ടിലും ഓരോ കഥകൾ ആണ് പറഞ്ഞു കേൾക്കാറ്.’ ഹരി പറഞ്ഞു നിർത്തി.

‘അപ്പോ ഇനിയും ഉണ്ടോ കഥകൾ?’

‘ഉണ്ടല്ലോ… ചിലർ വിശ്വസിക്കുന്നത് ഈ ദിവസം ലക്ഷ്മീദേവീടെ പിറന്നാളാണ് ന്നാണ്. അതിൻ്റെ കഥ എങ്ങനെയാണ്ച്ചാൽ ദേവന്മാരും അസുരന്മാരും അമൃതിനായി സമുദ്ര മഥനം ചെയ്തപ്പോൾ പല ദിവ്യ സ്വർഗ്ഗീയ വസ്തുക്കളൊക്കെ  ഉയർന്നു വന്നൂന്നു കേട്ടിണ്ടല്ലോ. അതിൽ കാർത്തിക മാസത്തിലെ അമാവാസി നാളിൽ ഉദയം ചെയ്ത ക്ഷീരസമുദ്രത്തിലെ രാജാവിന്റെ പുത്രി ലക്ഷ്മി ദേവിയാണ് ഇവരിൽ പ്രധാനി. പിന്നീട് വർഷത്തിലെ അതേ ഇരുണ്ട രാത്രിയിൽ ആ ദേവി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചൂന്നും ഈ പുണ്യ സന്ദർഭം അടയാളപ്പെടുത്തുന്നതിനായി തിളങ്ങുന്ന വിളക്കുകൾ പ്രകാശിപ്പിക്കുകയും നിര നിരയായി വക്കേം ചെയ്തു. അതിനാൽ ലക്ഷ്മീ ദേവിയുടെ പിറന്നാളാണ് ഈ ദിവസമെന്നും ലക്ഷ്മി ദേവിയുടെ മഹാവിഷ്ണുവുമായുള്ള വിവാഹദിവസമാണെന്നും വിശ്വസിക്കുകയും അതുകൊണ്ടാണ് വരും വർഷത്തേക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം തേടുന്നതിനായി ദീപാവലി ദിവസം ലക്ഷ്മീപൂജ ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

എന്നാൽ, ഉത്തരേന്ത്യയിലെ വിശ്വാസം പതിനാല് വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തി വിജയിയായി സീതയോടും ലക്ഷ്മണനോടുമൊപ്പം തിരികെ അയോദ്ധ്യയിലേക്ക് വരുന്ന ദിവസമാണ് ദീപാവലി എന്നാണ്. അവരുടെ ഗൃഹപ്രവേശത്തെ സ്വാഗതം ചെയ്യുന്നതിനായി, അയോധ്യയിലെ ജനങ്ങൾ ദിയകളും പടക്കങ്ങളും കൊണ്ട് രാജ്യം മുഴുവൻ പ്രകാശിപ്പിക്കുകയും വളരെ രസകരമായും പടക്കം പൊട്ടിച്ചും ഈ ചടങ്ങ് ആഘോഷിക്കുകയും ചെയ്തൂന്നും അതിൻ്റെ ആവർത്തനം ആണ് എല്ലാ കൊല്ലോം നടത്തണത് ന്നാണ് അവർ പറയണേ.. 

വേറെ കേട്ടിട്ടുള്ളത് മഹാഭാരതവുമായി ബന്ധപ്പെടുത്തിയാണ്. കൗരവരുമായുള്ള ചൂതാട്ടകളിയിൽ പരാജയപ്പെട്ടതിന്റെ ഫലമായി 12 വർഷത്തെ വനവാസം കഴിഞ്ഞ് പാണ്ഡവർ പ്രത്യക്ഷപ്പെട്ടത് ‘കാർത്തിക് അമാവാസി’ (കാർത്തിക മാസത്തിലെ അമാവാസി) ആയിരുന്നു എന്നാണ്. അഞ്ച് പാണ്ഡവ സഹോദരന്മാരും അവരുടെ അമ്മയും അവരുടെ ഭാര്യ ദ്രൗപതിയും സത്യസന്ധരും ദയയുള്ളവരും സൗമ്യതയും കരുതലുള്ളവരുമായിരുന്നു, അവരുടെ എല്ലാ പ്രജകളാലും അവർ  സ്നേഹിക്കപ്പെട്ടു. ഹസ്തിനപുരത്തിലേക്കുള്ള അവരുടെ മടങ്ങിവരവിന്റെ സന്തോഷകരമായ സന്ദർഭം ആഘോഷിക്കാനും പാണ്ഡവരെ തിരികെ സ്വാഗതം ചെയ്യാനും, സാധാരണക്കാർ എല്ലായിടത്തും തിളങ്ങുന്ന മൺവിളക്കുകൾ കത്തിച്ച് അവരുടെ സംസ്ഥാനത്തെ പ്രകാശിപ്പിച്ചുന്നും ആ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു ന്നുമാണ് ആ വിശ്വാസം.

എന്തായാലും ഈ അസുരൻ എന്നാൽ അന്ധകാരത്തെയാണല്ലോ  സൂചിപ്പിക്കുന്നത്. അതായത് അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക്, അറിവിലേക്ക് അല്ലെങ്കിൽ നന്മയിലേക്കുള്ള മാറ്റത്തിൻ്റെ ദിവസമാണ് ദീപാവലി. ഈ എല്ലാ കഥകളുടേയും ആശയം അത് തന്നെ ആണല്ലോ.’

‘അപ്പോൾ എല്ലാ കൊല്ലവും തുലാമാസത്തിലെ ചതുർദ്ദശിക്കാണോ ദീപാവലി?’

ശ്രീയുടെ സംശയം

‘അതെ. തുലാമാസത്തിലെ കറുത്തവാവ് ദിവസം. പക്ഷെ, ഉത്തരേന്ത്യയിലൊക്കെ അഞ്ച് ദിവസം ഉണ്ട് ട്ടോ ദീപാവലി ആഘോഷം. 

ധന ത്രയോദശി, നരക ചതുർദ്ദശി, ലക്ഷ്മീപൂജ, ബലിപ്രതിപദ, ഭാതൃ ദ്വിതീയ. അങ്ങനെ അഞ്ച് ദിവസങ്ങൾ.’

‘അതെയോ അപ്പോൾ എന്തൊക്കെയാ ഓരോ ദിവസത്തേയും ചടങ്ങുകൾ?’

‘ആദ്യത്തെ ദിവസം ധന ത്രയോദശി. മഹാരാഷ്ട്രക്കാർ ധൻതേരസ്സ് ന്നാണ് പറയാ. അന്ന് എല്ലാരും വീടും പരിസരവും പൂർണമായി വൃത്തിയാക്കും. നമ്മടെ കർക്കിടക സംക്രാന്തി ഒക്കെ പോലെ. പക്ഷേ, അവർക്ക് ഇതിലൊക്കെ വളരെ നിഷ്കർഷ ഉണ്ട്. നമ്മൾ കുറെയൊക്കെ ഒപ്പിക്കൽ ആയി തുടങ്ങീല്യേ, അവർ ഉപയോഗിക്കാത്ത പാത്രങ്ങൾ വരെ എടുത്ത് പൊടിയൊക്കെ കളഞ്ഞ് തുടച്ച് വക്കും. ഞങ്ങളും ബോംബെയിൽ പതിവുണ്ടാർന്നു. ഈ വൃത്തിയാക്കലിൻ്റെ ഭാഗമായി കുറേ പഴയ സാധനങ്ങളൊക്കെ കളയാൻ ഉണ്ടാവും, അതല്ലെങ്കിലും വൃത്തയാക്കുമ്പോളാണല്ലോ കുറേ സാധനങ്ങൾ കളയാറായി ന്നു നമുക്കൊരു ബോധോദയം ഉണ്ടാവാറ്!!! (ചിരിച്ചു കൊണ്ട് ഇടകണ്ണിട്ട് ശ്രീദേവിയെ നോക്കിക്കൊണ്ട് ഹരി തുടർന്നു.) അപ്പോ അതിനു പകരായിട്ട് പാത്രങ്ങളും പുതിയ വസ്ത്രങ്ങളും എല്ലാം വാങ്ങും. അതോണ്ടന്നെ അന്നത്തെ ദിവസം കച്ചവടക്കാർക്കൊക്കെ കുശാലാണ്. ഈ വൃത്തിയാക്കലെല്ലാം കർക്കിടക സംക്രാന്തിയെപ്പോലെ തന്നെ ലക്ഷ്മീദേവിയെ വീട്ടിലേക്ക് ക്ഷണിക്കാൻ വേണ്ടി തന്നെയാണ് ട്ടോ ചെയ്യണത്. എന്നിട്ട് വീട്ടിലെ സ്വർണം, ധനം എല്ലാം പുറത്തെടുത്ത് പ്രാർത്ഥിക്കും. അതൊക്കെ തന്നതിന് ലക്ഷ്മീദേവിയോട് നന്ദി പറയലാകും സങ്കല്പം. സമ്പത്തിൻ്റെ ദിവസം ആയിട്ടാണ്  ധൻതേരസ് കണക്കാക്കുന്നത്.

അമ്മു ഉറങ്ങിയോ? ഒരു ശബ്ദവും കേൾക്കാൻ ഇല്ല്യല്ലോ?’ ഹരി ഭദ്രയെ കുലുക്കിക്കൊണ്ട് ചോദിച്ചു.

‘ഇല്ലില്ല. ഒക്കെ കേട്ട് കിടക്കുന്നുണ്ട്. എന്താ ഇന്നിപ്പോ സംശയങ്ങളൊന്നും ഇല്ല്യാത്തെ ആവോ… അല്ലെങ്കിൽ നൂറു കൂട്ടം സംശയങ്ങൾ ഇതിന്റെ ഇടയിൽ തന്നെ ചോദിച്ച് കഴിയേണ്ടതാണല്ലോ!’ ശ്രീദേവിയും കൂട്ടിച്ചേർത്തു.

അച്ഛൻ്റെ നെഞ്ചിൽ ചാരിക്കിടക്കുകയാണ് ഭദ്ര.

‘കേൾക്കിണ്ണ്ട് അച്ഛാ… ‘ അവൾ പതുക്കെ പറഞ്ഞു.

‘ഉം… കിടപ്പ് കണ്ടാൽ പതുക്കെ ഉറങ്ങാനുള്ള വകുപ്പ് കാണാനുണ്ട്.’ ശ്രീദേവി ഹരിയോടായി പറഞ്ഞു.

‘എന്നാൽ അച്ഛൻ അമ്മൂന് ഈ ധൻതേരസ് ദിവസത്തെക്കുറിച്ച് അച്ഛൻ കേട്ടിട്ടുള്ള ഒരു കഥ പറഞ്ഞ് തരാം ട്ടോ. ഹിമ രാജാവിൻ്റെ മകനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിവസമാണ് ഇത് എന്നാണ് പറയണേ. അതെന്താച്ചാൽ ആ രാജകുമാരൻ്റെ ജാതകത്തില്‍ അദ്ദേഹത്തിൻ്റെ വിവാഹത്തിന്‍റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നു എഴുതിയിട്ടുണ്ടായിരുന്നുത്രേ. അങ്ങനെ ആ രാജകുമാരൻ്റെ കല്യാണം കഴിഞ്ഞു, നാലാം ദിവസം രാത്രിയായി. അദ്ദേഹത്തിന്‍റെ ഭാര്യ ഈ ജാതകത്തിലെ കാര്യം കേട്ടപ്പോൾ എന്താ ചെയ്തത്‍ന്നോ,വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി വച്ച് ആഭരണങ്ങളുടെയും നാണയങ്ങളുടെയും ഒക്കെ ഒരു കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി വച്ചൂത്രേ. ഒരു പാമ്പിന്‍റെ രൂപത്തിലെത്തിയ യമദേവന് ആ വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല്യാന്നും അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയിന്നുമാണ് ഐതിഹ്യം. അതുകൊണ്ടു തന്നെ മരണത്തിന് മേല്‍ ഇഛാശക്തി കൊണ്ട് നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ദീപാവലിയുടെ ആദ്യദിനം ആഘോഷിക്കുന്നത്.

ഇനി രണ്ടാം ദിവസമാണ് നരകചതുർദ്ദശി. ഛോട്ടീ ദീവാലി ന്നും പറയും. നരകാസുരനു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്. അന്ന് ആളുകൾ അതിരാവിലെ നല്ല എണ്ണയൊക്കെ തേച്ച് കുളിക്കുകയും അമ്പലങ്ങളൊക്ക സന്ദർശിക്കുകയും ചെയ്യുന്നു. വീടുകളിലൊക്കെ രംഗോലിയൊക്കെ ഇട്ട് സുന്ദരമാക്കും.’

‘രംഗോലി ന്നു വച്ചാൽ എന്താ?’ ഭദ്രക്കുട്ടിയുടെ ചോദ്യം.

ഭദ്ര ഉറങ്ങിയിട്ടില്ല, അച്ഛൻ പറയുന്ന കാര്യങ്ങളെല്ലാം സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട് എന്ന് അപ്പോളാണ് ഹരിക്ക് മനസ്സിലായത്. 

‘രംഗോലി ന്നു വച്ചാലേ, പല നിറത്തിലുള്ള പൊടികൾ ഉപയോഗിച്ച്  നല്ല ഭംഗിയുള്ള ഡിസൈനുകൾ വരക്കുന്നതാണ്. അമ്മു ഓണത്തിന് പൂക്കളം ഇടാറില്ലേ, അത് പോലെ പൊടി കൊണ്ട് വരച്ചുണ്ടാക്കും. അച്ഛൻ ഇത് കഴിഞ്ഞാൽ വരച്ച് കാണിച്ച് തരാംട്ടോ.’

‘ഉം… ‘

‘പിന്നെ എന്തൊക്കെയാ ഛോട്ടീ ദീവാലി പരിപാടികൾ?’ ശ്രീ ചോദിച്ചു.

‘ആഹ്, രംഗോലിയിടലു കഴിഞ്ഞാൽ പല വ്യത്യസ്തങ്ങളായ മധുരപലഹാരങ്ങളും മറ്റും ഉണ്ടാക്കലും ആ ഉണ്ടാക്കിയ പലഹാരങ്ങൾ കൂട്ടുകാരുടേം ബന്ധുക്കളുടേം ഒക്കെ വീടുകളിൽ കൊണ്ട് പോയി കൊടുക്കേം ഒക്കെ ചെയ്യും. പിന്നെ ദീപാവലി ദിവസത്തേക്കുള്ള ഒരുക്കങ്ങളും വേണം. അങ്ങനെ ആ ദിവസം കഴിഞ്ഞാൽ മൂന്നാം ദിവസമാണ് ശരിക്കുമുള്ള ദീപാവലി. അന്ന് വീടുകളിൽ ലക്ഷ്മീ പൂജയും ഗണപതി പൂജയുമൊക്കെ ഉണ്ടാകും. വൈകീട്ട് മൺചിരാതിൽ ‘ദിയ’ന്നാണ് പറയാ, അത് കൊളുത്തി വീടിനു ചുറ്റും അലങ്കരിക്കും. പടക്കങ്ങളൊക്കെ പൊട്ടിക്കും. ഠോ ഠോ ന്ന്.’ ഭദ്രക്കുട്ടിയെ ഉത്സാഹിപ്പിക്കാൻ ഹരി കൈകൾ കൊണ്ട് ഭദ്രക്കുട്ടിയെ കുലുക്കിക്കൊണ്ട് ഉറക്കെ പറഞ്ഞു.

ഭദ്ര കുലുങ്ങിക്കുലുങ്ങി ചിരിച്ചു. അതോടെ ഭദ്രേടെ ഉറക്കമൊക്കെ പോയിക്കിട്ടി.

ഹരി തുടർന്നു. ‘ബോംബെയിൽ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റിൽ ഒരു മറാഠി കുടുംബം ഉണ്ടാർന്നു. വസന്ത് ഭയ്യയും സുവർണ്ണ ദീദിയും. അവരോടൊപ്പമായിരുന്നു ഞങ്ങളുടെ ദീപാവലി. ദീദി നല്ല പാചകക്കാരിയാണ്. അതുകൊണ്ട് തന്നെ ഒരു ദീപാവലി മുടക്കിനും ഞാൻ നാട്ടിലേക്ക് പോരാറില്ല.’ ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു.

‘അത് ശരി. ദീപാവലിക്ക് മധുര പലഹാരങ്ങൾ പ്രധാനമാണ് ന്നു കേട്ടിട്ടുണ്ട്. അത് ഈ ലക്ഷ്മീപൂജക്ക് വേണ്ടി ആണ് ലേ ഉണ്ടാക്കണേ? കേരളത്തിൽ ഒഴികെ എല്ലായിടത്തും ലഡ്ഡുവും ജിലേബിയും എല്ലാം നിവേദിക്കും ലോ!’

‘അതെ… ലക്ഷ്മീ പൂജക്ക് വേണ്ടിയാണ് എല്ലാം ഉണ്ടാക്കണേ… പല നിറത്തിലുള്ള പൂക്കളും പലഹാരങ്ങളും ഒക്കെ അലങ്കരിച്ചത് കാണാൻ തന്നെ നല്ല ഭംഗിയാണ്. പാലുകൊണ്ടുള്ള പേട പോലത്തെ മധുരങ്ങൾ, ബർഫികൾ, പല തരം ഹൽവകൾ, ഗുലാബ് ജാമുൻ, ഖീർ അങ്ങനെ പല പല വ്യത്യസ്ത മധുരങ്ങൾ ഉണ്ടാവും. പിന്നെ മുറുക്കും അങ്ങനത്തെ വറുത്ത സാധനങ്ങളും ഉണ്ടാവും, എങ്കിലും ഈ മധുരം കഴിച്ച് കഴിച്ച് അത്താഴം ഒക്കെ ശരിക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിണ്ട്.’

‘അച്ഛൻ പറയണ കേട്ടപ്പോ എനിക്കും ഇതൊക്കെ കഴിക്കാൻ തോന്നാ!! വായിൽ വെള്ളം വരുണൂ…’ ഉമിനീർ ഇറക്കിക്കൊണ്ട് ഭദ്ര പറഞ്ഞു.

‘അച്ചോടാ… അച്ഛൻ്റെ സുന്ദരിക്ക് അച്ഛൻ ഇതൊക്കെ വാങ്ങിത്തരാം ട്ടോ. കണ്ട്വോ ശ്രീ? അമ്മൂൻ്റെ വായിൽ വെള്ളം വരാത്രേ!’ ഹരി ഉറക്കെ ചിരിച്ചു.

‘ഹ ഹ…’ ശ്രീയും ആ ചിരിയിൽ പങ്കുചേർന്നു. ‘ഇന്ന് അമ്മ പായസം ഉണ്ടാക്കിത്തരാം ട്ടോ. അച്ഛൻ ബാക്കി കൂടെ പറയട്ടെ. എന്നിട്ട് അമ്മ അമ്മൂന് പായസം ഉണ്ടാക്കാൻ പോവായി.’ എന്ന് പറഞ്ഞുകൊണ്ട് ശ്രീ അമ്മുവിന് ഒരു ഉമ്മയും കൊടുത്തു.

‘അപ്പോ മൂന്ന് ദിവസം കഴിഞ്ഞു. നാലാം ദിവസം പല നാടുകളിലും പല ആഘോഷരീതികളാണ്. ഉദാഹരണത്തിന്, ഉത്തരേന്ത്യയിൽ രാവിലെ ഈ ഉപകരണങ്ങളൊക്കെ പൂജിക്കും. അതായത് പാചകക്കാർ അവരുടെ അടുക്കള ഉപകരണങ്ങൾ, കലാകാരന്മാരാണെങ്കിൽ അവരുടെ പെയിന്റുകളും പാലറ്റുകളും ഒക്കെ പൂജിക്കും. വിക്രമ (ഹിന്ദു) കലണ്ടറിലെ കാർത്തികമാസത്തിലെ ഒന്നാന്തി ആയതിനാൽ ഗുജറാത്ത് പോലെയുള്ള ചില സ്ഥലങ്ങളിൽ അന്ന് അവർ പുതുവർഷം ആയിട്ടാണ് കണക്കാക്കണേ. ഈ ദിവസം, ഏതെങ്കിലും ഒരു പുതിയ സംരംഭോ വസ്തുവകകൾ വാങ്ങലോ  വിവാഹം പോലുള്ള വിശേഷ അവസരങ്ങൾ ഒക്കെ ശുഭകരമായി കണക്കാക്കുന്നു. ഗുജറാത്തിലെ ചില വീടുകളിൽ, നെയ്യ് കൊണ്ടുള്ള ഒരു ദിയ അന്ന് രാത്രി മുഴുവൻ കത്തിച്ചു കളഞ്ഞു പിറ്റേന്ന് രാവിലെ ഈ ദിയയിൽ നിന്ന് ശേഖരിക്കുന്ന തീജ്വാല കാജൽ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് ന്നു കേട്ടിണ്ട്. 

ചിലയിടങ്ങളിൽ ഗോവർദ്ധൻ പൂജ ഉണ്ടാവും. ആ ഐതിഹ്യം എന്താച്ചാൽ ഈ ദിവസമാണ് കൃഷ്ണ ഭഗവാൻ ഗോവർദ്ധന മല ഉയർത്തിയത് ന്നാണ്. ആ കഥ അറിയില്ലേ?’ 

‘ഹരിയേട്ടൻ പറയൂ… കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്, പക്ഷേ പെട്ടെന്ന് ഓർമ്മ വരണില്ല.’ ശ്രീദേവി ഉത്തരം പറഞ്ഞു.

ആഹാ, അത് ശരി. ഉം, അപ്പോ എന്താച്ചാൽ ഗോകുലത്തില്‍ മഴയുടെ ദേവനായ ഇന്ദ്രനെ സ്ഥിരം പൂജിക്കാറുണ്ടായിരുന്നു. എന്നാൽ 

ശ്രീകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു. ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. അപ്പോൾ ഗോവര്‍ദ്ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച് ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചുന്നാണ് കഥ. ഇതേ ദിവസം അന്നക്കൂട്ട് നടത്തും. അന്നക്കൂട്ട് ന്നു വച്ചാൽ ‘ഭക്ഷണത്തിൻ്റെ പർവ്വതം’ എന്നാണത്രെ അർത്ഥം. വിരുന്നാണ് സംഭവം. ഈ ദിവസം ധാരാളം ഭക്ഷണം തയ്യാറാക്കി, പുതുവർഷത്തിൻ്റെ ആരംഭം ആഘോഷിക്കാൻ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുകയും കൃഷ്ണൻ്റെ ദയയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.

എന്നാൽ കർണാടകയിലെ ചില ഭാഗങ്ങളിൽ ഈ ദിവസം ബലിപാദ്യമി എന്ന ആചാരത്തോടെ ആഘോഷിക്കാറുണ്ട്. നമ്മൾ ഓണത്തിൻ്റെ ഐതീഹ്യം പറയാറില്ലേ, അത് പോലെ വാമനനാൽ ഭൂമിയിൽ നിന്നും യാത്രയായ അസുര രാജാവായ ബലിയുടെ സാങ്കൽപ്പിക തിരിച്ചുവരവിൻ്റെ ബഹുമാനാർത്ഥം

ആളുകൾ ഈ ദിവസം ബലിയെ ആരാധിക്കുന്നു. ആഘോഷത്തിൻ്റെ ഭാഗമായി കർഷകർ തങ്ങളുടെ നെൽവയലുകൾക്ക് ചുറ്റും ഭക്ഷണം ഒക്കെ വിളമ്പും. ബലിപ്രതിപദ എന്നും പദ്വ എന്നുമൊക്കെ ഇത് അറിയപ്പെടാറുണ്ട്. 

ഭായ് ദുജ് അല്ലെങ്കിൽ ഭാതൃ ദ്വിതീയ എന്നൊക്കെയാണ് അഞ്ചാം ദിവസം അറിയപ്പെടണത്. പേരു പോലെ തന്നെ സഹോദരങ്ങളുടെ ദിവസം ആണ് അത്. മരണത്തിന്‍റെ ദേവനായ യമന്‍ തന്‍റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനവസമാണിത് ന്നാണ് വിശ്വാസം. യമി യമന്‍റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്‍റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചൂത്രേ. ഇതൊക്കെ സുവർണ്ണ ദീദി പറഞ്ഞു തന്നു കേട്ടിട്ടുള്ള കഥകൾ ആണ് ട്ടോ.

സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്നേഹത്തിന്‍റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. അവർ പരസ്പരം ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുത്ത് സമ്മാനങ്ങളൊക്കെ കൈമാറി അങ്ങനെ ആ ദിവസം ആഘോഷിക്കും. സുവർണ്ണ ദീദി എനിക്കും ശ്യാമിനും സമ്മാനങ്ങളൊക്കെ തരാറുണ്ടാർന്നു. ആദ്യത്തെ കൊല്ലം ഞങ്ങൾടെ കയ്യിൽ തിരിച്ച് കൊടുക്കാൻ ഒന്നും ഉണ്ടാർന്നില്ല, പിന്നത്തെ കൊല്ലം മുതൽ ഞങ്ങൾ ഓരോ സാരി വാങ്ങിക്കൊടുക്കുമായിരുന്നു. അതൊക്കെ ഒരു കാലം!!!’

ഹരി നെടുവീർപ്പിട്ടു. ഭയ്യയും ദീദിയുമൊക്കെയായി സംസാരിച്ചിട്ട് കുറേ കാലമായി എന്നത് ഹരിയിൽ ഒരിത്തിരി വിഷമം ഉണ്ടാക്കാതിരുന്നില്ല. 

‘എന്തായാലും നല്ല രസമാവും! സാധാരണ എല്ലാ വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വ്രതങ്ങൾ ഒക്കെ ഉണ്ടാവാറുണ്ട്. ഇത് അതിൽന്നു വ്യത്യസ്തമായി എല്ലാവരും ധാരാളം ഭക്ഷണം കഴിക്കണ ഒരു ആഘോഷം ആണ് ലേ?’

‘ആഹ്, അത് ശരിയാ… ദീപാവലിക്ക് ആരും വ്രതങ്ങൾ എടുക്കണതൊന്നും കേട്ടിട്ടില്ല. എല്ലായിടത്തും കഴിക്കലും കഴിപ്പിക്കലും ആണ്. പിന്നെ ഈ ദിവസങ്ങളിൽ കുടുംബത്തിലെ എല്ലാവരും കൂടി ചീട്ടുകളി ഒക്കെ കളിക്കും. അത് വരാനിരിക്കുന്ന വർഷം ഭാഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായും കൈലാസ പർവതത്തിൽ ശിവനും പാർവതിയും കളിച്ച പകിടകളി, രാധയും കൃഷ്ണനും കളിച്ച ഇതിന് സമാനമായ മത്സരങ്ങളുടെ ഓർമ്മയ്ക്കായി കളിക്കുന്നതാ ത്രേ. കളിക്കാൻ സ്ത്രീകൾ ഉണ്ടെങ്കിൽ അവരാണ് എല്ലായ്‌പ്പോഴും ജയിക്കേണ്ടത് ന്നൊക്കെ ദീദി പറയാറുണ്ട്. ലക്ഷ്മിദേവിയോടുള്ള ബഹുമാനം അങ്ങനെയാണ് കാണിക്കേണ്ടത് ത്രേ. ഞങ്ങൾ അതൊന്നും കാര്യമാക്കാറില്ലെങ്കിലും ദീദി ഇങ്ങനെ ഓരോന്ന് പറയും.’

‘ഇന്ത്യയിൽ എല്ലാടത്തും ആഘോഷിക്കണുണ്ടെങ്കിലും രീതികളിലൊക്കെ വ്യത്യാസം ഉണ്ട് ലേ!! നാടുകൾക്കനുസരിച്ച് ഹിന്ദു ആചാരങ്ങളിൽ തന്നെ എന്തൊക്കെ വ്യത്യാസങ്ങളാ…’ ശ്രീദേവി അത്ഭുതത്തോടെ പറഞ്ഞു.

‘അത് ശരിയാ, പക്ഷേ  ഈ ദീപാവലി ഹിന്ദുക്കളുടെ മാത്രം ആഘോഷം ഒന്നും അല്ലാട്ടോ. ജൈന, സിഖ് മതങ്ങളിൽ വിശ്വസിക്കുന്നവരും ദീപാവലി ആഘോഷിക്കും. അവരുടെ വിശ്വാസം എന്താ, അതുമായി ബന്ധപ്പെട്ട കഥകൾ എന്താ എന്നൊന്നും എനിക്ക് കൃത്യമായി അറിയില്ല.’ ഹരി പറഞ്ഞുനിർത്തി.

‘ഓ, അത് ശരി. ന്നാൽ അതും കൂടി അറിയണം ലോ! ഞാൻ ഗൂഗിളിൽ ഒന്ന് നോക്കട്ടെ, അറിഞ്ഞിരിക്കാം ലോ.’ എന്ന് പറഞ്ഞ് ശ്രീ മൊബൈൽ കയ്യിലെടുത്തു.

ഉദ്ദേശിച്ചത് പോലെയൊരു വെബ്സൈറ്റ് കണ്ണിലുടക്കിയെന്ന് ശ്രീദേവിയുടെ മുഖത്തെ സന്തോഷവും ഭാവങ്ങളും വ്യക്തമാക്കി. ശ്രീ ഉറക്കെ വായിച്ചു തുടങ്ങി.

‘ജൈന സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഇരുപത്തി നാലാമത്തേയും അവസാനത്തെയുമായ ജൈനതീർത്ഥങ്കരൻ മഹാവീർ നിർവാണമോ (ജ്ഞാനോദയം) മോക്ഷമോ നേടിയ ദിവസമായി ഈ ദിവസത്തെ ജൈനമതം ആഘോഷിക്കുന്നു. ദീപങ്ങൾ തെളിക്കുന്നത് വഴി മഹാവീരൻ്റെ വിശുദ്ധ അറിവിൻ്റെ പ്രകാശത്തെ ആഘോഷിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ട് മുതൽ, സിഖ് മതത്തിൽ ദീപാവലി ആഘോഷിക്കുന്നത് ഗുരു ഹർഗോവിന്ദ്, ഗ്വാളിയോറിലെ തടവിൽ നിന്ന് അമൃത്‌സറിലേക്ക് മടങ്ങിയത് ഈ സമയത്താണ് എന്നതിൻ്റെ പ്രതീകമായാണ്. രാമൻ്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിൻ്റെ പ്രതിധ്വനി. അമൃത്‌സർ നിവാസികൾ ഈ വരവ് ആഘോഷിക്കാൻ നഗരത്തിലുടനീളം വിളക്കുകൾ കത്തിക്കുന്നു.

ബുദ്ധമതത്തിൻ്റെ പ്രാഥമിക ഉത്സവമല്ലെങ്കിലും, ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ച ദിവസത്തിൻ്റെ സ്മരണയായാണ് ചില ബുദ്ധമതക്കാർ ദീപാവലി ആഘോഷിക്കുന്നത്. നേപ്പാളിലെ നെവാർ ജനതയിൽ ന്യൂനപക്ഷമായ വജ്രായന ബുദ്ധമതക്കാർ വിളക്കുകൾ തെളിച്ചും ക്ഷേത്രങ്ങളും ആശ്രമങ്ങളും അലങ്കരിച്ചും ബുദ്ധനെ ആരാധിച്ചും ആഘോഷിക്കുന്നു.’ ശ്രീ വായിച്ചു നിർത്തി.

രണ്ടു മിനിറ്റിൻ്റെ മൗനത്തിന് ശേഷം ശ്രീദേവി തുടർന്നു.

‘ഇത് കേൾക്കൂ, കർണാടകയിൽ ആദ്യ ദിവസം അശ്വിജ കൃഷ്ണ ചതുർദശി, ആളുകൾ എണ്ണ തേച്ച് കുളിക്കുന്നു. നരകാസുരവധത്തിനു ശേഷം കൃഷ്ണൻ തൻ്റെ ശരീരത്തിലെ രക്തക്കറ നീക്കാൻ എണ്ണതേച്ചു കുളിച്ചുവെന്നും അതിനാൽ എല്ലാ ദോഷങ്ങളിൽനിന്നും ശുദ്ധീകരിക്കാൻ ഇത്തരത്തിൽ  കുളിക്കണമെന്ന് കന്നഡിഗർ വിശ്വസിക്കുന്നു. അവരും ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു, ദീപാവലിയുടെ നാലാം ദിവസമായ ബലിപാദ്യമിയിൽ സ്ത്രീകൾ അവരുടെ വീടുകളിൽ വർണ്ണാഭമായ രംഗോലികൾ വരയ്ക്കുകയും ചെയ്യുന്നു.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അവർ ലക്ഷ്മിയെ ആരാധിക്കുകയും ബന്ധുക്കളെ സന്ദർശിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. ആന്ധ്രയിൽ, ഹരികഥ അല്ലെങ്കിൽ ഹരിയുടെ കഥയുടെ സംഗീത ആഖ്യാനം പല പ്രദേശങ്ങളിലും അവതരിപ്പിക്കപ്പെടുന്നു. ശ്രീകൃഷ്ണന്റെ പത്നി സത്യഭാമ നരകാസുരനെ വധിച്ചതായി വിശ്വസിക്കപ്പെടുന്നതിനാൽ സത്യഭാമയുടെ പ്രത്യേക കളിമൺ വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്തുന്നു.

കുടുംബത്തിലെ മുതിർന്ന അംഗമോ വീട്ടിലെ സ്ത്രീയോ സൂര്യോദയത്തിന് മുമ്പ് എല്ലാ കുടുംബാംഗങ്ങളുടെയും തലയിൽ മൂന്ന് തുള്ളി എള്ളെണ്ണ ഇടുന്ന ആചാരപരമായ ഒരു രീതിയാണ് തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ളത്. അതിരാവിലെ ഈ എണ്ണ കുളിയില്ലാതെ ഒരു തമിഴ് ദീപാവലിയും പൂർത്തിയാകില്ല. അതിനുശേഷം എണ്ണ കഴുകാൻ സസ്യപ്പൊടികൾ അല്ലെങ്കിൽ ഷിക്കാക്കൈ എന്നിവയുടെ മിശ്രിതം ഉപയോഗിക്കുന്നു. ഗംഗാ നദിയിലെ സ്നാനം പോലെ പവിത്രമായി കണക്കാക്കപ്പെടുന്നതിനാലാണ് കുളിയെ പുണ്യമെന്ന് വിളിക്കുന്നത്, അതിനാലാണ് ബന്ധുക്കളും സുഹൃത്തുക്കളും ‘ഗംഗാസ്നാനം ആച്ചാ’ (നിങ്ങൾ പുണ്യസ്നാനം നടത്തിയോ?) എന്ന് ചോദിച്ച് ആനന്ദം കൈമാറുന്നത്.” ഐതിഹ്യമനുസരിച്ച്, മഹാലക്ഷ്മി ദേവി ഒരു എള്ള് മരത്തിന്റെ പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് പറയപ്പെടുന്നു, അതിനാലാണ് എണ്ണ കുളിക്കാൻ എള്ളെണ്ണ ഉപയോഗിക്കുന്നതെന്നാണ് ഒരു വിശ്വാസം. പ്രതീകാത്മകമായി, എണ്ണ തേച്ചുള്ള ഈ കുളി ​​അഹംഭാവം, വഴക്കുകൾ, ആത്മാഭിമാനം, അസൂയ എന്നിവ നീക്കം ചെയ്തുകൊണ്ട് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. കൂടാതെ, ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും കാര്യത്തിൽ, എള്ളെണ്ണ ശരീരത്തിൽ നിന്നുള്ള ചൂട് കുറയ്ക്കുന്നതിന് ഗുണം ചെയ്യും. ദീപാവലി ദിനത്തിൽ തമിഴ്‌നാട്ടിൽ കണ്ടുവരുന്ന തനതായ ഒരു ആചാരമാണ് തലൈ ദീപാവലി. ഈ ദിവസം, നവദമ്പതികൾ അവരുടെ ആദ്യ ദീപാവലി വധുവിന്റെ മാതാപിതാക്കളുടെ വീട്ടിൽ ചെലവഴിക്കുന്നു.

പശ്ചിമ ബംഗാളിലും ഒഡീസയിലും ദീപാവലി ആഘോഷം പൂർവികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്തിനുള്ള സമയമായാണ് കണക്കാക്കുന്നത്. 

ചിലയിടങ്ങളിൽ ഈ ദിവസം ശിവന് കേദാര ഗൗരി വ്രതം എന്നറിയപ്പെടുന്ന പ്രത്യേക പൂജ നടത്തുന്നു. ശിവൻ്റെ പാതി പ്രാപിക്കാൻ പാർവതി ദേവി ഈ പൂജ നടത്തിയെന്നും അതിനാൽ ശിവൻ ‘അർദ്ധ നാരീശ്വരൻ’ ആയെന്നും പറയപ്പെടുന്നു. കേദാര വ്രതം ആചരിച്ച മഹാവിഷ്ണുവിന് വൈകുണ്ഠലോകം നൽകി അനുഗ്രഹിച്ചു. ബ്രഹ്മാവിന് ഹംസ വാഹനം ലഭിച്ചു. ഭാഗ്യവതിയും പുണ്യവതിയും കേദാര വ്രതം അനുഷ്ഠിച്ച് ധാരാളം സമ്പത്ത് നേടി എന്നൊക്കെയാണ് അവരുടെ വിശ്വാസം.

എവിടേയും കേരളത്തിലെ ആഘോഷങ്ങളെക്കുറിച്ച് ഒന്നും കൊടുത്തിട്ടില്ല. കണ്ടോ, അപ്പോൾ ഞാൻ നേരത്തെ പറഞ്ഞതിൽ എന്താണ് തെറ്റ്!’ വായന നിർത്തി ഹരിയെ നോക്കിക്കൊണ്ട് ശ്രീ പറഞ്ഞു.

‘ഉം. എന്തെങ്കിലും ആവട്ടെ. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ദീപാവലിക്ക് വൈകുന്നേരങ്ങളിൽ വിളക്കു കൊളുത്തുന്നതിനു പുറമെ പടക്കം പൊട്ടിക്കലൊക്കെ പതിവുണ്ട് എന്നു കേട്ടിട്ടുണ്ട്. ഇങ്ങോട്ടുള്ള ജില്ലകളിൽ ചിലയിടത്ത് വിളക്ക് വെക്കൽ പോലും കാണാറില്ലെനിം. നമുക്ക് എന്തായാലും ഇന്നു വൈകുന്നേരം വിളക്കുകൾ കൊളുത്തി വക്കണം. പായസം എന്തായാലും നീ ഉണ്ടാക്കണുണ്ട് ന്നല്ലേ പറഞ്ഞത്?’

‘അതെ. നമുക്കും ദീപാവലി ആഘോഷിക്കാം. ആഘോഷിക്കാനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്തേണ്ടല്ലോ! എന്തായാലും കാർത്തികക്ക് കൊളുത്താനായി വാങ്ങിയ ചിരാതുകൾ ഇരിക്കുന്നുമുണ്ട്.’

‘ഉം, കഥ കേട്ട് കഥ കേട്ട് അമ്മു നല്ല ഉറക്കായി. ഇനീപ്പോ എണീപ്പിക്കണോ?’

‘എണീപ്പിച്ചോളൂ, അല്ലെങ്കിൽ പിന്നെ ഇതൊരു ശീലം ആവും. ഇനി സ്കൂളിൽ ഒക്കെ പോയി തുടങ്ങണ്ടേ. ഇങ്ങനത്തെ ശീലങ്ങളൊന്നും തുടങ്ങാതിരിക്കാ ഭേദം. ഞാൻ വേഗം ദോശയുണ്ടാക്കാം. അമ്മൂനേം കൂട്ടി ഏട്ടൻ അടുക്കളയിലേക്ക് വരൂ…’ എന്ന് പറഞ്ഞു കൊണ്ട് ശ്രീദേവി വേഗം അടുക്കളയിലേക്ക് നടന്നു.

ഹരി കുറച്ച് നേരം കൂടി അവിടെ പഴയ ദീവാലി ഓർമകളിൽ ലയിച്ചിരുന്നു.

6 Responses

  1. Very well researched and written. Thank you Sandra for bringing the history of great Indian Festivals in a timely manner. Awaiting for your article for history through story.

  2. Nice.. പുതിയ അറിവുകൾ… ഇനിയും ധാരാളം എഴുതാൻ സാധിക്കട്ടെ..

  3. വളരെ നല്ല വിവരണം… കഥ നന്നായിരിക്കുന്നു.

  4. Sandra…well told! Thank you for sharing these beliefs… covered all over India! A reasearch paper pole nd😊👏👏👍

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »