ഓത്തുകൊട്ട് അഥവാ ഓത്തൂട്ട്

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഓത്ത് അറിയുന്ന പെരുവനം ഗ്രാമത്തിലെ അവസാന കണ്ണികളിൽ പ്രമുഖനായിരുന്ന ബ്രഹ്മശ്രീ. കണ്ണമംഗലത്ത് വാസുദേവൻ നമ്പൂതിരിയുമായി ഏകദേശം ഒരു വർഷം മുമ്പ് നടത്തിയ സംഭാഷണശകലം ഒരു കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത്തരമൊരു കഥയുണ്ടാക്കി അദ്ദേഹത്തിനെ കേൾപ്പിച്ച് കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എഴുത്തുകാരിയുടെ തിരക്കുകൾ മൂലം നിർഭാഗ്യവശാൽ അത് നീണ്ടു പോയി. 

ഈ സംഭാഷണം കഴിഞ്ഞ് മാസങ്ങൾക്കകം ഈ മഹാത്‌മാവ്‌ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം മകൻ നാരായണേട്ടൻ പറഞ്ഞത് അദ്ദേഹത്തിന്റെ അവസാനദിവസങ്ങളിൽ തീരെ പ്രതികരണം കുറഞ്ഞിട്ടും വേദമന്ത്രങ്ങൾ കേട്ടപ്പോൾ കൈ ഓത്ത് ചൊല്ലുന്ന വിധത്തിൽ അനക്കി എന്നാണ്.

അന്ന് മുത്തശ്ശൻ പറഞ്ഞത് മുത്തശ്ശൻ മാത്രമാണ് ഓത്തുചൊല്ലാൻ അറിയുന്ന, ചൊല്ലി പരിചയമുള്ള പെരുവനം ഗ്രാമത്തിൽ ബാക്കിയുള്ള ഒരാൾ എന്നാണ്. ഇനി പുതു തലമുറയുടെ കാലമാണ്. അവർക്ക് ഇതിലേക്ക് താത്പര്യം ഉണ്ടാകാനും അതിന് അവസരങ്ങൾ സൃഷ്ടിക്കാൻ മാതാപിതാക്കൾക്കും മിത്രാനന്ദപുരം വാമനമൂർത്തിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

———————————————————————————————————————–

 

‘പേപ്പർ..’

വീടിന്റെ പൂമുഖവാതിൽ തുറന്നതും അനന്തന്റെ കാൽച്ചുവട്ടിലേക്ക് അന്നത്തെ പത്രം പറന്നെത്തിയതും ഒരേ സമയത്തായിരുന്നു. പത്രം പറത്തിയ ആളുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. ദാസേട്ടൻ ഈ സമയത്തിനുള്ളിൽ പത്ത് വീടുകളിൽ പത്രമിട്ടു കാണും.

അനന്തൻ ഒന്നു കുനിഞ്ഞു പത്രമെടുത്തു. പത്രത്തിനിടയിൽ നിന്നും ഒരു നോട്ടീസ് താഴേക്ക് വീണു. പൊതുവെ എല്ലാവരും കക്കിലക്കോ (ചൂടുള്ള പാത്രങ്ങൾ പിടിക്കുന്നതിനുള്ള കടലാസ് അഥവാ തുണി) അല്ലെങ്കിൽ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതാനോ കുട്ടികൾ വിമാനവും വഞ്ചിയുമൊക്കെ ഉണ്ടാക്കിക്കളിക്കാനോ മാത്രമുപയോഗിക്കുന്ന ഇത്തരം നോട്ടീസുകൾ വീണ്ടും കുനിഞ്ഞെടുക്കാൻ മിക്കവരും മുതിരാറില്ല. എന്നാൽ, പണ്ടേ ഡിസൈനിങ്ങിൽ താത്പര്യമുള്ളതിനാലാവണം അനന്തുവിനെ ഈ നോട്ടീസുകൾ എന്നും ആകർഷിക്കാറുണ്ട്. വിവിധ നിറങ്ങളുപയോഗിച്ച് ആശയങ്ങളെ അവയുടെ അർത്ഥവും വ്യാപ്തിയും ചോർന്നുപോകാതെ വളരെ കുറച്ച് വാക്കുകൾ കൊണ്ട് ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്നത് ഒരു കല തന്നെയാണെന്നാണ് അനന്തുവിന്റെ അഭിപ്രായം. അനന്തു നോട്ടീസ് കയ്യിലെടുത്തു.

മഹാവിഷ്ണുവിന്റെ വാമനാവതാരത്തിന്റെ ഒരു ചിത്രവും ‘മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രം ഓത്തുകൊട്ട്’ എന്ന തലക്കെട്ടുമാണ് ആദ്യ പേജിൽ. 2021 ഓഗസ്റ്റ് 13 ബുധനാഴ്ച (1197 കർക്കിടകം 28) മുതൽ ഒക്ടോബർ 25 തിങ്കളാഴ്ച (1197 തുലാം 9) വരെ.ആറുപുറമുള്ള ഒരു നോട്ടീസാണ്. 

ഇതെന്താണിപ്പോ ഈ ‘ഓത്തുകൊട്ട്’? അനന്തുവിന്റെ മനസ്സിൽ ചോദ്യമുണർന്നു. രണ്ടും മൂന്നും പേജിലേക്ക് കണ്ണോടിച്ചപ്പോൾ ഓത്തുകൊട്ടിനെക്കുറിച്ച് ഒരു ചെറിയ സംഗ്രഹമുണ്ട്. നാലാം പേജിൽ മിത്രാനന്ദപുരം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും അഞ്ചും ആറും പേജുകളിൽ വഴിപാട് സമർപ്പിക്കുന്നവരുടെ പേരു വിവരങ്ങളുമാണ് നോട്ടീസിന്റെ ഉള്ളടക്കം.

എന്താണീ ഓത്തുകൊട്ട് എന്ന സംശയം മനസ്സിൽ കിടക്കുന്നത് കൊണ്ടുതന്നെ അനന്തു രണ്ടാമത്തെ പേജ് എടുത്ത് വായിക്കാൻ തുടങ്ങി. 

 

‘ഭക്തജനങ്ങളെ,

പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടന്നു വരുന്ന യജുർവേദയജ്ഞം (ഓത്തുകൊട്ട്) 2021   ഓഗസ്റ്റ് 13 ബുധനാഴ്ച ആരംഭിക്കുന്നു. രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഓത്തുകൊട്ട് ഒക്ടോബർ 25 തിങ്കളാഴ്ച സമാപിക്കും. അനേകം വേദപണ്ഡിതരുടെ സംഗമമായ ഈ മഹായജ്ഞത്തിന് നേതൃത്വം നൽകുന്നത് ബ്രഹ്മശ്രീ കണ്ണമംഗലം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ആണ്.

