അപ്പോൾ ശിവന്റെ പിറന്നാൾ അല്ലാലെ ശിവരാത്രി?

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

‘മുത്തശ്ശി… ഇത് അമ്മുവാണ് സംസാരിക്കണേ. ഞങ്ങള് ഇവിടന്ന് ഇറങ്ങീട്ടൊ. മുത്തശ്ശി അമ്പലത്തിൽ പോവാൻ തയ്യാറായിരുന്നോളു. ഞങ്ങളുടനെ എത്തും.’

‘ശരി അമ്മൂ… മുത്തശ്ശി വേഷമൊക്കെ മാറ്റി തയ്യാറായിരിക്കാണെന്നു അമ്മയോട് പറഞ്ഞോട്ടോ.’ ചന്ദ്രിക ഫോൺ കട്ട് ചെയ്തു.

അമ്മു മകളുടെ മകളാണ്. മകളും കുടുംബവും അടുത്തു തന്നെയാണ് താമസം.ഇന്നലെ മകൾ അശ്വതി വിളിച്ച് പറഞ്ഞിരുന്നു, ഒന്നിച്ച് അമ്പലത്തിലേക്ക് പോകാമെന്ന്. താൻ തയ്യാറാക്കി വച്ചിരുന്ന കൂവളമാലയും കയ്യിലെടുത്ത് വീടു പൂട്ടി പുറത്തിറങ്ങി നിന്നു. അപ്പോഴേക്കും, ആ വീട്ടുമുറ്റത്തേക്ക് ഒരു കാർ വന്നെത്തുകയും ഒരു പട്ടുപാവാടക്കാരി കാറിൽ നിന്ന് ഇറങ്ങി ചന്ദ്രികയുടെ അടുത്തേക്ക് ഓടിയെത്തുകയും ചെയ്തു.

‘ആഹാ… മുത്തശ്ശിടെ അമ്മുക്കുട്ടി എത്തിയോ? പട്ടുപാവാടയൊക്കെ ഇട്ട് സുന്ദരിക്കുട്ടി ആയിണ്ടല്ലോ. എന്താ ഇന്ന് വിശേഷം?’ ഒരു മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞൊഴുകി.

‘ഇന്ന് ശിവരാത്രിയാണ് മുത്തശ്ശി… അതല്ലേ നമ്മള് ശിവന്റെ അമ്പലത്തില് തൊഴാൻ പോണേ!’ അമ്മു മുത്തശ്ശിയുടെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു നീങ്ങി.

‘അതെയോ… ശിവരാത്രി ആണോ?എന്താ ഈ ശിവരാത്രീന്നു അറിയ്വോ അമ്മൂന്?’ ചന്ദ്രിക ചോദിച്ചു.

അമ്മു ചന്ദ്രികയോടൊപ്പം കാറിൽ കയറുന്നതിനിടയിൽ പറഞ്ഞു. ‘വ്രതമെടുക്കാനുള്ള ദിവസാ… അമ്മ പറഞ്ഞു, അമ്മ വ്രതത്തിലാണ്, ചായ കുടിക്കണില്ലാന്ന്. അമ്മും വ്രതത്തിലാ. അച്ഛൻ ചായ കുടിച്ചു. അതോണ്ട് അച്ഛന് വ്രതം ഇല്ല്യ. മുത്തശ്ശിക്ക് ണ്ടോ വ്രതം?’

‘മുത്തശ്ശി ഉപവാസമാണ് അമ്മൂ… വെള്ളം കൂടി കുടിക്കില്ല. പിന്നെ, അമ്മൂ… ശിവരാത്രി വ്രതമെടുക്കാൻ മാത്രള്ള ദിവസല്ലാട്ടോ. എന്തിനാ ശിവരാത്രിന്നുള്ളതിനു പിന്നിലൊരു കഥയുണ്ട്. അമ്മൂന് കേൾക്കണോ ആ കഥ?’

‘ആ… കേൾക്കണം കേൾക്കണം.’ അമ്മു സന്തോഷം കൊണ്ട് ഉറക്കെപ്പറഞ്ഞു.

‘മുത്തശ്ശി ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞതിന്റെ കഥ പറഞ്ഞു തന്നത് ഓർമയില്ലേ?’

‘ഉവ്വ്… നമ്മളത് ടീവീലും കണ്ടില്ലേ.. ശിവന്റെ സീരിയലില്!’

