മംഗളം മംഗളം ലോകനാഥേ
മംഗളം മംഗളം മാരുതേശാ
മംഗളം നേരട്ടെ രണ്ടുപേർക്കും
മംഗളമേവർക്കും നേർന്നിടട്ടെ.
മന്മഥ മന്മഥൻ മാരുതേശൻ
കണ്മണിയാകിയ രുഗ്മിണിയെ
സമ്മോദം വേളി കഴിച്ചു വാണു
ചെമ്മേ ഞാൻ മംഗളം നേർന്നിടട്ടെ
വൈദർഭി രുഗ്മിണി തമ്പുരാട്ടി
വൈദഗ്ദ്ധ്യം കാണിച്ചു വേണ്ടപോലെ
കൈവല്ല്യ ദാതാവാം നന്ദജനെ
കൈവരിച്ചെന്നതു ഭാഗ്യമായി
പുണ്യം നീയാർജ്ജിച്ചു നൂറുജന്മം
പുണ്യപുഞ്ജത്തിങ്കൽ മാല ചാർത്താൻ
പുണ്യവും പുണ്യവും സമ്മേളിച്ചു
പുണ്യമുലകിലുയർന്നിടട്ടെ.
പ്രേമത്തോടൊന്നു വിളിച്ചെന്നാകിൽ
ആമയം തീർക്കുവാൻ കൃഷ്ണനെത്തും
പാദം പിടിച്ചു കരയുന്നോരെ
പാണി പിടിച്ചവൻ പാലിച്ചീടും
ദുർഗ്ഗാചരണത്തെ സേവിച്ചപ്പോൾ
ദുർഘടം തീർത്തമ്മ രുഗ്മിണിക്ക്
ദുഃഖവിനാശനൻ കാർവർണ്ണൻ്റെ
ചൊൽക്കൊണ്ട ജയാപദത്തെ നൽകി
എത്ര ശിശുപാലരുണ്ടായാലും
എത്രയോ രുഗ്മിമാർ നേരിട്ടാലും
അത്ര ഭഗവതീ കാരുണ്യത്താൽ
ഇത്രിലോകത്തിൽ ജയിക്കുമാരും
അമ്മ കനിഞ്ഞെന്നാൽ സജ്ജനങ്ങൾ
അഞ്ജസാ വന്നിടും പാലിച്ചിടാൻ
നമ്മുടെ സുന്ദര ബ്രാഹ്മണനെ
അമ്മ വരുത്തി അയച്ചതല്ലേ
പാരിൻ്റെ നന്മയെ പ്രാർത്ഥിക്കുന്ന
നാരദൻ കൂട്ടിക്കൊളുത്തിയിട്ട
ലോകവിമോഹനമായ വേളി
ലോകത്തിൽ മംഗളം ചേർത്തിടട്ടെ
പുത്തനായ് തീർത്തൊരു ദ്വാരകയിൽ
ആർത്തമോദം നടുമുറ്റത്തായി
ഉത്തമസ്ത്രീകൾ വിധിച്ച പോലെ
രുഗ്മിണിയെ കുടിവെച്ചു ഭാഗ്യം
ആറപ്പു വായ്ക്കുരവാരവവും
ആനന്ദം ചേർക്കുന്ന മേളങ്ങളും
ആനന്ദ നന്ദനക്കൊട്ടാരത്തിൽ
ആഘോഷിക്കപ്പെട്ടു വേണ്ടപോലെ
വേദജ്ഞരോതിയ വേളിയോത്തും
പാവനമാം ദേവി പൂജാദിയും
എന്നല്ല സദ്യയും സമ്മാനവും
ഒന്നും വിവരിപ്പാനൊട്ടുമാകാ
അന്യോന്യമത്യന്ത പ്രേമത്തോടും
അന്യോന്യ സല്ലാപ ലീലയോടും
അന്യസുദുർല്ലഭ ദാമ്പത്യത്തെ
മന്നിലവരനുഷ്ഠിച്ചു നീണാൾ
ചോറ്റാനിക്കര അംബികേ നീ
ഏറ്റം തുണക്കണേ ഞങ്ങളെ നീ
മാറ്റിത്തം കൂടാതീ മംഗളത്തെ
ഊറ്റം വെടിഞ്ഞെന്നും പാടുവാനായ്
മംഗളം മംഗളം ലോകനാഥേ
മംഗളം മംഗളം മാരുതേശാ
മംഗളം നേരട്ടെ രണ്ടുപേർക്കും
മംഗളമേവർക്കും നേർന്നിടട്ടെ
മംഗളമേവർക്കും ചേർന്നിടട്ടെ
– വിവാഹാവസരങ്ങളിൽ കുടിവെപ്പ് സമയത്തും ധനുമാസത്തിലെ തിരുവാതിര വ്രതത്തിനും മറ്റു വിശേഷാവസരങ്ങളിലും മംഗളമായി ചൊല്ലിക്കളിക്കുന്ന പാട്ട്. തിരുവാതിരക്ക് പാർവ്വതി സ്വയംവരം, മംഗല ആതിര തുടങ്ങിയ പാട്ടുകൾ ചൊല്ലിയും കൈകൊട്ടിക്കളിക്കാറുണ്ട്.
4 Responses