അപൗരുഷേയമായ വേദം ദേവഗുരുവായ ബൃഹസ്പതിയിൽ നിന്ന് ഇന്ദ്രനും, ഇന്ദ്രനിൽക്കൂടി ഭരദ്വാജനും, ഭരദ്വാജനിൽ നിന്ന് മറ്റു ഋഷികൾക്കും പകർന്നു കിട്ടി. ദ്വാപരയുഗത്തിൽ വ്യാസൻ വേദത്തെ നാലാക്കിത്തിരിച്ചു യാഗത്തിനായി ഉപയോഗിക്കുന്ന മന്ത്രങ്ങളെ ക്രോഡീകരിച്ച് യജുർവ്വേദം എന്ന പേര് നൽകി അതിനെ വൈശമ്പായനന് ഉപദേശിച്ചു. യജുർവേദത്തിലെ സംഹിത 44 പർച്ചങ്ങൾ (അദ്ധ്യായങ്ങൾ) ശാഖയായി കണക്കാക്കുന്ന 39 അദ്ധ്യായങ്ങളും ചേർത്ത് 83 പർച്ചങ്ങൾ ഉണ്ടെങ്കിലും 44 അദ്ധ്യായങ്ങൾ മാത്രമേ ഇപ്പോൾ ഓത്തുകൊട്ടിനു പതിവുള്ളൂ. വേദസംരക്ഷണത്തിനായി ശ്രീപരമേശ്വരൻ മഹർഷിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഇന്ന് കാണുന്ന ഓത്തുകൊട്ടിന്റെ രൂപം പറഞ്ഞുകൊടുത്തു എന്നു വിശ്വസിക്കപ്പെടുന്നു. ഓത്തുകൊട്ടിന് സംഹിത, പദം, കൊട്ട് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഉപാസന. ഇതിനെ ത്രിസന്ധ എന്ന് പറയും. വൈശമ്പായശിഷ്യനായ ആത്രേയമഹർഷിയാണ് വേദത്തിന് പദപാഠം കൊണ്ടുവന്നത്. സംഹിതയിലെ 44 അദ്ധ്യായത്തിലും കൂടി 651 ഓത്ത് ഉണ്ട്. സാദ്ധ്യായ ദിവസങ്ങളിൽ മാത്രമേ ഓത്തുകൊട്ട് ഉണ്ടാകുകയുള്ളൂ. പ്രതിപദം, അഷ്ടമി, ത്രയോദശി, ചതുർദ്ദശി, വാവ് മുതലായ അനദ്ധ്യായ ദിനങ്ങളിൽ ഓത്തുകൊട്ട് ഉണ്ടാകുകയില്ല. 

യജുർവേദോപാസനയായ ഓത്തുകൊട്ട് മുടങ്ങാതെ നിലനിൽക്കുന്ന കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളാണ് മിത്രാനന്ദപുരം  വാമനമൂർത്തി ക്ഷേത്രവും രാപ്പാൾ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും. മിത്രാനന്ദപുരത്ത് മൂന്ന് വർഷത്തിലൊരിക്കലും രാപ്പാളിൽ ആറു വർഷത്തിലൊരിക്കലുമാണ് ഓത്തുകൊട്ട് നടത്തുന്നത്…‘

 

‘ഏട്ടാ… പാലെടുത്തില്ലേ?’

‘അയ്യോ, ഇല്ല. അത് മറന്നു!’

‘നന്നായി! ഇന്നത്തെ പത്രം കണ്ടപ്ലക്കും വന്ന കാര്യം മറന്നു ലെ?’

‘സോറി സോറി… ഞാനീ ഓത്തുകൊട്ട് ന്നു കണ്ടപ്പോൾ വായിച്ചു നിന്നതാ…’

‘ഉം.’

ദേഷ്യം കലർന്ന ഭാവത്തോടെ അനന്തുവിന്റെ പത്നി മീര പൂമുഖത്തേക്ക് നടന്നു. മീര കുളിച്ചു വരുമ്പോളേക്കും ചായ ഉണ്ടാക്കി വയ്ക്കാമെന്നെല്ലാം പറഞ്ഞ് പാലെടുക്കാനായി പൂമുഖത്തേക്ക് വന്നതായിരുന്നു അനന്തു. അപ്പോഴാണ് കാൽച്ചുവട്ടിൽ പത്രം വീഴുന്നതും നോട്ടീസ് കണ്ട് അവിടെ നിന്നുപോകുന്നതും. മീര വന്നു ചോദിച്ചപ്പോഴാണ് പിന്നീട് ചായയെക്കുറിച്ച് ഓർമ്മ തന്നെ വരുന്നത്.

‘മീരേ.. താൻ ഈ ഓത്തുകൊട്ട് ന്നു കേട്ടിട്ടുണ്ടോ?’

പാലെടുത്ത് അടുക്കളയിലേക്ക് പോകുന്ന മീരയെ പിന്തുടർന്ന് കൊണ്ട് അനന്തു ചോദിച്ചു.

‘ഉവ്വല്ലോ, മിത്രാനന്ദപുരം അമ്പലത്തിൽ ഉണ്ടാവാറുണ്ട്. മൂന്ന് കൊല്ലം കൂടുമ്പോഴോ മറ്റോ ആണ്ന്ന് തോന്നുന്നു. ഏട്ടനറിയില്ലേ അത്?’

‘ഇല്ല്യ. ഞങ്ങള് ഇവിടേക്ക് താമസം മാറ്റിട്ട് ഇപ്പോ ഒന്ന് രണ്ട് കൊല്ലല്ലേ ആയുള്ളൂ. ഞാനാദ്യായിട്ടാ കേൾക്കണേ…’

‘നമ്മടെ നിശ്ചയണ്ടായ അമ്പലല്ലേ ഈ മിത്രാനന്ദപുരം?’

‘അതന്നെ! വാമനമൂർത്തിയാണ് അവിടെ പ്രതിഷ്ഠ. വാമനമൂർത്തിക്ക് വളരെ ഇഷ്ടാണ് ഈ ഓത്തുകൊട്ട് ന്ന് ദേവപ്രശ്നത്തിൽ കണ്ടിരുന്നു. അത് കൊണ്ട് തുടർന്ന് പോകുന്നു. കുറേ കൊല്ലായിട്ട് ഉള്ളതാണ്. ആയിരം – ആയിരത്തഞ്ഞൂറ് കൊല്ലായിട്ടുണ്ടാവും ന്നാണ് കേട്ടിട്ടുള്ളത്.’

‘ഇത് ശരിക്കെന്താ പരിപാടി?’

‘അങ്ങനെ പറഞ്ഞ് തരാനൊന്നും എനിക്കറിയില്ല, വേണെങ്കിൽ നമുക്ക് കണ്ണാത്തെ മുത്തശ്ശനോട് ചോദിക്കാം. മുത്തശ്ശന് ഇതിനെക്കുറിച്ചൊക്കെ പറഞ്ഞ് തരാൻ ഇഷ്ടാണെനിം.’

‘ആഹ്, ന്നാൽ നമുക്കൊന്ന് പോയി ചോദിച്ചാലോ? മുത്തശ്ശന്റെ  പേര് നോട്ടീസിൽ ഉണ്ട്. അന്ന് കണ്ടപ്പോ നമ്മളോട് കണ്ണാത്തേക്ക് ഇറങ്ങാനും പറഞ്ഞേർന്നു.’ അനന്തന് പഴമ തേടി പോകുന്നതും അതിനെക്കുറിച്ചുള്ള അറിവുകൾ ശേഖരിക്കുന്നതുമെല്ലാം ഒരു ഹരമാണ്. മീരക്കും ഇഷ്ടമുള്ള പരിപാടിയാണിത്. അത്കൊണ്ട് വിവാഹ ശേഷം രണ്ടുപേരും കൂടിയാണ് വിവര ശേഖരണം.

‘ആഹ്, ന്നാ ദോശ കഴിച്ചിട്ട് ഇറങ്ങാം.’

‘ഒന്ന് വിളിച്ച് നോക്കീട്ട് പോണോ?  ഇനീപ്പോ അവിടെ ഇല്ല്യാച്ചാലോ?

‘ഏയ്, ഇപ്പോ മുത്തശ്ശൻ അങ്ങനെ പൊറത്തേക്ക് ഒന്നും പോവാറില്ല്യാ ന്നാ അന്ന് കണ്ടപ്പോ പറഞ്ഞത്. അല്ലെങ്കിൽ മുത്തശ്ശന്റെ അമ്മാത്തേക്ക്, അയിരിലേക്ക് ഒരു പോക്കുണ്ടാർന്നു ദിവസോം. പോണ വഴിക്ക് കാണണോരോടൊക്കെ ലോഗ്യം പറഞ്ഞു കൊണ്ടുള്ള ഒരു നടത്തം. ഇപ്പോ കുറേശ്ശേ വയ്യായ ഒക്കെ പറയിണ്ട് ന്നാണ് അന്നൊരൂസം കണ്ടപ്പോ നാരായണേട്ടനും പറഞ്ഞത്. രജനിയേട്ത്തി സ്കൂളിൽക്ക് പോയിണ്ടോ അറിയില്ല. എന്തായാലും ഒന്ന് പോയി നോക്കാം. അവിടെ ആരൂല്ല്യാച്ചാ തിരിച്ച് പോരാം.’

‘അത് ശരിയാ… എന്തായാലും പോയി നോക്കാം.’

അങ്ങനെ ദോശ കഴിച്ച് തയ്യാറായി രണ്ടുപേരും കൂടി ആക്ടിവയിൽ കയറി പല്ലിശ്ശേരി കണ്ണാത്തെ പടിക്കലെത്തി. മീര വണ്ടിയിൽ നിന്നിറങ്ങി വലിയ ഗേറ്റ് തള്ളിത്തുറന്നു. ആക്റ്റീവ ഗേറ്റ് കടന്ന് വീടിന്റെ മുൻവശത്തെത്തി. മീര ഗേറ്റ് അടച്ച് നടന്നു വന്നു. കോളിംഗ് ബെല്ലടിച്ചു. രജനിയേട്ത്തി വന്നു വാതിൽ തുറന്നു. മുഖത്തു സുന്ദരമായ പുഞ്ചിരി.

‘ആഹ്! വരൂ വരൂ…’ 

പ്രതീക്ഷിക്കാതെ കണ്ടതിലുള്ള അത്‍ഭുതം ആ മുഖത്തുണ്ടായിരുന്നു.

‘ആഹ്, രജനിയേട്ത്തി സ്കൂളിൽ പോയിണ്ടാവും ന്നു വിചാരിച്ചു.’ മീര പതിയെ വീടിന്റെ പടികൾ കയറിക്കൊണ്ട് പറഞ്ഞു.

‘ഇല്ല്യ, ഇന്ന് രാവിലെ അച്ഛൻ വയ്യാന്നുള്ള പോലെ പറഞ്ഞപ്പോ ലീവാക്കി.’

‘അതെയോ, മുത്തശ്ശന് എന്തുപറ്റി?’ അനന്തു ചോദിച്ചു.

‘ആഹ്, ഇപ്പൊ ഇത്തിരി വയ്യാന്നു നടിക്കലൊക്കെയുണ്ട്. ഇന്ന് രാവിലെ നല്ലോം വയ്യാന്നു പറഞ്ഞു. നാരായണേട്ടൻ ഉച്ചക്ക് എത്തും. എന്നിട്ട് ഞാൻ സ്കൂളിൽക്ക് പോവും.’

‘ഓ, അത് ശരി. കിടക്കുക തന്നെയാണോ? മുത്തശ്ശനോട് സംസാരിക്കാൻ പറ്റില്ലേ?’

‘ഉവ്വുവ്വ്. ആരെങ്കിലും വരണതും സംസാരിക്കണതും ഒക്കെ സന്തോഷാണ്. ഇപ്പൊ പുറത്തുപോവലും ഇല്ല്യാതായി ലോ. അതുകൊണ്ടൊക്കെ ഉള്ള വിഷമോം ണ്ട്. രണ്ടാളും ഇരിക്കൂ.’

രജനിയേട്ത്തി മുത്തശ്ശനെ വിളിച്ചു.

‘കിടക്കുകയാണെങ്കിൽ വിളിക്കണ്ട ഓപ്പോളേ…’ അനന്തു പറഞ്ഞു.

‘ഏയ്, ഉറങ്ങീട്ടൊന്നും ഇല്ല്യ. ദാ, വരണുണ്ട്.’

മുത്തശ്ശനെ കണ്ട് ഇരുവരും എഴുന്നേറ്റു.

‘ഇരിക്കൂ… ‘

പുഞ്ചിരിച്ച മുഖത്തോടെ അവരെ നോക്കി മുത്തശ്ശൻ അവർക്ക് മുഖാമുഖമായി ഒരു കസേരയിലിരുന്നു. വിശേഷങ്ങൾ ചോദിച്ചു. അനന്തുവിന്റെ ജോലിയെക്കുറിച്ച് അന്വേഷിച്ചു. ഇല്ലത്തുള്ളവരുടെ സുഖാന്വേഷണങ്ങൾ തിരക്കി. 

‘മുത്തശ്ശന് കിടക്കണോ കുറച്ച് നേരം? കുറേ നേരായില്ലേ ഇങ്ങനെ ഇരിക്കണു?’

‘ഏയ്, വേണ്ട വേണ്ട. എനിക്ക് ഒന്നും ഇപ്പൊ ചെയ്യാൻ ഇല്ലല്ലോ. അതോണ്ട് കിടക്കണു ന്നേ ള്ളൂ. വർത്തമാനം പറഞ്ഞിരിക്കാണ് ഇഷ്ടം.’

‘മുത്തശ്ശാ, എന്നാൽ ഞങ്ങൾക്ക് ഓത്തുകൊട്ടിനെക്കുറിച്ച് അറിയണം ന്നുണ്ട്. പറഞ്ഞു തര്വോ?’ മീര ചോദിച്ചു.

‘ഓത്തുകൊട്ടോ? പിന്നെന്താ?’

മുത്തശ്ശന്റെ മുഖം പ്രസരിതമായി. 

‘ഇനി അച്ഛന് ക്ഷീണം ഒട്ടും തോന്നില്ല്യ. എത്ര നേരം വേണെങ്കിലും സംസാരിക്കും.’ രജനിയേട്ത്തിയാണ്. രണ്ടുപേർക്കും രജനിയേട്ത്തി ചായ കൊടുത്തു. ചായ കുടിച്ചു കൊണ്ട് അവർ മുത്തശ്ശനുമായി സംഭാഷണത്തിലേർപ്പെട്ടു.

‘മുത്തശ്ശാ… ഒരു മുൻ‌കൂർ ജാമ്യം എടുക്കാൻ ഉണ്ട് ട്ടോ. ഞങ്ങൾക്ക് ഓത്തുകൊട്ടിനെക്കുറിച്ച് ഒന്നും അറിയില്ല. അതോണ്ട് തന്നെ അത് എന്താന്ന് മുതൽ പറഞ്ഞ് തരണേ…’ അനന്തു പറഞ്ഞു.

‘ഓത്ത്ച്ചാൽ വേദം, അപ്പോ ഓത്തുകൊട്ട് ന്നു വച്ചാൽ വേദം ചൊല്ലൽ. ഇപ്പോ മനസ്സിലായോ?’

‘അത് ശരി.’

‘അമ്പലത്തിൽ വേദം 3 തരം ചൊല്ലും.

സംഹിത , കൊട്ട് , പദം – ഇങ്ങനെയാണ് അതിനെ പറയാ. മൂന്നിനും 3 രീതിയാണ്.’

‘അപ്പൊ മുത്തശ്ശാ, നാല് വേദങ്ങൾ ഉണ്ടല്ലോ. അതിൽ ഏതാ ചൊല്ലുക?’ മീരക്ക് സംശയം.

‘യജുർവ്വേദം. യജുർവ്വേദപ്രയോഗമാണ് ഓത്തൂട്ട്. ഓത്തുകൊട്ട് എന്നാണ് ശരിക്കും എങ്കിലും ഓത്തൂട്ട് ന്നാണ് പറയാ. ഋഗ്വേദം ചൊല്ലണേന് തൃസന്ധന്നാണ് പറയാ. 3 സന്ധ്യ ആണ് തൃസന്ധ. ഓത്തൂട്ടും മൂന്ന് നേരം (തൃസന്ധ) തന്നെയാണ് ട്ടോ.

ഓത്തുകൊട്ടിന് ആദ്യം സംഹിത (സുഖം) ചൊല്ലണം. 50 പദം കൂടിയാലാണ് പഞ്ഞാദി. ഒരു പഞ്ഞാദി ഒരുമിച്ച് ചൊല്ലുക – ഒരാൾ നീട്ടി ചൊല്ലുക. പുറകിലുള്ളവർ അഞ്ച് ഉരു ചുരുക്കി ചൊല്ലുക. ഇതാണ് സംഹിതയുടെ സ്വഭാവം. ഓരോ പഞ്ഞാദി (50 പദം വീതം) യായി ചൊല്ലി ഓത്തു മുഴുവൻ ചൊല്ലും. 50 പദം കഴിഞ്ഞാൽ മുകളിലേക്ക് ചൊല്ലുക. അത് കഴിഞ്ഞാൽ അടുത്ത പഞ്ഞാദി തുടങ്ങാ. ചില സമയങ്ങളിൽ 50 പദമൊന്നും ഉണ്ടാകില്ല. അങ്ങനെയെങ്കിൽ 25 ആയാലും മതി വേർതിരിക്കാൻ. എന്നാൽ 24 പദമേ ഉള്ളൂ എങ്കിൽ മുൻപത്തെ പഞ്ഞാദിയിൽ ചേർക്കുകയാണ് പതിവ്.

50 പദത്തിന്റെ അടയാളമായി കുടുമ ഉണ്ട്. ‘

‘കുടുമയോ? തലയിൽ കാണുന്ന കുടുമ ആണോ?’

‘ഇത് ആ കുടുമ അല്ല. ഒരു വിരാമം അല്ലെങ്കിൽ സ്റ്റോപ്പ് ആണ് കുടുമ.’

‘അപ്പോൾ കുടുമ പിരിച്ചു വക്കുമോ മുത്തശ്ശാ?’

‘ഏയ്, ഇത് ഓത്തിലെ കുടുമ ആണ്. ഓത്തിലെ ഒരു അതിർത്തി/ വേർതിരിക്കലിന് പറയുന്നതാണ് കുടുമ. 50 ആം പദമാണ് കുടുമ. അപ്പോൾ ‘ഒരു കുടുമ’ എന്ന് പറഞ്ഞാൽ പിന്നെ 51 ആം പദത്തിൽ നിന്ന് തുടങ്ങിയാൽ മതി. 

ഒരു കുടുമ കഴിഞ്ഞാൽ കൂടുതൽ പദങ്ങൾ ഉണ്ടെങ്കിൽ അതിനെ പുച്ഛക്കുടുമ ന്നു പറയും. പുച്ഛം എന്നാൽ ഇവിടെ ‘അവസാനം’ ആണ്. അല്ലാതെ, സാധാരണ പറയുന്ന പുച്ഛം അല്ല. 50 പദം കഴിഞ്ഞാൽ അവസാനിക്കാൻ എത്ര പദമുണ്ട്, 4  പദമാണോ അതോ 8 പദമാണോ എന്നെല്ലാം മനസ്സിലാക്കുന്നത് ഈ പുച്ഛക്കുടുമ നോക്കിയാണ്. എവിടെയാണ് നിർത്തേണ്ടത് എന്നറിയാത്ത അവസ്ഥ വരാതിരിക്കാനാണ് ഇത് കൂടി ചൊല്ലുന്നത്.

50 പദം + 5 പദം ആണെങ്കിൽ പഞ്ചച

6 ആണെങ്കിൽ ഷഡ്ച 

8 പദം ആണെങ്കിൽ അഷ്ടൗച   

10 ആയാൽ ദശച

25 ആണ്ച്ചാൽ  പഞ്ചവിംശതിശ്ച.  

അങ്ങനെ 50 വരെ തുടരും. 50 ആയാൽ പിന്നത്തെ കുടുമ ആയല്ലോ.’

‘അത് ശരി.’

 ‘ഇനി ഇങ്ങനെ 25 പദമായാൽ അടുത്ത പഞ്ഞാദി ആയി കൂട്ടും. 25 ൽ താഴെ ആണെങ്കിലേ ഇത് ആദ്യം ചൊല്ലേണ്ടതുള്ളൂ. ഉദാഹരണത്തിന്, 28 പദമുണ്ടെന്ന് വിചാരിക്കാം. അപ്പോൾ ഒരു പഞ്ഞാദി ചൊല്ലിയിട്ട് ‘അഷ്ടാവിംശതിശ്ച‘ ന്നു ചൊല്ലും.  വിംശതി എന്നാൽ 20, അപ്പോൾ അഷ്ടാവിംശതി എന്നാൽ 28. ഇത് ഓത്തിനുള്ള ക്രമമാണ്.‘

ഇനി രണ്ടാമത്തേതാണ് കൊട്ട്. അതിന് ഒരാൾ 4 പദം ചൊല്ലുക. മറ്റുള്ളവർ എല്ലാവരും ഇത് മൂന്ന് തവണ ആവർത്തിച്ച് ചൊല്ലുക. അതായത്, ഏറ്റു ചൊല്ലുക. രീതിയൊക്കെ വ്യത്യാസമുണ്ടാകും. സ്വരം മാറും. സംഗീതത്തിൽ സ്വരത്തിൽ വ്യത്യാസം വരുന്നത് പോലെ തന്നെ!’

‘അപ്പോൾ ഈ മൂന്ന് തരം എന്ന് പറഞ്ഞതിലും പദം ഇല്ലേ? സംഹിതയിലും പദം ഉണ്ടല്ലോ.’

‘സംഹിതയിലും ഉള്ളത് പദം തന്നെയാണ്. സംഹിതയിൽ ഒരുമിച്ച് ചൊല്ലും, അടുത്ത രണ്ടിലും മുറിച്ച് മുറിച്ച് ചൊല്ലും. സ്വരത്തിലാണ് പ്രധാന വ്യത്യാസം.’

‘അത് ശരി’

മുത്തശ്ശൻ തുടർന്നു.

‘മൂന്നാമത്തെ പദം. അത് 50 പദം ഒരുമിച്ച് ഒരാൾ ചൊല്ലുക. ബാക്കിയുള്ളവർ എല്ലാം കൂടി 5 ഉരു ഏറ്റുചൊല്ലുക. 5 ഉരു എന്നാൽ 5 തവണ എന്നർത്ഥം. 

ഇതിൽ മൂന്നും ഒന്നും നാല് ഉരുവേ വരുള്ളൂ. കൊട്ടിൽ ഒരാൾ ഒരെണ്ണം ചൊല്ലി, മറ്റുള്ളവർ 3 ചൊല്ലുന്നു. അപ്പോൾ ആകെ 4 ഉരു. അതായത്, 

സംഹിതയിൽ അഞ്ചും ഒന്നും ആറ് ഉരു ചൊല്ലി.

കൊട്ടിൽ മൂന്നും ഒന്നും നാല് 

ഇപ്പോൾ ആറും നാലും പത്ത് ആയില്ലേ! ഇനി ആറ് ഉരു. അങ്ങനെ 16 ഉരു.

6+4+6=16 ഉരു. 

സംഹിത ചൊല്ലിയ പോലെ തന്നെ പഞ്ഞാദി ചൊല്ലി നിർത്തുക. പിന്നെ വീണ്ടും ആവർത്തിച്ച് ചൊല്ലുക.’

മുത്തശ്ശൻ ഒന്ന് നിർത്തി വീണ്ടും തുടർന്നു.

നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യുമ്പോളാണ് ഈ പറഞ്ഞത് ഒന്നു കൂടി വ്യക്തമാവാ!! പണ്ട് ഇത് കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയായിരുന്നു.  കൊട്ടിലാണ് കേമന്മാർ ഒക്കെ ഉണ്ടാകുക. ആദ്യത്തെ നാല് വരി ചൊല്ലിയാൽ പിഴക്കാതെ അത് ചൊല്ലി അടുത്ത നാല് വരി… അങ്ങനെ മാറാതെ ചൊല്ലണ്ടേ! അതൊക്കെ ഒരു മിടുക്കാണ്. എല്ലാവർക്കും അത് പറ്റില്ല. എനിക്കൊക്കെ ചൊല്ലാനേ പറ്റുള്ളൂ. മറ്റുള്ളവരെ ചൊല്ലിക്കാൻ പറ്റില്ല.  എന്നാൽ കാരണവന്മാരിൽ ആ കഴിവുള്ളവർ ഉണ്ടായിരുന്നു.’

‘അപ്പോൾ മുത്തശ്ശാ, കൊട്ട് ആണോ ഏറ്റവും ബുദ്ധിമുട്ട്?

‘അതെ, കൊട്ട് ആണ് ഏറ്റവും ബുദ്ധിമുട്ട്.’

‘അപ്പോൾ എളുപ്പം ഏതാ?’

‘എളുപ്പം സംഹിത.’

‘ഈ പദവും സംഹിതയും തമ്മിൽ എന്താ വ്യത്യാസം?’

‘പദത്തിൽ വ്യത്യാസമുണ്ടല്ലോ! സ്വരത്തിൽ. ചുരുങ്ങിയത് നാല് പേരെങ്കിലും വേണം ഓത്തൂട്ടിന്. അല്ലെങ്കിൽ ചൊല്ലി എത്തില്ല. മാത്രവുമല്ല, എന്തെങ്കിലും തെറ്റിയാലും തിരുത്താനും ആളു വേണമല്ലോ.’

‘എന്തിനാ ഓത്തൂട്ട് നടത്തണേ മുത്തശ്ശാ?’ അനന്തു ചോദിച്ചു.

‘വേദം എന്തിനാ ചൊല്ലണേ? പറയൂ.’

‘ഐശ്വര്യത്തിന്. അല്ലേ മുത്തശ്ശാ?’ മീര മറുചോദ്യമുയർത്തി.

‘അതെ, ഐശ്വര്യത്തിനാണ്. സംശയമില്ല. ലോക ഐശ്വര്യം. അതിനാണ് പ്രാർഥിക്കുന്നത്. ഓരോന്നും ഓരോ രീതിയിൽ ചൊല്ലുന്നു ന്നു മാത്രം. സാധാരണ മുറജപം ന്നു പറഞ്ഞാൽ വെറുതെ ഓത്ത് ചൊല്ലുകയേ ള്ളൂ. പെരുവനത്ത് മുറജപത്തിന് ഞങ്ങൾ ആറു പേർ വട്ടമിട്ടിരുന്നു ഓത്ത് ചൊല്ലും. ആരും കാണാൻ ഉണ്ടാവൊന്നും ഇല്ല. എല്ലാവരും പങ്കുവച്ച് ചൊല്ലും.’

‘അപ്പോൾ മുറജപത്തിനും വേദം തന്നെയാണ് ചൊല്ലുന്നത് അല്ലേ?’

‘അതെ അതെ… എന്നാൽ അതിന് ജപമേ ഉള്ളൂ. മുറ ‘ജപം’ ആണല്ലോ. അതിന് അഞ്ചു പേരുണ്ടായാൽ മൂന്ന് മണിക്കൂറൊക്കെ മതിയാകും. ചൊല്ലി പരിചയം ഉണ്ടല്ലോ.’

‘ആഹ്… അപ്പോൾ ഒരേ വേദ മന്ത്രങ്ങൾ തന്നെ അല്ലേ സംഹിതക്കും കൊട്ടിനും എല്ലാം ഉപയോഗിക്കുന്നത്? ഒന്ന് കഴിഞ്ഞ് ഒന്ന് എന്ന രീതിയാണോ?’

‘ഓരോന്ന് കഴിഞ്ഞ് അടുത്തത് എന്ന രീതിയിൽ ആയാൽ കഴിയാൻ കുറേ ദിവസങ്ങൾ എടുക്കും. അതുകൊണ്ട് എളുപ്പത്തിന് പങ്കുവച്ച്, സംഹിതയും കൊട്ടും ഒക്കെ നടക്കുന്ന രീതിയിലാണ് ഇന്നത്തെ കാലത്ത് ക്രമീകരിക്കാറുള്ളത്. അത് കൊണ്ടാണ് രാത്രി 12 മണി വരെയൊക്കെ നീണ്ടുപോകുന്നത്. കൊട്ട് മിക്കവാറും രാത്രിയിലാണ് ഉണ്ടാകുക. ഒഴിവുള്ളവർ അല്ലാതെ ഉണ്ടാവണ്ടേ!! സംഹിത കഴിഞ്ഞിട്ട് വേണമല്ലോ കൊട്ട്. സംഹിത പാട്ട് പോലെ നീട്ടി ചൊല്ലണം. അവിടെയാണ് സ്വരം. സ്വരമില്ലാതെ അത് ചൊല്ലാൻ പറ്റില്ല.’

‘അപ്പൊ മുത്തശ്ശാ, ഒരു ഓത്തൂട്ട് ന്നു പറയുമ്പോൾ എത്ര ദിവസം എടുക്കും? ദിവസക്കണക്കാണോ അതോ മണിക്കൂർ കണക്കാണോ?’

‘29 പൂർണ്ണ ദിവസങ്ങൾ എന്നതായിരുന്നു പെരുമ്പിള്ളിശ്ശേരിയിലെ പണ്ടത്തെ കണക്ക്. രാവിലെ മൂന്ന് – നാല് മണി വരെയൊക്കെ ഇരുന്ന് ചൊല്ലാറുണ്ടായിരുന്നു. അന്ന് ധാരാളം വേദം അറിയുന്ന ആളുകൾ ഉണ്ടായിരുന്നു. ഇവിടെ തന്നെ 65 – 70 പേരോളം ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. അപ്പോൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ചൊല്ലുക. കുറച്ച് നേരം ചൊല്ലിയാൽ പിന്നെ വിശ്രമിക്കാം. പിന്നീടത് രാത്രി ഒന്ന് – രണ്ട് മണി വരെയായി കുറഞ്ഞു. അങ്ങനെ…!!’ മുത്തശ്ശൻ നെടുവീർപ്പിട്ടു.

‘രാവിലെ സന്ധ്യാവന്ദനം കഴിഞ്ഞാൽ തുടങ്ങും. പിന്നെ വൈകീട്ട് നിർത്തും. സന്ധ്യാവന്ദന ശേഷം വീണ്ടും തുടരും. ഇടക്ക് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഒരു ഇടവേള ഉണ്ടാകുമെന്ന് മാത്രം. നിർത്തിയാൽ അര മണിക്കൂർ കഴിഞ്ഞേ തുടങ്ങാവൂന്നാണ് കാരണവന്മാർ പറയാറ്. വിശ്രമിക്കാൻ സമയം വേണം എന്ന ഉദ്ദേശത്തിലാവേർക്കും!!’

‘അത് ശരി. അപ്പോൾ 29 ദിവസം ആണ് ഓത്തൂട്ടിന് വേണ്ടത് അല്ലേ?’

‘അങ്ങനെ പറയാൻ പറ്റില്ല. ഇത്തവണ മിത്രാനന്ദപുരത്ത് 33 ദിവസം ആണ് കണക്കാക്കിയിരിക്കുന്നത് .’

‘അപ്പോൾ അത് എന്തിന്റെ അടിസ്ഥാനത്തിലാ തീരുമാനിക്കുക?’

‘ചൊല്ലി എത്തണ്ടേ! നേരത്തെ പറഞ്ഞില്ലെ പതിനാറ് ന്ന്. അത് ചൊല്ലിത്തീരണം. അതത്ര എളുപ്പല്ല. കുറേ നേരം വേണം. ഈ സംഹിത സമയത്ത്  1 മണിക്കൂറിൽ  10 പഞ്ഞാദിയേ കഴിയുള്ളൂ. അതായത്, 500 പദം. അത് ആ ചൊല്ലുന്ന രീതി കൊണ്ട്. അത് കഴിഞ്ഞാൽ പിന്നെ കൊട്ട്. അതിൽ 16 പഞ്ഞാദിയാണ് ഒരു മണിക്കൂറിൽ കഴിയാ. അങ്ങനെ ഓരോന്നിന് ഓരോ സമയമാണ്. ചൊല്ലിയിട്ടുള്ള പരിചയം കൊണ്ട് സമയം പറയണൂന്നേ ള്ളൂ. അങ്ങനെ എല്ലാം കഴിയണ്ടേ! എല്ലാം ചൊല്ലുകയും വേണം ഒരു ദിവസം… അതായത്, മൂന്നും വേണം. ഒന്ന് വേണ്ടാന്ന് വക്കാൻ ഒന്നും പറ്റില്ല.’

‘ഓ, അത് ശരി. എപ്പോൾ ചൊല്ലി കഴിയുന്നോ അപ്പോ നിർത്താം ന്നു സാരം.’

‘അതെ! അങ്ങനെ എന്ന് വേദം മുഴുവനും ഈ പറഞ്ഞ പോലെ ചൊല്ലിക്കഴിയുന്നുവോ അത്രേം ദിവസം ആവും ഓത്തൂട്ട്. ഇപ്പോൾ ഓത്ത് അറിയണ അധികം ആൾക്കാരില്ലല്ലോ. അതോണ്ട് രാവിലേം രാത്രിം ചൊല്ലാൻ ഉള്ള ആൾക്കാർ ഒന്നാണ്. അപ്പോൾ രാത്രി ആവുമ്പളക്കും വയ്യാതായി നിർത്തും. കുറച്ചെങ്കിലും വിശ്രമം വേണ്ടേ! പിറ്റേന്ന് രാവിലെ ആറു മണിക്ക് തുടങ്ങുകയും വേണേ!

പക്ഷേ, ദിവസം കൂടുമ്പോൾ ഉള്ള പ്രശ്നം സാമ്പത്തിക ചിലവാണ്. ഇതിനായി വരുന്ന ആളുകളുടെ താമസം, ഭക്ഷണം തുടങ്ങി എല്ലാ ചിലവുകളും നോക്കണമല്ലോ. പിന്നെ ഇന്നത്തെ കാലത്ത് ദക്ഷിണയും കൊടുക്കാറുണ്ട്. പണ്ട് അത് ഒരു മോഹത്തിന്റെ ഭാഗമായി പങ്കെടുക്കലായിരുന്നു. ഞങ്ങൾ പത്തു ഇല്ലങ്ങൾ തന്നെയാണ്  പണ്ടു മുതലേ ഇതിന്റെ ചിലവുകൾ എല്ലാം വഹിക്കുന്നത്. 

ആലക്കാട്, പട്ടച്ചോമയാര്, വെള്ളാംപറമ്പ്, കണ്ണമംഗലം, അക്കര ചിറ്റൂര്, അയിര്, എടപ്പലം, ചെറുവത്തൂര്, കീഴില്ലം, കിരാങ്ങാട്ട് – അങ്ങനെ 10 ഇല്ലങ്ങൾ

ഇതിൽ ഓരോ ഇല്ലങ്ങളുടെയും ചുമതലയിൽ ആയിരിക്കും ഓരോ തവണയും ഓത്തു കൊട്ട് നടത്തുന്നത്. ഒരു തവണത്തെ ഓത്തൂട്ട് കഴിഞ്ഞ് കണക്ക് അവതരിപ്പിച്ച് 10 ഇല്ലങ്ങളുടെയും (ഓത്തുട്ട് ബ്രഹ്മസ്വം) അംഗീകാരം വാങ്ങി മൂന്ന് വർഷം കഴിഞ്ഞ് വരുന്ന ഊഴക്കാരനായ ഇല്ലത്തിനായിരിക്കും തുടർന്ന് 3 കൊല്ലത്തെ ചുമതല. ഒരു ഓത്തു കൊട്ട് മൊത്തം നടത്തുന്നതിന് നല്ല ചെലവ് വരുന്നതിനാൽ ഓരോ ഇല്ലക്കാരും അവരുടെ വഴിപാട് ആയി പ്രധാനമായും ഒരു ദിവസത്തെയും അല്ലാതെയും നടത്തിയാണ് ഓത്തൂട്ട് പൂർത്തീകരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നാട്ടുകാരുടെയും കമ്മിറ്റിക്കാരുടേയും എല്ലാം സഹകരണം കൂടി ഉണ്ട് ട്ടോ. അല്ലാതെ ഒന്നും ഇത് നടപ്പിലാക്കാൻ കഴിയില്ല.

ആർക്കെങ്കിലും ഒക്കെ വേണമെങ്കിൽ വഴിപാടുകളായും ചെയ്യാം. ഈ ദിവസങ്ങളിൽ ചതുശ്ശതം പ്രധാനമാണ്. ചതുശ്ശതം എന്നാൽ 400 എന്നർത്ഥം. 4 കൂട്ടം  400 വീതം. 

25 ഇടങ്ങഴി അരി. അതായത്, 100 നാഴി.

100 കദളിപ്പഴം.

100 നാളികേരം.

100 ശർക്കര. അതാണ് ഒരു ചതുശ്ശതത്തിന്റെ കണക്ക്.

‘അത് ശരി. അപ്പോൾ മുത്തശ്ശാ, പണ്ട് കാലത്ത് ഈ ഓത്തുകൊട്ട് ഒരു മത്സരം പോലെ ആയിരുന്ന്വോ?’

‘അതെ… പണ്ട് രണ്ട് അമ്പലങ്ങൾ തമ്മിൽ ഒക്കെ മത്സരം ആയിരുന്നു.’