‘അതുതന്നെ… പാലാഴി മഥനം. ആ സമയത്ത് അമൃതിനു മുമ്പായി വാസുകിയുടെ വായിൽ നിന്നും ഉഗ്രവിഷമായ കാളകൂടവിഷം (ഹലാഹലവിഷം) പുറത്തു വന്നു. ആ വിഷം ലോകത്ത് പതിച്ചാൽ ലോകനാശമാണ് ഫലം. അതുകൊണ്ട് ആ വിഷം എന്തുചെയ്യണമെന്നറിയാതെ  വിഷമിച്ചപ്പോൾ ശ്രീ പരമേശ്വരൻ അത് പാനം ചെയ്തു. ഈ വിഷം ഉള്ളിൽച്ചെന്നു ഭഗവാന് ഹാനികരമാവാതിരിക്കാൻ, പത്നി പാർവതീദേവി പരമേശ്വരന്റെ കഴുത്തിൽ അഥവാ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. വായിൽ നിന്ന് പുറത്ത് പോവാതിരിക്കാൻ ശ്രീ മഹാവിഷ്ണു ഭഗവാൻ വായയും പൊത്തിപ്പിടിച്ചു. മറ്റു ദേവന്മാർ പരമശിവന് വേണ്ടി പ്രാർത്ഥനയും തുടങ്ങി. അങ്ങനെ വിഷം ഉള്ളിലേക്കിറങ്ങാതെ കണ്ഠത്തിലുറച്ച് നീല നിറമായി മാറി. ഭഗവാന്  ‘നീലകണ്ഠൻ’ എന്ന പേരും ലഭിച്ചു. ശരീരത്തിൽ വിഷം കലർന്നാൽ, അന്നേ ദിവസം ഉറങ്ങാൻ പാടില്ല. അത് ശരീരം മുഴുവൻ പടരാൻ കാരണമാകും. സർപ്പവിഷമേറ്റാലും അന്നത്തെ ഉറക്കമിളക്കൽ നിർബന്ധമാണ്. അതുകൊണ്ടുതന്നെ നീലകണ്ഠനായ പരമേശ്വരൻ അന്നത്തെ രാത്രി ഉറക്കമിളച്ചിരുന്നു. ഭഗവാന് ആപത്തൊന്നും വരാതിരിക്കാൻ, പാർവതീദേവിയും മറ്റു ദേവന്മാരും പ്രാർത്ഥനയോടെ ഇരുന്നു. ആ ദിവസമാണ് ശിവരാത്രി. അതിന്റെ പ്രതീകമായി നാം ശിവരാത്രി ഉറക്കമൊഴിച്ച് ആചരിക്കുന്നു. രാത്രി ജാഗരണം പ്രധാനമായി കരുതുന്നു.’

‘ഓ… അതുശരി. അപ്പോൾ ശിവന്റെ പിറന്നാൾ അല്ലാലെ ശിവരാത്രി? ഞാൻ അങ്ങനെയാ വിചാരിച്ചിരുന്നത്.’ അശ്വതിക്ക് സംശയമായി.

‘ഏയ്.. അല്ല. ശിവന്റെ പിറന്നാൾ തിരുവാതിരയായാണ് കൊണ്ടാടുന്നത്. ശിവപ്രീതിക്കായി അനുഷ്‌ഠിക്കുന്ന ശിവരാത്രി വ്രതത്തെ മഹാവ്രതം എന്നാണു പറയാറുള്ളത്. ശിവരാത്രി വ്രതത്തിലൂടെ സകലപാപങ്ങളും ഇല്ലാതാകുമെന്നും കുടുംബൈശ്വര്യം, അഭിവൃദ്ധി, സർപ്പദോഷങ്ങൾക്ക് അറുതി എന്നീ ഫലങ്ങളുണ്ടാകുമെന്നുമാണ് വിശ്വാസം.’

‘അപ്പോൾ, ഇതേതാ മാസം അമ്മേ? തിരുവാതിര ധനുമാസത്തിൽ അല്ലെ?’ അശ്വതിക്ക് എല്ലാം പുതുമ തോന്നി.

‘അതെ, ധനുമാസത്തിലാണ് തിരുവാതിര. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി തിഥിയിലാണ് ശിവരാത്രി. നീ ഇന്ന് വ്രതം എടുത്തിട്ടുണ്ടോ?’ ചന്ദ്രിക അശ്വതിയോടായി ചോദിച്ചു.

‘എടുത്തിട്ടുണ്ടോന്നു ചോദിച്ചാൽ, ഇതുവരെ ഒന്നും കഴിച്ചില്ല. എഴുന്നേറ്റു കുളിച്ച് നിലവിളക്ക് കൊളുത്തി ചായ ഉണ്ടാക്കി അമ്മൂനും വിഷ്ണുവേട്ടനും  കൊടുത്തു. ഞാൻ തൊഴുതു വന്നിട്ട് കഴിക്കാമെന്നു കരുതി.’

‘അതെന്തായാലും നന്നായി. ദീർഘസുമംഗലിയായിരിക്കാൻ ശിവപ്രീതി നല്ലതാണ്. ഇങ്ങനെ വർഷത്തിലൊരിക്കൽ മാത്രം ചെയ്യേണ്ടതല്ലെങ്കിലും വിശേഷ ദിവസങ്ങളിലെങ്കിലും പൂർവികർ ഉണ്ടാക്കിയ ഉപാസനാരീതികൾ പാലിക്കാൻ ശ്രമിക്കാംലോ. ഞാൻ ഇന്നലെ ഒരിക്കലായിരുന്നു. അതായത് ഒരു നേരം മാത്രം അരിയാഹാരം. ഇന്ന് രാവിലെ നേരത്തെ എണീറ്റ് പഞ്ചാക്ഷരനാമത്തോടെ ഭസ്മം ധരിച്ച് കുറച്ച്നേരം ശിവസഹസ്രനാമം വായിച്ചു. പണ്ടൊന്നും സ്ത്രീകൾ ശിവസഹസ്രനാമം വായിക്കാറില്ല. കുട്ടിക്കാലത്ത് അച്ഛൻ എന്നെ സമ്മതിച്ചിട്ടേയില്ല. അത് നിഷിദ്ധമാണെന്നായിരുന്നു പറയാറ്. ഇന്നിപ്പോൾ എല്ലാരും വായിക്കാറുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഇന്ന് സ്തോത്രങ്ങളും സഹസ്രനാമങ്ങളും പാരായണം ചെയ്യുന്നത്.’ ചന്ദ്രിക ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

‘മുത്തശ്ശിടെ കയ്യിലെന്താ ഇല?’ അമ്മു ഇടയിൽക്കേറി ചോദിച്ചു.

‘അതോ, ഇത് കൂവളമാലയാണ് അമ്മൂ… ശിവഭഗവാന്റെ ഇഷ്ടപ്പെട്ട പുഷ്പമാണ് കൂവളം. ശിവരാത്രിദിനത്തിൽ കൂവളം പറിക്കരുത് ന്നു കേൾക്കാറുള്ളത്കൊണ്ട് മുൻപേ പറിച്ച് മാല കെട്ടിവച്ചു. അതുപോലെ അമാവാസിക്കും പൗർണ്ണമിദിനത്തിലും കൂവളത്തില പറിക്കരിക്കുതെന്നാണ് വിശ്വാസം. കൂവളത്തിൽ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്നു ഭാഗങ്ങളെയും പരമശിവന്റെ തൃക്കണ്ണുകളായി കണക്കാക്കുന്നു. ഇങ്ങനെ മൂന്ന് ഇലകൾ കൂടിയ ഇതളായിട്ടാണ് പറിക്കുന്നത്. ശിവന്റെ പ്രിയവൃക്ഷമായതിനാൽ ഇതിനെ “ശിവദ്രുമം” എന്നും “ശിവമല്ലി” എന്നും പറയുന്നു.’

‘അമ്മേ… ഇന്നല്ലേ അപ്പൊ ചാണകം ചുടല്?’ അശ്വതി ഓർത്തെടുത്തു.

‘അതെ അതെ… ഞാൻ അതിനായിട്ട് രണ്ടു ദിവസം മുൻപേ തന്നെ പശുവിൻ ചാണകം കൊണ്ടുവന്നു വെയിലത്തു വച്ച് ഉണക്കി വച്ചിട്ടുണ്ട്. നിനക്ക് ഓർമ്മണ്ടല്ലേ അത്?’ ചന്ദ്രികക്ക് സന്തോഷമായി. ഒപ്പം തുടർന്നു.

‘എന്റെ കുട്ടിക്കാലത്തൊക്കെ ഇതിനായി നേരത്തേ ചാണകയുണ്ടകൾ വെയിലത്ത് ഉണക്കി വക്കാറുണ്ടാർന്നു. അത് എടുത്ത്കൊണ്ടുവന്ന് ചാണകം മെഴുകിയ നിലത്തു ഉമി നിരത്തി അതിൽ ഈ ചാണക ഉണ്ടകൾ വെച്ച് കത്തിക്കും. കത്തലിന്റെ ആക്കം കൂട്ടാൻ കൂടുതൽ ഉമി ഇട്ടുകൊടുക്കേം ചെയ്യും. ഇപ്പോൾ ഞാൻ ഉമിയൊന്നും കിട്ടാത്തോണ്ട് ഉണങ്ങിയ കൊതുമ്പും തെങ്ങിന്റെ ഓലയും ഒക്കെയാണ് ഉപയോഗിക്കണെ. ഇങ്ങനെ ചാണകം മുഴുവൻ കത്തിക്കഴിഞ്ഞ ചാരമാണ് പിന്നീടുള്ള ഒരു വർഷം ഭസ്മമായി ഉപയോഗിക്കുന്നത്.’

‘മുത്തശ്ശി… അപ്പോ ഇന്നു ഞാനും കൂടാംട്ടോ ചാണകം ചുടാൻ!! എന്നിട്ട് ഭസ്മം തൊടണ്ടേ!!’ അമ്മുവിന് ഉത്സാഹമായി.

‘അമ്മ ഇന്ന് ഉറക്കമൊളിക്കുന്നുണ്ടോ?’ വിഷ്ണു കാറോടിക്കുന്നതിനിടയിലും സംസാരത്തിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

‘ഉവ്വ്. അതിതു വരെ മുടക്കീട്ടില്ല. ആരോഗ്യപരമായി പ്രശ്നങ്ങൾ ണ്ടാവണ വരെ നിർത്തണം ന്നും തോന്നുന്നില്ല. അച്ഛനുണ്ടാർന്ന സമയത്ത് രാത്രി മുഴുവൻ ഞങ്ങള് രണ്ടുപേരും കൂടി ഉറക്കമൊഴിക്കാറുണ്ടാർന്നു. അച്ഛൻ ശിവപഞ്ചാക്ഷരസ്തോത്രം, ബില്വാഷ്ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം, അഷ്ടോത്തരശതനാമാവലി, ശിവസഹസ്രനാമം, ശിവപുരാണം ഒക്കെ ചൊല്ലും. ഞാൻ കേട്ടിരിക്കും. അത് കഴിഞ്ഞാൽ, കുറച്ച് നേരം ശിവ-പാർവതീ മന്ത്രങ്ങൾ ചൊല്ലി നമസ്കരിക്കും.

“ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാർഗ്ഗ പ്രണേതാരം

പ്രണതോസ്മി സദാശിവം.”

 

“പാശാങ്കുശാവിക്ഷുശരാ സബാണൌ

കരൈർവ്വഹന്തീമരുണാംശുകാഢ്യാം

ഉദ്യത്പതംഗാഭിരുചിം മനോജ്ഞാം

ശ്രീപാർവതീം രത്നചിതാം പ്രണൌമി”

ശ്രീപാർവ്വതിക്ക് മറ്റൊരു മന്ത്രം കൂടിയുണ്ട്.

“സർവ്വ മംഗള മംഗല്യേ

ശിവേ സർവ്വാർത്ഥസാധികേ

ശരണ്യേ ത്ര്യംബകേ ഗൗരീ

നാരായണീ നമോസ്തു തേ.”

ഇത് ചൊല്ലിയും നമസ്ക്കരിക്കാറുണ്ട്. അതുകഴിഞ്ഞാൽ പഞ്ചാക്ഷരം ജപിച്ചിരിക്കും.

“നമഃ ശിവായ   നമഃ ശിവായ നമഃ ശിവായ   നമഃ ശിവായ നമഃ ശിവായ….”

രാവിലെ നാല് മണിയൊക്കെയായാൽ, കുളിച്ച് വിളക്ക് കൊളുത്തി കുറച്ചുനേരം കൂടി നാമം ജപിച്ച് അമ്പലത്തിൽ പോയി അവിടത്തെ തീർത്ഥവും പ്രസാദവും സേവിച്ച് വ്രതം അവസാനിപ്പിക്കും. അങ്ങനെയാണ് പതിവ്.’ ചന്ദ്രിക ആവേശത്തോടെ പറഞ്ഞു നിർത്തി.

‘അശ്വതീ… നീ പറ്റാണെങ്കിൽ, അരി ഭക്ഷണം ഒഴിവാക്കുകയെങ്കിലും ചെയ്തോ. പരമാവധി പഴങ്ങളും വെള്ളവുമായി നമഃ ശിവായ ജപിച്ച് വ്രതമെടുക്കാൻ നോക്കു.’ ചന്ദ്രിക ഉപദേശിച്ചു.

‘എനിക്കും പഴം മതി. ഞാനും വ്രതമെടുക്കുന്നുണ്ട്!’ അമ്മു പ്രഖ്യാപിച്ചു.

‘ആദ്യം നമുക്ക് തൊഴുതു വരാം. എന്നിട്ട് നമുക്ക് ആലോചിക്കാംട്ടോ.’ ചന്ദ്രിക അമ്മുവിനോടായി പറഞ്ഞു.

അമ്മു പതിയെ കാർ തുറന്നു പുറത്തിറങ്ങി. അമ്മയോടും അച്ഛനോടും മുത്തശ്ശിയോടുമൊപ്പം അമ്പലത്തിനുള്ളിലേക്ക് നടന്നു.

 

10 Responses

  1. കഥാപാത്രങ്ങൾ മാറി ലെ നന്നായി എഴുതി..keepitup

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »