ഗണപതി ബപ്പാ മോര്യാ… മംഗൾ മൂർത്തീ മോര്യാ…

Share this:

Share on facebook
Share on twitter
Share on linkedin
Share on whatsapp

“അമ്മിണി… വേഗം കുളിക്കൂ കുട്ടീ… വെള്ളത്തില് കളിക്കാനൊന്നും നേരല്ല്യ. സന്ധ്യാവുമ്പൾക്കും ഉള്ളിൽക്കു കേറി വാതിലടക്കണം. കുളത്തിൽ കുളിക്കാനെത്തിയ രാധ അമ്മിണിയോടായി പറഞ്ഞു.

“അമ്മക്കെന്താ ഇത്ര ധൃതി? ഞാൻ കുറച്ചും കൂടി നേരം കളിക്കട്ടെ അമ്മേ…!!” അമ്മിണി അമ്മ പറഞ്ഞതിനോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചു.

“ഇന്ന് വിനായക ചതുർത്ഥ്യാ അമ്മിണി… ചന്ദ്രനെ കാണാൻ പാടില്ല്യ. അതോണ്ട് ചന്ദ്രൻ വരും മുൻപ് നമുക്ക് ഇല്ലത്തിക്കു കേറണം… അതോണ്ടല്ലേ!! നാളെ നമുക്ക് നേരത്തെ വന്നു കൂടുതൽ നേരം കളിക്കാം. പോരെ?”

“ചന്ദ്രനെ കണ്ടാലെന്താ അമ്മേ കൊഴപ്പം?” അമ്മിണിക്ക് സംശയമായി.

“വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണാൻ പാടില്ല്യാന്നാ പറയാ! ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥി ദിവസമാണ് വിനായകചതുർത്ഥി. എന്താ കണ്ടാല്ന്ന്‌ ചോദിച്ചാ അറിയില്ല. പക്ഷേ, മുത്തശ്ശ്യൊക്കെ ഒരു കഥ പറയണ കേൾക്കാറുണ്ട്.”

“കഥയോ? ഹായ്… പറഞ്ഞു തരൂ അമ്മേ…” അമ്മിണി ഉഷാറായി.

“ആദ്യം വേഗം കുളിച്ചുകേറ്… എന്നിട്ടു കഥയൊക്കെ പറയാം” രാധ അവസരം മുതലെടുത്തു.

അമ്മിണി കഥ കേൾക്കാനുള്ള ആവേശത്തിൽ വേഗം കുളി തുടങ്ങി. രാധയുടെ അലക്കൽ കഴിയുമ്പോഴേക്കും അമ്മിണി കുളി കഴിഞ്ഞു ഉടുപ്പിട്ടു കഥ കേൾക്കാൻ തയ്യാറായി നിൽപ്പാണ്.

“അമ്മേ… ന്റെ കുളി കഴിഞ്ഞു.. വേഗം കഥ പറയൂ..” അമ്മിണിക്കുട്ടി കഥ കേൾക്കാനുള്ള ആവേശത്തിലാണ്.

“പറയാം അമ്മിണി..” രാധ തന്റെ അലക്കിയ തുണികളുമെടുത്തു കുളത്തിന്റെ പടവുകൾ അമ്മിണിയോടൊപ്പം കയറുന്നതിനിടയിൽ പറഞ്ഞു തുടങ്ങി.

“പല തരത്തിൽ പറയണ കേൾക്കാം അമ്മിണി… ഏതാ ശരിന്നു ചോദിച്ചാ അറീല്യ. ചെലോരു പറയണു ഇന്നാണ് ഗണപതീടെ പിറന്നാൾന്ന്‌. ചെലോർക്ക് പിറന്നാള് തുലാമാസത്തിലെ മുപ്പട്ട് വെള്ളിയാഴ്ച ആണ്, ഇന്ന് ഗണപതിക്ക്‌ പ്രധാനദിവസാണെന്നേള്ളൂന്നും പറയണുണ്ട്. കൃത്യായിട്ടറിയില്യ. എല്ലാരും അവനോന്റെ വിശ്വാസത്തിനനുസരിച്ചു ആഘോഷിക്കണൂന്നു മാത്രം!”