‘ആളുകൾ തമ്മിലും ഉണ്ടാവും ലേ?’

‘ഉവ്വ്.. അത് കൊണ്ട് തന്നെ കടലാശ്ശേരി, ഞെരുവിശ്ശേരിക്കാരൊന്നും ഇവിടേക്ക് ഓത്തിന് വരില്ല. അവർക്ക് അവിടെ അവസരങ്ങൾ ഉണ്ട്. മാത്രവുമല്ല, ഇവിടെ ആവശ്യത്തിന് ആളും ഉണ്ട്. അതും പറയണമല്ലോ. 1976 ലോ 77 ലോ മറ്റോ ഞെരുവിശ്ശേരി ഉണ്ടായിട്ടുണ്ട്. പിന്നെ ഉണ്ടായിട്ടില്ല. 

എന്നാലും ഇന്നും മിത്രാനന്ദപുരത്ത് വീഴാതെ നിലനിൽക്കുന്നുണ്ടല്ലോ!!! നിർത്താതെ എന്നതിന് വീഴാതെ എന്നാണ് പറയുകട്ടോ. ഇപ്പോൾ എല്ലാവരും കൂടി ഒരുമിച്ച് നടത്തുന്നു.‘

‘അതെ, അതാണല്ലോ വേണ്ടതും. ഇത് യജുർവ്വേദികളേ ചൊല്ലാവൂ എന്നുണ്ടോ? അതോ ഋഗ്വേദികൾക്ക് പഠിച്ച് ചൊല്ലാമോ?’

‘അതാവാം. താത്പര്യമുള്ളവർക്ക് പഠിക്കാം. ഇവിടെ തന്നെ പടിഞ്ഞാറേടത്ത് പട്ടേരി പഠിച്ച് ചൊല്ലുന്നുണ്ടല്ലോ.’

‘ഇവിടെ മിത്രാനന്ദപുരത്ത് മാത്രമാണോ ഓത്തൂട്ട് നടക്കാറുള്ളത്?’

‘അല്ല. രാപ്പാൾ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുണ്ട്. അവിടേം ഇപ്പോളും നിലനിൽക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിൽ ഈ രണ്ടിടത്തേ സ്ഥിരം ഉള്ളൂ. രണ്ടുകൊല്ലം മുമ്പ് നെല്ലായി വയലൂർ അമ്പലത്തിൽ കൈമുക്കിലുള്ളവരുടെ മോഹപ്രകാരം അവർ തന്നെ ചിലവ് നടത്തിക്കൊണ്ട് ചെയ്തു. പണ്ട് അവിടേയും  ഉണ്ടായിരുന്നതാണത്രെ. അറുപത് കൊല്ലങ്ങൾക്ക് മുമ്പ് വേണ്ടെന്നു വച്ചു എന്നാണ് കേട്ടത്.’

‘ഇത് കേരളത്തിൽ മാത്രമാണോ ഉള്ളത്?’

‘ഇത് കേരള സമ്പ്രദായമാണ്. പണ്ടൊക്കെ ഇത് കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായിരുന്നു. പിന്നെ നല്ല ശാപ്പാട് കിട്ടാനുള്ള ഒരു അവസരവും. എല്ലാ ദിവസവും അന്നദാനം ഉണ്ടേ!’

മുറിയാകെ ഒരു ചിരി പടർന്നു. 

‘മുത്തശ്ശാ… ഓത്തൂട്ടിനെക്കുറിച്ച് പറഞ്ഞപ്പോൾ ത്രിസന്ധ എന്നും മുത്തശ്ശൻ പറഞ്ഞില്ലേ?’

‘ഉവ്വ്. അത് ഋഗ്വേദം ആണ്.’

‘അത് എവിടെയെങ്കിലും ഇപ്പോൾ നടക്കുന്നുണ്ടോ?’

‘ഉണ്ടല്ലോ. ബ്രഹ്മസ്വം മഠത്തിൽ നടക്കാറുണ്ട്. ആറ് കൊല്ലത്തിൽ ഒരിക്കൽ രണ്ടു മാസം കാലയളവിൽ ആക്കിയിട്ടുണ്ട്.’

‘പ്രത്യേക കാലഘട്ടത്തിലേ പാടൂ എന്നുണ്ടോ?’

‘ഉവ്വ്. ശ്രാവണ മാസം. കർക്കിടകം, ചിങ്ങം, കന്നി നല്ല സമയമാണ്. ത്രിസന്ധ്യയും അങ്ങനെ തന്നെ. ദക്ഷിണായന കാലം ഈശ്വര സേവ നടത്തേണ്ട കാലമാണ്. അതാണല്ലോ, കർക്കിടക മാസത്തിൽ ഈശ്വരസേവ വേണം ന്നു പറയണേ. അത്കൊണ്ട് ആ സമയത്ത് ഇതൊക്കെ ചെയ്യാൻ പറയും. ദുരിതങ്ങൾ ഇല്ലാതാവാൻ എന്ന സങ്കല്പം ആണല്ലോ. പിന്നെ ഓത്തൂട്ടിന് ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ ഈ കാലത്താണ് അധികം ഉണ്ടാവാ. നേന്ത്രക്കായ, ചേന ഇതാണ് പ്രധാനം. ഒക്കെ ഈ കാലത്ത് ഉണ്ടാവും. കൊയ്ത്ത് കഴിയുന്നത് കൊണ്ട് അരിക്കും വിഷമം ഉണ്ടാവില്ല. ഇതൊക്കെ നോക്കീട്ട് തന്നെയാവും അന്ന് നിശ്ചയിച്ചിണ്ടാവ.

പഴം നുറുക്ക്, പപ്പടം, കായ വറുത്തത്, ചോറ്, കാളൻ, ഓലൻ, കൂടാതെ ഉപ്പിലിട്ടത്, മോര് – ഇതെല്ലാമാണ് ഓത്തൂട്ട് വിഭവങ്ങൾ.‘

‘എന്തുകൊണ്ടായിരിക്കും മുത്തശ്ശാ ഇന്നത്തെ കാലത്ത് വേദം പഠിക്കാൻ ആരും ഇല്ലാതാകുന്നത്?’

‘ഇത് ഓർത്തു വക്കാൻ നല്ല പരിശ്രമം വേണം. എല്ലാ ദിവസവും പരിശീലിക്കണം. അല്ലെങ്കിൽ പെട്ടെന്ന് മറന്നു പോകും. മറക്കാൻ എളുപ്പമാണ്. ‘

‘പഠിക്കാൻ ഏകദേശം എത്ര കാലമെടുക്കും?’

‘അത് സാമർഥ്യം പോലെ ഇരിക്കും. ചൊല്ലാൻ കഴിവുള്ള മിടുക്കൻ ആണെങ്കിൽ 4 കൊല്ലം മതി. എന്റെ ഏട്ടൻ മൂന്നര കൊല്ലം കൊണ്ട് പഠിച്ചു. എനിക്ക് നാല് കൊല്ലം വേണ്ടി വന്നു.’

‘നാല് കൊല്ലമോ? എല്ലാ ദിവസവും വേണ്ടേ?’ അനന്തുവിന് ഞെട്ടലും അത്‍ഭുതവും ഒരുമിച്ച് വന്നു.

‘എല്ലാ ദിവസവും വേണം. ഞങ്ങൾക്കൊക്കെ നല്ല കർശനമായ നിയമങ്ങൾ ആയിരുന്നു. പ്രദോഷം മുതൽ പ്രതിപദം വരെ ഒക്കെ അനദ്ധ്യായം ആണ്. ഒഴിവ് ആണ്. ഇന്നത്തെ കാലത്തെ ഹോളിഡേ. പ്രവർത്തന ദിവസത്തിന് സാദ്ധ്യായം ന്ന് പറയും. എല്ലാ ദിവസോം രാവിലെ 6 മണിക്ക് തുടങ്ങിയാൽ ഒഴിവൊന്നും ഇല്ല. ഇരുന്ന് ഇങ്ങനെ ചൊല്ലുക തന്നെയാണേ. 8 മണിക്ക് ശാപ്പാടിന് പോകും. അത് കഴിഞ്ഞാൽ ഉടനെ വന്നിരിക്കണം. അല്ലെങ്കിൽ വടിപ്രയോഗം ആണ്. അതോണ്ട് പേടിച്ചിട്ട് വേഗം വന്നിരിക്കും. അത് കഴിഞ്ഞാൽ ഒരു 12 മണിക്ക് അടുത്ത ഇടവേള. കഴിച്ച് കഴിഞ്ഞാൽ വീണ്ടും വന്നിരിക്കും. എല്ലാ ദിവസോം അങ്ങനെ തന്നെ. അനദ്ധ്യായ ദിവസങ്ങൾ ഒഴികെ. പിന്നെന്താ, അന്നത്തെ കാലത്ത് കളിയ്ക്കാൻ പോവാനൊന്നും സമ്മതിക്കുമായിരുന്നില്ല. അടി തന്നെ. പിഴച്ച് ചൊല്ലിയാൽ അപ്പൊ അടി…

മുറി മുഴുവൻ വീണ്ടും ചിരി.

‘വേദം പഠിപ്പിക്കുമ്പോൾ ഗുരുക്കന്മാർ തല പിടിച്ച് ചൊല്ലിക്കണത് കണ്ടിണ്ട്. അതെന്തിനാ?’

‘അത് സ്വരം ഉറക്കാൻ. അതൊക്കെ തുടക്കത്തിലേ വേണ്ടൂ. പിന്നെ അതില്ലാതെ തന്നെ ചൊല്ലാനാകും. എനിക്കൊന്നും ഇപ്പോൾ അത് ആവശ്യമില്ലാണ്ടായി. സ്വരം സ്വാധീനമായി. ‘

‘എങ്ങനെയാ മുത്തശ്ശാ, ഇന്നത്തെ കുട്ടികളെ ഇതിലേക്ക് കൊണ്ടുവരാ?’

‘ഇതൊരു വരുമാന മാർഗം ആകേണ്ടി വരും. സ്കൂളിന്റെ ഒപ്പം ഇതും പഠിക്കേണ്ടി വരും.’

‘ഇരിഞ്ഞാലക്കുട കാഞ്ചി കാമകോടിയുടെ ഒരു മഠത്തിൽ കുട്ടികളെ അവിടെ താമസിപ്പിച്ച് വേദം പഠിപ്പിക്കുന്നുണ്ട്. ഒപ്പം സ്കൂൾ വിദ്യാഭ്യാസവും ഉണ്ട്. ഞങ്ങളുടെ സ്കൂളിലെ നെടുമ്പള്ളി തരണനെല്ലൂരെ ഒരു മാഷ് അവിടെ പഠിപ്പിക്കുന്നുണ്ട്.’ രജനിയേട്ത്തി ചർച്ചയുടെ ഭാഗമായി.

‘അതെയോ, നന്നായി.’  

‘ബ്രഹ്മസ്വം മഠത്തിലും ഇങ്ങനെ തന്നെ ആണ്. അവിടെ പണ്ട് ഋഗ്വേദം മാത്രമായിരുന്നു. ഇപ്പോൾ യജുർവ്വേദവും പഠിപ്പിക്കുന്നുണ്ട്.’ 

‘ഇന്നത്തെ കാലത്ത് കൈമുക്ക് നാരായണൻ (അപ്പു), കടലൂർ ശ്രീദാസ് തുടങ്ങിയവരൊക്കെ ഉത്സാഹമായി ഇതിന് സമയം കണ്ടെത്തുന്നുണ്ട്. അത് സന്തോഷം തന്നെയാണ്.’ മുത്തശ്ശന്റെ മുഖത്ത് അവരോടുള്ള വാത്സല്യവും അഭിമാനവും കാണാനായി.

‘പാട്ട് പോലെ ജനപ്രീതി കിട്ടേണ്ടിയിരുന്ന ഒന്ന് തന്നെയായിരുന്നു വേദവും.’ എന്ന് പറഞ്ഞ് മുത്തശ്ശൻ ഒരു ദീർഘനിശ്വാസമെടുത്തു.

പുറത്ത് നാരായണേട്ടന്റെ വണ്ടിയുടെ ശബ്ദം കേട്ടു. പിന്നെ നാരായണേട്ടനും വർത്തമാനം പറയാനിരുന്നു. ഓത്തുകൊട്ടിൽ നിന്നും മാറി പല പല ചർച്ചകൾ അവിടെ നടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അനന്തുവിന്റെ മൊബൈലിൽ ഇല്ലത്ത് നിന്ന് ഫോൺ വന്നു. അവിടെ അനന്തുവിന്റെ അഫനും ചെറിയമ്മയും എത്തിയിട്ടുണ്ടെന്നും അവർ ഇവരെ കണ്ടിട്ട് വേണം ഇറങ്ങാൻ എന്ന് കരുതി കാത്തിരിക്കുകയാണെന്നും കൂടി അറിഞ്ഞപ്പോൾ 

‘ഞങ്ങൾ പോയിട്ട് വരാം’ എന്ന് മുത്തശ്ശനോട് യാത്ര പറഞ്ഞ് അവർ കണ്ണാത്ത് നിന്ന് ഇറങ്ങാൻ തുടങ്ങി. 

‘ഇത്തവണത്തെ ഓത്തുകൊട്ടിന് വരൂ… ഈ കേട്ട കാര്യങ്ങളൊക്കെ നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കാം ലോ.’ നാരായണേട്ടൻ പറഞ്ഞു.

‘അതെ.’ മുത്തശ്ശൻ അതിനെ ശരി വച്ചു.

‘എന്തായാലും വരിണ്ട്. ഒരു ദിവസമെങ്കിൽ ഒരു ദിവസം. എന്തായാലും ഞങ്ങൾ അവിടെ എത്തും. അത് തീർച്ചയാണ്.’ മീര മറുപടി പറഞ്ഞു.

രാവിലെ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു നോട്ടീസ് എത്രയോ വലിയ അറിവുകളിലേക്കുള്ള വിരലാണ് ചൂണ്ടിയത് എന്ന തിരിച്ചറിവോടു കൂടി അവർ ഇറങ്ങി. ഈ ഓത്തുകൊട്ടു കാലത്ത് മിത്രാനന്ദപുരത്ത് എത്തണമെന്നും അത് കേൾക്കണമെന്നുമുള്ള തീരുമാനത്തോടെ അവർ സ്വഗൃഹത്തിലേക്ക് തിരിച്ചു. മുത്തശ്ശൻ അല്പനേരം വിശ്രമിക്കാനായി തന്റെ കട്ടിലിനരികിലേക്കും നീങ്ങി. 

—————————————————————————————————————–

മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ മുൻവർഷങ്ങളിൽ നടന്ന ഓത്തുകൊട്ടിന്റെ ചെറിയ ഒരു ഭാഗം –

വിഡിയോക്ക് കടപ്പാട് – കീഴില്ലം നാരായണൻ നമ്പൂതിരി  

 

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »