‘തേതീ… ധനു ഒന്ന് ആയില്ലേ.. കുട്ടനോട് എന്നാ തിരുവാതിരാന്നു പഞ്ചാംഗത്തിൽ നോക്കാൻ പറയണം. അതോ നെനക്കു നോക്കാൻ പറ്റ്വോ ?’ സാവിത്രി തൻ്റെ മുറിയിൽ നിന്നും നാലിറയത്തിരിക്കുന്ന ദേവകിയുടെ അടുത്തേക്കു നടന്നു വന്നു. പതുക്കെ നടക്കാനേ പറ്റുന്നുള്ളൂ . പ്രായം എഴുപതേ ആയിട്ടുള്ളൂ എങ്കിലും ശാരീരിക പരാധീനതകൾ ധാരാളമാണ്.
‘നിക്ക് കണ്ണടൊക്കെ എട്ത്ത്ട്ട് വേണം ഏട്ത്തി… കുട്ടനോട് പറയന്ന്യാ എളുപ്പം.’ ദേവകി സാവിത്രിയെ തൻ്റെ അടുത്തിരിക്കാൻ സഹായിച്ചു.
‘ഞാനിങ്ങനെ കിടക്കുമ്പോ ഓരോന്നാലോചിക്കാർന്നു. നിനക്കോർമ്മല്യേ, നമ്മുടെ തിരുവാതിര ആഘോഷം…! എട്ടങ്ങാടിം തുടിച്ചു കുളീം… അതൊക്ക്യോരു കാലം ലെ?!’ സാവിത്രി ഓർമ്മകളുടെ സഞ്ചരിക്കുകയാണ്.
‘അതെ ഏട്ത്തി… നിക്ക് ഏട്ത്തീടെ പുത്തൻ തിരുവാതിരേം കൂടി ഓർമ്മണ്ട്. ൻ്റെ പിന്നെ ബോംബെലായോണ്ട് ഒന്നും ണ്ടായൂല്യ.’ ദേവകിയുടെ വാക്കുകൾക്ക് ഒരു നിരാശയുടെ ധ്വനി.
“അശ്രീകരങ്ങളകലുന്നതിനശ്വിനാളിൽ
ഭാരങ്ങളൊക്കെയൊഴിയാൻ ഭരണീദിനത്തിൽ
കീർത്ത്യാദികൾക്ക് കുളി കാർത്തികനാളിലോ-
ർത്താൽ മക്കൾക്കു തൻ മകയിരക്കുളി മങ്കമാർക്ക്”
‘ഓർമ്മണ്ടോ തേതിക്ക് ഇത്?’ സാവിത്രി ചോദിച്ചു.
‘മറന്നിരിക്ക്യാർന്നു. ഇപ്പൊ കേട്ടപ്പോ ഒരു സന്തോഷം. ഏതോ ഒരു കാലത്തേക്ക് തിരിച്ചുപോണ പോലെ! അന്നൊക്കെ എന്തൊരു സന്തോഷോം ഉഷാറും ആർന്നൂലെ ഏട്ത്തി… ധനുമാസായാൽ, തിരുവാതിരക്കു മുൻപുള്ള അശ്വതി മുതൽ 6 ദിവസം… നല്ല തണുപ്പത്ത് വെളുപ്പാൻ കാലത്ത് കുളത്തിൽ പോയി കുളിക്കല്… വെള്ളത്തിലിറങ്ങണേനു മുന്നേ തന്നെ രോമങ്ങളൊക്കെ എണീറ്റു നിക്കണുണ്ടാവും. എറങ്ങാനുണ്ടാവണൊരു മടി! പിന്നെ, അമ്മേടേം ചെറിയമ്മേടേം നീന്തലും കുളീം കാണുമ്പോ ഒരു ചാട്ടാണ് കുളത്തിൽക്ക്! പിന്നെ തണുപ്പും കൊഴപ്പല്യ. ഒന്നും അറിയൂല്യ ആ രസത്തില്. അപ്പൊ ചെറിയമ്മ സ്ഥിരം പറയണ ഒരു വരി ണ്ടല്ലോ ഏട്ത്തി, എന്താർന്നു?’