“അപ്പോ അമ്മേ… ഗണപത്യാണോ വിനായക? ചതുർത്ഥിന്നു വച്ചാ ഒരു തിഥിയാണല്ലോ!” അമ്മിണി തനിക്കറിയാവുന്ന കാര്യങ്ങളിൽ നിന്നും പുതുതായറിഞ്ഞ അറിവുകളിൽ നിന്നുമുണ്ടായ സംശയം ചോദിച്ചു.

“വിനായക” അല്ല അമ്മിണി.. വിനായകൻ.. ഗണപതിക്ക് ഇതുപോലെ കുറേ പേരുകളുണ്ട്.

വിഘ്നേശ്വരൻ, ഗജാനനൻ, ഗണേശൻ, ലംബോദരൻ, മോദകഹസ്തൻ, മൂഷികവാഹനൻ,ഏകദന്തൻ, വിഘ്നരാജൻ, വക്രതുണ്ഡൻ…….

അങ്ങനെ അങ്ങനെ കുറെണ്ട്.

“ശിവന്റേം പാർവതീടേം മകനാണ് ഗണപതി. അതറിയില്യേ അമ്മിണിക്ക്?”

“അതറിയാം.. ശ്രീലാകത്തു പാർവ്വതിടെ മടീലിരിക്കണ ഗണോതീടെ ഫോട്ടോ ണ്ടല്ലോ! അത് കണ്ടപ്പോ മുത്തശ്ശി ഗണോതിക്കു ആനേടെ തല കിട്ടിയ കഥ പറഞ്ഞന്നിട്ട്ണ്ട്. “

“ആ.. ഗണോതിയെ വിഘ്നേശ്വരൻന്നാ പറയാ. അതായത്, വിഘ്നങ്ങളുടെ ഈശ്വരൻ. ഗണപതിയോട് പ്രാർത്ഥിച്ചാൽ വിഘ്നങ്ങളൊക്കെ(തടസങ്ങളൊക്കെ) മാറിപ്പോവുംന്നാണ് വിശ്വാസം. ഗണോതി ഒരു ഭക്ഷണപ്രിയനാണ്. അതോണ്ട്, പല തരത്തിലുള്ള പലഹാരങ്ങൾ ണ്ടാക്കീട്ടാണ് ഗണോതിക്കു നേദിക്കാ. നിന്നെ പോലന്ന്യാ, മധുര പലഹാരങ്ങളാണ് ഇഷ്ടഭക്ഷണം.”  

“ഹായ്.. നല്ല സ്വാദല്ലേ… അതോണ്ടാവും.”

“അമ്മിണി…ഇനി ഉള്ളിൽക്കു കേറാം. തോരേടലു കഴിഞ്ഞു. വേഗം കേറൂ..”

മുറ്റത്തു അമ്മ പറയണതു കേട്ട് നടക്കുകയായിരുന്ന അമ്മിണിയെ രാധ നിർബന്ധിച്ചു വീടിനുള്ളിലേക്ക് കയറ്റി. രാധ ഉടനെത്തന്നെ വാതിലുകളും ജനലുകളുമൊക്കെ അടച്ചു കുറ്റിയിട്ടു. പഴുതിലൂടെക്കൂടി ചന്ദ്രനെ കാണാൻ ഇടവരില്ല എന്നുറപ്പാക്കി.

“ന്നിട്ട് അമ്മ ചന്ദ്രനെ കാണാൻ പാടില്ല്യാന്നുള്ളതിന്റെ കഥ പറഞ്ഞില്ലല്ലോ?” അമ്മിണി അമ്മയെ കഥയെക്കുറിച്ചു ഓർമിപ്പിച്ചു.

“ആ.. അതോ.. ഒരു ചതുർത്ഥി ദിവസം ഗണപതി ഓടിക്കളിക്കുന്നതിനിടയിൽ ഒരു മരത്തിന്റെ വേരിൽ തട്ടി വീണു. അതുകണ്ട് ആകാശത്തുണ്ടാർന്ന പൂർണ്ണചന്ദ്രൻ കളിയാക്കി ചിരിച്ചു. അത് കണ്ടപ്പോ ഗണോതിക്കു ആകെ നാണക്കേടും വിഷമോം ഒക്കെ ആയി. “ഈ ദിവസം നിന്നെ കാണുന്നോർക്കെല്ലാം ആ കൊല്ലം ദുഷ്പ്പേര് കേൾക്കാനിടവരട്ടെ” എന്ന് ഗണോതി ചന്ദ്രനെ ശപിക്കേം ചെയ്തു. അതോണ്ട് ഗണേശചതുർത്ഥി ദിവസം ചന്ദ്രനെ കാണുന്നത് മാനഹാനിക്കിടയാക്കുംന്നുള്ള വിശ്വാസം ണ്ടായി.”

“നല്ല കഥ! വീണേന്റെ വെഷമം തീർക്കാൻ അമ്മ നിക്ക് മധുരം തരാറുള്ളപോലെ ഗണോതിക്കും കൊടുത്താപോരെ?” അമ്മിണിക്ക് സംശയമായി.

“ആഹ്… അത് നല്ല സംശയാണല്ലോ!! നമ്മടെ നാട്ടിൽ വിനായകചതുർത്ഥി അത്ര കേമല്ലാന്നേള്ളൂ. കേരളത്തിനു പുറത്തുള്ള എല്ലാ സംസ്‌ഥാനങ്ങളിലും വിനായകചതുർത്ഥി ആഘോഷങ്ങൾ കേമാണ്.

കളിമണ്ണോണ്ട് ഗണോതിടെ പ്രതിമകളുണ്ടാക്കി നല്ല ഭംഗീള്ള നിറങ്ങളടിച്ചു സുന്ദരക്കുട്ടപ്പനാക്കീട്ടു ചതുർത്ഥിദിവസം രാവിലെ പൂജ ചെയ്യും. മോദകം, മധുരപലഹാരങ്ങൾ ഒക്കെ വച്ചാണ് പൂജ ചെയ്യാ! ചിലയിടത്തു ഗണപതിഹോമം നടത്തും. എല്ലാവരും ‘ഗണേശ സഹസ്രനാമ’വും ചൊല്ലും.

നമ്മടെ നാട്ടിൽ ഗണോതിടെ അമ്പലങ്ങളിലൊക്കെ പൂജേം പരിപാടികളുംണ്ട് തോന്നണു. നാരങ്ങാമാലേം ആനയൂട്ടും ഒക്കെണ്ടാവും…

ഈ പൂജകളൊക്കെ കഴിഞ്ഞാൽ മണ്ണോണ്ടുണ്ടാക്കിയ ഈ വിഗ്രഹങ്ങൾ അന്നുതന്നെ വൈകുന്നേരോ 3, 5, 7, 9 ആം ദിവസോ(ഓരോ സ്ഥലത്തും ഓരോ തരത്തിലാണ്) വെള്ളത്തിൽ ഒഴുക്കിക്കളയും. നിമജ്ജനം ചെയ്യാന്നാ പറയാ! ഒഴുക്കിക്കളയലും  കേമായിട്ടാണ്. വലിയ വലിയ വിഗ്രഹങ്ങൾ പാട്ടും ആഘോഷവുമായിട്ടാണ് ഒഴുക്കാൻ കൊണ്ടുപോണത്. ടീവി വച്ചോക്ക്യാൽ കാണാം.”

“എന്തിനാ ഗണോത്യേ ഒഴുക്കിക്കളയണെ അമ്മേ?” അമ്മിണി ആകാംക്ഷാഭരിതയായി.

