ആയിരം തിരി തെറുക്കുമ്പോൾ ചൊല്ലുന്ന ശിവ – പാർവതീ സ്വയംവരം ആണ് ഇത്. ദിനവും പാർവ്വതീ യാമത്തിൽ തിരിഞ്ഞടി നേരത്ത് പഞ്ചാക്ഷര ജപം കഴിഞ്ഞാൽ കഴുത്തിലെ ചരടുപിടിച്ച് ജപിക്കുന്നത് ദീർഘദാമ്പത്യത്തിനു നല്ലതാണ്. ധനുമാസത്തിലെ തിരുവാതിര നാളിൽ (മഹാദേവൻ്റെ പിറന്നാൾ ദിനത്തിൽ) ആർദ്രാവ്രതത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ മംഗലാതിര, രുഗ്മിണീ സ്വയംവരം , ധനുമാസത്തിൽ തിരുവാതിര തുടങ്ങിയ പാട്ടുകളോടൊപ്പം ചൊല്ലി കൈകൊട്ടിക്കളിക്കാറുണ്ട്.
നന്മയേറുന്നൊരു പെണ്ണിനെ വേൾപ്പാനായ്
നാഥനെഴുന്നള്ളും നേരത്തിങ്കൽ
ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ടു-
കാളേമ്മേലേറി നമ:ശിവായ.
നാരിമാർ വന്നിട്ടു വായ്ക്കുരവയിട്ടു
എതിരേറ്റുകൊണ്ടങ്ങു നിൽക്കുന്നേരം
ബ്രാഹ്മണരോടും പലരോടുമൊന്നിച്ചു
ആർത്തകം പൂക്കു നമ:ശിവായ.
മദ്ധ്യേ നടുമുറ്റത്തൻപോടെഴുന്നള്ളി
ശ്രീപീഠത്തിന്മേലിരുന്നരുളി
പാനക്കുടവുമുഴിഞ്ഞു ഹരനെ
മാലയുമിട്ടു നമ:ശിവായ.
മന്ത്രകോടിയുമുടുത്തു വഴിപോലെ
കാലും കഴുകിയകത്തു പുക്കു
ആവണ വച്ചീട്ടതിന്മേലിരുന്നീട്ട്
അഗ്നി ജ്വലിപ്പൂ നമ:ശിവായ.
ചിറ്റും ചെറുതാലി കൊണ്ടങ്ങു ശോഭിച്ചു
കറ്റക്കുഴൽമണി നിൽക്കുന്നേരം
മാതാവു വന്നിട്ടു മാല-കണ്ണാടിയും
കയ്യിൽ കൊടുത്തു നമ:ശിവായ.
ശില്പമായ് മുക്കണ്ണൻ തൻ്റെ മുഖം നോക്കി
തൃക്കയ്യിൽ മാല കൊടുത്തുദേവീ
കാണവും നീരുമായ് വാങ്ങിക്കൊണ്ടങ്ങനെ
ഹോമം തുടങ്ങി നമ:ശിവായ.
വാസുകി പൂണ്ടൊരു പാണികൊണ്ട്
പാർവ്വതി തന്നുടെ കൈപിടിച്ച്
പാണീഗ്രഹം ചെയ്തു ഭാര്യയാക്കിക്കൊണ്ട്
പാർവ്വതിതന്നെ നമ:ശിവായ.
വാസുദേവനും അജനും മുനിമാരും
ഭൂതഗണങ്ങളോടൊരുമിച്ചിട്ട്
തൃശ്ശിവപേരൂരകം പൂക്കിരിക്കുന്ന
ശ്രീനീലകണ്ഠാ നമ:ശിവായ.
ഏണാക്ഷിമാരും പലരോടുമൊന്നിച്ച്
പാർവ്വതി തന്നെയലങ്കരിച്ചു
കുടിക്കുളി കല്യാണമാഘോഷിച്ചു
ശേഷം കഴിഞ്ഞൂ നമ:ശിവായ.
എങ്കിലോപണ്ടു വടക്കുംനാഥൻ
പാർവ്വതിയോടുടൻ ചേർന്ന കഥ
പാടുന്നവർക്ക് നെടുമംഗല്യം
വേർപെടാതെന്നും നമ:ശിവായ. (3)
One Response