‘അശ്വതി നാളിൽ അശ്വമുഖം കാണും മുൻപ്….
ഭരണി – ഭർത്താവുണരും മുൻപ്…
കാർത്തിക – കാക്ക കരയും മുൻപ്…
രോഹിണി – രോമം കാണും മുൻപ്…
മകീര്യം – മക്കൾ ഉണരും മുൻപ്…
തിരുവാതിര – ഗംഗ ഉണരും മുൻപ്… ലെ?’
‘ആ.. അതന്നെ.. തുടിച്ചു കുളിക്കണ്ട സമയം.’ ദേവകി തൻ്റെ കുട്ടിക്കാല ഓർമ്മകളിലേക്ക് തിരിച്ചുപോകുന്നതിൻറെ സന്തോഷം മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു. ‘
അതൊക്കെന്ത് രസാർന്നു…!! ധനുമാസത്തിൽ തിരുവാതിര പാടിക്കൊണ്ടുള്ള കുളത്തിൽ പോക്ക്, തുടിച്ചു കുളിക്കുമ്പോൾ ഉള്ള കുരവ ഇടല്… നമ്മൾക്കാർന്നു ഏറ്റോം ആവേശം ലെ ഏട്ത്തി…? ഗംഗാദേവിയെ ഉണർത്താൻ ഇത്രേങ്കിലും ശബ്ദം വേണംന്ന് പറഞ്ഞു കുരവയിടലായി… പിന്നേ, അമ്മ പാർവ്വതി സ്തുതികളങ്ങട് പാടായി ലോ! എനിക്കേറ്റവും പ്രിയം എട്ടങ്ങാടി ആയിരുന്നു. എന്തൊക്കയാർന്നു ഏട്ത്തി എട്ടങ്ങാടിക്ക്?’ ദേവകി തൻ്റെ കുട്ടിക്കാലത്തേക്ക് മടങ്ങി.
‘കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, ചെറുകിഴങ്ങ്, കായ… അതെങ്ങന്യാച്ചാൽ, ചാണകം മെഴുകിയ നിലത്തെ ഉമിത്തീയിൽ കായ, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക ഒക്കെ ചുട്ടെടുക്കും. പിന്നെ, കായ, ചേമ്പ്, ചെറുകിഴങ്ങ്,ഏത്തപ്പഴം.കാച്ചിൽ, ശീമക്കിഴങ്ങ്, കൂർക്ക ഒക്കെ വേവിച്ച് ചെറുതായി അരിയേം ചെയ്യും. വൻപയർ കുറച്ച് വറുത്ത് പൊടിക്കും. എന്നിട്ട് ഉരുളി അടുപ്പത്ത് വച്ച് ശർക്കര പാവുകാച്ചി ഒഴിച്ച് തിളപ്പിക്കും. ശർക്കര പാനി മുറുകുമ്പോൾ നുറുക്കിവച്ച കൂട്ടുകളെല്ലാം അതിലിട്ടു നന്നായി ഇളക്കി പൊടിച്ച വൻപയറും ഏത്തപ്പഴം നാലായി കീറി അരിഞ്ഞതും ഒക്കെ ചേർത്തിളക്കി വാങ്ങി വക്കും. ചെറിയ കഷ്ണം കരിമ്പും ചെറുതായി നുറുക്കി ചേർക്കാറുണ്ട്.’ എട്ടങ്ങാടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ദേവകിക്കു സാവിത്രി വിശദീകരിച്ചു കൊടുത്തു.