“എന്തിനാ ചോദിച്ചാ,അമ്മക്കറിയില്ല അമ്മിണി…ചെലോര്ടെ വിശ്വാസപ്രകാരം ഇന്നലെ അവര് ഗൗരീപൂജ ചെയ്യും. ഗൗരീന്നു വച്ചാൽ പാർവ്വതി. ഗണോതിടെ അമ്മ. അതെന്താന്നു വച്ചാൽ, പാർവ്വതിയും ശിവനും തമ്മിൽ വഴക്കുകൂടി പാർവ്വതി സ്വന്തം വീട്ടിലേക്കു പോയിത്രേ. അപ്പോ പാർവ്വതിദേവിയെ അനുനയിപ്പിക്കാനായി ഗണേശൻ ചതുർത്ഥിദിവസം അങ്ങോട്ട് ചെന്നു. അങ്ങനെ ഗണേശൻ വരുന്നതിന്റെ ഭാഗമായി എല്ലാവരും പൂജകൾ ചെയ്യുന്നു. ഗണേശൻ അമ്മയേയും കൂട്ടി തിരിച്ചുപോണേന്റെ ഭാഗമായാണ് ഈ നിമജ്ജനം ചെയ്യല്ന്നാണ് ചിലരുടെ വിശ്വാസം.”

“അമ്മേ.. അച്ഛൻ വന്നു തോന്നുണു.. വണ്ടീടെ ശബ്ദം കേട്ടു.”

“ആ.. ഞാൻ പോയി തുറക്കാം. നീ പുറത്തേക്കു വരണ്ട.”

രാധ വാതിൽ തുറക്കാനായി പൂമുഖത്തേക്കു നടന്നു.

“അച്ഛൻ ചന്ദ്രനെ കണ്ട്വോ?” നാരായണനെ കണ്ടയുടനെ അമ്മിണി ചോദിച്ചു.

“ഇല്ല്യ അമ്മിണി… അച്ഛനത് ഓർമ്മണ്ടാർന്നില്യ. അല്ലെങ്കിൽ നോക്കാൻ തോന്ന്യേനെ!”

“നിക്കും നോക്കാൻ തോന്നണിണ്ട് അച്ഛാ… പക്ഷേ,അമ്മ പറഞ്ഞു ചന്ദ്രനെ നോക്കാൻ പാടില്ല്യാന്ന്!” അമ്മിണി തന്റെ നിരാശ മറച്ചുവച്ചില്ല.

“മുത്തശ്ശിയും അങ്ങനന്ന്യാ പറയാറ് അമ്മിണി… മുത്തശ്ശി അഫന്റെ അടുത്തായോണ്ടാ,അല്ലെങ്കിൽ അമ്മിണിക്കു കഥകള് കേൾക്കാർന്നു.” നാരായണൻ അമ്മിണിയോടായി പറഞ്ഞു.

“അമ്മ കഥകള് പറഞ്ഞു തരാർന്നു അച്ഛാ.. നല്ല രസണ്ട് കേൾക്കാൻ..!” അമ്മിണിയുടെ അതിശയം വാക്കുകളിൽ പ്രകടമായിരുന്നു.

“ആഹാ.. നമുക്ക് ടീവി വച്ചോക്കാം.  അതില് വിനായകചതുർത്ഥിടെ ആഘോഷങ്ങൾ കാണാം. നിനക്കു ഇഷ്ടാവും.” നാരായണൻ അമ്മിണിയോടൊപ്പം ഗണേശചതുർത്ഥി ആഘോഷങ്ങൾ കാണാനായി ടീവി ഓണാക്കി.

“ഗണപതി ബപ്പാ മോര്യാ

മംഗൾ മൂർത്തീ മോര്യാ…”

 

ടീവിയിൽ ഗണേശസ്തുതികൾ മുഴങ്ങിക്കേട്ടു….

“ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം

ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം”

 

17 Responses

  1. Super Da
    …thanks for the information….nannaytndu…..orupad doubts clear cheythu Kitty vaayichapo….keep growing dear…..

  2. കൊള്ളാം.. നന്നായിണ്ടു ട്ടോ…പുതിയ വിഷയങ്ങളുമായി വീണ്ടും വരുമല്ലോ..!!!

  3. നന്നായിട്ടുണ്ട് സാന്ദ്ര ഞാൻ വേറെ തരത്തിലും കഥക്കട്ടിട്ടുണ്ട്

  4. നന്നായിട്ടുണ്ട് അമ്മിണിക്കുട്ടീ.

Leave a Reply

Your email address will not be published. Required fields are marked *

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »