ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്.
ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി
രണ്ടേ രണ്ടേപ്പോൽ ഈരില്ലം പുക്കു വളർന്നോരുണ്ണി
മൂന്നേ മൂന്നേപോൽ മുലയുണ്ടു പൂതനയെ കൊന്നാനുണ്ണി
നാലേ നാലേപോൽ നാരായണനെന്നു പേരുണ്ണിയ്ക്ക്
അഞ്ചേ അഞ്ചേ പോൽ അഞ്ചാതെ മല്ലരെ കൊന്നാനുണ്ണി
ആറേ ആറേപോൽ ആനയുടെ കൊമ്പു പറിച്ചാനുണ്ണി
ഏഴേ ഏഴേപോൽ ഏഴുനിലമേട തകർത്താനുണ്ണി
എട്ടേ എട്ടേ പോൽ പെട്ടെന്നു കംസനെ കൊന്നാനുണ്ണി
ഒമ്പതേ ഒമ്പതേ പോൽ ഗോക്കളെ മേച്ചു നടന്നാനുണ്ണി
പത്തേ പത്തേ പോൽ ഭക്തർക്കു മോക്ഷം കൊടുത്താനുണ്ണി