‘എട്ടങ്ങാടി നേദിക്കണതൊക്കെ എനിക്ക് ഓർമ്മണ്ട്. വിളക്കിനു മുന്നിൽ മൂന്നായി എട്ടങ്ങാടി വിഭജിച്ച് വച്ച് നേദിക്കും. വെറ്റില, പാക്ക്, കരിക്ക്, നേന്ത്രക്കായ കീറിവറുത്ത ഉപ്പേരി ഒക്കെ വച്ച് പ്ലാവില കുത്തി കരിക്കിൻ വെള്ളം തീർത്ഥമായെടുത്ത് ശിവമന്ത്രം ചൊല്ലി ശിവനും പാർവ്വതിക്കും ഗണപതിക്കും നേദിക്കും. അങ്ങനല്ലേ ഏട്ത്തി..?’
‘ബോംബെക്കാരി ആണ്ച്ചാലും ഒക്കെ അങ്ങട് മറന്നാട്ടില്ല്യാല്ലേ! നീയ് സുമംഗലിയായിട്ട് തിരുവാതിര നോറ്റട്ടില്ല്യേ?’ സാവിത്രിക്ക് സംശയമായി.
‘ഉവ്വ്… അഞ്ചാറു തവണ ഒക്കെ. നാട്ടിൽ വന്നപ്പോ തന്ന്യാ… ബോംബെൽന്നൊന്നും ണ്ടായിട്ടില്യ. ശിവൻ്റെ പിറന്നാളല്ലേ ഏട്ത്തി തിരുവാതിര?’ ദേവകിക്ക് സംശയം..
‘അതെ തേതീ… ശ്രീ പരമേശ്വരന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര എന്നാണു വിശ്വാസം. അതിനാൽ, അന്ന് ആർദ്രാവൃതമായി ആചരിക്കുന്നു. സർവൈശ്വര്യ സന്തോഷപ്രദമായ ദാമ്പത്യസുഖജീവിതത്തെ ഓർമ്മിപ്പിക്കലാണ് തിരുവാതിരയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം. ശിവശങ്കരന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ച് ആദ്യമായി തിരുവാതിര വ്രതം അനുഷ്‌ഠിച്ചത് പാർവതി ദേവിയായിരുന്നു എന്നാണു ഐതീഹ്യം. പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിരയെന്നും അല്ല,വിവാഹത്തിന് അനുമതിയരുളിയ ദിനമാണെന്നുമൊക്കെ പറയാറുണ്ട്. ശ്രീ പാർവതീദേവി ഭഗവാന്റെ അനുഗ്രഹത്തിന് വ്രതമെടുക്കുന്ന ദിവസമെന്ന പ്രത്യേകത കൊണ്ടാണ് ഈ ദിനത്തിൽ വ്രതമനുഷ്‌ഠിച്ചാൽ ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. കാമദേവന്റെ ദഹനം നടന്നത് മകയിരം നാളിലാണെന്നും പുനർജീവൻ ലഭിച്ചത് തിരുവാതിര നാളിലാണെന്നും പുരാണങ്ങളിൽ പറയുന്നു. കാമദേവ ദഹനമറിഞ്ഞ പത്നി രതീദേവി ദുഖിതയും അന്നപാനാദികൾ വെടിഞ്ഞ് പ്രാർത്ഥനയും വ്രതവുമായി കഴിഞ്ഞപ്പോൾ മറ്റു ദേവിമാരെല്ലാം അതിൽ പങ്കുചേർന്നെന്നും അതറിഞ്ഞ ശ്രീ പരമേശ്വരൻ കാമദേവന് പുനർജീവൻ നൽകിയെന്നും പറയപ്പെടുന്നു. അങ്ങനെ മകയിരം വ്രതം പ്രാധാന്യമുള്ളതായി. അതിനാൽ, കുടുംബിനികൾ ഭർത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനും കന്യകമാർ സൽഗുണസമ്പന്നരായ ഭർത്താക്കന്മാരെ ലഭിക്കുന്നതിന് വേണ്ടിയും തിരുവാതിര വ്രതം അനുഷ്‌ഠിക്കുന്നു.’ സാവിത്രി പറഞ്ഞു നിർത്തി.
‘കാമദേവനെ പരമശിവൻ തന്നെയാണ് ഭസ്മമാക്കിയത് എന്നല്ലേ ഏട്ത്തി കഥ?’
‘അതെയതെ… ദക്ഷ പ്രജാപതിയുടെ മകളായ സതിയുടെ ആത്മത്യാഗത്തിനുശേഷം കുപിതനായ ശിവൻ ഒരു ഗുഹയിൽ കഠിനതപസ്സിൽ ഏർപ്പെട്ടിരിക്കുന്ന കാലത്ത് പാർവതീ ദേവി ശിവനിൽ അനുരക്തയായി ശിവനെ പൂജിച്ചിരുന്നു. ശിവന്റെ തപസ്സിനെ ഇളക്കാനാവാതെ വിഷമിച്ച പാർവതി കാമദേവന്റെ സഹായത്തോടെ ശിവന്റെ തപസ്സിനു ഭംഗം വരുത്തി. ഇതിൽ കോപിതനായ പരമശിവൻ തൻ്റെ മൂന്നാം കണ്ണ് തുറന്നു കാമദേവനെ ഭസ്മമാക്കി എന്നാണു പറയുന്നത്. തിരുവാതിരക്ക് വെറ്റില മുറുക്കാറുണ്ടാർന്നത് ഓർമ്മണ്ടോ നിനക്ക്?’
‘ഉവ്വേ.. ഞാനൊക്കെ പന്ത്രണ്ടിൽ ഒപ്പിക്കുമാർന്നു. ഏട്ത്തീം പന്ത്രണ്ട് അല്ലേ..? എന്നിട്ട് നാക്കൊക്കെ ചോപ്പിച്ച് ഒരു നടത്തണ്ടാർന്നു. എന്തൊക്കെയോ നേടിയ ഒരു ഭാവത്തില്. ഇപ്പൊ ഓർക്കുമ്പോ ചിരി വരാ..! അമ്മേം ചെറിയമ്മേം 108 എണ്ണം… ഹൗ!! എന്നിട്ട് അവര് നൂറ്റെട്ട് വെറ്റില കളിയടക്കേം ചുണ്ണാമ്പും ഉള്ളിൽ വച്ച് നിലവിളക്കിനു മുന്നിൽ വാൽക്കണ്ണാടി കയ്യിൽ പിടിച്ച് കിഴക്കോട്ടു തിരിഞ്ഞിരുന്ന്, മൂന്നു വെറ്റില വീതം മൂന്നാക്കി വച്ച് ഓരോന്നായി കഴിച്ച് തുടങ്ങും. മൂന്നു വെറ്റിലകൾ ചവച്ചു തുപ്പിയാൽ പിന്നെ സൗകര്യം പോലെ ആവാം ന്നു പറഞ്ഞു അമ്മ എണീക്കേം ചെയ്യും. മുത്തശ്ശിയാണേൽ വെറ്റിലയുടെ തുമ്പിൽ ലക്ഷ്മിയും മധ്യത്തിൽ സരസ്വതിയും ഇടത് പാർവതിയും വലത് ഭൂമീദേവിയും അകത്ത് വിഷ്ണുവും വസിക്കുന്നു എന്ന് പറഞ്ഞോണ്ടാണ് കഴിക്കാറ്. ഞെട്ടീല് ജ്യേഷ്ഠയാണെന്ന് പറഞ്ഞ് മുത്തശ്ശി ഞെട്ട് മുറിച്ച് കളയണതും നിക്ക് ഓർമ്മണ്ട്.’ ദേവകി പറഞ്ഞുകൊണ്ടിരുന്നു.
‘കൈകൊട്ടിക്കളിയും നല്ല രസം തന്നെ. പിന്നെ എന്തൊക്ക്യാർന്നു തിരുവാതിരക്കു പതിവ്?’ ദേവകി ഓർത്തെടുക്കാൻ ശ്രമിച്ചു.
‘അതിരാവിലെ മഞ്ഞൾ തേച്ച് തുടിച്ച് കുളിക്കും. കുളിച്ച് പുതു വസ്ത്രങ്ങൾ ധരിച്ച് ചന്ദനം തൊട്ട് ശിവക്ഷേത്ര ദർശനം നടത്തി വന്നശേഷം കരിക്കു വെട്ടിക്കുടിക്കും. വെട്ടിക്കുടി എന്നൊരു പേരുതന്നെയുണ്ട്. കാലത്ത് കൂവ കുറുക്കി കഴിക്കുന്നു.
ഒരു കപ്പ് കൂവപ്പൊടി നാലിരട്ടി വെള്ളത്തിൽ കലക്കി അടുപ്പത്ത് വച്ച് ഇളക്കി തീ കുറച്ച് വച്ച് അത് വെന്തു കുറുകി വരുന്ന സമയത്ത് പൊടിച്ചുവച്ച ശർക്കര അതിലിട്ടു നല്ലവണ്ണം ഇളക്കണം. ശർക്കര അറിഞ്ഞാൽ അടുപ്പത്ത് നിന്നും പാത്രം മാറ്റി വച്ച് ചിരകിയ തേങ്ങയും നുറുക്കി വച്ച പഴം നുറുക്കും അതിലേക്കിട്ടു നന്നായി ഇളക്കി യോജിപ്പിച്ചാൽ, കൂവ കുറുക്കിയതായി. ഉച്ചക്ക് ചാമയോ ഗോതമ്പോ കഞ്ഞിയോ ചോറായോ കഴിക്കാറുണ്ട്. പിന്നെ, തിരുവാതിരപ്പുഴുക്ക്. ഒന്നിലും ഉള്ളി ചേർക്കരുത് എന്നതാണ് പ്രാധാന്യം.’ സാവിത്രി പറഞ്ഞു നിർത്തി.
‘വൈകുന്നേരല്ലേ കൈകൊട്ടിക്കളി തുടങ്ങാ? ഏതൊക്കെ പാട്ടുകളാ അമ്മേം ചെറിയമ്മേം ഒക്കെ പാടാറ് ലേ! ഗണപതി, സരസ്വതീ സ്തുതികൾ, പാർവതീ സ്വയംവരം,തിരുവാതിര മാഹാത്മ്യം,കാമദേവദഹനം, സ്വാതിതിരുനാൾ – ഇരയിമ്മൻ തമ്പികളുടെ പാട്ടുകൾ, തമാശപ്പാട്ട് അങ്ങനെയങ്ങനെ… പകലൊക്കെ പിന്നെ വെറ്റില മുറുക്കലും ഊഞ്ഞാലാട്ടവും… പുത്തൻ തിരുവാതിരയോ മറ്റോ ഉണ്ടെങ്കിൽ ഒന്നും കൂടി രസായി. എല്ലാരും കൂടുംലോ! പിന്നെ തിരുവാതിരക്കളിക്കിടയിൽ പാതിരാപ്പൂ ചൂടലും!’ ദേവകി ഓർത്തെടുത്തു.
‘അതെ… ചുവന്ന കൊടുവേലി പൂവ്, എരിക്കില, അടയ്ക്കാമണിയൻ, കവുങ്ങിൻ പൂക്കില, ദശപുഷ്പങ്ങൾ എല്ലാം ഉണ്ടാവും. പാതിരാപ്പൂ ചൂടേണ്ട സമയമാവുമ്പോൾ സ്ത്രീകൾ എല്ലാവരും പാട്ടും കുരവയും ആർപ്പുവിളികളുമായി പൂതിരുവാതിരക്കാരി മുമ്പേയും ബാക്കിയുള്ളവർ പിന്നാലെയുമായി ദശപുഷ്പം വച്ചിരിക്കുന്ന സ്ഥലത്തെത്തുന്നു.
“സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും
സാരമാം മമ ഭാഷിതം..
പോരുമീ വിധം ലീലകളെല്ലാം
നേരം പാതിരാവായല്ലോ
ധന്യമാം ദശപുഷ്പം ചൂടുവാന്‍
മന്ദമെന്നിയേ പോകേണം”
എന്ന പാട്ടുപാടി ഓരോ പൂവിന്റേയും പേരു ചൊല്ലി പാലക്കുനീര് കൊടുക്കുന്നു എന്ന ചടങ്ങു നടത്തും. ഓരോ പൂവിന്റെയും പേരിനനുസരിച്ച് കിണ്ടിയിൽ നിന്നും വെള്ളം മരത്തിന്റെ ചുവട്ടിൽ ഒഴിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ദശപുഷ്പവും എടുത്ത് കളിക്കളത്തിലേക്ക് മടങ്ങി നിലവിളക്കിനു മുന്നിൽ അഷ്ടമംഗല്യവും ദശപുഷ്പവും വെച്ച് പൂത്തിരുവാതിരപ്പെണ്ണിനെ പലകയിലിരുത്തി ഓരോ പൂവും തലയിൽ ചൂടിക്കും. ഇതുപോലെ എല്ലാവരും ചെയ്യുന്നു. ദേവി ദശപുഷ്പങ്ങൾ ഭഗവാനെ ചൂടിച്ച കഥയെ അനുസ്മരിപ്പിക്കുന്നതാണീ ചടങ്ങ്.
പാതിരാപ്പൂ ചൂടുന്നതിന് മുൻപ് പത്തുവൃത്തം,നാലുവൃത്തം ഇവയും ചൂടിക്കഴിഞ്ഞാൽ ഗണപതി, സരസ്വതി, മംഗലാതിര താലോലപ്പാട്ട് (പൂതനാമോക്ഷം) എന്നിവയും പാടിക്കളിക്കും. രാത്രി ചൂടുന്നതുകൊണ്ട് ഇതിനു പാതിരാപ്പൂവെന്ന പേരുകൂടി കിട്ടി. പാതിരാപ്പൂ ചൂടൽ കഴിഞ്ഞാലും കൈകൊട്ടിക്കളി തുടരും… രാവിലെ ആവണവരെ ണ്ടാവും. പ്രഭാതത്തിനു മുൻപ് തിരുവാതിര നാൾ അവസാനിക്കാണെങ്കിൽ, പുലവൃത്തം പാടിയാണ് ആഘോഷങ്ങൾ അവസാനിപ്പിക്കാറുള്ളത്. പുലം എന്നാൽ പാടം,നിലം എന്നാണർത്ഥം. പാടവുമായി ബന്ധപ്പെട്ട പാട്ടുകളാണ് പുലവൃത്തം. ഈ വൃത്തത്തിൽ രചിച്ചതാണ് രുഗ്മിണീസ്വയംവരം. ഇത് കഴിഞ്ഞാൽ വീണ്ടും കുളിക്കണമെന്നാണ് ആചാരം. ആതിരയാഘോഷങ്ങളിൽ പൂത്തിരുവാതിരക്ക് എത്തുന്ന ഭർത്താവിനെയും ദശപുഷ്പം ചൂടിക്കാറുണ്ട്.’ സാവിത്രിക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ലായിരുന്നു.
‘പാതിരാപ്പൂ പറിക്കാൻ പോവലും രസാണല്ലോ!! പണ്ടൊക്കെ പറിക്കാൻ പോവലാർന്നുണ്ടാവും. നമ്മളൊക്കെ ‘അമ്പിളിത്തെല്ലണിയുന്ന‘ പാടിക്കൊണ്ട് പറിച്ച് വച്ച പൂ എടുക്കാൻ പോവല്ലേ പതിവ്!
അതു പോലെ തിരുവാതിരക്ക് തന്നെയല്ലേ പാണൻ്റെ പാട്ടു പതിവുള്ളത്?’ ദേവകി തൻ്റെ സംശയം പുറത്തെടുത്തു.
‘അതെ തേതീ… പാണനും പാട്ടിയും കൂടി വീടുകൾ തോറും നടന്ന് തുകിലുണർത്തുപാട്ടും വള്ളുവനാട്ടിലെ ചോഴി കെട്ടി വരവും വടക്കൻ കേരളത്തിൽ പുറാട്ടുകാരന്റെ വേഷം വരവും ഒക്കെ പതിവുണ്ടെന്നു കേട്ടിട്ടുണ്ട്. ഒരിക്കൽ പാപ്തിയേടത്തിടെ പൂത്തിരുവാതിരക്ക് പോയപ്പോളോ മറ്റോ ഞാൻ കണ്ടിട്ടുംണ്ട്.’ സാവിത്രി പറഞ്ഞു.
‘ഏതൊക്കെയാർന്നു ദശപുഷ്പങ്ങൾ? കറുക, വിഷ്ണുക്രാന്തി,മുക്കുറ്റി… പിന്നെ?’ ദേവകിക്ക് ഓർമ്മ വരുന്നില്ല.
‘കറുക, വിഷ്ണുക്രാന്തി, തിരുതാളി, പൂവാംകുറുന്നില, കയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, മുയൽ ചെവിയൻ’
പ്രായം തന്റെ ഓർമ്മയെ ബാധിച്ചിട്ടേ ഇല്ലെന്ന ഭാവത്തോടെ സാവിത്രി തുടർന്നു.
ഓരോ പുഷ്പ്പവും ഓരോ ദേവനെ കുറിക്കുന്നു.
കറുക – ആദിത്യൻ – ആധിവ്യാധികൾ തീരാൻ
വിഷ്ണുക്രാന്തി – വിഷ്ണു -വിഷ്ണുപാദത്തിൽ ചേരാൻ
തിരുതാളി – ഇന്ദിര – ഐശ്വര്യത്തിന്
പൂവാംകുറുന്നില – ബ്രഹ്‌മാവ് – ദാരിദ്രശമനത്തിന്
കയ്യോന്നി – പഞ്ചബാണൻ – പഞ്ചപാപനാശത്തിന്
മുക്കുറ്റി – പാർവതി – ഭർതൃപുത്രസൗഖ്യത്തിന്
നിലപ്പന – ഭൂമീദേവി – ജന്മസാഫല്യത്തിന്
ഉഴിഞ്ഞ – ഇന്ദ്രൻ – ഇഷ്ടലാഭത്തിന്
ചെറൂള – യമധർമൻ – ആയുർദൈർഘ്യത്തിന്
മുയൽ ചെവിയൻ – കാമദേവൻ – സൗന്ദര്യത്തിന്
ഇതിൽ കറുക മാത്രം പുഷ്പ്പിക്കാത്തതും മറ്റു ഒമ്പതും പുഷ്പിക്കുന്നതുമാണ്.’
‘ഉം.. ഏട്ത്തിക്ക് ഒക്കെ ഓർമ്മണ്ട് ലേ…ഞാൻ ഒക്കെ മറന്നുതുടങ്ങീർക്കണൂ…മകീര്യം വ്രതം മക്കൾക്ക് അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും തിരുവാതിരവ്രതം ഭർത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനുമാണെന്നു അമ്മ പറയാറുള്ളത് നല്ല ഓർമ്മണ്ട്.’ ദേവകി പറഞ്ഞു നിർത്തി.
‘അതെ.. ജാതകപ്രകാരം ദാമ്പത്യകലഹം, ഭർതൃവിയോഗം എന്നിവ വിധിക്കപ്പെട്ടവർക്ക് പോലും തിരുവാതിരദിനത്തിലെ ശിവപാർവതി ആരാധനയുടെ ദീർഘമാംഗല്യവും സന്തുഷ്ടകുടുംബജീവിതവും ലഭിക്കുമെന്നാണ് വിശ്വാസം. ഞാൻ നാട്ടിലന്നെ ണ്ടാർന്നോണ്ട് കുറേ കാലം ആഘോഷിച്ചിണ്ട്. അതോണ്ട് ഓർമ്മേം ണ്ട്. നിർത്തീട്ട് ഇപ്പൊ പത്ത് കൊല്ലല്ലേ ആയുള്ളൂ. സുമംഗലി ആയിരുന്നിടത്തോളം തിരുവാതിര നോറ്റിണ്ട്.’ സാവിത്രി തന്റെ പ്രാണനാഥനെക്കുറിച്ചുള്ള ഓർമ്മകളിലേക്ക് പോകാൻ തുടങ്ങവേ മകൻ നാലിറയത്തേക്ക് വന്നു.
‘കുട്ടാ… പഞ്ചാംഗത്തില് നോക്കി തിരുവാതിര എന്നാന്നു ഒന്ന് പറയണേ…’ ദേവകി പറഞ്ഞു. അവരും തന്റെ ഓർമ്മകളിലേക്ക് തിരിച്ച് നടന്നു.
24 Responses
Nannayittund
Thank you..
നല്ല എഴുത്ത്. മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ആ നല്ല കാലത്തിലേക്ക് തിരികെ പോയ അനുഭവം.
Thank you 😊
Nannayi ezhuthiyitunde sandre😃..eniyum daralam ezhuthu….
Thank you chechi 😊😊
Sandre..
Sooper dear…keep writing…lots of good info…
Thank you 😊😊
കൊള്ളാം. നന്നായിട്ടുണ്ട്..
Thank you etta 😀
അസ്സലായിട്ടുണ്ട് ട്ടോ സാന്ദ്രാ….
Thank you 😊
നന്നായിട്ടുണ്ട് Good one
😀
ഓരോ എഴുത്തും അസ്സലാകുന്നുണ്ട്… അറിവും നൽകുന്നു 🙏
നന്നായിട്ടുണ്ട്.
നനനായിട്ടുണ്ട്👌😊
നന്നായിട്ടുണ്ട്
സാന്ദ്രയുടെ കുറിപ്പ് വായിച്ചപ്പോൾ അറിയാതെ കുട്ടിക്കാലത്തേക്ക് മനസ്സ് ഊളിയിട്ടു.1950 കളിൽ ഓപ്പോള്മാരായ പാർവതി, സാവിത്രി, ശ്രീദേവി, ഉമാദേവി എന്നിവർ അയൽക്കാരായ സമപ്രായത്തിലുള്ള കൂട്ടുകാരികൾ ക്കൊപ്പം വെളുപ്പാൻ കാലത്ത് തുടിച്ചു കുളിക്കാൻ ഇല്ലത്തെ കുളത്തിലേക്ക് പോകുമ്പോൾ, വല്യോപോളുടെ അടുത്തു കിടക്കുന്ന ഞാനും കൂടെ കൂടും. പിന്നെ കുളക്കരയിൽ മുണ്ടും പുതച്ചു ഏകദേശം ഒരു മണിക്കൂറിനു മേൽ അവർക്ക് കാവലിരിക്കും. പിന്നെ മുറ്റത്തു അവർ എന്തൊക്കെയോ ചെയ്യുന്നത് ചെറിയ ഓർമ്മയിൽ ഉണ്ട്, ഇന്ന് മൂന്നാമത്തെ ഓപ്പോൾ ശ്രീദേവി മാത്രമേ ജീവിച്ചിരിപ്പുള്ളു. ബാല്യ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയ സാന്ദ്രയ്ക്ക് ഒരായിരം നന്ദി.
ഒരുപാട് സന്തോഷം ഏട്ടാ…..
Superb Santra, marannu kazhinijittulla ormakalude oru uyathezhunnelppu❤️
Sandra….👍👏👏