‘രാധേ.. പ്രഭ വിളിച്ചേർന്ന്വോ? എപ്പഴാ ഇങ്ങട് എത്താവോ?’ പ്രാതൽ കഴിക്കുകയായിരുന്ന നങ്ങേലി തൻ്റെ ആധി വെളിപ്പെടുത്തി.
‘പ്രഭയും കുഞ്ഞേട്ടനും എത്താറായിണ്ടാവും അമ്മേ… അവർ ഉടനെ ഇറങ്ങുംന്നാ പറഞ്ഞേ! കാപ്പി കുടിക്കൽ ഇവട്യാവാംന്നു പറഞ്ഞിണ്ട് ഞാൻ!’
‘ങും… അമ്മിണി എവടെ? എണീറ്റില്ല്യേ?’
‘ഉവ്വുവ്… ചെറ്യേമ്മ വരണേൻ്റെ സന്തോഷത്തില് എണീക്കലും കുളിക്കലും ഒക്കെ നേർത്തെ കഴിഞ്ഞു! ഇപ്പോ ദാ ശ്രീലാകത്തു എത്തീണ്ടാവും.’ രാധ പറഞ്ഞു.
‘ഞാൻ ന്നാ ഒന്നു കെടക്കട്ടെ! അവര് വരുമ്പൾക്കും എണീക്കാംലോ!’ നങ്ങേലി എണീറ്റു കൈ കഴുകി റൂമിലേക്കു നടന്നു.
‘ചെറ്യേമ്മ ഇനി കുറച്ചൂസം ഇവിടണ്ടാവുംലേ?’
‘ഉവ്വല്ലോ! കഷ്ടി ഒരു ആഴ്ചണ്ടാവും അമ്മിണീ..’
‘ഹായ്! നമുക്ക് അടിച്ചു പൊളിക്കണംട്ടോ ചെറ്യേമ്മേ…’
ചെറിയമ്മയെ കണ്ട സന്തോഷത്തിൽ ഉറക്കുറക്കെ അമ്മിണി വാതോരാതെ സംസാരത്തിലാണ് .
‘അഹ്.. പ്രഭ എത്തീലേ! അമ്മിണീടെ ശബ്ദം അവിടന്നേ കേട്ടു.’ രാധ അടുക്കളയിൽ നിന്നും നാലിറയത്തേക്ക് വന്നു.
‘ആഹ് ഏട്ത്തി… അമ്മിണിക്ക് സംശയം, ഞങ്ങള് എത്ര ദിവസം ണ്ടാവുംന്നാ!’
‘രാവിലെ ഞാൻ ചെറ്യേമ്മ എത്താറായി ന്നു പറഞ്ഞാ എണീപ്പിച്ചതെയ്.. അപ്പളും ആദ്യത്തെ ചോദ്യം ഇതാർന്നു. ഒരു ആഴ്ചണ്ടാവുംന്നു കേട്ടപ്പോ പിന്നെ സന്തോഷം കൊണ്ട് ചാടിയെണീറ്റു. അല്ല, കുഞ്ഞേട്ടൻ എവിടെ പ്രഭേ?’
‘ആഹ്… ഏട്ടൻ വല്യേട്ടനെ കണ്ടപ്പോ അവിടെ നിന്നിണ്ടാവും. വല്യേട്ടൻ്റെ പൂജ കഴിഞ്ഞു തോന്നണു..’
അപ്പോഴേക്കും നാരായണനും പരമേശ്വരനും കൂടി അങ്ങോട്ടെത്തി.
‘ന്നാൽ, എല്ലാർക്കും കഴിക്കാൻ ഇരിക്ക്യല്ലേ?’ രാധ എല്ലാവരോടുമായി ചോദിച്ചു.
‘ആഹ്.. ഇരിക്കാം ന്നാൽ. അമ്മേടെ കഴിക്കല് കഴിഞ്ഞുവോ രാധേ?’ നാരായണൻ അന്വേഷിച്ചു.
‘ഉവ്വേട്ടാ… അമ്മ ദേ കഴിച്ചെണീറ്റേള്ളൂ. കുറച്ചേരം കിടക്കാന്നു പറഞ്ഞു.’
‘എല്ലാർടേം ശബ്ദം കേട്ടാ,അമ്മ ഒറക്കൊക്കെ വേണ്ടാന്നുവച്ചു ഇവിടെത്തും. നമുക്ക് കഴിച്ചൊടങ്ങാം. പരമേശ്വരൻ പറഞ്ഞു.
എല്ലാവരും കഴിക്കാൻ ഇരുന്നു.
‘കുഞ്ഞഫാ, നിങ്ങള് ഒരു മാസം ഇവടെ ണ്ടാവുംലോ ലെ? നമുക്ക് അടിച്ചു പൊളിക്കാംട്ടോ’ അമ്മിണിക്കുട്ടി ചെറിയമ്മ കുറച്ചു ദിവസം തന്നോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പാക്കാനായി പരമേശ്വരനോട് ചോദിച്ചു. (അമ്മിണിയുടെ അച്ഛൻ നാരായണൻ്റെ അനിയനാണ് പരമേശ്വരൻ).
‘ഞങ്ങളൊക്കെ അടിച്ചു പൊളിക്കും. നിനക്കു പക്ഷെ സ്കൂളിൽ പോണ്ടേ?’
‘ഞാൻ സ്കൂളില് പോയി വന്നട്ടു നമുക്കു ദിവസോം കാറില് കറങ്ങാൻ പോണം’ അമ്മിണി തൻ്റെ ആഗ്രഹങ്ങൾ ഓരോന്നായി പുറത്തെടുത്തു.
‘കുഞ്ഞഫൻ എന്നെ എല്ലാ ദിവസോം കൊണ്ടാക്യാൽ മതി സ്കൂളിൽക്ക്. കൊണ്ടരാനും വരണം. ന്നട്ട് നമക്ക് ഐസ്ക്രീം കഴിക്കാൻ പോവാം. സിനിമക്കും പോണം’
‘ആഹാ… പ്ലാനൊക്കെ റെഡി ആണ്ലേ അമ്മിണീ…’ രാധ അമ്മിണിയോട് ചോദിച്ചു.
‘അഹ്.. കാറിലാവുമ്പോ മഴ കൊള്ളാണ്ട് സ്കൂളിൽ പോവാലോ.. അതാ..’ അമ്മിണി തൻ്റെ ഭാഗം വ്യക്തമാക്കി.
‘അതൊക്കെ ആയിക്കോട്ടെ, നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയ്വോ അമ്മിണിക്ക്?’ പ്രഭ അമ്മിണിയോടായി ചോദിച്ചു.
‘നാളെ ന്താ പ്രത്യേകത?’ അമ്മിണി ചെറിയമ്മയെ നോക്കി.
‘നാളെ കുഞ്ഞഫൻ്റെ പിറന്നാളാണ്.’
‘ആണോ? കുഞ്ഞഫൻ്റെ നാളേതാ ചെറ്യേമ്മേ?’
‘തിരുവാതിര… കർക്കിടകത്തിലെ തിരുവാതിര’
‘അപ്പോ ഇത് മിഥുനമാസം അല്ലേ?’
‘ആഹാ… നിനക്കു മാസങ്ങളൊക്കെ അറിയ്വോ അമ്മിണീ?’ പരമേശ്വരൻ അമ്മിണിയെ ഉഷാറാക്കാനായി ചോദിച്ചു.
‘കുഞ്ഞഫാ,ഞാൻ എല്ലാ ദിവസോം നാളും തിഥിയും മാസോം ചൊല്ലാറുണ്ട്. ഇപ്പോ നിക്ക് അതൊക്കെ നല്ലോം അറിയാം. പറയണോ?’
‘മിടുക്ക്യായീലോ അമ്മിണീ… ന്നാ പറയ്, കേക്കട്ടെ.’ പരമേശ്വരൻ ആവേശം പകർന്നു.
‘കർക്കിടകമാസത്തിൻ്റെ പ്രത്യേകതകൾ എന്തൊക്ക്യാന്നു അറിയ്വോ അമ്മിണിക്ക്?’ പ്രഭ ഇടയിൽകേറി ചോദിച്ചു.
‘ആഹ്.. നമ്മള് നാലമ്പലം തൊഴാൻ പോവാറുള്ളത് ഈ മാസല്ലേ? കഴിഞ്ഞവണ പോയത് നിക്ക് ഓർമണ്ട്.’ അമ്മിണി പറഞ്ഞു.
‘ആഹാ… അതൊക്കെ ഓർമ്മണ്ടോ നിനക്ക്?’ രാധ അത്ഭുതത്തോടെ ചോദിച്ചു.
‘ഉം.. ഓർമ്മണ്ട്. രാമന്റേം ഭരതന്റെം ലക്ഷ്മണന്റേം ശത്രുഘ്നന്റേം അമ്പലത്തിൽക്കു പോണതല്ലേ നാലമ്പലം?ഈ മാസന്നല്ലേ രാമായണ മാസോം?’
‘ആഹ്.. അമ്മേടെ രാമായണൊക്കെ പുറത്തു കണ്ടുതൊടങ്ങീണ്ട് അമ്മിണീ… ‘ നാരായണൻ രാധയെ കൊല്ലത്തിലൊരിക്കൽ മാത്രം വായിക്കേണ്ടതല്ല രാമായണം എന്ന അർത്ഥത്തോടെ കളിയാക്കി.
‘ആഹ്.. പരമേശ്വരനും പ്രഭേ എത്ത്യോ? ഞാനൊന്ന് ഒറങ്ങിപ്പോയി.’ നങ്ങേലി ഉറക്കം കഴിഞ്ഞെണീറ്റു വന്നു.
‘ഞങ്ങളെത്തീട്ടു കുറച്ചേരായി അമ്മേ!’ പ്രഭ അമ്മയോടായി പറഞ്ഞു.
‘കഴിക്കല് കഴിഞ്ഞാ സംക്രാന്തിക്കുള്ള ഒരുക്കങ്ങള് തുടങ്ങിക്കോളൂട്ടോ പ്രഭേ..! ഗണപതി ഹോമത്തിനുള്ളത് നാരായണൻ ആയിക്കോളും. എന്തെങ്കിലും വാങ്ങാനോ മറ്റോ ണ്ട്ച്ചാൽ, നേരത്തേകൂട്ടി വാങ്ങിച്ചു വച്ചോളൂ. പരമേശ്വരാ, കെടാവിളക്കിനുള്ള നെയ്യ് വാങ്ങാൻ മറക്കണ്ട. എല്ലാം കുടി രാധക്ക് എത്തീന്നു വരില്ല്യ.’ മുത്തശ്ശി കർക്കിടകമാസ ഒരുക്കങ്ങളെപ്പറ്റി ഓർമിപ്പിച്ചു.
‘അത് ഞാൻ ഏറ്റിണ്ട് അമ്മേ… ഇതു കഴിഞ്ഞാൽ ഞാനും അമ്മിണീം കൂടി തൊടീൽക്കു ഇറങ്ങായി. ലെ അമ്മിണീ? മഴ കുറഞ്ഞ സമയം നോക്കി പണികളൊക്കെ തീർക്കാം.’ പ്രഭ പറഞ്ഞു.
‘ആഹ്… ഞാനൂണ്ട് ചെറ്യേമ്മേടെ കൂടെ.. പക്ഷെ സംക്രാന്തിന്നു വച്ചാ ന്താ?’ അമ്മിണിക്കു സംശയമായി.
‘സംക്രമ സമയമാണ് സംക്രാന്തി. കർക്കിടകം ഒന്നിനാണ് കർക്കിടക സംക്രാന്തി. സംക്രാന്തിക്ക് മുൻപായി വീട് മുഴുവൻ അടിച്ചു വാരി തുടച്ചു വൃത്തിയാക്കി വെക്കണം. ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വീകരിക്കാനാണ് ഇങ്ങനൊക്കെ ചെയ്യണത്.’ പ്രഭ വിശദീകരിച്ചു.
‘ഭഗവതിയെ പുറത്താക്ക്വേ? അങ്ങനൊക്കെ ചെയ്യാൻ പാട്വോ?’ അമ്മിണിയുടെ സംശയം കൂടി.
‘അമ്മിണീ… ചേട്ടാഭഗോതീം ശ്രീഭഗോതീം സഹോദരിമാരാത്രേ! ശരിക്ക്, ജ്യേഷ്ഠാഭഗവതീന്നാണ്. ജ്യേഷ്ഠാഭഗവതി പൊടീം ചെളീം ഒക്കെ ഉള്ള വൃത്തിയില്ലാത്ത സ്ഥലത്താണ് വാഴുകന്നാണ് പറയണേ! ന്നാലോ,നല്ല വൃത്തീം വെടിപ്പും ഉള്ള സ്ഥലത്തിക്കേ ശ്രീഭഗവതി വരുള്ളൂ. അതോണ്ട് ചേട്ടാഭഗോതിയെ പുറത്താക്കി ശ്രീഭഗോതിയെ നമ്മള് ഇങ്ങോട്ട് കൊണ്ടുവരണം. അതിനാണ്,അടിച്ചു വെടിപ്പാക്കണത്.’ മുത്തശ്ശി വിശദമാക്കി.
‘അപ്പോ, ജ്യേഷ്ഠാഭഗോതി ന്നുള്ളത് ലോപിച്ചിട്ടാണോ ചേട്ടാഭഗോതി ആയത് അമ്മേ?’ നാരായണന് സംശയമായി.
‘ആയിരിക്കണം. അതോ ചേട്ടസ്ഥലത്തു(വൃത്തിഹീനമായിടത്തു) താമസിക്കണോണ്ടാനൊന്നും അറീല്യ. പണ്ടൊന്നും ചേട്ടാഭഗോതീടെ അമ്പലത്തിൽക്കൊന്നും ആരും പോവാറന്നെ ഇല്ല്യ. ഇപ്പൊക്കെ പുനരുദ്ധീകരിച്ചു എല്ലാരും പോയി തുടങ്ങീണ്ട്.’ നങ്ങേലി പറഞ്ഞു.
‘അപ്പൊ അമ്മിണീ, അങ്ങനെ സംക്രമണ സമയം ആവുമ്പളേക്കും വീട് വൃത്തിയാക്കി 5 തിരിയിട്ട നിലവിളക്കു കൊളുത്തി അഷ്ടമംഗല്യം, ദശപുഷ്പമാല(കറുകമാല), ഒരു കിണ്ടിയിൽ വെള്ളം, ഒരു ഗ്രന്ഥം എല്ലാം വിളക്കിന് മുന്നിൽ വച്ച് വേണം ശ്രീഭഗോതിയെ വരവേൽക്കാൻ’ പ്രഭ അമ്മിണിക്കു വിശദീകരിച്ചു കൊടുത്തു.
‘ “ശീപോതിക്ക്(ശ്രീഭഗോതിക്ക്) വയ്ക്ക“ന്നാണ് ഇതിനു പറയണേ!’ രാധ തന്റെ അറിവ് പങ്കുവച്ചു.
‘ഓരോ സ്ഥലത്തും ചെറിയ ചെറിയ മാറ്റൊക്കെ ണ്ടാവുംട്ടോ!’ പ്രഭ കൂട്ടിചേർത്തു.
‘ദശപുഷ്പമാലന്നു വച്ചാൽ ന്താ അമ്മേ?’ അമ്മിണി ചോദിച്ചു.
‘ദശ ന്നു വച്ചാൽ 10. പുഷ്പം ന്നു വച്ചാൽ പൂവ്.
“മുക്കുറ്റി, പൂവാംകുറുന്നില, മുയൽച്ചെവിയൻ, കറുക, നിലപ്പന, കയ്യോന്നി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ”
എന്നീ 10 ഔഷധങ്ങളോണ്ടുണ്ടാക്കിയ മാലയാണ് ദശപുഷ്പമാല. ഈ ദശപുഷ്പങ്ങൾ നമ്മുടെ തൊടിയിൽ തന്നെ ണ്ടാവും. അത് മഴക്കാലാവുമ്പോ തന്നെ ണ്ടായിക്കോളും. അതിനെ പരിചരിച്ചു വളർത്തേണ്ട കാര്യല്ല്യ.’
‘അപ്പൊ ഇതൊക്കെ പറിക്കാനാണോ ചെറ്യേമ്മേ നമ്മള് തൊടീൽക്കു എറങ്ങണെ?’ അമ്മിണി ഉത്സാഹത്തിലാണ്.
‘അതെ അമ്മിണീ.. മുത്തശ്ശി പറഞ്ഞില്ല്യേ,നമ്മള് രണ്ടാളും കൂടിയാണ് ഇത്തവണ സംക്രാന്തിക്ക് ഒരുക്കണേ!’ പ്രഭ അമ്മിണിയെ ഉത്സാഹിപ്പിച്ചു.
‘അമ്മിണീ… നാളെ മാത്രല്ലാട്ടോ.. എല്ലാ ദിവസോം ഇനി ദശപുഷ്പം പറിക്കാൻ പോണം. കർക്കിടക മാസം കഴിയണ വരെ! എല്ലാ ദിവസോം ശീപോതിക്കു വച്ചത് മാറ്റണം.’ പ്രഭ കൂട്ടിച്ചേർത്തു.
‘നിനക്കു ഇനി എല്ലാ ദിവസോം ശർക്കരപായസം കഴിക്കേം ചെയാം!! എല്ലാ ദിവസോം ഗണപതി ഹോമവും ഭഗവതി സേവയും ണ്ടാവും.’ നാരായണൻ തനിക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി പരാമർശിച്ചു.
‘ഹായ്… നെയ്പായസം മതിട്ടോ അച്ഛാ!! നിക്ക് അതാ ഇഷ്ടം!!’
‘ഹഹഹ… ഇത് നിനക്കു വേണ്ടീട്ടല്ല… ഭഗവതിക്ക് നേദിക്കാനാ…!!! ഒരു ദിവസോക്കെ നെയ്പായസം ആക്കാൻ നോക്കാം.’ നാരായണൻ പറഞ്ഞു.
‘പണ്ടൊക്കെ ഇതൊന്ന്വല്ല… ശീപോതിക്കു വക്കാ ന്നു വച്ചാല് ആകെ ലഹളേം തിരക്കും ഒക്ക്യാർന്നു. അതൊക്കെ ഒരു രസാർന്നു . നാരായണന് ഓർമ്മണ്ടോന്ന് അറിയില്യ. നീ ചെറുതായിരിക്കുമ്പോഴൊക്കെ ണ്ടാർന്നു. പിന്ന്യൊക്കെ പതുക്കെ പതുക്കെ ഒക്കെ ഇല്ല്യാണ്ടായി!’
‘അന്നത്തെ കാലത്തു ശീപോതി ഇങ്ങനൊന്നും ആർന്നില്ലേ അമ്മേ?’ രാധക്കു ആകാംക്ഷയായി.
‘ഏയ്… പണ്ടത്തെ പോലൊന്നും ഇപ്പോ ഇല്ല്യ. പണ്ടൊക്കെ അടിച്ചുവാരി തുടക്കാൻ പണിക്കാരുണ്ടാവൂലോ! അവര് വീടിന്റെ ഉള്ളിലും മുറ്റത്തും ഒക്കെ അടിച്ചുവാരി ആ കരടോക്കെ ഒരു കലത്തിലാക്കി വക്കും. ന്നിട്ട് കേടായ ചക്കക്കുരു, കരിക്കട്ട, അടിച്ചു വാരിയ കുറ്റിച്ചൂല് ഒക്കെ ഒരു കീറമൊറത്തിലാക്കി ആ കലത്തിൽക്ക് ഇടും.ന്നു വച്ചാ, കേടായ സാധനങ്ങളൊക്കെ!! ഇന്നത് ന്നൊന്നും ഇല്ല്യ. എന്നിട്ടെന്താ ചെയ്യാ അറിയ്വോ,4 പ്ലാവില കൂമ്പിള് കുത്തീട്ടു അതിൽക്ക് 4 ചോറുറുള വക്കും. വെള്ള, ചോപ്പ്, മഞ്ഞ, കറുപ്പ് നെറള്ള ഉറുളോള്…’
‘ചോപ്പും മഞ്ഞേ നെറത്തിലുള്ള ചോറുറുളയോ?’ അമ്മിണിക്കുട്ടിക്ക് ആകെ അത്ഭുതമായി.
‘ഞാനിതൊന്നും കണ്ടട്ടില്യാട്ടോ…’ പ്രഭക്കും താത്പര്യമേറി.
‘ആഹ്.. അങ്ങനെ നിങ്ങക്കറിയാത്ത കുറേ കാര്യങ്ങള്ണ്ട് കുട്ട്യോളേ…! അപ്പോ 4 നെറത്തിലുള്ള ചോറുറുള ണ്ടാക്കീട്ട്…’
‘എങ്ങന്യാ അമ്മേ നിറം ചേർക്കണേ?’ രാധക്ക് തൻ്റെ സംശയത്തെ അധിക നേരം പിടിച്ചു നിർത്താനായില്ല.
‘ആഹ്… അതോ..
മഞ്ഞപ്പൊടി(മഞ്ഞൾപ്പൊടി) ചേർത്തു മഞ്ഞഉരുള…
കരിക്കട്ടേം ഉമിക്കരീം ചേർത്തു കറുത്തുരുള….
മഞ്ഞപ്പൊടീം ചുണ്ണാമ്പും ചേർത്തു ചോന്നുരുള…
പിന്നൊരു വെള്ള ഉരുളയും! അങ്ങനെ നാലുരുള.’
‘കാണാൻ നല്ല രസായിരിക്കും ലേ മുത്തശ്ശി? നമക്കും ഉറുള ണ്ടാക്കണ്ടേ ചെറ്യേമ്മേ?’ അമ്മിണിക്കുട്ടി ആവേശഭരിതയായി.
‘മുത്തശ്ശി മുഴുവനും പറയട്ടേ അമ്മിണി… ഒന്ന് കേക്ക്..!!’ രാധ അമ്മിണിയുടെ ഇടയിൽക്കേറിയുള്ള വർത്തമാനത്തിലുള്ള തന്റെ നീരസം പ്രകടിപ്പിച്ചു.
‘അമ്മ ബാക്കി പറയൂ അമ്മേ…’ രാധ ബാക്കി കേൾക്കാനുള്ള കൗതുകത്തിലാണ്.
‘ആഹ്… അങ്ങനെ 4 ഉറുള ണ്ടാക്കീട്ടു അത് 4 പ്ലാവില കുത്തിയതിൽക്കു വക്കും. ഉപ്പുമാങ്ങയും എടുക്കും. ഓരോ തിരീം വക്കും. അതും ആ കരടും ചണ്ടിയൊക്കെ ആക്കീട്ട്ള്ള കലത്തിൽക്കു വക്കും. ന്നിട്ട് ഈ കലോം എടുത്തു പണിക്കാരികള് വീടിന്റെ 4 പൊറോം 3 തവണ പ്രദക്ഷിണം വക്കും. അപ്പോ “ചേട്ടേ… പുറത്തു പോ…” ന്നു പറഞ്ഞോണ്ട് കുട്ട്യോള് പോയി പൊറത്തിക്കുള്ള എല്ലാ വാതിലും കൊട്ടി അടക്കും. 3 പ്രദക്ഷിണം കഴിഞ്ഞാ അവര് ഈ കലം പടിക്കു പുറത്തു കൊണ്ടുപോയി കളയും.”ചേട്ടാ ഭഗോതി പൊറത്ത്,ശ്രീഭഗോതി അകത്ത്…’ന്നു എല്ലാരും പറഞ്ഞോണ്ടിരിക്കണുണ്ടാവും. അവര് ആ കലം കളഞ്ഞു വന്നാ, നേരെ കൊളത്തില്(കുളത്തിൽ) പോയി കുളിക്കാ ചെയ്യാ! അപ്ലക്കും ഇവിടെ അകത്തുള്ളോരു വിളക്ക് കൊളുത്തി ശീപോതിക്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യും. അങ്ങനൊക്ക്യാ പണ്ട് പതിവ്.’
മുത്തശ്ശിയെ തന്റെ ഓർമ്മകളിലൂടെയുള്ള സഞ്ചാരം നല്ലവണ്ണം സന്തോഷവതിയാക്കിയിരുന്നു.
‘നിയ്ക്കിതൊന്നും ഓർമ്മന്നെ ഇല്ല്യ.’ നാരായണന്റെ വാക്കുകളിൽ ഒരു നഷ്ടബോധം വ്യക്തമായിരുന്നു.
‘നമക്കും അങ്ങനെയൊക്കെ ചെയ്യാം… എന്ത് രസാവും!!’ അമ്മിണി മുത്തശ്ശി പറയുന്നത് മനസ്സിൽ ചിത്രീകരിച്ചിരുന്നിരിക്കണം.
‘അമ്മിണീ… ഇന്നത്തെ കാലത്തു ഇതൊന്നും എളുപ്പല്ല.’ രാധ അമ്മിണിയോടായി ഒരല്പം ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു.
‘അമ്മേ… ശീപോതിക്കുള്ള ബാക്കി ഒരുക്കങ്ങളൊക്കെ പഴയ പോലന്നെ അല്ലെ?’ പ്രഭ താനെന്തെങ്കിലും പതിവിൽ നിന്നും വിഭിന്നമായി ചെയ്യാനുണ്ടോ എന്നുറപ്പാക്കാനായി ചോദിച്ചു.
‘ആഹ്.. ഇപ്പോ അതൊക്കെ മതി പ്രഭേ! പണ്ടത്തെ പോലൊന്നും ഇന്നത്തെ കാലത്തു നടക്കില്ല്യ.’ മുത്തശ്ശിയുടെ വാക്കുകളിൽ ഒരു അസ്വാരസ്യമില്ലാതിരുന്നില്ല.
‘അതെന്താ അങ്ങനേ? നമക്കും ഉറുള ണ്ടാക്കിക്കൂടേ?’ അമ്മിണിക്കു വിഷമായി.
‘അമ്മിണീ… നമുക്ക് പറ്റണ പോലെ കേമാക്കാംട്ടോ! നീയ് വെഷമിക്കണ്ട!!’ പ്രഭ അമ്മിണിയെ ആശ്വസിപ്പിച്ചു.
‘അത് മാത്രല്ല, അമ്മിണിക്ക് ഇഷ്ടാവണ പിന്നേം പരിപാടികള്ണ്ട് ട്ടോ കർക്കിടകമാസത്തില്!! എല്ലാ ദിവസോം മുക്കുറ്റി അരച്ചു തൊടണം, മുപ്പട്ട് വെള്ളിയാഴ്ച മൈലാഞ്ചി ഇടണം, എല്ലാ ദിവസോം 3 പൂവുള്ള മുക്കുറ്റി ചൂടണം….’ രാധ അമ്മിണിക്കു താത്പര്യമുണ്ടാകാനിടയുള്ള കാര്യങ്ങൾ ഓർത്തെടുത്തു.
‘ഹായ്… മൈലാഞ്ചി ഇടണോ!!! നിക്കു ചെറ്യേമ്മ ഇട്ടന്നാ മതി!!! നല്ല ഭംഗീല്!!’
‘3 പൂവുള്ള മുക്കുറ്റി ചൂടിയാൽ ഓണക്കോടി കിട്ടുംന്നാ പറയാറ്!!!’ മുത്തശ്ശി അമ്മിണിയോടായി പറഞ്ഞു.
‘അപ്പൊ നിക്കും വേണം മുക്കുറ്റി… നിക്ക് ധാരാളം ഓണക്കോടി കിട്ടൂലോ!!!’
‘പിന്നെ,അടുപ്പുംഗണോതിം ഇടണം… അത് നമ്മക്ക് മാത്രാ…. അച്ഛനും കുഞ്ഞഫനും ഗണപതിഹോമം ചെയ്യട്ടെ!!! അമ്മിണീം അമ്മേം ചെറ്യേമ്മേം മുത്തശ്ശിയും അടുപ്പും ഗണോതീം ഇടും! അല്ലേ അമ്മിണീ….’ പ്രഭ അമ്മിണിക്ക് താത്പര്യം കൂട്ടാനായി പറഞ്ഞു.
‘ഹായ്… ഈ മാസം നല്ല രസാവും!!!’
‘കയ്യൊക്കെ ഒണങ്ങി! വർത്താനത്തിൻ്റെ രസത്തിൽ അറിഞ്ഞന്നേ ഇല്ല്യ. ന്നാ എണീക്കല്ലേ? അമ്മിണീ.. നിന്നെ ഞാൻ കഴുകിക്കാം. അല്ലെങ്കിൽ,ഒണങ്ങിയിരിക്കുന്നതൊന്നും അങ്ങട് പോവില്ല്യ.’
രാധ അമ്മിണിയേയും പിടിച്ചു പൈപ്പിനടുത്തേക്കു നടന്നു.
‘കൈ ഒണങ്ങാൻ പാടില്ല്യാന്നൊക്ക്യാ പറയാ! ആരോട് പറയാനാ! പറഞ്ഞാലും ആരും കേക്കൂല്യ. നാരായണ.. നാരായണ…നാരായണ!’ മുത്തശ്ശി നെടുവീർപ്പിട്ടു.
‘ചെറ്യേമ്മേ… നമുക്കു പോവാം..? അമ്മിണി റെഡ്യാട്ടോ.’
അമ്മിണി തൊടിയിലിറങ്ങി ദശപുഷ്പങ്ങൾ കണ്ടെത്തി എല്ലാ ഒരുക്കങ്ങളോടെയും ശ്രീഭഗവതിയെ തൻ്റെ ഇല്ലത്തേക്ക് സ്വീകരിക്കാനുള്ള ആഹ്ളാദതിമിർപ്പിലായി.
19 Responses
Good..ഇനിയും എഴുതൂ..
Thank you 😁
നന്നായിട്ടുണ്ട് സാന്ദ്ര…..
Thank you so much 😊
nannayirikkunnu sandre ..
Thank you 😀
Adi poli..
😀 Thank you
അസ്സലായി !! : ) കർക്കിടകത്തിലെ ബാക്കി കഥകൾ ഇനി എന്നാ ?? waiting
Really nice Sandra!!! Lots of new information..it’s the first time a hearing about this 4 coloured ‘urulas’ nd all…keep on writing..all the best!!!
😀😀 Thank you….
പ്രിയ കഥാകാരീ
ഇതൊരു നല്ല കഥ എന്നതിലുപരിയായി ഒരു പാട് നാട്ടറിവുകൾ വായനക്കാർക്ക് പകർന്നു നല്കുന്നു. പലതും പുതുതലമുറയ്ക്കു അന്യവുമാണ്. പഴമയുടെ ഒരു ആരാധകനൊന്നുമല്ലെങ്കിലും നമുക്കു എവിടെയോ നഷ്ടപ്പെട്ടു പോയ ചില നന്മയുടെ പാഠങ്ങൾ ഓർത്തെടുക്കാൻ ഇതു ധാരാളം മതിയാകും. എഴുത്തു തുടരുക. എല്ലാ നന്മകളും നേരുന്നു.
Thank you for your feedback. This will encourage me alot.
അസ്സലായിണ്ടേ
Thank you 😊😊
Assalayitto Sandre..Waiting for more stories!!
Thank you… Please check http://bit.ly//kunjaatholu 😀
നന്നായിട്ടുണ്ട് സാന്ദ്ര.👏👏👏🙏
Good,Good,Assalayittund